ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ; വിടപറഞ്ഞു മറഞ്ഞ സഹ്യപുത്രൻ

ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ. വിടർന്ന് വിരിയും മുൻപേ അടർന്നു വീണ് കൊഴിഞ്ഞു പോയ അഴകിന്റെ പനിനീർ പുഷ്പം. ആഢൃത്തമുള്ള ആണ് പിറപ്പുകൾ അനവധി ജനിച്ചു വീണ കോന്നിയുടെ വന്യ വശ്യതയുള്ള കൂരിരുൾ കാട്ടിൽ ഇടതൂർന്ന വനാന്തരസീമയിൽ എവിടെയോ പിറന്നു വീണ പുണ്യം.

കോന്നി കൂട്ടിലെ പ്രഗത്ഭരാൽ ചിട്ടവട്ട കൃമങ്ങൾ പഠിച്ചു സ്വായത്തമാക്കി കുട്ടി കുറുമ്പുകളുടെ അകമ്പടിയിൽ കുസൃതി കുടുക്കയായി വിലസിനടന്നിരുന്ന കാലത്ത്, കൂട്ടിലെ കൂട്ടുകാരൻ വിശ്വനാഥനൊപ്പം ആനകേരളത്തിലേ എണ്ണം പറഞ്ഞ കരിവീര കേസരികൾ വാണിരുന്ന കൊല്ലം കീഴൂട്ട് ആനതറവാടിന്റെ പടിവാതിൽ കടന്നു ചെന്നെത്തപ്പെട്ട കരിവീരകുമാരൻ.

രാഷ്ട്രീയ കേരളത്തിലെ അതികായൻ ശ്രീ കീഴൂട്ട് ബാലകൃഷ്ണപിള്ളയും മകനും രാഷ്ട്രീയ നേതാവും അഭിനേതാവും ഒക്കെ ആയ ശ്രീ ഗണേഷ് കുമാർ അവർകളും പൊന്നുപോലെ കാത്തു പരിപാലിച്ചു വളർത്തിയിരുന്ന ലക്ഷണമൊത്ത ഒന്നാംതരം ആനക്കുട്ടിയെ ആനകേരളത്തിന്റെ സ്വന്തം തട്ടകപ്രമാണി പത്മശ്രീ ഡോക്ടർ സുന്ദർമേനോൻ കണ്ട് മോഹിച്ചതും കീഴൂട്ട് കൊച്ചയ്യപ്പൻ അടിയാട്ട് അയ്യപ്പൻ ആയതും കാലത്തിന്റെ കർമ്മ നിയോഗം.

പൂരനഗരിയുടെ പൊന്നാമനയായി വന്ന പൂക്കോടൻ ശിവൻ തിരുവമ്പാടി ശിവസുന്ദറായി പൂരനായകൻ ആയപ്പോൾ അതേ തട്ടകത്തിലേയ്ക്ക് ഏട്ടൻ തമ്പുരാന്റെ ഇളമുറക്കാരനായി. വരുംകാല പൂരനായകൻ ആയി വാഴുവാൻ അവനുമെത്തി. അതേ നാട്ടാന ചന്തത്തിന്റെ നേരവകാശി ആയ ഈ സഹ്യപുത്രകുമാരൻ എക്കാലവും ത്രിശ്ശിവ പേരൂരിന്റെ സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു.

ആനകുട്ടി ഒരു അസ്സൽ ആണ്കുട്ടി ആയപ്പോൾ ആനകാരിലെ അഗ്രഗണ്യൻ തന്നെ വേണ്ടേ വഴിനടത്താൻ എന്ന ചോദ്യത്തിന് ഉത്തരം പോലെ ആനക്കാരിലെ ആണൊരുത്തൻ സാക്ഷാൽ നെന്മാറ രാമേട്ടൻ തന്നെ അവന് വഴികാട്ടിയായി. കൂടെ ശിഷ്യൻ കല്ലേറ്റുംകര സജിയും.

കാലങ്ങൾ നല്ല നല്ല ചിട്ടവട്ടങ്ങളും കളിച്ചിരികളുമായി ആ കൂട്ടുകെട്ടിന് കൂട്ടായി നിന്നു. പക്ഷെ അവന്റെ തേരോട്ട വീഥിയിൽ വിധിയുടെ പാഴ്‌മരം ഏരണ്ടകെട്ടിന്റെ രൂപത്തിൽ പൊടുന്നന്നേ പടർന്നു വീണു. നേഴ്‌ചകളെയും ചികിത്സകളെയും എല്ലാം വെറും നോക്കുകുത്തികൾ ആക്കികൊണ്ടു വിധി കരുതിയ പടുമരണം ഒരു മഞ്ഞിൻ രാവിൽ അവനെയും തേടിയെത്തി. അവൻ വടക്കുംനാഥന്റെ മണ്ണ് വിട്ട് വൈകുണ്ഡവാസനിൽ വിലയം പ്രാപിച്ചു.

ഇന്നും എന്നും ആനകേരളം അഴകോടെ നിന്നിരുന്ന കാലം ഏതെന്നു ചോദിച്ചാൽ സാക്ഷാൽ തിരുവമ്പാടി ശിവസുന്ദറും അടിയാട്ട് അയ്യപ്പനും തേക്കിൻ കാടിന്റെ വിരിമാറിലും ത്രിശ്ശിവപേർരൂരിന്റെ പടകളത്തിലും ആണ്കുട്ടികളെ പോലെ നെഞ്ചും വിരിച്ചു നടന്നിരുന്ന കാലം ആയിരുന്നു എന്നത് തർക്കം ഇല്ലാത്ത വാഗ്വാദം.

ഉദിച്ചുയർന്നു നിന്നിരുന്ന ഉദയ കിരണങ്ങൾക്ക് മേൽ വിധിയുടെ കരിനിഴൽ പടർന്ന് വീണപ്പോൾ ആ നക്ഷത്ര ശോഭകൾ എന്നെന്നേക്കുമായി മാഞ്ഞുപോയി. എരണ്ടകെട്ടിന്റെ ദുർവിധി ആദ്യം ഇളമുറക്കാരനെ കൊണ്ടുപോയെങ്കിൽ, അതേ വിധി വീണ്ടും ഏട്ടൻ തമ്പുരാനെയും കൊണ്ടുപോയി.

ചങ്ങല കിലുക്കങ്ങൾ മുഴങ്ങുന്ന രാവുകൾ എണ്ണപ്പെട്ടു കഴിഞ്ഞാലും ആനകേരളം ഉള്ളടത്തോളം കാലം മറക്കില്ല അയ്യപ്പാ… മറക്കാനാവില്ല ശിവാ… ശതകോടി പ്രണമങ്ങളോടെ അക്ഷരലോകത്തെ ഈ ആനകമ്പക്കാരനും.

എഴുത്ത് – അഖിൽ ഷാജി അൻപതിൽ.