69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ

ഇന്ത്യയുടെ നാഷണൽ ഫ്‌ളാഗ് കാരിയറായ ‘എയർ ഇന്ത്യ’ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നു. മിക്കയാളുകളും നെറ്റി ചുളിച്ചു, തെല്ലു സംശയത്തോടെയായിരുന്നിരിക്കണം ഈ വാർത്ത വീക്ഷിച്ചത്. എയർ ഇന്ത്യയെ രക്ഷിക്കുവാൻ ടാറ്റയ്ക്ക് സാധിക്കുമോ? എന്തുകൊണ്ടാണ് ഈ ബാധ്യത ടാറ്റ തലയിലെടുത്തു വെച്ചത്? തുടങ്ങിയ സംശയങ്ങൾ വേറെയും.

18000 കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും ഇവയുടെ ഗ്രൗണ്ട്-ഹാന്‍ഡ്‌ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.

2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. സ്‌പൈസ്ജെറ്റിന് ഇതൊരു ബിസിനസ്സ് വിപുലീകരണമായിരുന്നെങ്കിലും, ടാറ്റയ്ക്ക് അങ്ങനെയായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ തങ്ങളുടെ കുഞ്ഞിനെ തിരികെ കുടുംബത്തിലേക്ക് കൊണ്ടുവരിക എന്ന ഏറ്റവും മഹത്തായ ലക്ഷ്യമായിരുന്നു എന്തുവില കൊടുത്തും ടാറ്റ ഈ ലേലം സ്വന്തമാക്കിയതിനു പിന്നിൽ.

1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് പിന്നീട് എയർ ഇന്ത്യ ആയതെന്ന കാര്യം ഇന്നും പലർക്കുമറിയാത്ത ഒരു സത്യമാണ്. 1946 ൽ ടാറ്റ എയർലൈൻസ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്ത്, പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. 1948 ൽ 49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങുകയും എയർ ഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയും ചെയ്തു..

1953-ല്‍ എയർ കോർപറേഷൻ ആക്ട് നിലവിൽവന്നതോടെ എയർ ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടു. സർക്കാർ ഭൂരിഭാഗം ഓഹരിയും ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആര്‍.ഡി. ടാറ്റ തന്നെയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. എന്നാൽ പിന്നീട് ടാറ്റയെ ഇന്ത്യൻ സർക്കാർ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.

എന്നാൽ കുറച്ചു വർഷങ്ങൾക്കു ശേഷം എയർ ഇന്ത്യ പതിയെപ്പതിയെ കടക്കെണിയിലേക്ക് നീങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. 2017 എയർ ഇന്ത്യ ൽ 52000 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒടുവിൽ 2020 ൽ എയർ ഇന്ത്യയുടെയും ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100% ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെ 50% ഓഹരിയും വിൽക്കുവാൻ തീരുമാനമായി. ഒടുവിൽ 2021 ൽ 18000 കോടി രൂപയ്ക്ക് ടാറ്റ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കി.

2021 ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 61,562 കോടി രൂപയാണ്. അതില്‍ 15,300 കോടി കടം ടാറ്റാ സണ്‍സ് ഏറ്റെടുക്കും. 46,262 കോടി രൂപയുടെ കടം സര്‍ക്കാര്‍ രൂപീകരിച്ച എസ്പിവിയായ എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡും ഏറ്റെടുക്കും. 2022 ജനുവരി 27 നു എയർ ഇന്ത്യയുടെ കൈമാറ്റ നടപടികൾ പൂർത്തിയായി.ഇതോടെ 69 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തിയിരിക്കുകയാണ്.

എയര്‍ ഇന്ത്യയിലേക്ക് എയര്‍ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമനടപടികള്‍ ഉണ്ടാവുക.

എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം രത്തന്‍ ടാറ്റ പങ്കുവെച്ചത്, 68 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് പുറത്തുവരുന്ന ജെആര്‍ഡി ടാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്താണ്. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു “വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ.”