എറണാകുളം അഥവാ കൊച്ചി എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെയുള്ളിൽ ഓടിവരുന്ന കാഴ്ച ഫ്ലാറ്റുകളും മെട്രോയും ലുലു മാളും തിരക്കേറിയ റോഡുംഒക്കെയായിരിക്കും. ഇത്രയും തിരക്കേറിയ ഈ നഗരത്തിൽ താമസിക്കുന്നവരുടെ കാര്യമോ? സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന ചൂടിനെ ചെറുക്കാൻ എസിയെത്തന്നെ ആശ്രയിക്കേണ്ടി വരുന്ന ഒരുകൂട്ടം ആളുകൾ. അൽപ്പം ശുദ്ധവായു ലഭിക്കണമെന്നുള്ള ആഗ്രഹങ്ങൾ ഉടലെടുക്കുമ്പോൾ ഇവിടത്തുകാർ മൂന്നാറോ അതിരപ്പിള്ളിയോ പോലുള്ള പ്രദേശങ്ങളിലേക്ക് പോകുകയാണ് പതിവ്. അല്ലാതെ വേറെ മാർഗ്ഗമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എറണാകുളം നഗരഹൃദയത്തിൽ താമസിക്കുന്ന പുരുഷോത്തമ കമ്മത്തിനും കുടുംബത്തിനും സിറ്റിയുടെ ചൂടും തിരക്കുകളും ഒച്ചപ്പാടുമൊന്നും ഒരു പ്രശ്‌നമേയല്ല. മറ്റൊന്നുമല്ല കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തമ്മനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ചുറ്റിനും ധാരാളം വൃക്ഷങ്ങളും ചെടികളുമെല്ലാം നട്ടുപിടിപ്പിച്ചിരിക്കുകയാണ് അവർ. ചുമ്മാ നട്ടുപിടിപ്പിക്കുക മാത്രമല്ല കാലാകാലങ്ങളായി അവർ അവിടെയൊരു ചെറിയ കാട് തന്നെ ഉണ്ടാക്കിയെടുത്തു എന്നുവേണമെങ്കിൽ പറയാം. രണ്ടേക്കറോളം സ്ഥലത്താണ് ഇവർ ഇത്തരത്തിൽ ഒരു മനോഹര ഭൂമി തയ്യാറാക്കിയിരിക്കുന്നത്. ആലുങ്കൽ ഫാം എന്നാണു ഈ ചെറു വനത്തിനു ഇവർ പേരിട്ടിരിക്കുന്നത്. അപൂർവ്വ ഇനം ഔഷധ സസ്യങ്ങൾ, ജന്മനക്ഷത്ര വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങി എല്ലാത്തരം സസ്യജാലങ്ങളും ഇവിടെയുണ്ട് എന്നറിയുമ്പോൾ ആരും ഒന്ന് അത്ഭുതപ്പെടും. സസ്യങ്ങൾക്ക് പുറമെ ധാരാളം പക്ഷികളും അണ്ണാൻ തുടങ്ങിയ കുഞ്ഞു മൃഗങ്ങളും ഇവിടെയുണ്ട്.
