വിവരണം – അജി കുളത്തുങ്കൽ.
ആലുംമൂട്ടിൽമേട എന്ന പ്രേത ഭവനത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നത് നമ്മുടെ സഞ്ചാരി ഗ്രൂപ്പിൽ നിന്നു തന്നെയാണ്. ഏതാനും നാളുകൾക്ക് മുമ്പ് ശ്രീ: അനീഷ് മുല്ലശ്ശേരിയുടെ പോസ്റ്റ് വായിച്ചപ്പോൾ തന്നെ വളരെ ആകാംഷയും ജിജ്ഞാസയും തോന്നി. പക്ഷെ ആ മേടയുമായി ബന്ധപ്പെട്ട ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ഭാഗീകമായ വിവരണം മാത്രമെ അദ്ദേഹം അതിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. അതു കൊണ്ട് തന്നെ നേരിൽ കാണണമെന്നും അതുമായി ബന്ധപ്പെട്ട ചരിത്ര പശ്ചാത്തലവും, നാട്ടറിവും , നേരിട്ട് ബോധ്യപ്പെടണമെന്നും അദമ്യമായ ആഗ്രഹമുണ്ടായി.
കാരണം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലർ ചലച്ചിത്രമായിരുന്നു 1993 ൽ പുറത്തിറങ്ങിയ മണിചിത്രത്താഴ് എന്ന സിനിമ. മധു മുട്ടം എന്ന എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ ഇതിന്റെ കഥയും തിരക്കഥയും നമ്മളെ ആകാംഷ ഭരിതരാക്കിയതാണ്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുട്ടം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആലുംമൂട്ടിൽ തറവാട്ടിൽ പുരാതന കാലത്ത് നടന്ന ഒരു അപമൃത്യുവിന്റെ അടിസ്ഥാനത്തിൽ ആ കുടുംബത്തിൽ തന്നെ ഉൾപ്പെട്ട മധുമുട്ടം എന്ന കലാകാരൻ എഴുതിയ കഥയാണ് പിന്നീട് മണി ചിത്രത്താഴ് എന്ന ഹൊറർ സിനിമയായി നമ്മുടെ മുമ്പിൽ എത്തിയത് എന്ന വസ്തുത കൂടി അറിഞ്ഞപ്പോൾ ആകാംഷ ഉച്ചസ്ഥായിലെത്തി. (മണിചിത്രത്താഴ് സിനിമ ഷൂട്ട് ചെയ്തത് അവിടെയല്ല).
രക്തസാക്ഷികൾ സിന്ദാബാദ് എന്ന മോഹൻലാൽ ചിത്രത്തിന്റെ ഒരു ഗാനരംഗം ഇവിടെയാണ് ചിത്രീകരിച്ചത് എന്നും പിന്നീട് അറിയുവാൻ കഴിഞ്ഞു. ഹരിപ്പാടല്ലേ സ്ഥലം. എന്റെ ഭാര്യ ശ്രീദേവിയുടെ നാടല്ലേ എന്ന് ചിന്തിചപ്പോൾ വീണ്ടും ആവേശം വർദ്ധിച്ചു. കാരണം ഭാര്യയുടെ സഹോദരി സുഹാസിനി ചേച്ചിയുടെ ഭർത്താവ് ശ്രീമാൻ ബാബു ചേട്ടന്റെ സ്വന്തം നാടായ ചെറുതന ഹരിപ്പാടിന്റെ അടുത്താണ് .
ഈ ബാബു ചേട്ടൻ ഒരു സംഭവമാണ് കേട്ടോ? കൊല്ലങ്ങളായി വള്ളംകളി ക്ലബ്ബിന്റെ അമരക്കാരൻ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവ്. ഒപ്പം രണ്ടു വർഷമായി ചെറുതന പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവർഡു ജേതാവ്. മാത്രമല്ല അത്യുൽപ്പാദന ശേഷിയുള്ള പശുക്കളുടെ വലിയ ഫാമിന്റെ ഉടമസ്ഥനും. ഇങ്ങനെയൊക്കെ തിരക്കുള്ള ജനകീയനായ ചേട്ടന് പക്ഷെ രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്ന എന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കുവാൻ കഴിയില്ല. കാരണം അനുജനായ ഞാൻ ഇടുക്കിയിൽ നിന്നും മലയിറങ്ങി ചെല്ലുന്നുവെന്നറിഞ്ഞാൽ പിന്നെ താറാവ്, കൊഞ്ച്, കരിമീൻ അടക്കമുള്ള ആലപ്പുഴ വിഭവങ്ങളുമായി കാത്തിരിക്കുന്ന സ്നേഹസമ്പന്നരായ ചേട്ടനും ചേച്ചിയും.
