വിവരണം – സജിൻ സതീശൻ.
ഡിയോ നമ്മൾ വിചാരിക്കുന്നതിലും ഭയങ്കരൻ ആണ്. ഈ വണ്ടിയിലോ..?? ഇത്രെയും ദൂരമോ.?? നിനക്കൊക്കെ വട്ടാണോ.?? ഞങ്ങളുടെ യാത്രയെകുറിച് പറഞ്ഞപ്പോൾ കേൾക്കാനിടയായ ചില അഭിപ്രായങ്ങൾ ആണ് ഇവ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പോകും എന്ന് തന്നെ ഉറപ്പിച്ചു.(ഞാനും അഖിലും) അതിനെക്കുറിച്ചു പിന്നെ പ്ലാനിങ്ങുകളോ സംസാരങ്ങളോ ഒന്നുംതന്നെ നടത്തിയില്ല. അവൻ വണ്ടി ഒന്ന് സർവീസ് ചെയ്യാൻ കൊടുത്തു അത്രമാത്രം. ജൂൺ 15 വൈകുന്നേരം സ്റ്റാർട്ട് ചെയ്യാനായിരുന്നു പ്ലാൻ. അതിനു കടിഞ്ഞാൺ ഇടവണ്ണമായിരുന്നു രണ്ടു ദിവസമായുള്ള ശക്തമായ മഴ. പിന്നെ 16നു പെട്രോൾപമ്പ് സമരം ആണെന്നുള്ള വാർത്തയും. ട്രിപ്പ് ഏറെക്കുറെ മുടങ്ങുമോ എന്ന് എനിക്ക് തോന്നി. പക്ഷെ അങ്ങനെ പിന്മാറാൻ ഞങ്ങൾ തയ്യാറായിരുന്നില്ല.
ഞങ്ങൾ സമരത്തിന്റെ കാര്യം ശെരിയാണോ എന്നറിയാൻ അടുത്തുള്ള പമ്പുകളിലൊക്കെ അന്വേഷിച്ചു. അപ്പോഴും അവധിയായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.പിന്നീട് മൈസൂരിലെ ഒരു പമ്പിലേക് വിളിച്ചു തിരക്കിയപ്പോൾ അവിടെ അങ്ങനെ സമരത്തിന്റെ ഇൻഫർമേഷൻ ഒന്നും കിട്ടിയിട്ടില്ല എന്ന മറുപടി ഞങ്ങള്ക് വളരെ ആശ്വാസകരമായി.എന്നാലും പോയാൽ പെട്രോൾ കിട്ടിയില്ലെങ്കിലോ എന്ന ഒരു ചിന്ത ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ യാത്ര വീണ്ടും നീട്ടി വെക്കാൻ ഞങ്ങള്ക് താല്പര്യം ഉണ്ടായിരുന്നില്ല.വരുന്നത് വരട്ടേ എന്നുകരുതി ഞങ്ങൾ പോവാൻ തന്നെ തീരുമാനിച്ചു.
അടുത്ത കടമ്പ വീട്ടിൽനിന്നും അനുവാദം വാങ്ങൽ ആയിരുന്നു. മൈസൂർ വരെ എന്നുപറഞ്ഞു കാര്യം അവതരിപ്പിച്ചു. ഉദ്ദേശിച്ചപോലെ വല്യ പ്രശ്നങ്ങളില്ലാതെ അച്ഛനും “ഇങ്ങനെ നാടുതെണ്ടി നടന്നോ എന്ന മറുപടിയിലൂടെ അമ്മയും അനുവാദം തന്നു. ആവശ്യമുള്ള സാധനങ്ങളെല്ലാം നേരത്തെ സെറ്റാക്കി വെച്ചിരുന്നതിനാൽ അധികം തയ്യാറെടുപ്പുകൾ വേണ്ടിവന്നില്ല. ഡിയോയിലാണ് പോകുന്നത്, 2സൈഡും കൂടി രണ്ടായിരത്തോളം കിലോമീറ്ററോളം ഉണ്ടാവും. അതിന്റെതായ പ്രശ്നങ്ങൾ യാത്രയിലുണ്ടായാലോ?? ഇങ്ങനെയുള്ള ടെന്ഷന്സ് ഒന്നുംതന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ഒരു ചിന്ത മാത്രേ ഞങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നുള്ളു.
അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരം 4:30നു എങ്കിലും പുറപ്പെടണം എന്ന ഞങ്ങളുടെ തീരുമാനം നടപ്പിലായപ്പോൾ 5:30 ആയി. (അത് അങ്ങനാണല്ലോ ശീലം) നോർത്ത് പറവൂർ – ഗുരുവായൂർ – തൃശൂർ – പട്ടാമ്പി – മലപ്പുറം – നിലമ്പൂർ നാടുകാണി – ഗുഡല്ലൂർ വഴി മുതുമല ചെക്‌പോസ്റ് എത്തുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. പരിചിതമായ വഴി ആയതിനാൽ ഗൂഗിളിന്റെ സഹായം ആവിശ്യമായിവന്നില്ല. ആലപ്പി – മുതുമല ഏകദേശം 290 കിലോമിറ്ററോളം ഉണ്ട്. അങ്ങനെ ഫുൾടാങ്ക് പെട്രോൾ അടിച്ചു രണ്ടുലിറ്റർ ഒരു ബോട്ടിലിലും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. പോകുന്നവഴിക്ക് അമ്പലത്തിൽ നേർച്ചയും ഇട്ടു. വൈകുന്നേരം ആയതിനാൽ ഇടപ്പളി കടന്നുകിട്ടാൻ അല്പം ട്രാഫിക് സഹിക്കേണ്ടിവന്നു. അതോടെ ഇരുട്ടുവീഴുന്നതിനുമുന്നെ ഗുരുവായൂർ പാസ് ചെയ്യണം എന്ന പ്ലാൻ പൊളിഞ്ഞു.
നോർത്തു പറവൂർ കടക്കാറായപ്പോഴേ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. അഖിൽ ആണ് വണ്ടി ഓടിച്ചിരുന്നത്. ഏകദേശം ചാവക്കാട് ആയപ്പോ ഒരു കട്ടൻകുടിച്ചിട്ടാവാം ഇനി യാത്ര എന്നുകരുതി, ആദ്യം കണ്ട തട്ടുകടയിൽത്തന്നെ വണ്ടി നിർത്തി.മോശം പറയരുതല്ലോ ആ കടയിൽ കട്ടൻകാപ്പി ഒഴിച്ചു ബാക്കിയെല്ലാം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ തട്ടുകടയിലൊക്കെ ഒന്നും കിട്ടിയില്ലേലും കട്ടൻ ഉറപ്പാണ്. ചിലപ്പോൾ ഞങ്ങളുടെ നിര്ഭാഗ്യംകൊണ്ടും ആവാം. അവിടുന്ന് ഞങ്ങൾ അടുത്ത കടലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. അങ്ങനെ അടുത്തൊരു കടയിൽകയറി രണ്ടു കട്ടനും പറഞ്ഞു ഒന്നു നടുനിവർത്തി.
ചായകുടിക്കുന്നതിനിടയിൽ കടയിലെ ചേട്ടൻ മറ്റുളവരോടൊക്കെ നാളെ പെട്രോൾപമ്പ് ഒക്കെ അവധിയാണ് എന്നുപറയുന്നത് ഞങ്ങളുടെ ശ്രെദ്ധയിൽപെട്ടു. അതൊക്കെ മാറ്റിയല്ലോ എന്നുഞാൻ പുള്ളിയോട് പറഞ്ഞു (അങ്ങനെയല്ലെങ്കിലും ഞങ്ങളുടെ ഒരു സമാധാനത്തിനുവേണ്ടി) അപ്പോഴതാ അഖിലിന് മൈസൂർ നിന്നും ഒരു ഫ്രണ്ട് ഇവിടെ നാളെ പെട്രോൾ സ്ട്രൈക്ക് ആണെന് മെസേജ് ചെയ്തു. പണി കിട്ടിയെന്ന് ഞങ്ങൾ ഉറപ്പിച്ചു. അവിടെനിന്നും നേരെ ഞങ്ങൾ അടുത്ത പെട്രോൾപമ്പിലേക്കാണ് പോയത്.(തൃശൂർ) അവിടെ നിന്നും വീണ്ടും ടാങ്ക് ഫിൽ ചയ്തു. അവിടെ തിരക്കിയപ്പോൾ “സമരമോ നാളെയോ? അങ്ങനൊന്നും ഇല്ലാലോ” ആ ചേട്ടന്റെ വാക്കുകൾ ഞങ്ങള്ക് വീണ്ടും എനർജി നൽകി. പുള്ളിക് ഒരു താങ്ക്‌സും പറഞ്ഞു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.
