അപകടങ്ങൾ എന്നും നമുക്ക് സമ്മാനിക്കുക ഒരിക്കലും മറക്കാത്ത ദുരന്ത സ്മരണകളായിരിക്കും. കേരളത്തിൽ നടന്ന ബസ്സപകടങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിലുണ്ടായിരിക്കും കോട്ടയം ജില്ലയിലെ ഐങ്കൊമ്പിൽ നടന്ന ബസ് അപകടം. ഇന്നത്തെ തലമുറയിലെ അധികമാരും അറിയാത്ത, എന്നാൽ പഴയ ആളുകൾ ഇന്നും ഭീതിയോടെ ഓർക്കുന്ന ഐങ്കൊമ്പ് ബസ്സപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇപ്പോൾ 21 വയസ്സ് പഴക്കമുണ്ട്.
21 വർഷങ്ങൾ പഴക്കമുള്ള പാലാ ബസ് സ്റ്റാൻഡ്. കൃത്യമായി പറഞ്ഞാൽ 1998 ഒക്ടോബർ 22. പാലാ സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ചതായിരുന്നു പ്രശാന്ത് എന്നു പേരുള്ള സ്വകാര്യ ബസ്. ബസ് പതിവുപോലെ യാത്ര തുടങ്ങിയപ്പോൾ സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായി മാറുവാൻ ഒരുങ്ങുകയാണെന്നു ആരും അറിഞ്ഞിരുന്നില്ല.
തൊടുപുഴയിലേക്കുള്ള ഓട്ടത്തിനിടെ ബസ് രാവിലെ 11.30 ഓടെ പാലായിൽ നിന്നുംഎട്ടു മിലോമീറ്ററോളം അകലെയുള്ള ഐങ്കൊമ്പ് ആറാം മൈലിനു സമീപത്തെത്തി. അവിടത്തെ പാസഞ്ചേഴ്സ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻപിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലിഫോൺ തൂണിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീ പിടിക്കുകയായിരുന്നു. ബസ് മറിഞ്ഞപ്പോൾ വാതിലുകൾ ഉൾപ്പെടുന്ന വശം റോഡിനടിയിലായതിനാൽ പലർക്കും പുറത്തു കടക്കാനായില്ല.
മറിഞ്ഞ ബസ്സിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ തകർത്ത് കുറച്ചുപേർ പുറത്തേക്ക് രക്ഷപ്പെട്ടപ്പോഴേക്കും ബസിൽ തീപടർന്നിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ബസ് പൂർണമായും അഗ്നിക്കിരയായി. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി.
അപകടത്തെത്തുടർന്ന് 16 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേരാണ് അന്നത്തെ അപകടത്തിൽ മരണമടഞ്ഞത്. അതുകൂടാതെ ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ പലതും ദിവസങ്ങൾക്കു ശേഷമായിരുന്നു തിരിച്ചറിയുവാൻ സാധിച്ചത്.
അന്നത്തെ ഈ അപകടത്തെത്തുടർന്ന് കുറേക്കാലം പ്രൈവറ്റ് ബസ്സുകളിൽ സ്ത്രീകളുടെ സീറ്റ് പുറകിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും മുൻഭാഗത്തേക്ക് തന്നെ ആക്കുകയായിരുന്നു.
ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. എന്നാൽ അപകടത്തിൽ മരണമടഞ്ഞവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ഏറ്റുവാങ്ങുവാൻ ബന്ധുക്കളാരും മുന്നോട്ടു വന്നിരുന്നില്ല. 100 ഗ്രാമിന് മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളിയാഭരണങ്ങളുടെ ഉരുപ്പടികളുമാണ് ഇത്തരത്തിൽ സൂക്ഷിക്കേണ്ടി വന്നത്. ഇവ കൈപ്പറ്റാൻ ഉടമകളാരും എത്താതിരുന്നതിനെ തുടർന്ന് സമീപകാലത്ത് ഇവയെല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു.
അന്നത്തെ പത്രങ്ങളിൽ ഐങ്കൊമ്പ് ബസ്സപകടത്തിൻ്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ നടുക്കത്തോടെയായിരുന്നു കേരളം വായിച്ചറിഞ്ഞത്. അന്ന് പരിക്കേറ്റവരിൽ പലരും നടുക്കുന്ന ഓർമ്മകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ കാലങ്ങളെടുത്തു. അവരിൽ പലരും പിന്നീട് ബസ് യാത്രകൾ ചെയ്യുവാൻ മടിക്കുന്ന അവസ്ഥയും ഉണ്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും ഐങ്കൊമ്പ് ബസ്സപകടം ഓർമ്മയിൽ നിന്നും പറിച്ചു മാറ്റിയെങ്കിലും സമീപവാസികളുടെയും, മരിച്ചവരുടെ ബന്ധുക്കളുടെയും മനസ്സിൽ മായാത്ത മുറിപ്പാടായി ബസ് ദുരന്തത്തിന്റെ ഓർമകൾ ഇന്നും അവശേഷിക്കുകയാണ്.
കടപ്പാട് – മനോരമ ഓൺലൈൻ, മാതൃഭൂമി.