പുന്നമടക്കായലിൽ നടക്കുന്ന നെഹ്രുട്രോഫി വള്ളംകളിക്ക് നാളുകൾക്ക് മുമ്പ് VIP പാസ് സംഘഡിപ്പിച്ച് എനിക്കായി കാത്തിരിക്കുന്ന സ്നേഹസമ്പന്നനുള്ളപ്പോൾ ആലൂ മുട്ടിൽ മന കാണുവാൻ എനിക്ക് എന്ത് തടസ്സമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ വളരെ പ്രതീക്ഷയോടെ ഒരു ദിവസം വൈകിട്ട് ഏഴുമണിയോടെ ഞാൻ ബാബു ചേട്ടന്റെ ചെറുതനയിലെ വസതിയിലെത്തി. കൂടെ മ്മടെ ചങ്ക് സിയാസ് കാറും.
പഴയതുപോലെ താറാവും പുഴ മീനുമായി ബാബു ചേട്ടൻ എന്നെ സ്വീകരിച്ചു. ഉപചാരങ്ങൾ ഞാൻ എളിമയോടെ സ്വീകരിച്ചു കൊണ്ട് മുന്നിലിരിക്കുന്ന താറാവും, പുഴ മീനുമൊക്കെ അകാത്താക്കുന്നതിനിടയിൽ എന്റെ ദീർഘകാലത്തെ ആഗ്രഹമായ ആലുംമൂട്ടിൽ മേട സന്ദർശിക്കുന്നതിനേക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മനയേക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ, അത് സാമൂഹ്യ പ്രവർത്തകനായ A.P ഉദയഭാനുവിന്റെ തറവാടല്ലേ നമുക്ക് രാവിലെ പോകാമെന്ന് അദ്ദേഹം വാക്കു തന്നു.
അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ മുട്ടത്തെക്ക് യാത്ര തിരിച്ചു.
ഹരിപ്പാട് നിന്നും നങ്യാർകുളങ്ങര ജംഗ്ഷനിൽ എത്തി മാവേലിക്കര റൂട്ടിൽ സഞ്ചരിച്ചാൽ മുട്ടത്തെത്താം. മുട്ടത്തെത്തുന്നതിന് വളരെ മുമ്പ്, ഇനി സാവധാനം വാഹനമോടിച്ചാൽ മതി എന്ന് ബാബു ചേട്ടൻ എനിക്ക് നിർദ്ദേശം നൽകി.എന്നാൽ ആകാംഷ മൂലം ഞാൻ അറിയാതെ സ്പീട് കൂട്ടിയതിനാൽ ഞങ്ങൾ വേഗം ഒരു ജംഗ്ഷനിലെത്തി. ആലുമ്മൂട്ടിൽ മന എവിടെയാണ് എന്ന് ഒരു വഴിയാത്രക്കാരനോട് ഞാൻ ചോദിച്ച മാത്രയിൽ അദ്ദേഹം സംശയാസ്പദമായി ഞങ്ങളെ നോക്കി കൊണ്ട് എവിടുന്നാണ് എന്ന മറുചോദ്യം. ഇടുക്കിയിൽ നിന്നാണ് ചേട്ടാ വെറുതെ കാണുവാൻ വന്നതാണ് എന്ന് ഞാൻ അനുബന്ധമായി കൂട്ടിചേർത്തു.
അദ്ദേഹം മറുപടി പറയുന്നതിനു മുമ്പ് ബാബു ചേട്ടൻ രംഗപ്രവേശം ചെയ്തു. ഞാൻ ചെറുതനയിൽ നിന്നാണ് എന്നു പറഞ്ഞ മാത്രയിൽ “ഹ സഖാവായിരുന്നോ?” എന്നു പറഞ്ഞു കൊണ്ട് ബാബുചേട്ടന്റെ മുൻ പരിചയക്കാരനായ അയാൾ മനയിലേക്കുള്ള വഴി വ്യക്തമായി പറഞ്ഞു തന്നു. ഉദ്ദേശം 300 മീറ്റർ പിന്നിലേക്ക് പോകണം. റോഡിൽ നിന്നു നോക്കിയാൽ കാണാം കാടുകയറിക്കിടക്കുന്ന മന. പക്ഷെ വാഹനം ഉള്ളിൽ ചെല്ലണമെങ്കിൽ കുറച്ചു കൂടി മുന്നിലേക്ക് പോകണം. അങ്ങനെ ഞങ്ങൾ കാർ വന്ന വഴിയെ തന്നെ തിരിച്ചുവിട്ടു.