നല്ല അടിപൊളി റോഡ് തന്നെയാണ്. എങ്കിലും ഞങ്ങൾ 60-70 സ്പീഡിന് മുകളിൽ കയറിയിട്ടില്ല. അങ്ങനെ പട്ടാമ്പി എത്തിയപ്പോൾ അഖിൽ വണ്ടി നിർത്തി.അടുത്ത എന്റെ ഊഴം ആണ്. വീണ്ടും മുന്നോട്ട്.. റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. കടകൾ എല്ലാം അടച്ചുതുടങ്ങിയിരുന്നു. അപ്പോഴാണ് ഞങ്ങൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. തടസങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത സുഗമമായ ഒരു റൈഡ്. മലപ്പുറം ആയപ്പോ വണ്ടിക് അല്പം റെസ്റ് കൊടുത്തിട്ടാവാം ഇനി എന്ന് കരുതി 10-15 മിനിറ്റ് ഞങ്ങൾ ഒരു കടയുടെ മുന്നിൽ വിശ്രമിച്ചു. അവിടെയെല്ലാം കടകൾ അപ്പോഴും തുറന്നിരുന്നു.(നോമ്പ് ഒക്കെ ആയതിനാലാവാം).
മലപ്പുറം – നിലമ്പൂർ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വിജനമായ റോഡ്. രാത്രിയായതിനാലാവാം.അധികവും ലോറികൾ ആണ് പിന്നെ ഇടയ്ക്കിടെ ഉള്ള വലിയ വളവുകളും,ഇതൊക്കെ എന്ത് എന്ന മട്ടിലാണ് നമ്മുടെ ആന വണ്ടികൾ പറപ്പിക്കുന്നത്. ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി. പരിചയക്കുറവുള്ള റോഡായതിനാൽ വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര. ഇടയ്ക് ഗൂഗിളിലെ ചേച്ചി ഒരു ഷോർട് കട്ട് കാണിച്ചുതന്നു. എന്നാൽ പിന്നേ അങ്ങനാവട്ടെ എന്നായി ഞങ്ങളും. ആവശ്യത്തിന് ഗട്ടറുകളും പേരിനുപോലും ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ്. (ഒരു നിമിഷം ഞങ്ങൾ ഗൂഗിളിനെ സ്മരിച്ചു). ഏതാണ്ട് കോട്ടയം പോലെ തോന്നിപ്പിക്കുന്ന അന്തരീക്ഷം. മുഴുവൻ റബര് തോട്ടങ്ങൾ. ഒരുപക്ഷെ ഇങ്ങനൊരു റോഡ് ഇവിടുണ്ടെന്ന് ഇവിടുത്തുകാർക്കെങ്കിലും അറിയുമോ എന്ന് ഞങ്ങൾ സംശയിച്ചു. അവസാനം കറക്റ്റായിട് ഹൈവേയിൽ തന്നെ എത്തിച്ചുതന്നു.(ഈ റോഡിൽ ഞങ്ങളെ കടന്നുപോയത് ഒരു കാർ മാത്രമാണ്,വേറെ ഒരു മനുഷ്യകുഞ്ഞുപോലും ഞങ്ങൾ അവിടെ കണ്ടില്ല).
റോഡിലേക്കയറേണ്ട താമസം ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒരു ബസ് കടന്നുപോയി. രാത്രിയായാൽ ഇവനൊന്നും റോഡിലെ മറ്റു യാത്രക്കാർക് ഒരു വിലയും നൽകാത്ത പോക്കാണ്.(നല്ല നമസ്‌കാരം). പെട്രോൾ നീഡില് അല്പം താഴ്ന്നു തുടങ്ങി എന്ന് മനസിലായപ്പോൾ വീണ്ടും ഫിൽ ചെയ്തു.അപ്പോഴും ബോട്ടിലിലെ പെട്രോൾ ഞങ്ങൾ അനക്കിയില്ല. പിന്നീട് ഉള്ള റോഡിൽ ഞങ്ങളെ വരവേറ്റത് നല്ല ഉശിരൻ തേക്ക് മരങ്ങൾ ആയിരുന്നു. നിലമ്പൂർ എത്താറായി എന്നതിന് പിന്നെ ഗൂഗിളിനെ ബുദ്ധിമുട്ടിക്കേണ്ടിവന്നില്ല. ഏതാണ്ട് തേക്ക് മ്യൂസിയം കഴിഞ്ഞപ്പൊഴേക്ക് ഞാൻ വണ്ടി അഖിലിന് കൈമാറി. ആ സമയം ഞങ്ങൾ തിരിച്ചറിഞ്ഞു ഹൈവേ ആണെന്നു പറഞ്ഞിട്ടു കാര്യമില്ല ഞങ്ങളുടെ വണ്ടിയുടെ വെട്ടം മാത്രേ ഉള്ളു .ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങി.
അല്പംകൂടി മുന്നോട്ട് എത്തിയപ്പോൾ വിശപ്പിന്റെ വിളിയെത്തി. അങ്ങോട്ടെല്ലാം കടകൾ സജീവമായിരുന്നു നോമ്പ് പ്രമാണിച്ചുള്ളവയാണെന്ന് തോന്നുന്നു. ആദ്യം കണ്ട തട്ടുകടയിൽ തന്നെ കയറി നല്ല ഉഗ്രൻ പുട്ടും ബീഫും തന്നെ അകത്താക്കി. അങ്ങോട്ടുള്ള കാര്യങ്ങൾ കടയിലെ ഇക്കയോട് ചോദിച്ചറിഞ്ഞു. ഇനിയുള്ളത് വഴിക്കടവ് ചെക്‌പോസ്റ് ആണ്.(കേരളാ – തമിഴ്നാട് ബോർഡർ) അവിടെനിന്നു ഏകദേശം 16 കിലോമീറ്റർ ഉള്ളു. പിന്നെയുള്ളത് നാടുകാണി ചുരം ആണ്. അത് കയറി എത്തുന്നത് ഗൂഡല്ലൂർ ആണ്.(തമിഴ്‌നാട് – കർണാടക ബോർഡർ) കാര്യങ്ങൾ ഒകെ മനസിലാക്കി പുള്ളിക് ഒരു സലാം പറഞ് ഞങ്ങൾ അവിടെനിന്നു യാത്രയായി. അപ്പോഴും ഒരു പിണക്കവും കാണിക്കാതെ വണ്ടിയും ഉഷാറായിരുന്നു.
ഒരു പ്രശ്നമോ ചെക്കിങ്ങോ കൂടാതെ ഞങ്ങൾ വഴിക്കടവ് കടന്നുപോയി. അടുത്ത ചെക്‌പോസ്റ്റിൽ ഞങ്ങളെ കാത്തിരുന്നത് തമിഴ്‌നാട് പോലീസ് ആയിരുന്നു.വണ്ടി സൈഡ് ഒതുക്കി വണ്ടിയുടെ ഡോക്യൂമെന്റസ് എല്ലാം പരിശോധിച്ച ശേഷം എങ്ങോട്ട് പോകുന്നു എന്ന ചോദ്യം വന്നു. മൈസൂർ പോകുകയാണ് എന്ന് പറഞ്ഞപ്പോ പുള്ളി ഒരു ആക്കിയ ചിരി സമ്മാനിച്ച് “ന്തിനാണ് അങ്ങോട്ട്” എന്ന് അടുത്ത ചോദ്യം. പാലസ്, സൂ എന്നൊക്കെ പറഞ് തടിതപ്പി. കേരളത്തിൽ ആലപ്പുഴയിൽനിന്ന് ആണെന് അറിഞ്ഞപ്പോ പുള്ളി ഹൗസ് ബോട്ടിന്റെ കാര്യങ്ങളെ പറ്റിയൊക്കെ തിരക്കി വല്യ പ്രശ്നങ്ങൾ ഇല്ലാതെ വിട്ടു.
അവിടുന്ന് നാടുകാണി കയറിയപ്പോൾ വലിയ ലോറികൾ ചുരമിറങ്ങി വരുന്നുണ്ടായിരുന്നു. വളഞ്ഞും തിരിഞ്ഞും പോകുമ്പോൾ ആഞ്ഞു വീശുന്ന തണുത്തകാറ്റ് വലിയ ഒരു ഉന്മേഷം നല്കുന്നുണ്ടായിരുന്നു. അടുത്ത വളവിൽ അഖിലിന്റെ കണ്ണുകളിൽ പെട്ടത് വലിയ ഒരു മുള്ളൻപന്നി ആയിരുന്നു. നിർഭാഗ്യവശാൽ എനിക്ക് കാണാൻ കഴിഞ്ഞില്ല എന്നു പറഞ്ഞപ്പോൾ ഒറ്റയൊടിക്കലിന് അവൻ വണ്ടി വളച്ചു. ഭാഗ്യം എന്നുപറയല്ലോ അത് അവിടെത്തന്നെയുണ്ടായിരുന്നു. അത്യാവശം നല്ല വലിപ്പം വെളുപ്പും തവിട്ടും കലർന്ന വലിയ മുള്ളുകൾനിറഞ്ഞ ശരീരം. വെട്ടം കൊണ്ട് ശല്യപെടുത്തിയതുകൊണ്ടാവണം അത് കുറ്റികാടിനുള്ളിലേക് കയറി.ഞങ്ങളും വണ്ടി തിരിച്ചു.
