വിവരണം – Abdul Salam Palakkad (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്).
ഒരു തവണ ഇവിടം സന്ദർശിച്ചാൽ ജീവിതത്തിലെ എല്ലാ ടെൻഷനുകൾക്കും ഒരു ശമനം വരികയും മനസ്സിന് വല്ലാത്തൊരു പോസിറ്റിവ് എനർജ്ജി ലഭിക്കുകയും ചെയ്യുമെന്ന് ഏതോ ഒരു ട്രാവൽ ബ്ലോഗിൽ വായിച്ചിരുന്നു. ഫ്രീ ആയിട്ട് പോസിറ്റീവ് എനർജി കിട്ടുന്ന കാര്യമല്ലേ ഒന്നു ശ്രമിച്ചുനോക്കാമെന്ന് കരുതി ഒരു ഹർത്താൽ ദിവസം സുഹൃത്ത് മിത്രൻ വാവയോടൊപ്പം ഞാനും പോയി പരമശിവന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അർദ്ധകായ പ്രതിമ കാണാൻ.
പാലക്കാട് നിന്നും രാവിലെ 9 മണിക്കാണ് ഞങ്ങൾ ബൈക്കിൽ യാത്ര ആരംഭിച്ചത്. പ്രധാനപാതയിൽ നിന്നും ആദിയോഗിയിലേക്കുള്ള എളുപ്പവഴിയായ കോവൈപുതുർ റോഡിലൂടെയായിരുന്നു യാത്ര. തമിഴ് കാർഷിക ഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ റോഡിനിരുവശവും മനോഹരമായ കാഴ്ചകളാൽ സമ്പന്നമായിരുന്നു.
ഓർക്കുക ഇത് വിഗ്രഹം അല്ല. പ്രതിമയും വിഗ്രഹവും തമ്മിൽ പകലും രാത്രിയും പോലെ വ്യത്യാസമുണ്ടെന്ന് ഇവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാവും. കോയമ്പത്തൂർ ജില്ലയിലെ വെള്ളിയാംഗിരി മലനിരകളുടെ താഴ് വരയിലാണ് സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ ആശ്രമത്തോട് ചേർന്ന് ഈ വിസ്മയനിർമ്മിതി സ്ഥിതിചെയ്യുന്നത്.
ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ ആർക്കും പ്രവേശിക്കാവുന്ന ധ്യാനലിംഗ ക്ഷേത്രമാണ് ശിവപ്രതിമയേക്കാളേറെ ഇവിടെ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും
കേന്ദ്രമാണ് ഇവിടമെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള അടയാളങ്ങളും എഴുത്തുകളും അടങ്ങിയ ശിലാഫലകം ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
അൽപ്പസമയം കണ്ണുകൾ അടച്ചുകൊണ്ട് നിശബ്ദതയെ പ്രണയിച്ചുകൊണ്ട് ഇവിടെ ഇരുന്നാൽ മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും നിശബ്ദതയുടെ ജാലകങ്ങൾ തുറന്ന് നമ്മിൽ നിന്നും ഉയർന്നു പോകുന്നതായി അനുഭവപ്പെടും. അങ്ങനെയൊരനുഭവം എനിക്കും ഉണ്ടായി എന്നുള്ളത് സത്യമാണ്.
ഒരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കുകയോ സ്തുതികീർത്തനങ്ങൾ ആലപിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്വം വാഴ്ത്തുകയോ ദൈവത്തോട് കൈകൾ കൂപ്പി പ്രാർഥിക്കുകയോ ചെയ്യണമെന്ന് ഒട്ടും നിർബന്ധമില്ല ഇവിടെ. ഇവിടുത്തെ പവിത്രതയ്ക്കും ശാന്തമായ അന്തരീക്ഷത്തിനും തടസ്സം സൃഷ്ടിക്കാതെ നോക്കേണ്ടത് അവിടെ ചെല്ലുന്നവരുടെ ബാധ്യതയാണ്.
വനത്തിനകത്തെ നിശബ്ദതയിലും മഞ്ഞുമലകൾക്ക് മുകളിലെ ഏകാന്തതയിലും എന്നുവേണ്ടാ ശബ്ദകോലാഹലങ്ങളില്ലാത്തതും ജനത്തിരക്കില്ലാത്തതുമായ ഏതൊരു സ്ഥലത്തു ചെന്ന് അൽപസമയം മൗനമായി ഇരുന്നാലും മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുമെങ്കിലും ഇവിടെ എന്തോ ഒരു പ്രത്യേകതയുള്ളത് പോലെ തോന്നി.