ഉദ്ദേശം ഇരുനൂറ്റിഅൻപത് മീറ്റർ പിന്നിട്ടു കാണും കാടുകയറിക്കിടക്കുന്ന പറമ്പിൽ ഒട്ടേറെ നിഘൂഢതകൾ നിറഞ്ഞ എന്നാൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന ആലു മുട്ടിൽ മേട. എന്നാൽ ഞങ്ങൾ കുറച്ചു കൂടി മുമ്പോട്ട് പോയി അവസാനം തുറന്നു കിടക്കുന്ന ഒരു ഗേറ്റിനു മുമ്പിലെത്തി. ഗതകാല സ്മരണകളുണർത്തി കാടും കരിയിലയും നിറഞ്ഞ വിശാലമായ മുറ്റത്ത് ആലുംമുട്ടിൽ മേട . ഇടതൂർന്നു നിൽക്കുന്ന ഞാവൽമരങ്ങൾക്കിടയിൽ പഴയ പ്രതാപി തലയെടുപ്പോടെ നിൽക്കുന്നു. വശങ്ങളിലായി ദ്വാരപാലകരെപ്പോലെ കേരളത്തിന്റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും, ധാന്യപുരയും.
വിജനമായ എട്ടു കെട്ടിന്റെ വരാന്തയിലേക്ക് ഞങ്ങൾ കയറി. കേരളീയ തച്ചുശാസ്ത്രത്തിന്റെ കരവിരുത് ഓരോ നിർമാണത്തിലും ദർശിക്കാം .ചുവരിൽ കുലീനയായ ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രം. മണി ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച കഥാപാത്രമായ ഗംഗയുടെ തിന് സമാനമായ ആകാംഷയോടെ ഞങ്ങൾ കാലപ്പഴക്കം കൊണ്ട് മങ്ങലേറ്റ ആ ഫോട്ടോയിലേക്ക് ആകാംഷയോടെ നോക്കി. അതിനു സമീപത്തായി അടഞ്ഞുകിടക്കുന്ന പൂജാമുറി. ഉള്ളിൽ അദൃശ്യരായ കുടുംബ ദേവതകളെ ഞങ്ങൾ ഭാവനയിൽ കണ്ടു.
തുറന്ന് കിടന്ന ജനാല വഴി അകത്തേക്ക് നോക്കിയപ്പോൾ അകത്ത് നടുമുറ്റവും വരാന്തയും. വരാന്തയിൽ വലിയ ഉരുളിയും വില പിടിപ്പുള്ള പഴക്കം ചെന്ന ഗൃഹോപകരണങ്ങൾ. ചിത്ര പണികളോടുകൂടിയ മേൽക്കൂരയും മുഖക്കോടിയും. വശങ്ങളിലായി നിലവറയിലേക്ക് പ്രവേശിക്കുന്നതിനുള്ള രഹസ്യ പാത അടച്ചിരിക്കുന്നു.
ആ ഉമ്മറത്ത് നിൽക്കുന്ന സമയത്ത് മൺമറഞ്ഞു പോയ പൂർവ്വികരുടെ പാദ ചലനം അകത്തെവിടെയോ കേൾക്കുന്നതായി ഞങ്ങൾക്ക് തോന്നി. പെട്ടന്ന് ഒരു സ്ത്രീയുടെ പാദസ്വരത്തിന്റെ ശബ്ദവും ഒപ്പം കരിയിലക്ക് മുകളിലൂടെയുള്ള പാദ ചലനവും കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ 35 വയസ്സിൽ താഴെയുള്ള ഒരു സ്ത്രീ നിൽക്കുന്നതാണ് കണ്ടത്. ആരാണ് എന്താണ് എന്ന് ഇങ്ങോട്ട് ചോദിക്കുന്നതിനു് മുമ്പ് ഞങ്ങൾ അങ്ങോട്ട് ചോദ്യമെറിഞ്ഞു. ഞങ്ങൾ ഈ മന കാണുവാൻ വന്നതാണ് നിങ്ങൾ ആരാണ് എന്ന ചോദ്യത്തിന് അവർ ലളിതമായി മറുപടി പറഞ്ഞു. താനും ഭർത്താവും ഈ മനയുടെ മേൽനോട്ടത്തിന് നിൽക്കുന്നവരാണ് പേര് ബിന്ദു. ഭർത്താവ് അശോകൻ.
