ചരിത്രമുറങ്ങുന്ന ഗോവയിലെ അഗ്വാഡ ഫോർട്ട് വിശേഷങ്ങൾ

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

സഞ്ചാരികള്‍ക്കെന്നും കണ്‍ കുളിര്‍ക്കുന്ന കാഴ്ചയാണ് ഫോർട്ട് അഗ്വാഡ സമ്മാനിക്കുന്നത്. ചരിത്ര പ്രാധാനമേറിയ ഗോവയിലെ ഈ കോട്ട ഗോവയിൽ എത്തുന്ന ഒരു സഞ്ചാരിയും മാറ്റി വെക്കില്ല.

ഏകദേശം ഉച്ച സമയമായി കോട്ട കാണാനെത്തിയപ്പോൾ സഞ്ചാരികളുടെ തിക്കും , തിരക്കും കൂടാതെ കഠിനമായ ചൂടാണ് എന്ന് സൂചിപ്പിച്ച് കൊണ്ട് ഫോൺ സന്ദേശവും അതിനൊപ്പം ശരീരം തുളച്ച് കയറി ഇറങ്ങുന്ന ചൂടും. മനസ്സ് വല്ലാതെ അസ്വസ്ഥമാക്കിയ സമയം. എങ്ങനെയും കോട്ടക്കുള്ളിൽ കയറണം അതാണ് ഒരേ ഒരു ലക്ഷ്യം.

ഒരു വിധം ഗൈഡ് അനീഷ് ടിക്കറ്റ് എടുത്ത് ഞങ്ങള്‍ കോട്ടയ്ക്ക് അകത്തേക്ക് കടന്നു. സാമാന്യം നല്ല ഉയരമുള്ള തുരങ്കം പോലുള്ള ഇടനാഴിയിലൂടെ നീങ്ങി കോട്ടയുടെ ഉള്‍ഭാഗത്തെ തുറസ്സായ ഭാഗത്തേക്ക് എത്തി ചേർന്നു.

യാത്രകളിൽ മാർഗ്ഗ തടസ്സങ്ങൾ ഒരു പാട് നേരിടേണ്ടി വന്നിട്ടുണ്ട് എനിക്ക് പക്ഷേ മനസ്സിന് ആത്മധൈര്യം കൊടുത്ത് ഞാൻ യാത്രകളുടെ വഴികളിൽ മുന്നേറിയിട്ടേ ഉള്ളു. മാതാപിതാക്കളുടെയും, സഞ്ചാരി ഗുരുക്കൻമ്മാരുടെയും, സഞ്ചാരി സുഹൃത്തുക്കളുടെയും, ഈശ്വരന്റെയും അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.

യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് കിട്ടുന്നത്. അതാണ് എന്റെ സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ മുന്നോട്ട് യാത്ര ചെയ്യുന്നതും , മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്.

മണ്ടോവിപ്പുഴ കടലിലേക്ക് ചേരുന്ന മുനമ്പിന്റെ വടക്കു ഭാഗത്ത് വളരെ തന്ത്ര പ്രധാനമായ ഇടത്തിലാണ് അഗ്വാഡ ഫോര്‍ട്ട് നിലകൊള്ളുന്നത്. കോട്ട ഇപ്പോൾ ഗോവ ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലാണ്. കോട്ടയ്ക്കകത്തെ പ്രധാന ആകര്‍ഷണം നാല് നിലകളുള്ള ലൈറ്റ് ഹൗസാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ലൈറ്റ് ഹൗസാണ് ഇതെന്ന് പറയപ്പെടുന്നു.

അഗ്വാഡ എന്ന പേര് ആദ്യമായാണ് ഞാൻ കേൾക്കുന്നത് എങ്കിൽ അർത്ഥം കണ്ട് പിടിച്ചിട്ടേ കാര്യമുള്ളു . ഡിഷ്നറി എടുത്തു നോക്കി. അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് (നനയ്ക്കുന്ന സ്ഥലം ) പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം. പണ്ട് കാലത്ത് അഗ്വാഡ ഫോര്‍ട്ട് ഒരു ജയിലായും ഉപയോഗിച്ചിട്ടുണ്ട് എന്ന് ഇവിടെ സന്ദർശനം നടത്തുന്ന ഏതൊരു സഞ്ചാരിക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.

കുറച്ച് ചരിത്രത്തിലേക്ക് –  1612 ലാണ് പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ പ്രധാന ശത്രുക്കളായ മാറാഠകളുടേയും ലന്തക്കാരുടേയും (ഡച്ച്) ആക്രമണത്തെ ചെറുക്കാനായി അഗ്വാഡ ഫോര്‍ട്ട് പണിതീര്‍ത്തത്. 79 ല്‍ അധികം പീരങ്കികളും, വെള്ളം നിറച്ച കിടങ്ങുകളും, കനത്ത കോട്ടമതിലുകളും അഗ്വാഡ ഫോര്‍ട്ടിനെ അജയ്യമാക്കി. 450 കൊല്ലം നീണ്ടു നിന്ന പറങ്കി ഭരണത്തിനിടയില്‍ ശത്രുക്കളാല്‍ കീഴടക്കപ്പെടാത്ത ഏക പോര്‍ച്ചുഗീസ് കോട്ട എന്ന ബഹുമതി അഗ്വാഡ ഫോര്‍ട്ടിനുള്ളതാണ്. ഇതാണ് ഈ ഫോർട്ടിന്റെ ചരിത്ര മാഹാത്മ്യം.

കോട്ട മുഴുവനും കണ്ട് തീർക്കണമെങ്കിൽ കുറച്ച് സമയം വേണം . ഫോട്ടോകളും , വീഡിയോകളും ചിത്രീകരിക്കാൻ വീണ്ടും ഫോൺ എടുക്കുമ്പോൾ കഠിനമായ ചൂട് ആണ് ഫോൺ Switch off ആക്കാനുള്ള സന്ദേശമാണ് ഫോണിൽ നിന്ന് ലഭ്യമാക്കുന്നത്. ചൂട് കാരണം കണ്ണുകൾ തീ പൊളലേറ്റ് ഇരിക്കുന്ന ഒരു അവസ്ഥയും. ഒരു വിധം കോട്ടയുടെ കുറച്ച് ചിത്രങ്ങളും , വീഡിയോയും പകർത്തി അഗ്വാഡ കോട്ടയോട് തൽക്കാലം വിട പറഞ്ഞ് ഇറങ്ങി.

ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ യാത്ര തുടരുന്നു.