വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ)
ഒരു യാത്ര കഴിഞ്ഞ് തിരിച്ച് വരുന്ന വഴി വിശപ്പ് മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ വണ്ടി ചവിട്ടി നിർത്തി. ഇടത് വശത്ത് Al Haja (Opp KSRTC Stand Attingal). മുൻപ് കേട്ടതോ വായിച്ചതോ ആയ ഓർമകളൊന്നും അപ്പോളില്ല. വിശപ്പ് തന്നെ പ്രധാന കാരണം. നമ്മൾ രണ്ട് ഫാമിലി രണ്ടും കല്പിച്ച് അകത്ത് കയറി രണ്ട് ടേബിളുകളിലായി സ്ഥാനം പിടിച്ചു. വിധി പോലെ വരട്ടെ.
മറ്റേ ഫാമിലി വെജാണ് പറഞ്ഞത്. നല്ലതെന്ന് ഭക്ഷണശേഷം പറഞ്ഞു. നമ്മൾ നോൺ വെജ്. ഭക്ഷണാനുഭവം പറയാം. പെറോട്ട, ബീഫ് റോസ്റ്റ് പറഞ്ഞു. ബീഫ് റോസ്റ്റ് (₹120). ആദ്യത്തെ പീസ് എടുത്ത് വായിൽ വച്ചപ്പോൾ തന്നെ രുചിയുടെ പ്രളയം. മനസ്സിൽ ലഡു പൊട്ടി. ഇത് ലെവൽ വേറെ. നല്ല വെന്ത് ആവശ്യത്തിന് ചൂടും ഉണ്ടായിരുന്നു.
ആ സന്തോഷത്തിൽ ഒരു മട്ടൺ കടായി (₹ 190) കൂടെ പറഞ്ഞു. കൊണ്ട് വന്നത് ചെറിയ ചീനി ചട്ടി പോലത്തെ പാത്രത്തിലല്ലെങ്കിലും സംഭവം പൊളിച്ചടുക്കി. “ബീഫ് കൊള്ളാമോ, മട്ടൺ കൊള്ളാമോ” എന്ന് ചോദിച്ചാൽ കൺഫ്യൂഷനാകും. മട്ടന്റെ ഓരോ പീസും കിടിലം. രണ്ടും മിന്നിച്ച് നിന്നു. പിള്ളേര് സഹിതം എല്ലാം വാരി തട്ടി.
പെറോട്ട ₹ 10 ആണെങ്കിലും വലിയ സൈസായിരുന്നു. നല്ല ചൂട്. ഇത്രയും വലിപ്പം പ്രതീക്ഷിച്ചില്ല. നല്ല പെറോട്ട. ക്വാണ്ടിറ്റി കാരണം തീർക്കാൻ കുറച്ച് പാട് പെട്ടു. ദാഹം തീർക്കാൻ ജിഞ്ചർ ലൈം (₹ 20), മിന്റ് ലൈം (₹ 20), ഓറിയോ മിൽക്ക് ഷേക്ക് (₹ 70). എല്ലാം പൊളി. മനസ്സ് നിറഞ്ഞു, വയർ നിറഞ്ഞു ഇറങ്ങി.
രാവിലെ 7 മുതൽ രാത്രി 1.30 വരെ പ്രവൃത്തി സമയം. 6 വർഷമായി ആറ്റിങ്ങലിൽ ഉണ്ട്. Seating Capacity – 70. കാലം ചികഞ്ഞൊന്ന് നോക്കിയാൽ കുട്ടിയാലി അഹമമദ് കുഞ്ഞ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ അഹമ്മദ് കുഞ്ഞ് എന്ന പാചകത്തിന്റെ കുലപതിയിൽ ചെന്ന് നില്ക്കും.
1953 ൽ അതായത് 66 വർഷം മുൻപ് അൻവർ എന്ന പേരിൽ ആലംകോട് ജംഗ്ഷനിൽ ഒരു ഹോട്ടലിട്ട് ശ്രീ അഹമ്മദ് കുഞ്ഞ് (കുട്ടിയാലി) ഒരു ഭക്ഷണയുഗത്തിന് തുടക്കമിട്ടു.. അത് പോലെ തന്നെ 1973 ൽ സീനത്ത് എന്ന പേരിലും ഒരു ഹോട്ടൽ ആലംകോട് തന്നെ തുടങ്ങുകയുണ്ടായി.
അദ്ദേഹത്തിൽ നിന്നാരംഴിച്ച പാചകത്തിന്റെ തേരോട്ടം പുതുതലമുറയിലെ മകൻ ശ്രീ നിസാറിന് കൈമാറി; പ്രസ്തുത ഹോട്ടലുകൾക്ക് പകരമായി Al Haja എന്നുള്ള പേരിൽ തന്നെ ആറ്റിങ്ങലിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള നഗരൂർ ജംഗ്ഷനിൽ IOB ബാങ്കിനടുത്തായി തുടങ്ങി. 9 വർഷമായി അത് ഇപ്പോഴും ഉണ്ട്. 6 വർഷമായി Al Haja എന്നുള്ള പേരിൽ അറ്റിങ്ങലിലും.
‘ട്രെണീഷണൽ വഴിയോരക്കട’ എന്ന പേരിൽ ആറ്റിങ്ങലിൽ NH ലായി ഒരു മാസത്തിനകം പുതിയ കട തുടങ്ങുന്നുണ്ട്. കേശവദാസപുരം ചൈതന്യ ഹോസ്പറ്റലിന് നേരെ എതിരെയായിയുള്ള Ebenezer ബിൽഡിംഗിൽ Al Haja യുടെ ഔട്ട് ഡോർ കാറ്ററിങ്ങിന്റെ ഓഫീസുണ്ട്. കാറ്ററിംങ്ങ് മാത്രമല്ലാതെ നല്ല സ്ഥലം കിട്ടിയാൽ തിരുവനന്തപുരം സിറ്റിയിലും Al Haja തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. നഗരം പുതിയ രുചികൾ കൊണ്ട് നിറയട്ടെ. അൽ ഹാജ ഇഷ്ടം.
Al Haja Family Restaurant, Salem – Kochi – Kanyakumari Hwy, Attingal, Kerala 695101.
Phone : 0470 262 1202, Map : https://goo.gl/maps/j6dAwSPSPRvroY9U7.