പിന്നെ വഴിയിൽ എല്ലാം നിറയെ എലിഫന്റ് ക്രോസിങ് സോൺ എന്ന ബോർഡ് കാണാമായിരുന്നു. അതും നോക്കി ആന വല്ലോം മുൻപിൽ ഉണ്ടോയെന്ന സംശയത്തിൽ പോകുമ്പോളാണ് വണ്ടിയുടെ തൊട്ടുമുന്നിലൂടെ കാട്ടുപന്നിക്കൂട്ടം റോഡ് മുറിച്ചു കടന്നത്. അതും ഒരു നല്ല കാഴ്ച തന്നെയായിരുന്നു.അൽപനേരം കഴിഞ്ഞപ്പോൾ ചുരം അവസാനിച്ചു. ഏതാണ്ട് ഒരു ജംഗ്ഷൻ പോലെയുള്ള സ്ഥലത്തുനിന്നും ഞങ്ങൾ ഇടതേക്ക് തിരിഞ്ഞു. ഏതോ കള്ളക്കടത്തുകാരെ കണ്ടതുപോലെ ഒരു പോലീസുകാരൻ ബൈക്കിൽ വന്നു ഞങ്ങളെ തടഞ്ഞു. ആള് തമിഴൻ ആണ്. ചെക്കിങ് കഴിഞ്ഞോ എന്ന് ഞങ്ങളോട് ചോദിച്ചു. താഴെ എല്ലാം കഴിഞ്ഞു അഡ്രസ് ഒകെ കൊടുത്തല്ലോ എന്നുപറഞ്ഞപ്പോ ഇവിടുത്തെ ചെക്കിങ് ഉണ്ട് വണ്ടി തിരിച് പുള്ളിയുടെ പിന്നാലെ വരാൻ ആവിശ്യപ്പെട്ടു. അതായിട്ടു കുറക്കേണ്ട ആയിക്കോട്ടെ എന്ന് ഞങ്ങളും കരുതി.
അവിടെ ചെന്ന് ചെക്കിങ് നടത്തികൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നും “എങ്ങോട്ടാ മക്കളെ ഈ രാത്രി എന്ന് ഒരു ചോദ്യം” ഞങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ ആളൊരു പോലീസുകാരൻ ആണ്.(മലയാളി ഡാ) പുള്ളിയോട് കാര്യം പറഞ്ഞു. അപ്പോഴാണ് അവർ ഞങ്ങളുടെ കൈയിലുള്ള പെട്രോൾ കാണുന്നത്. ഇത് എന്താ?? എന്ന് അടുത്ത ചോദ്യം. നാളെ സമരം ആണെന് പറയുന്നതുകൊണ്ട് കരുതിയതാണെന്നു പറഞ്ഞപ്പോ നാളെ അങ്ങനെയൊന്നും ഇല്ലല്ലോ എന്ന് പുള്ളി ഒരു കോൺസ്റ്റബിളിനോട് ചോദിച്ചു.”അപ്പടി ഒന്നും ഇല്ല സർ, പുള്ളി മറുപടി കൊടുത്തു.(അതേതായാലും പൊളിച്ചു) “പെട്രോൾ ഇങ്ങനെയൊന്നും കൊണ്ടു പോവാൻ പാടില്ല. ശെരി പൊയ്ക്കോ” എന്നായി പുള്ളി. “താങ്ക്സ് സർ” എന്നു പറഞ്ഞു ഞങ്ങൾ വണ്ടി എടുത്തു. അല്പം മുന്നോട്ട് പോയപ്പോ വേറെ ഒരു പോലീസുകാരൻ വീണ്ടും നിർത്തിച്ചു. ചെക്കിങ് കഴിഞ്ഞു എന്ന് പറയാൻ തുടങ്ങിയപ്പോ സിഗ്നലിൽ നിന്നൊരു പോലീസുകാരൻ പൊയ്‌ക്കോളാൻ കൈകാണിച്ചു. വളരെ സന്തോഷം എന്നുപറഞ്ഞു ഞങ്ങളും നീങ്ങി. ബോർഡർ ആയതുകൊണ്ടായിരിക്കും ഇത്ര ചെക്കിങ്. അവരുടെ ഡ്യൂട്ടി അല്ലെ എന്ന് ഓർത്തു ഞങ്ങളും സമാധാനിച്ചു.
അങ്ങനെ ഞങ്ങൾ മുതുമല ലക്ഷ്യമാക്കി പോന്നു. ഏതാണ്ട് വെളുപ്പിനെ 2:30നു ഞങ്ങൾ മുതുമല ചെക്‌പോസ്റ്റിൽ എത്തി. ഒരുപാട് ലോറികൾ കാത്തുകിടപ്പുണ്ടായിരുന്നു.6 മണിക്കേ ചെക്‌പോസ്റ് തുറക്കൂ. അതുവരെ ഒന്ന് മയങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഏറ്റവും മുന്നിലെ ലോറിയുടെ പിന്നിലായി വണ്ടി ഒതുക്കി. വണ്ടിയുടെ സൈഡിൽ തന്നെ ന്യൂസ്‌പേപ്പർ കൊണ്ട് ഞങ്ങൾ കിടക്കാനുള്ള സെറ്റപ്പ് ഉണ്ടാക്കി. ബാഗ് തലയിണ ആക്കി. ഒരു ആളനക്കം പോലും കേൾക്കാനില്ല. രാത്രിയുടെ നിശബ്ദത മാത്രമാണ് എങ്ങും. ഇടയ്ക് ഏറ്റവും പിന്നിൽ ലോറികൾ പാർക്ക് ചെയുന്ന ശബ്ദവും കേൾക്കാം. ഞങ്ങൾ ഉറങ്ങാൻ കിടന്നു.
ഏകദേശം ഒരുമണിക്കൂറിനു ശേഷം ഷൂസിനുള്ളിലൂടെ തണുപ്പ് കാലിലേക്ക് അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു.ഉറക്കം നഷ്ടപ്പെട്ട് ഞാൻ എന്നേറ്റു. അപ്പോഴും അഖിൽ നല്ല ഉറക്കത്തിലാണ്, ഇവന് മനുഷ്യൻ തന്നെയല്ലേ എന്നുഞാൻ ഒരുനിമിഷം ചിന്തിച്ചു.ഇത്രയും തണുപ്പ് ഞാൻ പ്രതീക്ഷിച്ചുണ്ടായിരുന്നില്ല. അല്പനേരത്തിനുശേഷം ഏതാണ്ട് സ്വിച്ചിട്ടപോലെ അവനും എന്നേറ്റു.” ന്ത് തണുപ്പാടാ” അവൻ പറഞ്ഞു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇരുന്നും തണുപ്പിനെ അകറ്റിനിർത്താനുള്ള പെടാപ്പാട് ആയിരുന്നു. അല്പനേരത്തിനുശേഷം രണ്ടു വാച്ചര്മാര് ടോർച്ചുമായി വന്നു. ഇവിടെയിങ്ങനെ ഇരിക്കരുത്, ആനയിറങ്ങുന്ന സ്ഥലം ആണെന്നുപറഞ്ഞു.(അവിടെഞങ്ങൾ ഒരുറക്കം കഴിഞ്ഞകാര്യം പുള്ളിക്കറിയിലല്ലോ) ഇവിടെയൊക്കെ ഏത് ആന വരനാണെന്നു ഞങ്ങൾ ചിന്തിച്ചു.
കുറെനേരത്തെ കാത്തിരിപ്പിനുശേഷം കൃത്യം 6 മണിക്കുതന്നെ ചെക്‌പോസ്റ് തുറന്നു.ഞങ്ങളെ പോലെ തന്നെ ടു വീലർ സഞ്ചാരികൾ രണ്ടുമൂന്നുപേർ ഉണ്ടായിരുന്നു.ആദ്യമേ ചെക്‌പോസ്റ് കടക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ വാച്ചർ തടഞ്ഞു. ടു വീലേഴ്സ് എല്ലാം സൈഡിലേക് ഒതിക്കിനിർത്താൻ പുള്ളി ആവിശ്യപ്പെട്ടു. ഞങ്ങൾ എല്ലാവരും വണ്ടി നിർത്തി. ശേഷം കെ.എസ്.ആർ.ടി.സി ബസുകൾ ആദ്യമേ കയറ്റിവിട്ടു. പിന്നാലെ കുറച്ചു ലോറികളും. അതിനുശേഷം ഞങ്ങൾക് പോവാനുള്ള അനുവാദം തന്നു. ആദ്യത്തെ യാത്രയിൽ വഴി മദ്ധ്യേ ആനയോ മറ്റു മൃഗങ്ങളോ ഉണ്ടെങ്ങിലുള്ള അപകടം ഒഴിവാക്കാനാണ് ഈ രീതി.
