കോറല്‍ ഐലന്റിലെ തകര്‍പ്പന്‍ ആക്ടിവിറ്റികള്‍ക്കു ശേഷം അന്നേദിവസം രാത്രി ഞങ്ങള്‍ പോയത് പട്ടായയിലെ അല്‍കസാര്‍ ഷോ കാണുവാനാണ്. ലോകപ്രശസ്തമായ ഒരു കാബറേ ഷോയാണിത്. കാബറേ എന്നുകേട്ടിട്ട് ആരും നെറ്റി ചുളിക്കണ്ട. നമ്മള്‍ വിചാരിക്കുന്നപോലെ നഗ്നനൃത്തമൊന്നുമല്ല ഇത്. സത്യത്തില്‍ ഞാനും കാബറേ എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. കൂടെയുണ്ടായിരുന്ന ഹാരിസ് ഇക്കയാണ് ഈ അല്‍കസാര്‍ ഷോയെക്കുറിച്ച് എനിക്ക് കൂടുതലായി പറഞ്ഞുതന്നത്.
യഥാര്‍ത്ഥത്തില്‍ ഈ ഡാന്‍സ് കളിക്കുന്നവര്‍ ശരിക്കും സ്ത്രീകളല്ല; നമ്മള്‍ ഭിന്നലിംഗക്കാര്‍ എന്നു പറയുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് ആണ്. ഇത് എനിക്കൊരു പുതിയ അറിവായിരുന്നു. ഇത്തരത്തിലുള്ളവരെ അവിടെ ‘ലേഡി ബോയ്സ്’ എന്നാണു വിളിക്കുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടി തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്ന നല്ലൊരു വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇതും.
കാബറേ എന്നു കേട്ടിട്ട് ഈ ഷോ കാണുന്നതില്‍ നിന്നും കുടുംബമായി വരുന്നവരാരും തന്നെ വിട്ടുനില്‍ക്കേണ്ടതില്ല. എല്ലാത്തരക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നല്ല അടിപൊളി ഡാന്‍സും സൗണ്ട് സിസ്റ്റവും സ്റ്റേജ് അലങ്കാരവും ഒക്കെയാണ് ഈ ഷോയുടെ പ്രധാന ആകര്‍ഷണങ്ങള്‍…
രാത്രി 9.30 യുടെ ഷോയ്ക്കാണ് ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റുമായി ഞങ്ങള്‍ ഉള്ളിലേക്ക് കയറി. ഷോ കാണുവാനെത്തുന്ന എല്ലാവര്‍ക്കും ഇവിടെ കൂള്‍ഡ്രിങ്ക് നല്‍കിയാണ് സ്വീകരിക്കുന്നത്. ഞങ്ങള്‍ക്കും കിട്ടി ഒരു ഗ്ലാസ്സ് കൂള്‍ ഡ്രിങ്ക്. അതുമായി ഷോ നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ കയറി. നല്ല തിരക്കായിരുന്നു അവിടെ. മുഴുവന്‍ സീറ്റും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. കൂടുതലും ഇന്ത്യക്കാരെയായിരുന്നു അവിടെ ഞാന്‍ കണ്ടത്. മറ്റു രാജ്യക്കാരും ഉണ്ട് കെട്ടോ…
ഞങ്ങള്‍ സീറ്റില്‍ ഇരുന്ന്‍ കുറച്ചു സമയത്തിനുശേഷം ഷോ ആരംഭിച്ചു. തുടക്കം തന്നെ നല്ല കിടിലന്‍ പെര്‍ഫോമന്‍സ്… ലൈറ്റ് ആന്‍ഡ് സൗണ്ട് ആണേല്‍ പറയുകയേ വേണ്ട… പല പല രാജ്യങ്ങളിലെ പാട്ടുകളും അതിനൊത്ത സ്റ്റേജ് അലങ്കാരവും സുന്ദരിമാരുടെ നൃത്തവുമാണ് യഥാര്‍ത്ഥത്തില്‍ അല്‍കസാര്‍ ഷോ. ഓരോ പാട്ടും കഴിയുമ്പോഴും നിമിഷനേരത്തിനുള്ളില്‍ അതായത് സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ സ്റ്റേജ് തീം അതിനനുസരിച്ച് മാറ്റുന്നത് എനിക്ക് അദ്ഭുതകരമായി തോന്നി.