മനയേക്കുറിച്ച് എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ അവർ തയ്യാറായില്ല. എന്നാൽ അവിടെയെല്ലാം ചുറ്റി നടന്ന് കാണുന്നതിനുള്ള അനുവാദം ഞങ്ങൾക്ക് നൽകി. അങ്ങനെ ഞങ്ങൾ എട്ടുകെട്ടിന് എതിർവശത്തുള്ള നെൽപുരയിൽ പ്രവേശിച്ചു. നെൽപ്പുരയുടെ സമീപത്തെല്ലാം കാടുകയറി ഭീകരമായ അവസ്ഥ. പുറമെ നിന്നു നോക്കിയാൽ ചെറുതെന്ന് തോന്നിയാലും ഇതിനുള്ളിൽ നിരവധി വിസ്മയങ്ങൾ കാണുവാൻ കഴിഞ്ഞു.വ്യാളി മുഖത്തോടു കൂടിയ വുഡൻ വർക്കുകൾ. യധാർത്ഥ ‘മണി ചിത്രപൂട്ടി’ന്റെ നേർക്കാഴ്ച ഞങ്ങളെ വിസ്മയപ്പെടുത്തി. വവ്വാലുകൾ ചിറകടിച്ചു പറക്കുകയും, ചിലന്തി വല നെയ്ത് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്ത ധാന്യ പുര.
മുന്നിലായി സാക്ഷാൽ കൊച്ചു കുഞ്ഞ് ചാന്നാൻ 1904 ൽ ഇരുനിലകളിലായി പണി കഴിപ്പിച്ചതും എന്നാൽ പിന്നീട് അദ്ദേഹത്തിനു സംഭവിച്ച അപമൃത്യുവോട് കൂടി അടച്ചു പൂട്ടപ്പെട്ട് പ്രേത ഭവനമായി മാറിയ സാക്ഷാൽ ആലുംമൂട്ടിൽ മേട. അകത്തെവിടെയോ ഒരു ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ? ഞങ്ങൾ കാതോർത്തു. മണി ചിത്രത്താഴ് സിനിമയിൽ ചിത്ര ചേച്ചീ പാടിയ ‘ഒരു മുറെ വന്ത് പാർത്തായ’ എന്ന ഗാനം കാതിൽ മുഴങ്ങുന്നതായി തോന്നി. പക്ഷെ ദുരൂഹമായ ഇതിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് കുടുതൽ അറിയുവാൻ അവിടെ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്നാൽ പിൻവാങ്ങുവാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. മേടയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പഴയ രീതിയിലുള്ള ഒരു വീടും, വീടിന്റെ മുമ്പിലായി ഒരു മധ്യവയസ്കൻ നിൽക്കുന്നത് കണ്ട് ഞങ്ങൾ അവിടേക്ക് ചെന്നു. ആലുമുട്ടിൽ മേടയെ കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അറിയുവാൻ വളരെ ദൂരെ നിന്നും എത്തിയതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചു. കാഴ്ചയിൽ കുലീനയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
നടുമുറ്റമുള്ള ഒരു വീടായിരുന്നു അത്. ഗൃഹനാഥയുടെ പേര് കൃഷ്ണ കുമാരി. ഇങ്ങനെ ഒരു പ്രേത ഭവനത്തിനു മുമ്പിൽ എങ്ങനെ താമസിക്കുന്നുവെന്ന എന്റെ ചോദ്യം കേട്ട് അവർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആ കുടുംബാഗമാണ്. മരണപ്പെട്ടത് എന്റെ അമ്മയുടെ മുത്തച്ഛനാണ് എന്നു പറഞ്ഞു കൊണ്ട് അകത്തു നിന്നും തറവാടിന്റെ ചരിത്രമെഴുതിയ ഒരു പുസ്തകം ഞങ്ങൾക്ക് കാട്ടിത്തന്നു. ഒപ്പം മൺമറഞ്ഞു പോയ ചരിത്രങ്ങളും. വാമൊഴിയിലൂടെ അറിയപ്പെട്ടതുമായ കഥകൾ ഞങ്ങളുടെ മുമ്പിൽ നിരത്തി.
