എഴുത്ത് – ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, പഴുവിൽ വെസ്റ്റ്.
ഇതാണ് അബുദാബി – ദുബായ് റോഡ്. ഈ ഫോട്ടോ എടുത്തത് 1986 നവംബർ. ഈ ഫോട്ടോവിലെ ചില കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. അറിയാത്തവർക്ക് വേണ്ടി മാത്രം.
ഈ റോഡിന്റെ ഇപ്പോഴത്തെ പേര് ഷെയ്ഖ് സായിദ് റോഡ് എന്നാണ്. എന്നാൽ ഞാൻ ആദ്യമായി യാത്ര ചെയ്ത 1970 കളിൽ ഈ റോഡിന് ഒരു പേരും ഇല്ലായിരുന്നു. അന്ന് ഈ ഫോട്ടോവിൽ കാണുന്ന തരത്തിൽ രണ്ടു ഭാഗത്തേക്കും വെവ്വേറെ റോഡ് അല്ലായിരുന്നു. ഒറ്റ റോഡ് ആയിരുന്നു അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും. അതും നല്ല കാറ്റ് വന്നാൽ മണ്ണ് വന്ന് റോഡിൽ തടസ്സം വരികയോ സൈഡിലെ മണ്ണ് പോയി റോഡ് പൊളിയുകയോ ചെയ്യുമായിരുന്നു.
ആ സമയത്ത് പലവട്ടം ഈ റോഡിലൂടെ അബുദാബിയിൽ നിന്ന് ദുബായിലോട്ട് ഞാൻ ഹോണ്ട മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. അതിന് ശേഷം ഒരു പാട് തവണ പ്രൈവറ്റ് കാർ ഓടിച്ചും നാലര വർഷം ടാക്സി ഡ്രൈവർ ആയിരിക്കുമ്പോഴും ഡ്രൈവ് ചെയ്തിട്ടുണ്ട്.
നമുക്കിനി ഈ ഫോട്ടോവിലെ മറ്റു കാര്യങ്ങളിലേക്ക് പോകാം. ഈ ഫോട്ടോവില്‍ റോഡിന്റെ സൈഡില്‍ വാഹനങ്ങള്‍ക്ക് റസ്റ്റ് എടുക്കാനുള്ള സ്ഥലം കാണുന്നില്ലേ? അതിന് bey എന്ന് പറഞ്ഞിരുന്നു. റോഡിന്റെ ഇടത് ഭാഗത്ത് കമ്പി വേലി കാണുന്നില്ലേ? അത് ആ റോഡ് കഴിഞ്ഞുള്ള ഉടമസ്ഥന്റെ സർവേ നമ്പർ അളന്ന് വില്ലേജ് ഓഫീസർ വന്ന് അതൃത്തി അളന്നതിന് ശേഷം ആ ഉടമസ്ഥൻ കമ്പി വേലി ഇട്ടതാണെന്ന് കരുതിയാൽ തെറ്റി. പിന്നെന്താണത്?
മറ്റൊന്നുമല്ല, അത് അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആട്ടിൻപറ്റങ്ങളും റോഡിൽ കടന്നാൽ അവർക്കും വാഹനത്തിനുള്ളിലുള്ളവർക്കും അപകടം വരാതിരിക്കാനുള്ള ഒരു മുൻകരുതലാണ്. അത്തരം ആക്സിഡന്റ് പറ്റി ധാരാളം ആളുകൾ നിത്യരോഗികൾ ആവുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവയിൽ ചില ആക്സിഡന്റുകൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കൽ ഞാനാ ഖത്തർ നിന്ന് അബുദാബിയിലേക്ക് തനിച്ച് കാർ ഓടിച്ച് വരുമ്പോൾ ഒരു ഒട്ടകത്തിന്റെ ദേഹത്ത് ഇടിച്ച് അപകടം വരുന്നതിന് തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുണ്ട്.
ആദ്യത്തെ ചിത്രത്തിന്റെ ഏകദേശം ഇടത് ഭാഗത്ത് ഒരു ടവർ സൂക്ഷിച്ചു നോക്കിയാൽ കാണുന്നില്ലേ? അത് മൊബൈൽ ടഫോണിന്റെ റിലേ ടവർ ആണ്. ആ റോഡിന്റെ ഏകദേശം ഇപ്പോഴത്തെ ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.