തായ്, റഷ്യന്‍, ജാപ്പനീസ്, അറബിക്, ചൈനീസ് എന്നീ പെര്‍ഫോമന്‍സുകള്‍ക്കു ശേഷമാണ് നമ്മുടെ ഇന്ത്യന്‍ സ്റ്റൈല്‍ ഡാന്‍സ് വന്നത്. അതുവരെ നിശബ്ദരായിരുന്ന കാണികള്‍ ഹിന്ദിപ്പാട്ട് കേട്ടതോടെ ആവേശഭരിതരായി. തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടിയും ശബ്ദഘോശങ്ങളും…വീഡിയോയില്‍ നിങ്ങള്‍ക്കത് കാണാവുന്നതാണ്. തായ്ലാന്‍ഡില്‍ ചെന്നിട്ട് ഇന്ത്യക്കാരുടെ ഒത്തൊരുമ ശരിക്കും കണ്ടത് അവിടെവെച്ചാണ്. എനിക്കും ഉള്ളില്‍ എന്തോ ഒരു സന്തോഷമൊക്കെ തോന്നി ആ സമയത്ത്.. എന്തോ ഇന്ത്യക്കാരോട് തായ്ലാന്‍ഡുകാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്.
അങ്ങനെ കിടിലന്‍ പരിപാടികളുമായി ആ ഷോ അവസാനം വരെ ഞങ്ങള്‍ ആസ്വദിച്ചു കണ്ടു. ഷോ തീര്‍ന്നപ്പോള്‍ മിക്കയാളുകള്‍ക്കും വിഷമഭാവമായിരുന്നു. അത്രയുംനേരം അതുപോലെ ആസ്വദിച്ചിരുന്നു അതെന്നു വേണം ഇതില്‍നിന്നും മനസ്സിലാക്കാന്‍. തിരക്കിനിടയിലൂടെ ഞങ്ങള്‍ പതിയെ പുറത്തേക്ക് ഇറങ്ങി. ഇത്രയും സമയം ഞങ്ങളെ ആസ്വദിപ്പിച്ച ആ കലാകാരികള്‍ മുഴുവന്‍ പുറത്ത് ആളുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പണം നല്‍കിയാല്‍ നമുക്ക് അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കാം. ഞാനും പണം കൊടുത്ത ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇന്ത്യക്കാരന്‍ ആണെന്നറിഞ്ഞപ്പോള്‍ “ഹായ് ഇന്ത്യ..നമസ്തേ” എന്നൊക്കെപ്പറഞ്ഞാണ് അവര്‍ എന്നെ സ്വീകരിച്ചത്.
ഒത്തിരിയാളുകള്‍ കുടുംബമായൊക്കെ വന്ന് ഈ ഷോ കാണുന്നുണ്ടായിരുന്നു. അവരെല്ലാം പുറത്തു വന്നിട്ട് ഈ കലാകാരികളോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്യുന്നുണ്ടായിരുന്നു. എന്തിനു പറയണം… കൊച്ചുകുട്ടികള്‍ വരെ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്… അതാണു അല്‍കസാര്‍ ഷോയുടെ പ്രശസ്തി..
ഫോട്ടോയൊക്കെ എടുത്തു കഴിഞ്ഞശേഷം ഞങ്ങള്‍ പതിയെ ഡിന്നര്‍ കഴിക്കുവാനായി നീങ്ങി…. അപ്പോഴും അല്‍കസാറും കലാകാരികളും എന്‍റെയുള്ളില്‍ത്തന്നെയുണ്ടായിരുന്നു…ഇനിയും ഒരിക്കല്‍ക്കൂടി എന്നെങ്കിലും ഇത് കാണാന്‍ ഇവിടെ വരണം എന്ന മനസ്സോടെയാണ് ഞാന്‍ അവിടം വിട്ടത്.
തായ്ലാന്‍ഡ്-പട്ടായ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ യാതൊരു കാരണവശാലും അല്‍കസാര്‍ ഷോ കാണുവാന്‍ മറക്കരുത് എന്നൊരു നിര്‍ദ്ദേശം മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനുള്ളൂ… നിങ്ങളിവിടെ വരണം… എല്ലാം ആസ്വദിക്കണം… ഒപ്പം ഒരു വിഭാഗം ആളുകള്‍ക്ക് ജീവിക്കുവാനുള്ള സഹായവുമാകും അത്… ഇനി ഭക്ഷണം കഴിച്ചശേഷം റൂമില്‍ച്ചെന്ന് കിടന്നുറങ്ങണം… നാളെ കാഴ്ചകള്‍ ഇനിയും ബാക്കിയാണല്ലോ… അപ്പൊ ശരി… ഗുഡ് നൈറ്റ്…. സ്വീറ്റ് ഡ്രീംസ്…
തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800