ഞങ്ങൾ ചെക്‌പോസ്റ് കടന്നു, ഒരു 100 മീറ്റർ പോലും എത്തിയില്ല, റോഡിൻറെ വലതുഭാഗത് ഏതാണ്ട് പാർക്കിന്റെയും മൃഗശാലയുടെയും മുന്നിലോക്കെ കാണുന്നപോലെ വലിയ രണ്ടു ആനയുടെ പ്രതിമ. എന്നാൽ ന്റെ കണക്കുകൂട്ടൽ തെറ്റി. പെട്ടെന്നാണ് അത് തുമ്പികൈ ഉയർത്തിയത്. ഞാൻ അഖിലിന്റെ തോളിൽ ശക്തിയായി പിടിച്ചുകൊണ്ട് പറഞ്ഞു “ഡാ ആന…” അവൻ വണ്ടി സ്‌ലോ ചെയ്തു. നമ്മുടെ നാട്ടിലെ ആനകളെക്കാൾ വലിപ്പമുണ്ട് അവയ്ക്ക്. ശരീരത്തിന് ഒരു പ്രത്യേക ഷേപ്പ്. ഈ രണ്ടു ആനകളുമായി വെറും നിശ്ചിത ദൂരത്തിലാണല്ലോ ഞങ്ങൾ കിടന്നത് എന്നാലോചിച്ചപ്പോൾ ഒരു ദീർഘശ്വാസം എടുക്കുകയെ വഴിയുള്ളായിരുന്നു. ഞങ്ങൾ ഇരുവശവും നോക്കി യാത്ര തുടർന്നു.
ഒരുപാട് മാനുകൾ, മയിൽ, കാട്ടുപന്നി, കുരങ്ങുകൾ, കാട്ടുപോത്തുകൾ ഇവയെല്ലാം ഞങ്ങൾക്ക് ദർശനം തന്നു. അപ്പോഴെല്ലാം ഞങ്ങൾ തിരഞ്ഞത് ഒരു ചെറിയ കടുവ എങ്കിലും കണ്ടിരുന്നെങ്കിൽ എന്നാണ്. 27 വട്ടം ബന്ദിപ്പൂർ പോയിട്ട് കടുവകളെ കാണാതെവന്ന ആളുകൾ ഉണ്ടെന്ന് ഞാൻ ഒരുപോസ്റ്റിൽ വായിച്ചതോർത്തു. പിന്നെയല്ലേ വെറുതെ ഇതുവഴി പാസ് ചെയ്യുന്ന ഞങ്ങൾ. കാഴ്ചകൾ കണ്ടും ഫോട്ടോകൾ എടുത്തും ഞങ്ങൾ ബന്ദിപൂർ കടന്നു. മൈസൂരിലേക്കുള്ള റോഡിൽ തീരെ വാഹനങ്ങളില്ലായിരുന്നു. റോഡിനിരുവശവും കൃഷിയിടങ്ങൾ മാത്രം. പൂ പാടങ്ങൾ.. ശെരിക്കും കർഷകർ മാത്രം താമസിക്കുന്ന ഒരു ഗ്രാമംപോലെ തോന്നിച്ചു. വലിയ കെട്ടിടങ്ങളോ ഫാക്ടറിയുടെ പുകക്കുഴലുകളോ ഒന്നുംതന്നെയില്ല.
മൈസൂർ അടുക്കാറായപ്പോൾ തിരക്ക് കൂടിവന്നു.ചില പെട്രോൾപമ്പുകൾ അടച്ചിട്ടിരുന്നത് ഞങ്ങളെ ആശങ്കയിലാക്കി. എന്നാൽ ഉദ്ദേശിച്ചപോലെ വലിയപ്രശ്നങ്ങൾ ഇല്ലായിരുന്നു. കുറച്ചുതിരക്ക് കൂടുതലായിരുന്നെങ്കിലും ഒരു പെട്രോൾ പമ്പിൽനിന്നും ഞങ്ങൾ പെട്രോൾ ഫിൽ ചെയ്തു വീണ്ടും മൈസൂരിന്റെ തിരക്കുകളിലേക്ക്. ഏതാണ്ട് തിരക്കുള്ള ഒരു സ്ഥലമെത്തിയപ്പോൾ ഞങ്ങൾ പ്രദേശവാസിയായ ഒരാളോട് ഹംപിയിലേക്ക് എങ്ങനെയാണ് പോകുന്നതെന്ന് അന്വേഷിച്ചു.(മൈസൂർ – ഹംപി 403+ കിലോമീറ്റെർസ് ഉണ്ടെന്ന് ഗൂഗിൾ പറഞ്ഞായിരുന്നു). പുള്ളി പറഞ്ഞതനുസരിച്ച് ഞങ്ങൾ താരതമ്യേന തിരക്കുകുറഞ്ഞ ഒരു റോഡിലേക്ക് കട്ട് ചെയ്തു. ആ റോഡിലേക്ക് ഞങ്ങളെ വരവേറ്റത് ഹംബുകളുടെ പെരുന്നാൾ ആയിരുന്നു. ശെരിക്കും ഒരു ഗ്രാമപ്രദേശം, ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഗ്രാമങ്ങളിലൂടെ ഒരുയാത്ര എന്നഒരു ആഗ്രഹവും ആ യാത്രയിലൂടെ നിറവേറി.
അവിടുത്തെ പ്രധാന കൃഷി ഒരുപക്ഷെ കരിമ്പ് ആയിരിക്കണം. കാരണം റോഡിനിരുവശവും കരിമ്പിൻപാടങ്ങൾ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പിന്നെ കരിമ്പ് ചണം കൂട്ടിയിട്ടിരിക്കുന്ന ചില ചെറിയ ഫാക്ടറികളും. തണൽവിരിച്ച റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നു. ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നത് എന്തെന്നാൽ ഹംബുകൾ ആയിരുന്നു.നമ്മുടെ നാട്ടിൽ ഒന്നുമില്ലല്ലോടോ ഇത്രേം. ആ ഗ്രാമപ്രദേശം കഴിയുന്നതുവരെ ആളുകളെല്ലാം ഞങ്ങളെ ഏതാണ്ട് അത്ഭുതത്തോടെയാണ് നോക്കിയത്. കാരണം എന്തെന്നാൽ ആ റോഡിലൂടെ ഹെൽമെറ്റ് വെച്ച് യാത്രചെയ്തിരുന്നത് ഞങ്ങൾമാത്രമായിരുന്നു.
ഒരു പട്ടണംഎന്നുതോന്നിക്കുന്ന സ്ഥലത്തു ഞങ്ങൾനിർത്തി ഓരോ ചായ കുടിച്ചു, പിന്നെ ഒരു ചെറിയ ബിസ്ക്കറ്റും. പിന്നീട് അങ്ങോട്ടുള്ള റോഡ് ഒരു അന്ത്യവുമില്ലാതെ നീണ്ടുനിവർന്നു കിടക്കുകയായിരുന്നു. ഞങ്ങൾ ഹംപിയെക്കുറിച് തിരക്കിയപ്പോ അങ്ങനൊരു സ്ഥലത്തെപ്പറ്റി ആദ്യമായി കേൾക്കുന്ന പോലെയുള്ളൊരു ഭാവമായിരുന്നു പുള്ളിക്കാരൻ സമ്മാനിച്ചത്. പിന്നെ ഒന്നും ആലോചിക്കാതെ ഞങ്ങൾ മുന്നോട്ട്പോയി (റോഡ് നേരെയാണല്ലോ കിടക്കുന്നത് ആഹ് ഒരു വിശ്വാസം). ഏകദേശം 10-30 കിലോമീറ്റർ കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ അന്വേഷിച്ചു. ശെരിയായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും “സിറ” എന്ന സ്ഥലത്തുകൂടി വേണം പോകാൻ എന്നു മനസിലായി.ഗൂഗിൾ നോക്കിയപ്പോൾ സംഗതി ശെരിയാണ്.”സിറ” ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
അല്പം റേഞ്ച് കിട്ടിയ സ്ഥലത്തുനിന്നും വീട്ടിലേക്ക് ഒന്നു വിളിച്ചു. നമ്മുടെ നാട് ഞങ്ങളെ ചതിച്ചില്ലെങ്കിലും ഈ കന്നടഗ്രാമം കാത്തില്ല. പെട്ടെന്നായിരുന്നു ശക്തിയായ മഴപെയ്തു തുടങ്ങിയത്. വേഗം തന്നെ കോട്ട് വലിച്ചു കേറ്റി. എങ്ങുംകയറി നിൽക്കാനോ ഒന്നും ആലോചിക്കുകപോലും ചെയ്യാതെ ആ പെരുമഴയത് ഞങ്ങൾ മുന്നോട്ട്തന്നെ പോയി. മഴയായതുകൊണ്ടു വഴിയും നോക്കാൻ പറ്റില്ല.ഒരു അന്തവും കുന്തവുമില്ലാതെ റോഡ് നീളുന്നു. ഞങ്ങളും നേരേ പൊയ്ക്കൊണ്ടിരുന്നു. മഴ അല്പം ശമിച്ചു. വഴിയെല്ലാം വിജനമായി കിടക്കുന്നു. “സിറ” എന്ന ലക്‌ഷ്യം എത്രദൂരെ എന്നുപോലും പിടിയില്ല. എല്ലാ ബോർഡുകളും കന്നടയിലാണ്.(എല്ലാം മനസിലാവും ) ആ സ്ഥലത്തെ കുഗ്രാമം എന്നുപോലും പറയാൻപറ്റില്ല. അവിടുത്തെ ആകെ വികസനം ആളുകൾ മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്, റോഡ് പൊട്ടിപൊളിഞ്ഞതാണെങ്കിലും ടാർ ചെയ്തതാണ് എന്നത് മാത്രമാണെന്നും നമുക് തോന്നിപ്പോവും. നല്ല ഒരു ചായക്കടയില്ല ഹൊസ്പിറ്റലില്ല, ഇംഗ്ലീഷിൽ സൈൻ ബോർഡ് പോലുമില്ല.(ഇവയെല്ലാം ഉണ്ടെങ്കിൽത്തന്നെ 10-40 കിലോമീറ്റർ ഞങ്ങൾ സഞ്ചരിച്ചിട്ടു പേരിനുപോലും കണ്ടില്ല ഒന്നും).
