ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം.
ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ ദുബായിൽ നടക്കുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് രണ്ട് തരത്തിലുള്ള എക്സ്പോകൾ സംഘടിപ്പിക്കാറുണ്ട്. വേൾഡ് എക്സ്പോയും സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോയും. ഇതിൽ സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ എല്ലാ മൂന്നു വർഷവുമാണ് നടത്തുക. ഇതിന്റെ ദൈർഘ്യം മൂന്ന് മാസമാണ്.
ആറു മാസം ദൈർഘ്യമുള്ള വേൾഡ് എക്സ്പോ 1996 മുതൽ എല്ലാ അഞ്ചു വർഷവുമാണ് നടത്തുക. 2010 ലെ എക്സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്സ്പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാൻ നഗരമാണ് നേടിയത്. ദുബായിൽ 2020 ൽ നടക്കാനിരുന്ന എക്സ്പോ കോവിഡ് പ്രതിസന്ധികൾ മൂലം 2021 ലേക്ക് മാറ്റുകയായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്സിബിഷനിൽ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ വാക്കുകളിൽ മനുഷ്യപ്രയത്നങ്ങളുടെ ഒരു പ്രദർശന വേദിയാണീ അന്തർദേശീയ എക്സ്പോ.
ഇനി എങ്ങനെയാണ് ദുബായ് ഈ എക്സ്പോ നടക്കുന്ന വേദിയായി മാറിയതെന്നു നോക്കാം. 2020 ലെ എക്സ്പോ നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് നാല് നഗരങ്ങളാണ്. ദുബായ് (യുഎഇ), യെക്കാറ്റരിൻബർഗ് (റഷ്യ), ഇസ്മിർ (തുർക്കി), സാവോ പോളോ (ബ്രസീൽ) എന്നിവയായിരുന്നു ആ നാലു നഗരങ്ങൾ.
വോട്ടെടുപ്പിൽ ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിൽ അംഗത്വമുള്ള ഒരോ രാജ്യത്തിനും ഒരു വോട്ട് ഉണ്ട്. ഇതിനായുള്ള തിരഞ്ഞെടുപ്പിൽ 163 രാജ്യങ്ങൾ വോട്ട് ചെയ്തു. മൂന്ന് വട്ടമായിട്ടാണ് വോട്ടിങ്ങ് നടന്നത്. ഒരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ട് കിട്ടുന്ന നഗരം മൽസരത്തിൽ നിന്ന് പുറത്താവും. ഏതെങ്കിലും റൗണ്ടിൽ ഒരു നഗരത്തിന് മൊത്തത്തിന്റെ മൂന്നിൽ രണ്ടു വോട്ട് കിട്ടുകയാണെങ്കിൽ ആ നഗരം തിരഞ്ഞെടുക്കപ്പെടും, അല്ലെങ്കിൽ വോട്ടിങ്ങ് അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കും.
ആദ്യത്തെ റൗണ്ട് വോട്ടിങ്ങ് കഴിഞ്ഞപ്പോൾ ദുബായ് – 77, യെക്കാറ്റരിൻബർഗ് – 39, ഇസ്മിർ – 33, സാവോ പോളോ – 13 എന്നതായിരുന്നു വോട്ടിങ് നില. പതിമൂന്ന് വോട്ടുകൾ മാത്രം കിട്ടിയ സാവോ പോളോ ആദ്യഘട്ടത്തിൽ പുറത്തായി. രണ്ടാമത്തെ റൗണ്ടിൽ ദുബായ് – 87, യെക്കാറ്റരിൻബർഗ് – 41, ഇസ്മിർ – 36 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. 36 വോട്ട് കിട്ടിയ ഇസ്മിർ പുറത്തായി. മൂന്നാം റൗണ്ടിൽ 116 വോട്ട് നേടിയ ദുബായ്, 69 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞടുക്കപ്പെട്ടു.
പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ സംസ്കാരം, സാങ്കേതിക പുരോഗതി, ആതിഥേയ രാജ്യവുമായുള്ള സാംസ്കാരിക നയതന്ത്രം എന്നിവ പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു മിനിയേച്ചർ ലോകം സൃഷ്ടിക്കാൻ അവസരമൊരുക്കുന്നതാണ് വേൾഡ് എക്സ്പോകൾ. ഓരോ രാജ്യത്തിനും റിസർവ് ചെയ്ത പവലിയനുകൾ ഉപയോഗിച്ച് അവരുടെ പുതിയ കണ്ടെത്തലുകൾ, കണ്ടുപിടുത്തങ്ങൾ എന്നിവയിലൂടെ ലോകത്ത് എങ്ങനെ ഒരു മാറ്റം വരുത്താനാകുമെന്ന് പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. അങ്ങനെ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ബിസിനസ്സ് പാർട്ണർമാരെയും അതാതു രാജ്യങ്ങളിലേക്ക് ക്ഷണിക്കുന്നു. സന്ദർശകർക്ക് അതാത് പവലിയനുകളിൽ വിവിധ രാജ്യങ്ങളുടെ തനതായതും ആഴത്തിലുള്ളതുമായ സംസ്കാരങ്ങൾ അനുഭവിക്കാൻ കഴിയുമെന്നതും വേൾഡ് എക്സ്പോയുടെ പ്രത്യേകതയാണ്.
