ബോയിങ് B747 ജംബോജെറ്റ് വിമാനങ്ങൾ ഇന്നും ഉപയോഗിക്കുന്ന എയർലൈനുകൾ

ബോയിങ്ങ് 747… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ… ക്വീൻ ഓഫ് ദി skies… ദി ജംബോ ജെറ്റ്.. വിശേഷണങ്ങൾ അനവധി. 50 വർഷങ്ങൾക്കിപ്പുറവും ആകാശങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വിമാനം. ആദ്യമായി ബോയിങ് 747 വിമാനം സ്വന്തമാക്കിയ എയർലൈൻ പാൻ ആം ആയിരുന്നു. അന്നുതൊട്ട് ഇന്നോളം ഒരുവിധം എല്ലാ വലിയ വിമാനക്കമ്പനികളുടെയും ഇഷ്ട്ട വിമാന മോഡലാണ് ബോയിങ് 747. ഇപ്പോൾ ഏവരുടെയും പ്രിയപ്പെട്ട ബോയിങ്ങ് 747 ൻ്റെ യാത്രാ വിമാനങ്ങൾ ഒന്നൊന്നായി എന്നെന്നേക്കുമായി വിടവാങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈയിടെ ബ്രിട്ടീഷ് എയർവെയ്സ് തങ്ങളുടെ ഫ്‌ലീറ്റിലെ അവസാന ബോയിങ് 747 വിമാനങ്ങൾക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകിയത് ഏറെ വാർത്താ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇനി ബോയിങ്ങ് 747 ൻ്റെ പാസഞ്ചർ ശ്രേണിയിലുള്ള ജംബോജെറ്റ് വിമാനങ്ങൾ സ്വന്തമായുള്ളത് വളരെക്കുറവ് എയർലൈനുകൾക്ക് മാത്രമാണ്. അവ ഏതൊക്കെയെന്ന് ഒന്നു നോക്കാം.

1. എയർ ചൈന – ചൈനയുടെ നാഷണൽ ഫ്‌ളാഗ് കാരിയറായ എയർ ചൈന നിലവിൽ എട്ടു ബോയിങ് B747-400 പാസഞ്ചർ എയർക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് 25 അര വർഷത്തോളം പഴക്കമുള്ളവയാണ് ഇവ. നിലവിൽ ഇവ ആഭ്യന്തര റൂട്ടുകളിലും, മാഡ്രിഡ്, ലണ്ടൻ തുടങ്ങിയ യൂറോപ്യൻ റൂട്ടുകളിലുമാണ് സർവ്വീസ് നടത്തുന്നത്. തങ്ങളുടെ ഈ 8 ബോയിങ് B747-400 വിമാനങ്ങൾ എപ്പോൾ റിട്ടയർ ചെയ്യുമെന്ന് എയർ ചൈന പ്രഖ്യാപിച്ചിട്ടില്ല. ഇവ കൂടാതെ B747-8 മോഡൽ എയർക്രാഫ്റ്റുകളും എയർ ചൈന ഉപയോഗിക്കുന്നുണ്ട്.

2. ഏഷ്യാന എയർലൈൻസ് – സൗത്ത് കൊറിയൻ വിമാനക്കമ്പനിയായ ഏഷ്യാന എയർലൈൻസിൽ ഒരു ബോയിങ് B747-400 പാസഞ്ചർ വിമാനം സർവ്വീസ് നടത്തുന്നുണ്ട്. ഈ വിമാനത്തിൽ എട്ടു റോയൽ ബിസിനസ്സ് ഫസ്റ്റ് ക്ലാസ്സ് സീറ്റുകൾ മുൻഭാഗത്തുണ്ട്. 22 വർഷത്തോളം പഴക്കമുള്ള, HL-7428 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ വിമാനം ചൈനയിലേക്കുള്ള സർവ്വീസിനായാണ് നിലവിൽ ഉപയോഗിക്കുന്നത്.

3. ചൈന എയർലൈൻസ് – തായ്വാൻ്റെ ഫ്‌ളാഗ് കാരിയർ എയർലൈനായ ചൈന എയർലൈൻസ് നാല് ബോയിങ് B747-400 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്. 15 വർഷം പഴക്കമുള്ള ഈ വിമാനങ്ങൾ കൊറോണ വന്നതു മുതൽ ഇതുവരെ പാസഞ്ചർ സർവ്വീസുകൾ നടത്തിയിട്ടില്ല. എങ്കിലും കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ ഈ വിമാനങ്ങളുപയോഗിച്ചു സർവ്വീസ് നടത്തുവാൻ തന്നെയാണ് എയർലൈനിൻ്റെ തീരുമാനം.

4. ഇറാഖി എയർവേയ്‌സ് – ഇറാഖിൻ്റെ നാഷണൽ ഫ്ലാഗ് കാരിയറായ ഇറാഖി എയർവേയ്‌സിനു രണ്ടു ബോയിങ് B747-400 പാസഞ്ചർ വിമാനങ്ങൾ നിലവിലുണ്ട്. 22 വർഷം പഴക്കമുള്ള ഈ വിമാനങ്ങളിലൊന്ന് 2019 അവസാനം മുതൽ സർവ്വീസ് നടത്തുന്നില്ലെങ്കിലും ബാക്കിയുള്ളത് സൗദി അറേബ്യ, തുർക്കി, മലേഷ്യ, ഈജിപ്റ്റ് തുടങ്ങിയ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് സർവ്വീസ് തുടർന്നിരുന്നു.