ധാരാളം വനസമ്പത്തുള്ളതിനാൽ കൊടുംചൂടിൽ നാടാകെ വലയുമ്പോഴും തമ്മനത്തുള്ള ആലുങ്കൽ ഫാമിൽ നല്ല തണുത്ത അന്തരീക്ഷമായിരിക്കും നമുക്ക് അനുഭവപ്പെടുക. ബാങ്ക് ജീവനക്കാരനായിരുന്ന പുരുഷോത്തമ കമ്മത്ത് 1984 ൽ സർവ്വീസിൽ നിന്നും വിരമിച്ചതോടെയാണ് കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ആലുങ്കൽ ഫാമിന്റെ തുടക്കമാകുന്നതും. എറണാകുളം പോലുള്ള വലിയ നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും സ്ഥലമുണ്ടായിട്ടും ഇങ്ങനെ കാട് വെച്ചുപിടിപ്പിക്കുന്നതിൽ നിന്നും ധാരാളം ആളുകൾ ഇവരെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചിരുന്നു. ഈ സ്ഥലത്ത് വല്ല ഫ്ലാറ്റും പണിത് വാടകയ്ക്ക് കൊടുത്തുകൂടെ എന്നുള്ള ചോദ്യങ്ങളൊക്കെ ഇവർ പാടെ അവഗണിക്കുകയായിരുന്നു. ഫലമോ ഫ്ലാറ്റുകളിലെ ആളുകൾ ശുദ്ധവായു ലഭിക്കുവാൻ നെട്ടോട്ടമോടുമ്പോൾ ഇവർക്ക് ഇവരുടെ വീടിന്റെ ഉമ്മറത്ത് ചുമ്മാ അങ്ങിരുന്നാൽ മതി.
സോഷ്യൽ മീഡിയയിൽ ആലുങ്കൽ ഫാമിനെക്കുറിച്ച് ധാരാളം വാർത്തകൾ വന്നതിനാൽ അത്യാവശ്യം പ്രശസ്തിയും നേടിയിരിക്കുന്നു ഇവിടം. ധാരാളമാളുകൾ ഇന്ന് ഫാം സന്ദര്ശിക്കുവാനായി എത്തുന്നുണ്ട്. പഠനത്തിനായുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇവിടം സന്ദർശിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാനും ഇവർ പ്രത്യേകിച്ച് ഫീസുകൾ ഒന്നും തന്നെ വാങ്ങുന്നില്ല. പിന്നെ സന്ദർശകർക്ക് വേണമെങ്കിൽ എന്തെങ്കിലും Donation ആയി നൽകാം. പക്ഷെ ആ തുക ഇവർ വിനിയോഗിക്കുന്നത് മരങ്ങൾ നട്ടുപിടിപ്പിക്കുവാനും പരിപാലിക്കുവാനുമൊക്കെയായിരിക്കും. ഫാം കൂടുതൽ മെച്ചപ്പെടുത്തി ആളുകൾക്ക് പ്രവേശന ഫീസ് ഒക്കെ വെച്ചുകൊണ്ട് ഒരു അഗ്രിക്കൾച്ചറൽ പാർക്ക് തുടങ്ങുവാൻ ഒക്കെ ഇവർക്ക് പ്ലാനുകൾ ഉണ്ടെന്ന് പുരുഷോത്തമ കമ്മത്തിന്റെ മകനും ഫാമിന്റെ ഇപ്പോഴത്തെ മേൽനോട്ടക്കാരനുമായ ആനന്ദ് പറയുന്നു.
ചെടികൾക്കും മരങ്ങൾക്കും പുറമെ വിവിധ തരത്തിലുള്ള കോഴികൾ, പശു തുടങ്ങിയവയെയും ഇവിടെ വളർത്തുന്നുണ്ട്. വിവിധ്ധ് തരത്തിലുള്ള കോഴിമുട്ടകൾ ഇവിടെ വിൽക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ തേനീച്ച കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. തേനെടുക്കുന്ന രീതിയൊക്കെ ഇവിടെ വന്നാൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഇവിടെ സന്ദർശിക്കുന്നവർക്ക് ഇവിടെ നിന്നും വൃക്ഷത്തൈകളൊക്കെ ചെറിയ വില കൊടുത്ത് വാങ്ങിക്കൊണ്ടു പോകുവാൻ സാധിക്കും. എറണാകുളം നഗരമധ്യത്തിൽ 2 ഏക്കർ വരുന്ന ഈ ഓർഗാനിക് ഫാം… ഇവിടം സ്വർഗ്ഗമാണ്. ഇവിടെ സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിളിക്കാം: 97450 07941.