“Connecting Minds, Creating the Future” എന്നതാണ് ദുബായ് എക്സ്പോയുടെ തീം.നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഷോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് വേൾഡ് എക്സ്പോ 180 ദിവസം നീണ്ടുനിൽക്കുന്നതാണ്. 2021 ഒക്ടോബർ 1 നു ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കും. ദുബായ് അൽ മക്തും വിമാനത്താവളത്തിനു സമീപം മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് എക്സ്പോയുടെ വേദി തയ്യാറാക്കിയിരിക്കുന്നത്. 680 കോടി ഡോളറാണ് നിർമാണങ്ങൾക്കായി ചെലവഴിച്ചത്. എക്സ്പോ നടക്കുന്ന ഈ ആറു മാസത്തിൽ രണ്ടരക്കോടി സന്ദർശകർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് എക്സ്പോ നടക്കുന്നയിടത്ത് ഗുരുതരമായ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ ഒരു എമർജൻസി സെന്റർ ഉണ്ടാകും. ഐസൊലേഷൻ റൂമുകൾ, എമർജൻസി കെയർ റൂമുകൾ, ആംബുലൻസുകൾ, ഹെലികോപ്റ്റർ സേവനങ്ങൾ എന്നിവയും എമർജൻസി സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം ഫുഡ് കോർട്ടുകൾ, മനോഹരമായ നിർമ്മിതികൾ, പാർക്കുകൾ തുടങ്ങിയവ ഇവിടെയൊരുക്കിയിട്ടുണ്ട്.
ധാരാളമാളുകൾക്ക് തൊഴിലവസരമൊരുക്കുന്നു എന്നതാണ് എക്സ്പോയുടെ മറ്റൊരു നേട്ടം. നിർമ്മാണഘട്ടം മുതൽ ഓരോ രാജ്യങ്ങളുടെ പവലിയനുകൾ, ഫുഡ് കോർട്ടുകൾ, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി, ഹൗസ്‌കീപ്പിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എക്സ്പോയ്ക്കിടെ സൃഷ്ടിക്കപ്പെടുന്നു.
ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളുടെ പവലിയനുകളാണ് ദുബായ് എക്സ്പോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ പവലിയനിലും അതാതു രാജ്യത്തെ സംസ്ക്കാരങ്ങൾ, വളർച്ചകൾ, കണ്ടുപിടുത്തങ്ങൾ, നേട്ടങ്ങൾ, ബിസിനസ്സ് സാദ്ധ്യതകൾ തുടങ്ങിയ കാര്യങ്ങൾ സന്ദർശകർക്ക് മനസ്സിലാകുന്ന തരത്തിൽ ഒരുക്കിയിട്ടുണ്ടാകും. കൂടുതൽ വിവരങ്ങൾ പകർന്നു നൽകുവാൻ ഓരോ പവലിയനുകളിലും വിദഗ്ധരായ ഗൈഡുമാരും ഉണ്ടായിരിക്കും. എക്സ്പോ നടക്കുന്ന എല്ലാ ദിവസങ്ങളിലും പലതരത്തിലുള്ള എന്റർടെയ്ന്മെന്റ് ആക്ടിവിറ്റികൾ, പല രാജ്യങ്ങളിൽ നിന്നുള്ള കൾച്ചറൽ പരിപാടികൾ, ഫ്‌ളാഷ് മോബുകൾ, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനവധി ആകർഷണീയമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
അതേപോലെ തന്നെ ദുബായ് എക്സ്പോയിലെ മറ്റൊരു ആകർഷണമാണ് ദുബായ് എക്സ്പോ പാസ്സ്‌പോർട്ട്. മഞ്ഞ നിറത്തിലുള്ള പുറംചട്ടയോടു കൂടി, ശരിക്കും ഒരു പാസ്സ്പോർട്ടിനെ അനുസ്മരിപ്പിക്കുന്ന ഈ ചെറു പുസ്തകം ശരിക്കും പറഞ്ഞാൽ ഒരു സുവനീറാണ്. എക്സ്പോ നടക്കുന്നയിടത്തും, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴിയും, യുഎഇയിലെ ചില ഷോപ്പിംഗ് സെന്ററുകളിലും ഒക്കെ ഈ പാസ്സ്‌പോർട്ട് ലഭ്യമാണ്. 20 ദിർഹം (400 ഇന്ത്യൻ രൂപ) കൊടുത്ത് ഇതു വാങ്ങിയശേഷം എക്സ്പോയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിക്കുമ്പോൾ ഈ പാസ്സ്പോര്ട്ടിൽ അവിടം സന്ദർശിച്ചതായി അവർ സീൽ ചെയ്തു തരും. ശരിക്കും നമ്മുടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് (സീൽ) ചെയ്യുന്നതുപോലെ. ഇത് ഒരു ഓർമ്മയ്ക്കായി സൂക്ഷിക്കുകയും ചെയ്യാം.
ദുബായ് എക്സ്പോ ടിക്കറ്റുകൾ : വൺഡേ ടിക്കറ്റ്, മൾട്ടി ഡേ പാസ്സ്, സീസൺ ടിക്കറ്റ്, ഫാമിലിയ്ക്കായുള്ള ബണ്ടിൽ ടിക്കറ്റ്, പ്രീമിയം എക്സ്പീരിയൻസ് പാസ്സ് തുടങ്ങി വിവിധ പാക്കേജുകളായി ദുബായ് എക്സ്പോ ടിക്കറ്റുകൾ ലഭ്യമാണ്. തുടക്ക മാസമായ ഒക്ടോബറിൽ ഒരു വൺഡേ ടിക്കറ്റിന് 2019 ഇന്ത്യൻ രൂപയാണ് ചാർജ്ജ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനും സന്ദർശിക്കുക – https://bit.ly/3AC2sSR .