അഹികുന്തക – അധികമാരുമറിയാത്ത ശ്രീലങ്കയിലെ തെലുഗു നാടോടി ജനത

ലേഖകൻ – വിപിൻ കുമാർ (ചരിത്രാന്വേഷികൾ).

ചിത്രത്തില്‍ കാണുന്നത് ശ്രീലങ്കയിലെ ഒരു വേറിട്ട ഗോത്രവര്‍ഗക്കാരുടെ വിവാഹ ചടങ്ങാണ്. സിംഹളര്‍ അഹികുന്തകരെന്നും തമിഴരും മുസ്ലീങ്ങളും കുറവരെന്നും വിളിക്കുന്ന ഇവര്‍ ഭൂരിഭാഗവും തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നത്. ചുരുക്കം ചിലര്‍ സിംഹള, തമിഴ് ഭാഷകളും ഉപയോഗിക്കുന്നുണ്ട്. മൊത്തം ജനസംഖ്യ 60,000ത്തോടടുത്ത് വരും.

സിംഹളരേയും തമിഴരേയും പോലെ ചരിത്രത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുനിന്ന് ദ്വീപിലേക്ക് കുടിയേറിയതാണ് അഹികുന്തകരും. നൂറ്റാണ്ടുകളായി ശ്രീലങ്കയുടെ ഭാഗമായ ഇവര്‍ നാടോടി ജീവിതമാണ് നയിക്കുന്നത്. പുരുഷന്മാര്‍ പാമ്പാട്ടികളായും കുരങ്ങുകളിക്കാരായും സ്ത്രീകള്‍ കൈനോട്ടക്കാരായും ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. (‘അഹി’ എന്നാല്‍ സിംഹളത്തില്‍ പാമ്പ് എന്നര്‍ഥം വരുന്ന വാക്കാണ്).

കരിമ്പനയോലകള്‍ കൊണ്ടുള്ള കുടിലുകളില്‍ അന്തിയുറങ്ങും. ചുരുക്കം ദിവസങ്ങള്‍ മാത്രമേ ഒരു സ്ഥലത്ത് തങ്ങിയിരുന്നുള്ളൂ. കിഴക്കന്‍ മേഖലയിലെ ബട്ടിക്കലോവ പ്രദേശത്താണ് ഇവരെ കൂടുതലായും കണ്ടുവരുന്നത്. അഹികുന്തകര്‍ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തത് മുഖ്യധാര സമൂഹത്തോട് ഇടകലരുന്നതിന് തടസ്സമാവുകയും അരികുവത്കരിക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്തു.

ഗോത്രാചാരങ്ങളും ചില ഹൈന്ദവ/ബൗദ്ധ ആചാരങ്ങളും അഹികുന്തകര്‍ പിന്തുടരുന്നു. അംഗതേസ് സ്വാമി, കണ്ണമ്മ സ്വാമി, മാസമ്മ, സല്ലാപുരമ്മ, പിള്ളയാര്‍ തുടങ്ങിയ ദേവതകളെ അവര്‍ ആരാധിക്കുന്നുണ്ട്. ഇതില്‍ പലതും തെലുഗു ഗ്രാമദേവതകളാണ്. ശ്രീലങ്കയിലെ മറ്റു ജനവിഭാഗങ്ങളെപ്പോലെ കട്ടരഗാമ ക്ഷേത്രം അഹികുന്തകര്‍ക്കും പ്രധാനപ്പെട്ടതാണ്.

നാട്ടുകൂട്ടം പോലുള്ള സ്വന്തം കോടതി സംവിധാനം ഗോത്രത്തില്‍ നിലനില്ക്കുന്നുണ്ട്. ഇവിടെ ന്യായാധിപന്മാർക്ക് മദ്യം സമര്‍പ്പിക്കുന്നത് പ്രതിഫലവും ആദരവുമാണ്. പാമ്പുകടിയേല്‍ക്കുന്നതിനും വിഷബാധക്കും പതിവായി സാധ്യതയുള്ളതിനാല്‍ ഔഷധസസ്യങ്ങളും പച്ചമരുന്നുകളും ഉപയോഗപ്പെടുത്തുന്ന സ്വന്തം വൈദ്യരീതി അവര്‍ക്കിടയില്‍ നിലവിലുണ്ട്.

നിർഭാഗ്യവശാൽ, ഇന്ന് അതിവേഗം മാറിക്കോണ്ടിരിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങൾ ഈ നാടോടി ഗോത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ജനസംഖ്യ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും ദില്‍മാ കണ്‍സര്‍വേഷന്‍ പ്രോജക്‍റ്റ് പോലുള്ള എന്‍ജിഓകളും അഹികുന്തകരുടെ സാമൂഹിക നിലവാരം ഉയർത്തുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അവര്‍ക്കുവേണ്ടി സ്ഥിരം വാസസ്ഥാനം ഒരുക്കുന്നതിന് പ്രഥമപരിഗണന കൊടുക്കുന്നു.

1999 ല്‍ ഉത്തര-മധ്യ പ്രവിശ്യയിലെ മഹാകണ്ഡാരവാ ഗ്രാമത്തില്‍ അദ്യമായി അഹികുന്തകര്‍ക്കായി സ്ഥിരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. തൊഴിലധിഷ്ടിത പരിശീലനവും ചെറുകിട സംരംഭക പരിപാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രത്തിന്റെ സാംസ്കാരിക വശങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഒരു ഓപ്പൺ എയർ തിയേറ്ററും സാംസ്കാരിക കേന്ദ്രവും ആരംഭിച്ചിരുന്നു.

ദിൽമ കൺസർവേഷൻ 2011 ല്‍ അഹികുന്തക വരിഗസഭ സംഘടിപ്പിച്ചിരുന്നു. ഇതില്‍ സമുദായ നേതാക്കളെ ഒന്നിച്ചു കൂട്ടാനും സമുദായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളെയും അവ പരിഹരിക്കാനുള്ള വഴികളെയും കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് ക്രിയേറ്റിവിറ്റി ആന്‍ഡ് കള്‍ച്ചറല്‍ കമ്മീഷന്‍ ഇവരെക്കുറിച്ച് പഠിക്കുന്നതിനായി ഒരു കൂട്ടം നരവംശ-ഭാഷാ ശാസ്ത്രജ്ഞരെ 2018 ല്‍ ശ്രീലങ്കയിലേക്ക് അയച്ചിരുന്നു.