എഴുത്ത് – ദീപ പുഴയ്ക്കൽ.
കുറെ നാളുകൾക്ക് ശേഷം മഴയൊഴിഞ്ഞ ഒരു വൈകുന്നേരം ഞാനും മോനും കൂടി പുറത്തൊന്നു കറങ്ങി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി, പക്ഷികളുടേയും പച്ചപ്പിന്റേയും വെള്ളത്തിന്റേയും വഴിത്താരകളിലൂടെ ഞങ്ങൾ എത്തിയത് തൃശൂരിന്റെ ആലപ്പുഴയായി തോന്നുന്ന ഏനാമാവ് – മണലൂർ – വെങ്കിടങ്ങ് – ഭാഗത്താണ്.
ഏനാമാവ് ബണ്ടിലെ റോഡിലൂടെ മുമ്പു സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വല്ലാത്ത ആകർഷണീയത തോന്നി. വിയ്യൂർ, കേച്ചേരി ഭാഗങ്ങളിലെ വെള്ളം തോടുകളിലൂടെ ഒഴുകിയെത്തുന്നത് ഇവിടെയാണ്. ശക്തൻ തമ്പുരാന്റെ നിർദ്ദേശപ്രകാരമാണത്രെ ബണ്ട് നിർമാണം തുടങ്ങിയത്. ചേറ്റുവ അഴിമുഖത്തേക്കാണ് ഏനാമാവ് കനാൽ എത്തുന്നത്. കോൾ പാടമായതിനാൽ ഉപ്പുവെള്ളം കയറി കൃഷിക്ക് പ്രശ്നമില്ലാതിരിക്കാനാണ് ബണ്ട് നിർമിച്ചിട്ടുള്ളത്.
ബണ്ടിന് മുകളിൽ നിന്ന് കാഴ്ച സുന്ദരമാണ് കോൾ പാടവും തീരത്തെ തെങ്ങിൻ തോപ്പുകളും നിറഞ്ഞ കായലും ഒരു ആലപ്പുഴ ജലദൃശ്യം പകരുന്നു.! നല്ല കാറ്റേറ്റ് കാഴ്ച കണ്ട് ഇരിക്കാം. ഇപ്പോഴല്ല, പിന്നെ. നല്ല മീൻ വേണ്ടവർക്ക് അതും ലഭിക്കും. ബണ്ടിൽ നിന്ന് 4-5 കി.മീ പോയാൽ വെങ്കിടങ്ങും മണലൂരിനും ഇടയിലുള്ള പാലം… തീപ്പാലം. അതിപ്പോൾ സ്റ്റീൽ പാലമായി.
തൃശൂരിൽ ആദ്യമായി നിർമിച്ച സ്റ്റീൽ പാലം ആണെന്ന് കേട്ടു. കാണാൻ നല്ല ഭംഗിയും ഉറപ്പുമുള്ള ഈ പാലത്തിലൂടെ ഇരുചക്ര വണ്ടികൾക്കു മാത്രമേ പോകാനാവൂ. വീതി കുറവാണ്. എങ്കിലും അതിലൂടെ നടക്കുമ്പോൾ വിദേശത്ത് കാണുന്ന സ്റ്റീൽ പാലം നമ്മുടെ നാട്ടിലും ആയല്ലോ എന്ന് അഭിമാനം. പാലത്തിൽ നിൽക്കുമ്പോൾ ഇരുവശവും പുഴയുടെ ഭംഗി…കാറ്റിന്റെ തലോടൽ…
House boat ൽ യാത്രക്കായി മാത്രം തൃശൂകാർക്ക് ആലപ്പുഴ വരെ പോകേണ്ട. ഭക്ഷണം അടക്കം Package യാത്രകൾക്ക് സൗകര്യമുള്ള House boat കൾ ഇവിടെ സഞ്ചാരികളെ കാത്ത് കിടക്കുന്നു. എല്ലാം നിശ്ചലം…വെള്ളം മാത്രം ഒഴുകുന്നു.
കാർമേഘം സൂര്യനെ മറച്ചിരുന്നു, അസ്തമയദൃശ്യം കാണാൻ കഴിഞ്ഞില്ല. തിരിച്ചു പോരുമ്പോൾ വെങ്കിടങ്ങ് പാടത്ത് അപൂർവ്വ സുന്ദര കാഴ്ച…നിറയെ വർണ കൊക്കുകൾ (Painted stork ) അവ പാടത്ത് ഇരതേടുന്നു. പിങ്ക് നിറവും ചിറകിൽ കറുപ്പു നിറവുമുണ്ട്. വലിയ കൊക്കുകളാണ്. നല്ല ചന്തമുണ്ട് കാണാൻ. ശബ്ദം കേട്ടാൽ ഒരുമിച്ച് പറക്കുന്നത് കാണാനും ശേലാണ്.
മോൻ വീഡിയോ എടുത്തു. ഇത്രയും അടുത്ത് നിന്ന് ആദ്യമായാണ് ഇവയെ കാണുന്നത്. അതു വഴി വരുന്ന കാറുകളിലെ യാത്രക്കാർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
എന്തായാലും മനസ് നിറഞ്ഞു.. വീട്ടിലേയ്ക്ക്. ഏനാമാവിലേക്ക് തൃശൂരിൽ നിന്ന് 20 km ദൂരം. കാഞ്ഞാണിയിൽ എത്തി മണലൂർ വഴി പോകാം.