5. കൊറിയൻ എയർ – സൗത്ത് കൊറിയയുടെ നാഷണൽ ഫ്ലാഗ് കാരിയറായ കൊറിയൻ എയറിനു 12 ബോയിങ് 747 വിമാനങ്ങൾ നിലവിലുണ്ട്. ഇവയിൽ രണ്ടെണ്ണം 23 വർഷത്തോളം പഴക്കമുള്ള B747-400 ഉം ബാക്കി പത്തെണ്ണം 4 വർഷത്തോളം പഴക്കമുള്ള B747-8 മോഡലുകളുമാണ്.

6. ലുഫ്താൻസ – നിലവിൽ കൂടുതൽ ബോയിങ് 747 വിമാനങ്ങളുപയോഗിക്കുന്ന എയർലൈനാണ്‌ ജർമ്മനിയുടെ ഫ്ലാഗ് കാരിയറായ ലുഫ്താൻസ. ഏഴ് B747-400, പത്തൊൻപത് B747-8 ഉൾപ്പെടെ 26 പാസഞ്ചർ ബോയിങ് 747 ശ്രേണി വിമാനങ്ങളാണ് ലുഫ്താൻസയുടെ ഫ്‌ലീറ്റിൽ ഉള്ളത്. ഇവയിൽ B747-400 എയർക്രാഫ്റ്റുകൾ അധികം വൈകാതെ ലുഫ്താൻസായിൽ നിന്നും വിടപറയുമെന്നാണ് സൂചനകൾ.

7. മഹൻ എയർ – ഇറാനിലെ ടെഹ്‌റാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹാൻ എയറിൽ ഒരു ബോയിങ് B747-400 വിമാനം നിലവിലുണ്ട്. 31 വർഷം പഴക്കമുള്ള ഈ എയർക്രാഫ്റ്റ് നിലവിൽ ആഭ്യന്തര റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നത്. ഈ വിമാനം സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകളൊന്നുമില്ല.

8. റോസ്സിയ – റഷ്യൻ എയർലൈനായ റോസ്സിയ എയർലൈനിൽ 9 ബോയിങ് 747-400 വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. 20 വർഷം പഴക്കമുള്ള ഈ വിമാനങ്ങൾ, കൊറോണ വ്യാപനത്തിനു മുന്നേ വരെ ദിവസേന സർവ്വീസുകൾ നടത്തിയിരുന്നു.

9. തായ് എയർവേയ്‌സ് – തായ്‌ലണ്ടിന്റെ ഫ്ലാഗ് കാരിയറായ തായ് എയർവേയ്‌സ് ഫ്‌ലീറ്റിൽ എട്ടു ബോയിങ് B747-400 വിമാനങ്ങൾ നിലവിലുണ്ട്. 21 വർഷം പഴക്കമുള്ള ഈ വിമാനങ്ങൾ 2020 മാർച്ച് അവസാനം മുതൽ സർവ്വീസ് നടത്തുന്നില്ല. തായ് എയർവേയ്‌സ് റീ സ്ട്രക്ച്ചർ പ്രോസസ്സ് നടക്കുന്നതിനാൽ ഇനി ഈ വിമാനങ്ങൾ സർവ്വീസിനുപയോഗിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

10. എയർ ഇന്ത്യ – ഇന്ത്യയുടെ നാഷണൽ ഫ്‌ളാഗ് കാരിയറായ എയർ ഇന്ത്യയുടെ ഫ്‌ലീറ്റിൽ നാല് ബോയിങ് B747-400 വിമാനങ്ങൾ നിലവിലുണ്ട്. 25 വർഷത്തോളം പഴക്കമുള്ള ഈ വിമാനങ്ങൾ ഇന്നും മികച്ച സൗകര്യങ്ങളോടു കൂടിയുള്ളതാണ്. ഇവയിലൊന്നാണ് പുതിയ എയർ ഇന്ത്യ വൺ വിമാനം വരുന്നതുവരെ വിവിഐപി സർവ്വീസുകൾക്കായി ഉപയോഗിച്ചിരുന്നത്. കൊച്ചി – ജിദ്ദ റൂട്ടിലും എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം സർവ്വീസ് നടത്തിയിരുന്നു. കോവിഡിനെത്തുടർന്ന് ഈ വിമാനങ്ങൾ വിശ്രമത്തിലാണ്. ഇവ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്നതിനെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ല.

ഏവിയേഷൻ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന, ഇന്നും ആരാധകരുള്ള ബോയിങ് B747 എന്ന ആകാശങ്ങളുടെ റാണി ഇനി ഏതാനും വർഷങ്ങൾ കൂടി നമുക്കിടയിൽ സർവ്വീസിലുണ്ടാകും. അവസാനത്തെ ബോയിങ് 747 കൂടി കളമൊഴിയുന്നതോടെ ഏവിയേഷൻ ചരിത്രത്തിലെ ഒരു വലിയ അധ്യായത്തിനാകും വിരാമമാകുന്നത്.