പെട്ടെന്നാണ് വണ്ടിയുടെ അടിയിൽനിന്നും ഒരു ശബ്ദം ഞങ്ങൾ ശ്രദ്ധിച്ചത്. പെട്രോളിന്റെ ബോട്ടിൽ താഴെ പോയിരിക്കുന്നു. ബ്രേക്ക് ചെയ്തിട്ടും അല്പം മാറിയാണ് വണ്ടി നിന്നത്. തിരികെ വളച്ചു എത്തിയപ്പോഴേക്കും പെട്രോൾ കുപ്പിയിൽനിന്നും ധാരയായി ഒഴുകി തീരുകയായിരുന്നു. ഏതാണ്ട് അര ലിറ്റർ പോലും കിട്ടിയില്ല. ബാക്കി കയ്യോടെ വണ്ടിയിലൊഴിച്ചു. ഈ റോഡ് മൊത്തം ഹംബ് ഉണ്ടാക്കിവെച്ചവനെ അറിയാവുന്ന ചീത്തയൊക്കെ പറഞ്ഞു. പോയതു പോട്ടെ എന്നുകരുതി. ഇവിടെങ്ങാനും പെട്ടുപോയാൽ തേന്മാവിന്കൊമ്പത്തെ ലാലേട്ടനെക്കാൾ ശോകം അവസ്ഥയായി പോകുമെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഭാഗ്യത്തിന് പെട്രോളാവശ്യത്തിന് ഉണ്ടായിരുന്നു. അല്പം മുന്നോട്ട് എത്തിയപ്പോൾ ഞങ്ങൾ “സിറ 40 കിലോമീറ്റര് ” എന്നുകണ്ടു. അതു ഞങ്ങൾക്ക് വലിയ ആശ്വാസമായി. വഴിതെറ്റിയിട്ടില്ല ഭാഗ്യം. പക്ഷെ എത്ര ഓടിയിട്ടും എത്തുന്നില്ല. വീണ്ടും കണ്ട ബോർഡിൽ 36 കിലോമീറ്റർ കണ്ടപ്പോൾ ഈ ബോർഡുകൾ നോക്കി പോവുന്നതിൽ ഒരു കഥയുമില്ല എന്നു ഞങ്ങൾക്ക് മനസിലായി.
ആ കുഗ്രാമത്തിന്റെ വഴികളിൽ വളരെ അപൂർവ്വംചില ബൈക്കുകൾ മാത്രമേ ഞങ്ങൾ കണ്ടുള്ളൂ. കാളവണ്ടികളാണ് അധികവും. വികസനമോ പരിഷ്കാരമോ തീരെയില്ല.ചുറ്റും വരണ്ടുണങ്ങിയ കുറെ സ്ഥലങ്ങൾ മാത്രം. ഇതൊക്കെ കണ്ടപ്പോഴാണ് നമ്മുടെ നാടിനെ “ദൈവത്തിന്റെ സ്വന്തം നാട്” എന്നു വിളിക്കുന്നതിന്റെ അർഥം ശെരിക്കും മനസിലായത്. ഇതുപോലെ ഉള്ള അവസ്ഥ 10 – 20 കൊല്ലം മുമ്പേപോലും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയില്ല. നീളുന്ന വഴിക്ക് ഒരു അവസാനം ആയെന്നവണ്ണം ദൂരെ റോഡിനു മുകളിലെ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു. ഞങ്ങൾക്ക് ആശ്വാസമായി. എങ്ങനെയൊക്കെയോ ഹൈവേയിൽ കയറിപറ്റി, റോഡരികിൽ ആദ്യം കണ്ട ഹോട്ടലിലേക്കു വണ്ടിയോടിച്ചു കയറി. അപ്പോഴേക്കും സമയം 3 മണി ആയിരുന്നു. അവിടുന്ന് ഭക്ഷണം കഴിച്ചു. (വെജ് ഫുഡ് കഴിക്കുന്നതാവും നല്ലത്, കേരളാ ബോർഡറിന് ശേഷംഞങ്ങൾ നോണ് കഴിക്കാൻ തയ്യാറായില്ല) ഞങ്ങൾ രണ്ടുപേരും മാത്രമേ അപ്പോ ആ ഹോട്ടെലിൽ കസ്റ്റമേഴ്സ് ആയിട്ടുണ്ടായിരുന്നുള്ളു.നല്ല തല്ലിപ്പൊളി ഫുഡ് ആയിരുന്നു, വിശപ്പുണ്ടായിരുന്നു കൊണ്ടു മാത്രം പാതികഴിച്ചു.
അടുത്ത ഞങ്ങളുടെ ലക്‌ഷ്യം ഹംപിയിലേക്ക് എത്താനുള്ള ഒരേ മാർഗമായ ഹോസ്പെട്ട് എത്തുകയെന്നതായിരുന്നു. ആ ഹോട്ടലിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ചിത്രദുർഗ എന്ന സ്ഥലത്തുനിന്നും വേണം ഹോസ്‌പെട്ടിലേയ്ക് പോവാൻ. ഏകദേശം 85 കിലോമീറ്റർ ഉണ്ട് സിറ – ചിത്രദുർഗ. അവരോടൊരു നന്ദി പറഞ്ഞു ഗൂഗിൾ മാപ് ഓണാക്കി ചിത്രദുർഗ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വളവുകളോ തിരിവുകളോ ഇല്ലാത്ത നല്ല അടിപൊളി റോഡ്.ആ റോഡിൽനിന്ന് നോക്കിയാൽ അത്രെയും പ്രദേശം മാത്രം മലനിരകളാൽ സംരക്ഷിതമാണ്എന്ന് തോന്നിപ്പോവും. അതിനുമുകളിലായി നിറയെ കാറ്റാടികൾ, ചിത്രദുർഗയിലേയ്ക് അടുക്കുന്തോറും കാറ്റാടികളുടെ വലുപ്പവും വർദ്ധിച്ചുവന്നു. സൈൻ ബോർഡുകളുടെയും ഗൂഗിളിന്റെയും സഹായം കൊണ്ടു യാതൊരു ബുദ്ധിമുട്ടും കൂടാതെ ചിത്രദുർഗ്ഗയിൽനിന്നും ഹോസ്‌പേട്ടിലേക് തിരിഞ്ഞു. ഇവിടെനിന്നും ഹോസ്‌പേട്ടിലേയ്ക് 130ഓളം കിലോമീറ്റർ പിന്നിടാനുണ്ട്.
ആ റോഡിലൂടെയുള്ള യാത്രയിൽ ഞങ്ങൾ കണ്ട പ്രകൃതിയുടെ മനോഹാരിത വേറെ ലെവൽത്തന്നെ ആയിരുന്നു. അങ്ങോട്ടുള്ള യാത്രയിൽ ആകാശം ഒരു പ്രത്യേകനിറത്തിൽ ആണ് കാണപ്പെട്ടത്. ഏതാണ്ട് ഒരു ഫോട്ടോഷോപ്പ് പിക് കണ്ടതു പോലെയുള്ള ഒരനുഭവം. വയലറ്റ് നിറത്തിലാണ് മേഘങ്ങൾ കാണപ്പെട്ടത്. അവ കണ്ണെത്താദൂരത്തോളം ദൃശ്യ വിരുന്നൊരുക്കി. മലയുടെ മുകളിലാണ് ആദ്യം മഴ പെയ്യുക എന്ന സംഗതി ഞങ്ങൾ കണ്ണുകൊണ്ടു കണ്ടറിഞ്ഞു. മലയുടെ മുകളിലേയ്ക്കു ആ വയലറ്റ് നിറം പെയ്തിറങ്ങുന്നത് ഞങ്ങൾ കണ്ടു. അങ്ങനൊരുകാഴ്ച ഞങ്ങളുടെ കണ്ണുകൾക്കു ആദ്യ അനുഭവം ആയിരുന്നു. പതുക്കെ മഴ റോഡിലേയ്ക്ക് വ്യാപിക്കുന്നത് ഞങ്ങളറിഞ്ഞു. വീണ്ടും ജാക്കറ്റിനു പണിയായി. മഴയത്തു വീണ്ടും ഞങ്ങൾ മുന്നോട്ടു പോയി.
