ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ്. ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ ആണ് ഈ കമ്പനിക്ക് രൂപം നൽകിയത്. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബിയുടെ പ്രവർത്തനം.
അഡോബി സിസ്റ്റംസ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് അഡോബി ഫോട്ടോഷോപ്പ്. പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി ഇന്നു നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയർമാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്‌വെയർ ഇന്ന് അഡോബ് ഫോട്ടോഷോപ്പ് ആധുനിക വേർഷൻ വരെ എത്തി നിൽക്കുന്നു.
തോമസ് നോൾ (Thomas knoll), ജോൺ നോൾ (John knoll) എന്നീ സഹോദരന്മാർ അവരുടെ പിതാവായ ഗ്ലെൻ നോളിന്റെ ( Glenn Knoll) 64കെ.ബി. മാക് കമ്പ്യൂട്ടറിൽ നടത്തിയ ശ്രമങ്ങളാണ് ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.ജോണിന്റെ ഫോട്ടോ എഡിറ്റിങ്ങിലുള്ള കഴിവും പ്രോഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചു 1987 ൽ ഗ്രെയ്സ്കെയിൽ ചിത്രങ്ങൾ ശരിയായി പ്രദർശിപ്പിക്കാനുള്ള സബ് റൂട്ടിൻ എഴുതിയുണ്ടാക്കി.കൂടുതൽ സബ് റൂട്ടിനുകൾ എഴുതി “ഡിസ്പ്ലേ” (display) എന്ന പേരിൽ ആദ്യ രൂപം ഉണ്ടാക്കി.
1988 ൽ ഇമേജ് പ്രൊ(Imagepro) എന്ന പേരിൽ ആപ്ലിക്കേഷൻ ഉണ്ടാക്കി. എന്നാൽ അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്വെയറിനെ പിന്തുണച്ചില്ല. അവസാനം ബാർനി സ്കാൻ(BarneyScan) എന്ന കമ്പനി അവരുടെ സ്കാനറിനൊപ്പം താൽക്കാലികമായി നൽകാൻ തീരുമാനിച്ചു.അതും വെറും 200 കോപ്പി മാത്രമായിരുന്നു. 1988 സെപ്റ്റംബറിൽ ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പിൽ തന്റെ സോഫ്റ്റ്‌വേർ പ്രദർശിപ്പിച്ചു. തുടർന്ന് നോൾ സഹോദരന്മാർ അഡോബിയുമായി ഉടമ്പടിയിലെത്തി. പത്തു മാസങ്ങൾക്കു ശേഷം 1990 ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങൾ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാൻ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയിൽ കേടുവന്നതുമായ ഇമേജുകളെ പൂർവ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യൽ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും തുടങ്ങി വെബ് സൈറ്റുകൾ, അച്ചടി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയർ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
ഡിജിറ്റല്‍ ഫോട്ടോഗ്രഫി രംഗത്ത് ക്യാമറയേക്കാള്‍ അധികം സംഭാവനകള്‍ നല്‍കിയത് ഒരുപക്ഷേ ഫോട്ടോഷോപ്പ് പോലെയുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളാവും. കേവലം ഫോട്ടോ ഫോട്ടോ എഡിറ്റിങ്ങിനപ്പുറം അനന്തമായ സാധ്യതകളാണ് ഫോട്ടോഷോപ്പ് തുറന്നിടുന്നത്. ഇത്തരം സോഫ്റ്റ് വെയറുകളുടെ വരവോടെയാണ് വ്യാജചിത്രങ്ങളുടെ അതിപ്രസരം കാഴ്ച്ചയും വാര്‍ത്തയുമാകുന്നത്.കേവലം രണ്ടോ അധികമോ ഫോട്ടോകളുടെ കൂട്ടിയൊട്ടിയ്ക്കലിനപ്പുറം, ഒരാളെ മറ്റൊരാളാക്കാനും, ചുറ്റുപാടുകള്‍ അപ്പാടെ പറിച്ചു നടാനും, വിചിത്രമായ അര്‍ത്ഥങ്ങളുള്ള ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കാനുമെല്ലാം ഇന്ന് ഈ സോഫ്റ്റ് വെയര്‍ മാത്രം മതി.
ഇന്നുള്ളതില്‍ ഏറ്റവും ജനപ്രിയമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ വിവിധ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായി ‘റാസ്റ്റർ ഗ്രാഫിക്സ്’ സോഫ്ട് വെയറായി നിലനിൽക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്. ഈ സോഫ്ട് വെയറിൽ വിദഗ്ദ്ധ പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ലോകം മുഴുവൻ നിലവിലുണ്ട്.