‘മണിക്കുട്ടി’ എന്ന ചെല്ലപ്പേരുമായി അടൂർ – മണിപ്പാൽ കെഎസ്ആർടിസി ഡീലക്‌സുകൾ…

പ്രൈവറ്റ് ബസുകൾക്ക് മുതലാളിമാർ പലതരത്തിലുള്ള പേരുകൾ ഇടാറുണ്ട്. എന്നാൽ കെഎസ്ആർടിസിയ്‌ക്കോ? കെഎസ്ആർടിസിയ്ക്ക് പേരിട്ടു വിളിച്ചു തുടങ്ങിയത് ആനവണ്ടി പ്രേമികൾ തന്നെയാണ്. നീലഗിരി സുൽത്താൻ, ചങ്ക് ബസ്, സീതമ്മ, റോക്കറ്റ്, ഗന്ധർവ്വൻ എന്നിങ്ങനെ പോകുന്നു കെഎസ്ആർടിസി ഫാൻസ്‌ വിവിധ ബസ്സുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ. ഇപ്പോഴിതാ ഒരു താരം കൂടി ചെല്ലപ്പേരുമായി കെഎസ്ആർടിസിയിലേക്ക് കടന്നു വന്നിരിക്കുകയാണ്.

“മണിക്കുട്ടി” എന്ന പേരുമായാണ് അടൂർ ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിക്കുന്ന അടൂർ – മണിപ്പാൽ സൂപ്പർ ഡീലക്സ് ബസ്സുകൾ സി.എഫ്. ടെസ്റ്റ് കഴിഞ്ഞു പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ സർവ്വീസ് വരുമെന്ന വാർത്ത വന്നതോടെ ഈ ബസ്സുകൾക്ക് എന്തു പേരിടും എന്ന ആലോചനയിലായി അടൂർ ഡിപ്പോ കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസി ഫാൻസ്‌. പലതരത്തിലുള്ള പേരുകൾ തമ്മിൽത്തമ്മിൽ പറഞ്ഞെങ്കിലും അവസാനം ‘മണിക്കുട്ടി’ എന്നപേര് തിരഞ്ഞെടുക്കുകയായിരുന്നു. മണിപ്പാലിലേക്ക് പോകുന്ന സർവ്വീസ് ആയതിനാലാണ് ഇതിനു മണിക്കുട്ടി എന്ന പേരിട്ടതും.

എന്നാൽ ചുമ്മാ പേരിട്ടു വിളിക്കുക മാത്രമല്ല അടൂർ കെഎസ്ആർടിസി ഫാൻസ്‌ ചെയ്തത്. ബസ് തയാറായി പുറത്തിറങ്ങിയപ്പോൾ മുന്നിലെ ഗ്ളാസ്സിൽ നല്ല അടിപൊളിയായിട്ടു തന്നെ ‘മണിക്കുട്ടി’ എന്ന് മലയാളത്തിൽ സ്റ്റിക്കർ അടിക്കുകയും ചെയ്തു. അങ്ങനെ സർവ്വീസ് ആരംഭിക്കുന്നതിനു മുന്നേ തന്നെ അടൂരിന്റെ ‘മണിക്കുട്ടികൾ’ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇതിനു മുൻപും ഇത്തരത്തിൽ ബസ്സിന്‌ പേരിട്ടുകൊണ്ട് അടൂർ കെഎസ്ആർടിസി ഫാൻസ്‌ ശ്രദ്ധനേടിയിട്ടുണ്ട്. അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്ക് സൂപ്പർഫാസ്റ്റ് സർവ്വീസ് തുടങ്ങിയ സമയത്ത് ബസ്സുകളുടെ മുൻഭാഗം രാത്രിയിൽ തിളങ്ങുന്ന തരത്തിലാക്കുകയും ഈ ബസ്സിന്‌ ‘അടൂർ ഗന്ധർവ്വൻ’ എന്നു പേരിടുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ ഇന്നും വൈറലാണ്.

മുൻപ് തിരുവനന്തപുരം – മണിപ്പാൽ റൂട്ടിലോടിയിരുന്ന സർവീസാണ് ഇപ്പോൾ പരിഷ്‌ക്കരിച്ച് അടൂരിൽ നിന്നും ആക്കിയിരിക്കുന്നത്. ആദ്യം കൊട്ടാരക്കരയ്ക്കാണ് ഈ സർവ്വീസ് ലഭിക്കുന്നതെന്നുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും ഒടുവിൽ അടൂരിന് തന്നെ ഉറപ്പിക്കുകയാണുണ്ടായത്. ദിവസേന വൈകുന്നേരം 5 മണിക്ക് അടൂരിൽ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗലാപുരം വഴി മണിപ്പാലിൽ പിറ്റേദിവസം രാവിലെ 6.40 നു എത്തിച്ചേരും. തിരികെ മണിപ്പാലിൽ നിന്നും വൈകുന്നേരം 5.30 നു പുറപ്പെടുന്ന ബസ് അടൂരിൽ പിറ്റേന്ന് രാവിലെ 7.20 നു എത്തിച്ചേരും. സർവ്വീസ് ആരംഭിക്കുന്നതോടെ ഹിറ്റ് ആകുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.