ആ റോഡിൽ ഞങ്ങൾക്ക് വിലങ്ങുതടിയായത് ട്രക്കുകൾ ആയിരുന്നു. അപൂർവ്വം ചില വാഹനങ്ങൾ ഒഴിച്ച് മുഴുവൻ ട്രക്കുകൾ. അത് ഇരുട്ടു വീഴുന്നതിനുമുന്നെ ഹോസ്‌പെട്ട എത്തുവാനുള്ള ഞങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്തി എന്നു ഞങ്ങൾക്ക് ബോധ്യമായി. മഴയ്ക്കു ശമനമായി. ചുറ്റുപാടുകളുമുള്ള കാഴ്ചകൾ അതിമനോഹരം ആയിരുന്നു. കൽക്കൂമ്പാരങ്ങൾപോലെ തോന്നിക്കുന്ന മലനിരകൾ. ഏതാണ്ട് പകുതിദൂരം ആയപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു. സൂര്യാസ്തമന കാഴ്ച ഒരു വൻ കാഴ്ച തന്നെയായിരുന്നു. എതിർവശത്തുള്ള മലകളിൽ സ്വർണനിറം കൊണ്ട് മൂടി സൂര്യൻ അസ്തമിക്കാൻ തയ്യാറെടുക്കുന്നു. ശെരിക്കും അടിപൊളി സീൻ ആയിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ ബ്രൈറ്റ് ഇട്ടുവരുന്ന ലോറികൾ ഒരു ഭീകരതയാണ് സമ്മാനിച്ചത്. ടു വീലർ യാത്രികരായി ചീറിപ്പായുന്ന ട്രെക്കുകൾക്കിടയിൽ ഞങ്ങൾ മാത്രം. എങ്ങനെയൊക്കെയാ പൊടിപാറുന്ന റോഡിലൂടെ ഞങ്ങൾ ഹോസ്‌പെട്ട എത്തി. സാമാന്യം തിരക്കുള്ള ഒരു പട്ടണം എന്നും പറയാം. അവിടെയെത്തി ഞങ്ങൾ വഴി ചോദിച്ചു മനസിലാക്കി. ഹംപിക് വെറും 13 കിലോമീറ്റർ മാത്രം അകലെയാണ് ഞങ്ങൾ. അപ്പോഴേയ്ക്കും സമയം 8:30 ആയിരുന്നു. ഒട്ടും തിരക്കില്ലാത്ത ആ റോഡു വഴി ഞങ്ങൾ ഹംപി ലക്ഷ്യമാക്കിപ്പാഞ്ഞു. ദൂരെനിന്നേ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കവാടം കാണാമായിരുന്നു. അവിടെയെത്തി. ഒരു 10 നില കെട്ടടത്തിനോളം ഉയരമുണ്ട് ആ ക്ഷേത്ര കവാടത്തിനു. ഞങ്ങൾ അന്തംവിട്ടു നോക്കിനിന്നു. അവിടെനിന്നും ഞങ്ങൾ മുൻകൂട്ടി ബുക്കു ചെയ്തിരുന്ന റൂമിന്റെ അഡ്രസ് കണ്ടുപിടിച്ചു.
വിരൂപാക്ഷ ക്ഷേത്രത്തിന്റെ 100മീറ്റർ പോലും അകലമില്ലായിരുന്നു റൂമിലേയ്ക്. ഞങ്ങൾ റൂമിന്റെ (ലക്ഷ്മി ഹെറിറ്റേജ്) മുന്നിലെത്തിയപ്പോഴേക്കും അവർ റൂം ക്ലീൻചെയുന്ന തിരക്കിലായിരുന്നു. ഞങ്ങൾ പുറത്തു വെയിറ്റ് ചെയ്തു. വണ്ടിയുടെ രെജിസ്ട്രേഷന് കണ്ടിട്ടാവണം ഒരു പുള്ളിവന്നു ഞങ്ങളെ പരിചയപ്പെട്ടു. പുള്ളിക്കാരനും ഒരു ട്രാവലർ ആണ്. ഡിയോയിലാണ് എന്നത് പുള്ളിക്ക് വളരെ അതിശയമുണ്ടാക്കി. അതിനു പുള്ളിയുടെ വക അഭിനന്ദനവും.ഒരു റൂഫ്‌ടോപ് റെസ്റ്റോറന്റ് കാണിച്ചുതന്നശേഷം ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. യാത്രയുടെ ക്ഷീണം കാരണം ഞങ്ങൾ നാളെയാവാം എന്ന മറുപടിയോടെ ആ ക്ഷണം സന്തോഷപൂർവം നിരസിച്ചു.
റൂമിലെത്തിയപ്പോഴേ ഞങ്ങൾ ഒരുകുളി പാസാക്കി. പുറത്തു ചുമ്മാ ഒന്ന് ഇറങ്ങിയ അഖിൽ തിരികെ വന്ന് നമ്മുടെ റൂമിന്റെ അപ്പുറത്തെ റൂമിൽ രണ്ടു നല്ല ഗ്ലാമർ കുട്ടികളാണ് ഉള്ളതെന്ന ന്യൂസായിട്ടായിരുന്നു. അതെന്തായാലും കൊള്ളാം എന്നായി ഞാനും.പുള്ളി കാണിച്ചുതന്ന റെസ്റ്റോറേറ്റിൽപോയി അഖിൽ ഫുഡ് പാർസൽ വാങ്ങിവന്നു. അതും കഴിച്ചു അവൻ കിടന്നു. ഞാൻ നാളെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നു. അല്പ സമയത്തിനുശേഷം വാതിലിൽ ഒരു മുട്ടൽകേട്ടു ഞാൻ അഖിലിനോടും അവനെന്നോടും “പോയി തുറക്കേടാ” എന്ന് ആവിശ്യപ്പെട്ടു. മനസില്ലാമനസോടെ ഞാൻ തന്നെ തയ്യാറായി.
കതക് തുറന്നതോടെ ഒരു പെൺകുട്ടിയാണ്. ഒരുനിമിഷം ഞാൻ ഒന്നും പറയാനാവാതെ നിന്നു. അതിനിടയിലവൾ അവൾ “ഡു ഐ സ്റ്റേ ഹിയർ?” എന്ന് ഇങ്ങോട്ട് ചോദിച്ചു.”ഷുവർ” ഞാൻ മറുപടി നല്കി. ഇടതുകൈയിൽ ഒരുകുപ്പി നീട്ടി അവൾ അടുത്ത ചോദ്യം “ഡു യു ഹാവ് വാട്ടർ?” ഞാൻ റൂമിൽനിന്നും ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന പെപ്സി അവൾക്കുനേരെ നീട്ടി. ഞങ്ങളുടെ കയ്യിൽ വേറെ ഇല്ലെന്നുകരുതിയാവണം അതവൾ സന്തോഷപൂർവം നിരസിച്ചു.”ഇറ്റ്‌സ് ഓക്കേ താങ്ക്സ്” എന്ന മറുപടിയും ഒരുചിരിയും നൽകി അവൾ റൂമിലേക്ക് പോയി. ഞാൻ അഖിലിനോട് “അവൾ മലയാളിയാണോ നോർത്തിന്ത്യൻ ആവുമോ? അവളുടെ ഇംഗ്ലീഷൊക്കെ കേട്ടിട്ടു ഒരു മലയാളി ടച്ച് ഉണ്ടലോ” എന്നു ചോദിച്ചു. “ഒന്നുപോയി കിടന്നുറങ്ങടാ” എന്നായിരുന്നു അവന്റെ മറുപടി. നാളെ രാവിലെ കണ്ടാൽ പരിചയപ്പെടാം എന്ന പ്രതീക്ഷയോടെ വായിച്ചും പിന്നേ ചിത്രങ്ങളിൽ കണ്ടിട്ടുള്ളതുമായ ഹംപിയെയും മനസ്സിൽ പതിപ്പിച് ഉറങ്ങാൻ കിടന്നു.
അഖിൽ എഴുന്നേറ്റ ശേഷം അവനാണ് എന്നെ ഉണർത്തിയത്. പെട്ടെന്നു എഴുനേറ്റ് ഫ്രഷായി. റൂം ലോക്ക് ചെയ്യാൻ നേരം ഞാൻ അപ്പുറത്തേക്കാണ് നോക്കിയത്. ഞങ്ങൾക്കുമുന്നെ അവർ പോയിരുന്നു. എവിടെലും വെച്ചുകാണാം എന്നുവിചാരിച്ചു ഞങ്ങളും ഇറങ്ങി. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചെന്നവണ്ണം ഒരു ചെറിയ പയ്യൻ ഹംപിയുടെ ഒരു ടൂറിസ്റ്റ് മാപ്പുമായി വണ്ടിയുടെ അരികിലുണ്ടായിരുന്നു. ഞങ്ങൾ പ്ലാൻചെയ്ത സ്ഥലങ്ങളെക്കാൾ ഒരുപാട് അതിൽ കാണാമായിരുന്നു. അത് ഞങ്ങൾക്ക് ഉപകാരപ്പെടും എന്നുമനസിലാക്കി അതൊരെണ്ണം വാങ്ങി. ഇന്നലത്തെ അതെ റസ്റോറന്റിൽപോയി ചായയും കുടിച്ചു.ഗ്ലാസിൽ അല്ലായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഉള്ളതുപോലത്തെ സ്റ്റീൽ കപ്പാണ് അളവ്. 3 പേർക് സുഖമായി കുടിക്കാം. വാങ്ങിപോയതുകൊണ്ടു ഞങ്ങൾ ഫുൾ കുടിച്ചു.
