കാടിനുള്ളിലൂടെയുള്ള കെഎസ്ആർടിസി യാത്രയും ജീവനക്കാരുടെ സ്‌നേഹവും…

വിവരണം – അരുൺ പുനലൂർ.

അച്ചന്കോവിലേക്കുള്ള യാത്രയെപ്പറ്റി നിരവധി തവണ എഴുതിയിട്ടുണ്ടെങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് KSRTC യിൽ പോകുന്നത്. രാവിലെ സ്റ്റാൻഡിൽ ചെന്നു ബസിലേക്ക് കേറാൻ നേരം പിന്നിൽ നിന്നൊരു ചോദ്യം. “നടുവൊക്കെ ഇൻഷ്വർ ചെയ്തിട്ടാണോ കേറുന്നേ..” തിരിഞ്ഞ് നോക്കിയപ്പോൾ പുഞ്ചിരിയോടെ കണ്ടക്ടർ അൻവാജ് സാറാണ്. അദ്ദേഹം ടൂട്ടോറിയൽ അധ്യാപകനായി ജോലി നോക്കുന്ന കാലം മുതൽ ഉള്ള സുഹൃത്താണ്.

ഇത്രയ്ക്ക് തകർന്നു കിടക്കുന്നൊരു റോഡിലൂടെ ദിവസവും 3 ട്രിപ്പ് പോവുകയും വരുകയും ചെയ്യുന്ന നിങ്ങളെ സമ്മതിക്കണമെന്നു പറഞ്ഞോണ്ടിരുന്നപ്പോ അതാ ഡ്രൈവർ സാറെത്തുന്നു.. അനിമോൻ..മ്മടെ സ്കൂൾ കാലം മുതലുള്ള കൂട്ടുകാരൻ. യാത്ര തുടങ്ങി കറവൂർ പിന്നിടുമ്പോ മുതൽ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരായ നാട്ടുകാർ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. പതിവ് കണ്ടക്ടറേ കമന്റടിക്കുകയും വീടിനു മുന്നിൽ വണ്ടി നിർത്താത്തതിന്റെ പരിഭവം തമാശയിൽ കലർത്തി പറയുകയുമൊക്കെയായി രസകരമായ നിമിഷങ്ങളിലൂടെ യാത്ര മുന്നോട്ടു പോകുമ്പോൾ അൻവാജ് സാറിനോട് ഡ്യൂട്ടിയെ കുറിച്ചു ചോദിച്ചു.

റോഡിന്റെ കഠിനത ഒഴിച്ചാൽ രസകരമാണ്. പതിവ് യാത്രക്കാരെല്ലാം ചിരപരിചിതരാണ് അതുകൊണ്ട് തന്നേ യാത്രക്കാരുമായുള്ള കശപിശകൾ അപൂർവ്വം. പിന്നേ കാടിനുള്ളിലൂടെയുള്ള യാത്രയുടെ സുഖം. റോഡ് കൂടി ശരിയായാൽ എല്ലാംകൊണ്ടും എൻജോയ് ചെയ്തു പോകാൻ പറ്റുന്ന റൂട്ട് തന്നേ. കാടിന്റെ കാഴ്ചകളിലൂടെ അങ്ങിനെ പോകുമ്പോൾ വെളുപ്പിനെ എണീറ്റു വന്നതിന്റെ ക്ഷീണത്തിൽ ഇടയിലൽപ്പം ഉറങ്ങിപ്പോയി..

വണ്ടി വല്ലാതെ ആടിയുലഞ്ഞു കുഴികളിൽ വീണപ്പോ തന്നെയുണർന്നു. രാവിലെ ആറേകാലിനു പുനലൂർ നിന്നും വിട്ടു എട്ടു മണി കഴിയുമ്പോൾ അച്ചൻകോവിൽ എത്തുന്ന ബസിൽ ഇന്നു പുനലൂർ നിന്നും കേറി വന്നവരിൽ ഭൂരിഭാഗവും അമ്പലത്തിലേക്ക് വന്നവരാണ്. യാത്രയാവസാനിപ്പിച്ചു ഒരഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അനിമോൻ വണ്ടി തിരിച്ചു നിർത്തി.

പുറത്തേക്കിറങ്ങുമ്പോ അൻവാജ് സാറിന്റെ ഓർമ്മപ്പെടുത്തൽ. ഉച്ചക്ക് മടങ്ങുന്നുണ്ടെങ്കിൽ പോരെ രണ്ടേകാലിനാണ് വണ്ടി. “ഇവിടെ വന്ന പണി തീർന്നാൽ ഉറപ്പായും..” എന്നു ഞാനും. ഭൂരിഭാഗം പേരും വരാൻ താല്പര്യപ്പെടാത്തൊരു കാട്ടു റൂട്ടിൽ സന്തോഷത്തോടെ ഡ്യൂട്ടി ചെയ്യുന്ന മ്മടെ ചങ്ക്സിനിരിക്കട്ടെ ഇന്നത്തെ സ്നേഹം..❤❤

അച്ചന്കോവിലിനെക്കുറിച്ച് : കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.