1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ച ജന്മി തറവാടായിരുന്നു ഇത്. മറ്റു ഈഴവ കുടുംബങ്ങളിലൊക്കെ മക്കത്തായം നിലനിന്നിരുന്നപ്പോൾ മരുമക്കത്തായം ആയിരുന്നു ഈ കുടുംബത്തിൽ നിലനിന്നിരുന്നത്. അതനുസരിച്ച് തറവാട്ടിലെ മുതിർന്ന പുരുഷൻ കാരണവരാകും. കാരണവരുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ കാരണവരാകും. തലമുറയിലെ പുരുഷന്മാരുടെ അഭാവത്തിൽ അവരുടെ മുത്ത സഹോദരിയുടെ മൂത്ത മകനായിരിക്കും കാരണവർ.
1807 ലാണ് ഇപ്പോൾ നിലവിലുള്ള എട്ടുകെട്ട് പണി കഴിപ്പിക്കുന്നത്. 1903- 1921 കാലയളവിൽ കൊച്ചു കുഞ്ഞു ചാന്നാൻ കാരണവരാകുന്നു. തറവാടു വകയായി കാറും കുതിരവണ്ടിയും ഉണ്ടായിരുന്ന ഇദ്ദേഹം സഞ്ചാരസ്വാതന്ത്യത്തിനായി സ്വന്തമായി റോഡു നിർമ്മിച്ചു യാത്ര ചെയ്ത ആളായിരുന്നു. ടൗൺ ഹാൾ മുതൽ ടാണാ പടി വരെ നിർമ്മിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. ഇദ്ദേഹമാണ് 1904 – 1906 കലയളവിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ആലുംമൂട്ടിൽ മേട പണി കഴിപ്പിച്ചത്. പരിശ്രമശാലിയായ ഇദ്ദേഹം തിരുവിതാംകൂർ പ്രജാസഭ മെമ്പറായിരുന്നു. എട്ടു കെട്ടിൽ സ്ത്രീകളും മേടയിൽ പുരുഷന്മാരുമാണ് താമസിച്ചിരുന്നത്. വാല്യക്കാർക്ക് പ്രത്യേകമായി സൗകര്യമൊരുക്കിയിരുന്നു.
ഈ കാലയളവിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കൾക്ക് ലഭിക്കേണ്ട സ്വത്തുക്കൾ കാരണവർ മക്കൾക്ക് നൽകി എന്ന വാർത്ത പരന്നു. മരുമക്കൾ അതിനെതിരെ ഗൂഢാലോചന നടത്തുകയും, സംഘം ചേർന്ന് മേടയിലെത്തിയ അവർ ആജാനുബാഹുവായ കൊച്ചു കുഞ്ഞു ചാന്നാനെ വെട്ടി കൊലപ്പെടുത്തി നിലവറയിലുള്ള പണ്ടവും പണവുമെല്ലാം കൈവശപ്പെടുത്തിയെന്നാണ് ചരിത്രം. രാജഭരണം നിലനിന്നിരുന്ന ആ കാലയളവിൽ പ്രതികളെല്ലാം പിടിക്കപ്പെട്ടു. കൂട്ടത്തിൽ ചാന്നാരുടെ അനന്തിരവനായ ശ്രീധരൻ കുറ്റമേൽക്കുകയും അദ്ദേഹത്തെ തൂക്കി കൊല്ലുകയും ചെയ്തു എന്നത് ചരിത്രം.
കൊലപാതകത്തിനു ശേഷം പ്രതാപൈശ്വര്യ ങ്ങളിൽ ജലിച്ചു നിന്ന മേട ക്രമേണ ഭയപ്പെടുത്തുന്ന പ്രേത ഭവനമായി മാറി. ആ അന്തരീക്ഷം ഉണർത്തി വിട്ട സങ്കല്ലപ്പങ്ങളാണ് ശ്രി.മധു മുട്ടത്തിനു മണിചിത്രത്താഴ് എന്ന മനോഹരമായ തിരക്കഥ എഴുതുന്നതിന് പ്രേരണയായത്.