അവിടെവെച്ചുതന്നെ ആദ്യ സ്ഥലം ഞങ്ങൾ നോക്കി. ഏറ്റവും അകലെ വിജയ വിത്തല ക്ഷേത്രമാണ് (11കിലോമീറ്റർ ഫ്രം വിരൂപാക്ഷ). അകലെയുള്ളവ ആദ്യം കവർചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഗൂഗിൾമാപ് ഓൺ ആക്കി വണ്ടിയിൽ അങ്ങൊട് ചലിച്ചു. വഴിയിലെല്ലാം മുഴുവൻ കല്ലുകളുടെ കൂമ്പാരമാണ്. കൊത്തുപണികളില്ലാത്ത ഒരു സ്ഥലംപോലും ഹംപിയിൽ നമുക്ക് കാണാനാവില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിജയനഗര സാമ്രാജ്യം. ഹംപിക്ക് പമ്പാവതി എന്നൊരു പേരു കൂടിയുണ്ട്. കർണാടക സംസ്ഥാനത്തു ബെല്ലാരി ജില്ലയിൽ , ഹോസ് പെട്ട് സിറ്റിയിൽ നിന്നും 13 km അകലെ തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത് .
വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകൾ ഉപയോഗിച്ചാണ് കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോർച്ചുഗീസ് സഞ്ചാരി ഗോമിംഗോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരന്ന മേൽക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങൾ കോട്ടക്കുള്ളിൽ കെട്ടിയിരുന്നു. കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു.
സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. ദേവദാസികൾ വിരൂപാക്ഷക്ഷേത്രത്തിലെ മണ്ഡപങ്ങളിൽ രാജാക്കന്മാർക്കും ജനങ്ങൾക്കും മുൻപാകെ നൃത്തങ്ങൾ നടത്തി. ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരിൽ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമൽസരങ്ങളും വീക്ഷിച്ചിരുന്നത്. 1565-ൽ ഗോൽക്കൊണ്ട, ബീജാപ്പൂർ, അഹ്മദ്നഗർ, ബെരാർ, ബിദാർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താന്മാർ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു.
കൃഷ്‌ണസ്വാമി ക്ഷേത്രം,വിജയ വിത്തല ക്ഷേത്രം,നാഗാലപുരി (ഇപ്പോഴത്തെ ഹോസ്‌പെട്ട) എന്നിവ കൃഷ്ണദേവരായർ തന്റെ മാതാവായ നാഗളാദേവിയുടെ ഓർമയ്ക്കായി പണികഴിപ്പിച്ചവയാണ്. 1336 മുതൽ 1680 വരെ പല രാജാക്കന്മാർ മാറിഭരിച്ച വിജയനഗര സാമ്രാജ്യത്തിന്റെ ചിത്ര വാസ്തു കലകളിലെ പ്രതാപകാലം തന്നെയായിരുന്നു പതിമൂന്നാമൻ ആയെത്തിയ (1509-1529) കൃഷ്ണദേവരായാരുടേത്. പുതിയ ക്ഷേത്രങ്ങൾ, മണ്ഡപങ്ങൾ, ഗോപുരങ്ങൾ എന്നിവ പണികഴിപ്പിക്കുന്നതിലും പഴയവ പുതുക്കിപ്പണിയുന്നതിലും അദ്ദേഹം മുൻകൈ എടുത്തു. 1529 ൽ അസുഖ ബാധിതനായാണ് അദ്ദേഹം മരണം പ്രാപിച്ചത്.
ഹംപി പൊതുവെ ശാന്തമാണ്. പുതിയ ഒരുണർവ് ഹംപി നമുക്ക് സമ്മാനിക്കുന്നു. വിജയനഗര സാമ്രാജ്യ കാഴ്ചകൾ നമ്മുടെ കണ്ണിനെ വിസ്മയിപ്പിക്കുമ്പോൾ ആ കാലഘട്ടത്തെ വണങ്ങുകയേ നിവൃത്തിയുള്ളു. അതെ, പേരിൽപോലും സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹംപി ഒരു വിസ്മയമാണ്. മാപ്പിൽ ഉണ്ടായിരുന്ന 3 സ്ഥലങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങൾ അപ്പോഴേക്കും കവർ ചെയ്തിരുന്നു. ഭക്ഷണത്തിനുശേഷം ആവാം ഇനി എന്ന വിശപ്പിന്റെവിളി ഞങ്ങളെ പഴയ റസ്‌റ്റോറേറ്റിലേക് തന്നെ എത്തിച്ചു. അതിനുശേഷം പുറത്തേക്കിറങ്ങിയ ഞങ്ങൾ പുരന്ദര ദാസാ മണ്ഡപം ലക്ഷമാക്കി നടന്നു. (ഇനിയുള്ള സ്ഥലങ്ങളെല്ലാം റൂമിന്റെ അടുത്തയതിനാൽ വണ്ടി ഒഴിവാക്കി). ചെറിയ ഒരു വഴിയോര കച്ചവടക്കാരുടെ വഴിയിലൂടെ ഞങ്ങൾ അവിടെയെത്തി.
ആകാശത്തിന്‌വീണ്ടും ന്തോ നിറവ്യത്യാസം ഉണ്ടാകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.തകർത്തൊരു മഴ, ഞങ്ങൾ തുങ്കഭദ്രയുടെ തീരത്തുള്ള ആ മണ്ഡപത്തിലേക് ഓടിക്കയറി. രണ്ടുമൂന്നു ആളുകളും അവരുടെ എണ്ണത്തിലേറെ നായകളുമാണ് അതിൽ മഴയിൽനിന്നും രക്ഷനേടാൻ അഭയം പ്രാപിച്ചത്. അതിലൊരു നായ ഞങ്ങൾക്കൊപ്പം കൂട്ടുകൂടി. മഴയല്പം കുറഞ്ഞപ്പോ ഞങ്ങൾ റൂമിലേക്കോടി. ഇങ്ങോട്ട് വന്നപ്പോൾകണ്ട കടകളെല്ലാം മഴയായപ്പോൾ അടച്ചു മൂടിയിരുന്നു. ഞങ്ങൾ റൂമിലെത്തി. അൽപനേരം നനഞ്ഞ വസ്ത്രങ്ങൾ മാറി വിശ്രമിച്ചു. സൺ സെറ്റ് എന്ന മോഹം മഴയിൽ അലിഞ്ഞു പോയി. മഴ അല്പം കുറഞ്ഞപ്പോൾ ഞങ്ങൾ വിരൂപാക്ഷ ക്ഷേത്രവും പരിസരവുമെല്ലാം ചുറ്റിക്കണ്ടു. അതുവഴി സൺ സെറ്റ് ബാക്കിപത്രം എന്ന നിലയിൽ ഹേമകുടാ മലയിൽനിന്നും കണ്ട കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും മേലെയാണ്.
ഒരു ഫോട്ടോഗ്രാഫർക് ഒരിക്കലും പകർത്തിത്തീരാൻ കഴിയാത്തത്ര ഫ്രെയിംസ് ഉണ്ട് ഹംപിയിൽ. ഞങ്ങൾ വെറുതെ എടുക്കുന്ന ചില ഫോട്ടോസിൽ നിന്നും ഞങ്ങൾക്ക് അത് മനസിലായി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ഞങ്ങൾ താഴേക്കിറങ്ങി. അപ്പോഴും ഒരുപാടാളുകൾ മുകളിലേയ്ക്കു കയറി പോവുന്നുണ്ടായിരുന്നു. അവിടെവെച്ചും ഞങ്ങൾ ഒരു മലയാളി ഫാമിലിയെ പരിചയപെട്ടു. വണ്ടിയിലാണ് വന്നതെന്നുപറഞ്ഞപോ ആ കൂട്ടത്തിലെ ഏറ്റവും പ്രായംകൂടിയ ചേച്ചി മൂക്കത് വിരൽവെച്ചു (നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ എന്നാവണം ചിലപ്പോ ആ ചേച്ചി ഉദ്ദേശിച്ചത്). അവരോട് ബൈ പറഞ്ഞു ഞങ്ങൾ താഴേക്കിറങ്ങി. വിരൂപാക്ഷയുടെ കവാട ഗോപുരത്തിന്റെ രാത്രികാഴ്ച അതിമനോഹരമായിരുന്നു. അല്പനേരം കൂടി അവിടെചിലവഴിച്ച ശേഷം ഞങ്ങൾ പതുക്കെ ഹംപി ബസാറിലൂടെ നീങ്ങി.