ഏതു ദേവാലയങ്ങളിലായാലും മൗനമാണ് ഏറ്റവും വലിയ പ്രാർത്ഥനയും ആരാധനയും. എല്ലാ ആരാധനാലയങ്ങളും ഇവിടുത്തെ പോലെ പ്രശാന്തസുന്ദരമായിരുന്നെങ്കിൽ(ഞങ്ങൾ പോയ സമയത്തെ അവസ്ഥയാണ് ,മറ്റു സമയങ്ങളിൽ എന്താണ് സ്‌ഥിതി എന്നറിയില്ല) എത്ര നന്നായേനെ എന്ന് ഒരുനിമിഷം ഞാൻ ആഗ്രഹിച്ചുപോയി.
ദൈവത്തിന്റെ മുന്നിൽ എന്തിനാണ് ശബ്ദകോലാഹലങ്ങൾ ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം കേൾവിക്കുറവുള്ള ആളൊന്നുമല്ലല്ലോ ദൈവം. ദൈവസന്നിധിയിൽ നിശബ്ദമായി ഇരിക്കുക. അലമുറയിട്ട് പ്രാർത്ഥിക്കുന്നതിനെക്കാൾ വേഗത്തിൽ നമ്മുടെ മനസ്സിന്റെ നൊമ്പരങ്ങളും ആഗ്രഹങ്ങളും വായിച്ചെടുക്കാൻ കഴിവുള്ളവനല്ലേ പ്രപഞ്ചസൃഷ്ടാവായ ദൈവം.
മുകളിൽ എഴുതിയതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയ ചിന്തകൾ മാത്രം എന്നാൽ ഇതിന് ഒരു മറുവശം കൂടെയുണ്ട്. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഷ യോഗ സെന്റർ ഇവിടെ നടത്തിയിട്ടുള്ളത് എന്നും വിലയിരുത്തലുകളുണ്ട്.
വെള്ളിയംഗിരി മലനിരകളുടെ താഴ്വരയിലുള്ള സംരക്ഷിത വന മേഖലയിൽപെട്ട ഏക്കർകണക്കിന് പ്രദേശത്തെ ആയിരക്കണക്കിന് മരങ്ങൾ വെട്ടി നശിപ്പിച്ചാണത്രെ ജഗ്ഗി വാസുദേവ് തന്റെ ഇഷയോഗ സെന്ററും ആദിയോഗി പ്രതിമയും നിർമിച്ചത്. പരമശിവന്റെ കൂറ്റൻ അർദ്ധകായ പ്രതിമ നിർമ്മിച്ചത് ടൂറിസത്തിന്റെ മറവിൽ ഭക്തിവ്യവസായത്തിലേക്ക് ജനങ്ങളെ ആകർഷിയ്ക്കുന്നതിന് വേണ്ടിയാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ ഇത് നിർമ്മിച്ചിരിക്കുന്നത് പ്രകൃതിയോട് പൂർണമായും ഇണങ്ങിയിട്ടാണെന്നും വനമേഖലകൾ ഒരിഞ്ചുപോലും കയ്യേറുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ഇഷയോഗ സെന്റർ അധികൃതർ പറയുന്നത്.
എന്നിരുന്നാലും ഇങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് നിർമ്മിച്ച ഒരു സ്ഥലത്ത് പോവുമ്പോൾ ഈ പറഞ്ഞ പോസിറ്റീവ് എനർജിയും മനസമാധാനവുമെല്ലാം എങ്ങനെ ലഭിക്കും എന്ന ഒരു പരിസ്‌ഥിതി പ്രവർത്തകന്റെ ചോദ്യത്തിന് മുൻപിൽ പ്രകൃതിയോടിണങ്ങി പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് പ്രകൃതിയോടൊപ്പം യാത്രകൾ ചെയ്യുന്ന സഞ്ചാരി എന്ന നിലയിൽ എനിക്ക് ഉത്തരമില്ലാതെ തലകുനിച്ചു നിൽക്കേണ്ടി വന്നു. എന്തൊക്കെയായാലും ഇവിടേക്ക് വരുന്ന സന്ദർശകരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Route : കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ പോയാൽ ആദിയോഗിയിൽ എത്തിച്ചേരാം. ഗാന്ധിപുരം ടൌൺ ബസ് സ്റ്റേഷനിൽ നിന്നും ധാരാളം ബസ്സുകൾ ലഭ്യമാണ്. ഉക്കടത്തുള്ള ടൌൺ ഹാളിന് മുന്നിൽ നിന്നാലും ബസ് കിട്ടും. ഗാന്ധിപുരത്ത് നിന്നും കയറുന്നതായിരിക്കും ഉത്തമം. ബസ് നമ്പർ 14 D. രാവിലെ 5.30 മുതൽ ബസ്സുകൾ സർവിസ് ആരംഭിക്കും. ഉക്കടത്ത് നിന്നും 30 കിലോമീറ്റർ ദൂരം. പാലക്കാട് നിന്നും ബൈക്കിലോ കാറിലോ പോവുകയാണെങ്കിൽ കുനിയമുത്തൂർ നിന്നും കോവൈ പുത്തൂർ റോഡ് വഴി എളുപ്പത്തിൽ എത്താം.