‘അഭിനന്ദൻ ട്രെൻഡ്’ ബസ്സുകളിലും; വൈറലായി KSRTC സൂപ്പർഫാസ്റ്റും ഇതിഹാസ് ബസ്സും…

ഇപ്പോൾ രാജ്യത്തെങ്ങും അഭിനന്ദൻ വർദ്ധമാൻ ആണ് താരം. ഇന്ത്യൻ വ്യോമസേനയിലെ ഒരു വിംഗ് കമാൻഡറും ഒരു മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ. 2019-ലെ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്​ പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ ​ത​ക​ർന്ന​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട അഭിനന്ദൻ, പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യി.

മൂന്ന് ദിവസം പാക്കിസ്ഥാൻ സേനയുടെ യുദ്ധ തടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ. ഇന്ത്യയുടെ ഹൃദയാഭിമാനത്തിന്റെ കൊടിയുയർത്തിയാണ് അഭിനന്ദൻ വാഗാ അതിർത്തി കടന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. രാജ്യം മുഴുവനും ഉറ്റുനോക്കിയ ഒരു സംഭവമായിരുന്നു അത്.

ഇതോടെ ഇന്ത്യക്കാർക്ക് അഭിനന്ദൻ ധീരതയുടെ പര്യായമായി മാറി. മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ മീശ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറി. ഇപ്പോൾ ഇന്ത്യയിൽ ഇതിനെ “അഭിനന്ദൻ-കട്ട്” എന്നാണ് അറിയപ്പെടുന്നതു തന്നെ. രാജ്യമെമ്പാടും അഭിനന്ദൻ ട്രെൻഡ് കൊണ്ടുനടക്കുന്നതിനിടയിൽ കേരളത്തിലെ ബസ്സുകളിലും അഭിനന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തൃശ്ശൂർ – പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇതിഹാസ് എന്ന പ്രൈവറ്റ് ബസ്സിലാണ് അഭിനന്ദൻ്റെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ബസ്സിൻറെ ഇരുവശങ്ങളിലും ചിത്രത്തിനൊപ്പം ‘We Salute Indian Army’ എന്നും എഴുതിയിട്ടുണ്ട്. (അഭിനന്ദൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആണെങ്കിലും എല്ലാം നമ്മുടെ സൈന്യം ആണല്ലോ.).

പ്രൈവറ്റ് ബസ്സിനു ശേഷം ഇപ്പോഴിതാ കെഎസ്ആർടിസി ബസ്സിലും അഭിനന്ദൻ താരമായിരിക്കുകയാണ്. കരുനാഗപ്പള്ളി ഡിപ്പോയുടെ RPK 46 എന്ന സൂപ്പർഫാസ്റ്റ് ബസിലാണ് ‘The Great Indian Soldiers’ എന്ന വാക്കുകൾക്കൊപ്പം അഭിനന്ദൻ്റെ ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത്. തിരുവനന്തപുരം – തൃശ്ശൂർ റൂട്ടിലോടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ്സിൽ ഈ നല്ല കാര്യം ചെയ്തിരിക്കുന്നത് ഡിപ്പോയിലെ ഒരു കൂട്ടം ജീവനക്കാരും കെഎസ്ആർടിസി പ്രേമികളും ചേർന്നാണ്. ഇതിനു മുൻപും ഇതേപോലെ വ്യത്യസ്തമായ ഒരു കാര്യം ചെയ്തുകൊണ്ട് കരുനാഗപ്പള്ളി ഡിപ്പോ വാർത്തകളിൽ ഇടം നേടിയിരുന്നു. നിപാ വൈറസിനു കീഴടങ്ങിക്കൊണ്ട് നമ്മളെ വിട്ടു പിരിഞ്ഞു പോയ ലിനി സിസ്റ്ററുടെ ചിത്രമാണ് കരുനാഗപ്പള്ളി ഡിപ്പോയുടെ RSK 447 എന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു അന്ന് ഈ ചിത്രം പതിച്ചത്. ഒപ്പം ബസ്സിനു ‘ഭൂമിയിലെ മാലാഖ’ എന്ന പേരും നൽകിയിട്ടുണ്ട്. ഇതുപോലെ തന്നെ ചാലക്കുടി ഡിപ്പോയിലെ ഒരേയൊരു സൂപ്പർഫാസ്റ്റ് ബസ്സിനു ജീവനക്കാരും ബസ് പ്രേമികളും ചേർന്ന് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരിടുകയും കലാഭവൻ മാണിയുടെ ചിത്രം പതിക്കുകയും ചെയ്തിരുന്നു.

‘ഈ പാവം പൊയ്ക്കോട്ടേ..’ എന്ന രീതിയിലുള്ള ആവശ്യമില്ലാത്ത ‘ചളിയടി’ കാര്യങ്ങൾ ഒട്ടിച്ചു വാഹനങ്ങൾ വൃത്തികേടാക്കുന്നവർ ഇവരെയൊക്കെ കണ്ടു പഠിക്കണം. നമ്മുടെ സമൂഹത്തിനു നന്മയും ഗുണവും ചെയ്തവർക്കുള്ള അംഗീകാരം തന്നെയാണ് ഇവ. ഇതിഹാസ് ബസ്സുകാർക്കും ടീം കെഎസ്ആർടിസി കരുനാഗപ്പള്ളിയ്ക്കും ചാലക്കുടി ഡിപ്പോയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.