റസ്റ്റോറന്റുകൾ എല്ലാംതന്നെ ലൈറ്റുകളുടെ സഹായത്താൽ വ്യത്യസ്തമായി അലങ്കരിച്ചിരുന്നു. ആ നടത്തത്തിനിടയിൽ ഇന്നലെ ഞാൻ കണ്ട അതെ പെൺകുട്ടിയുടെമുഖം ഞാൻ വീണ്ടും കണ്ടു.കൂടെ മറ്റൊരു കുട്ടിയും ഗൈഡ് എന്നുതോന്നിക്കുന്ന മറ്റൊരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു.അഖിൽ അപ്പോഴും ഫോട്ടോകൾ പകർത്തുന്നതിരക്കിലായിരുന്നു. ഇടത്തെതോളിൽ ഒരു സൈഡ്ബാഗ് അവൾതൂക്കിയിരുന്നു.മറ്റുള്ളവരുടെ കയ്യിലും ബാഗുകൾ ഉണ്ടായിരുന്നു.അവർ ചെക്ക് ഔട്ട് ചെയ്തുപോവുകയാണ് എന്ന് എനിക്ക് മനസിലായി. അവർ ഞങ്ങൾക്ക് അടുത്തെത്തിയപ്പോഴാണ് ഞാൻ മനസിലാക്കിയത് അവൾക് വലതുകൈ ഉണ്ടായിരുന്നില്ല. ഇന്നലെ അവൾ ഇടതുകൈയിൽ കുപ്പി നീട്ടിയത് ഞാനോർത്തു. അപ്പോൾ ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.എന്നെ മനസ്സിലായെന്നവണ്ണം ഒരു ചിരിയും നൽകി ധൃതിയിൽ അവർ ഞങ്ങളെ കടന്നുപോയി. ദൂരെ എത്തുംവരെ ഞാൻ അവളെ തന്നെയാണ് നോക്കിനിന്നത്. സങ്കടമോ സഹതാപമോ അപ്പോൾ എനിക്കുതോന്നിയ വികാരം എന്താണെന്നു ഇപ്പോഴും എനിക്കറിയില്ല. (ഒരുപക്ഷെ ഇത് വായിക്കുമ്പോഴാവും അഖിൽ ഇതറിയുന്നത്).
ഞങ്ങൾനേരെ പോയത് റസ്റോറന്റിലേക്കായിരുന്നു. ഞങ്ങളെ കണ്ടപ്പോൾത്തന്നെ ഇന്നലെ ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ച ചേട്ടൻ ഞങ്ങളുടെ കൂടെവന്നിരുന്ന യാത്രകളെകുറിച്ച് ഒരുപാടു നേരം സംസാരിച്ചു.(അതിന്റെ ഓണർ പുള്ളിതന്നെ ആയിരുന്നൂ). കേരളത്തിലെക്ക് അദ്ദേഹത്തിന് ഒരു ക്ഷണംകൂടി നൽകിയാണ് ഞങ്ങൾ റൂമിലേക്കു മടങ്ങിയത്. പിറ്റേന്ന് രാവിലെ 4 മണിയോടെ തിരിക്കാനായിരുന്നു ഞങ്ങളുടെപ്ലാൻ. അതുകൊണ്ട് റെന്റ് ഒകെ നേരത്തെ കൊടുത്തു ഉറങ്ങാൻ കിടന്നു. പക്ഷെ 6 മണിയോടു കൂടെയാണ് ഞങ്ങൾ തയ്യാറായത്. ഹോംസ്റ്റയിലെ ചേച്ചി ഞങ്ങളെ യാത്രയാക്കാൻ കൂടി വന്നു. അങ്ങനെ ഹംപിയിലെ വിസ്മയ കാഴ്ച്ചകളോട് മനസില്ലാമനസോടെ ഞങ്ങൾ വിട പറഞ്ഞു. തിരികെ നാട്ടിലോട്ട് തിരിച്ചു.
വന്ന വഴി തന്നെ തിരിച്ചു പോകുന്നതിൽ ഞങ്ങൾക്ക് താല്പര്യം ഇല്ലായിരുന്നു. സൊ ഞങൾ റൂട്ട് ഒന്ന് മാറ്റി പിടിച്ചു, ഹംപി-ഹോസ്പിറ്റ് -ചിത്രദുർഗ-ബാംഗ്ലൂർ-സേലം-കോയമ്പത്തൂർ-പാലക്കാട് – തൃശൂർ-എറണാകുളം- കലവൂർ ഇതായിരുന്നു ഞങളുടെ തിരികേ വാരാനുള്ള റൂട്ട്. രാവിലെ ആയതുകൊണ്ടുതന്നെ റോഡിൽ ഒന്നും വലിയ തിരക്കില്ലായിരുന്നു. വളരെ സാവധാനം ഞങൾ യാത്ര തുടർന്നു. ഹോസ്പിറ്റ് – ബാംഗ്ലൂർ ഏകദേശം 328 km ഡ്രൈവ് ഉണ്ട്. വളരെ സാവധാനം ഞങൾ 3 മണിയോടെ ബാംഗ്ലൂർ എത്തി. പിന്നീട് അവിടുന്ന് ഫുഡ്, ശേഷം ഞങൾ യാത്ര തുടർന്നു.
ബാംഗ്ലൂർ- സേലം 202 km ദൂരമുണ്ട്. രാത്രി എട്ടുമണിയോടെ ഞങൾ സേലം എത്തി. പിന്നീട് അവിടുന്ന് കോയമ്പത്തൂർ, 167km ഉണ്ട്, ഞങൾ യാത്ര തുടർന്നു. 11മണിയടുത്തതോടെ ഉറക്കം ഞങളെ പിടികൂടി. ഉറക്കം വന്നിട്ട് വണ്ടി ഓടിക്കാൻ പറ്റാത്ത ഒരു സിറ്റുവേഷൻ വന്നു. അപ്പൊ ഞങൾ വണ്ടി ഒരു ബസ്റ്റോപ്പിന്റെ സൈഡ്ൽ ഒതുക്കി ആ ബസ്റ്റോപ്പിൽ ബാഗ് തലയണ ആക്കി ഒരു മണിക്കൂറോളം കിടന്നു നന്നായിട്ടു ഉറങ്ങി. ഒരു മണിക്കൂറിനു ശേഷം ഞങൾ വീണ്ടും യാത്ര തുടർന്നു. അങനെ 3 മണിയോടെ ഞങൾ പാലക്കാട് – തൃശൂർ ബോർഡർ എത്തി. വീണ്ടും ഉറക്കം ഞങ്ങളെ പിടികൂടി. ഒരു കടത്തിണ്ണയുടെ സൈഡിൽ വണ്ടി ഒതുക്കി ആ കടത്തിണ്ണ മെത്തയാക്കി ഞങൾ കിടന്നു. നല്ല ഉറക്കം ഉറങ്ങി. നാലുമണിക്ക് ഉറക്കമെണീറ്റ ഞങൾ യാത്ര തുടർന്നു. പിന്നേ എങ്ങും നിർത്തിയില്ല നേരെ ഇടപ്പള്ളി, അവിടെനിന്നും രാവിലെ 7:30 ഓടെ ഞങൾ സേഫ് ആയി വീട്ടിൽ എത്തി.
*തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ കണ്ടത്, രാത്രിയിൽ ഞങ്ങൾ കണ്ട വിജനമായ ഹോസ്പെക്റ്റ് തിരക്കിൽ മുങ്ങിയിരുന്നു. ആളുകൾ യാതൊരു ശ്രദ്ധയുമില്ലാതെ ആണ് റോഡിലോടെ നടക്കുന്നത്. ഒപ്പം വാഹനങ്ങളും. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളം.(ഇൻഡിക്കേറ്റർ പോലുമില്ലാതെയാണ് പെട്ടെന്നുള്ള തിരിക്കലൊക്കെ). ഈ യാത്രയിലുടനീളം ഞങ്ങൾ 60-70കിലോമീറ്റർ സ്പീഡ് മുകളിൽ കയറിയിട്ടില്ല. (അല്പം താമസിച്ചാലും അപകടം കൂടാതെ പോവാനാണ് ശ്രദ്ധിച്ചത്,). “ട്രിപ്പ് എന്നാൽ സ്പീഡ് അല്ല”.
ഹംപിയിൽനിന്നും ഏറ്റവും അടുത്ത എ.ടി.എം 20 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടു ക്യാഷ് കയ്യിൽ കരുതിയാൽ നന്നായിരിക്കും. ക്യാമറയുമായി പോകുന്നവർ ബേസ് ലെൻസ് കൂടി കരുതുക. ഫോണിലെ വൈഡ് ആംഗിൾ ഫ്രെയിംസിലെ ചില സ്ഥലങ്ങൾ മുഴുവനായി ഒതുങ്ങൂ൦. ഹംപി ഒരു ആൽക്കഹോൾ നിരോധിത മേഖലയാണ്, (ക്ഷേത്രങ്ങളുടെ ശുദ്ധി കാത്തുസൂക്ഷിക്കുക) പൂർണമായി അവരോട് സഹകരിക്കുക. പ്രദേശവാസികളായ ആളുകളുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കുക. കാരണം അവർ നമ്മളെക്കാൾ അനുഭവസ്‌ഥർ ആണ്. (സെക്യൂരിറ്റികളുടെയും).
ചെലവുകൾ : റൂം റെന്റ് -₹2000, പെട്രോൾ- ₹3000, ഫുഡ് + etc approximate cost 7000 Rs. ഹംപിയിലേക് റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക് ഈ വിവരണം സഹായകമാവും എന്ന് പ്രതീക്ഷിക്കുന്നു. അപകങ്ങൾ ഉണ്ടേയാക്കാവുന്ന ഒരുപാട് സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിച്ച ദൈവത്തിന് നന്ദി, ഒപ്പം ഇത്രയും ദൂരം ഒരു അപകടത്തിലും പെടുത്താതെ ഞങ്ങളെയും വഹിച്ചുകൊണ്ട് ഇവിടെയെത്തിച്ച ഡിയോയെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.