കെഎസ്ആർടിസി ടിക്കറ്റ് വെറുമൊരു കടലാസ് അല്ല; പഴയതും പുതിയതുമായ ടിക്കറ്റുകളിലെ ചില വസ്തുതകൾ അറിഞ്ഞിരിക്കാം…

കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും. സ്ഥിരമായി യാത്ര ചെയ്യുന്നവർ അല്ലെങ്കിൽത്തന്നെ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സിൽ നാം യാത്ര ചെയ്തിട്ടുണ്ടാകും. കെഎസ്ആർടിസിയിൽ വന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിക്കറ്റുകളുടേത്. പണ്ടുകാലത്ത് പല കളറുകളോടു കൂടിയ, ധാരാളം അക്കങ്ങൾ കള്ളികളിലായി രേഖപ്പെടുത്തിയ ടിക്കറ്റുകൾ ആയിരുന്നു കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നത്.

അന്ന് മിക്കവർക്കും ഉണ്ടായിരുന്ന സംശയമായിരുന്നു എന്തിനാണ് ഇത്തരത്തിൽ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന്. യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുമ്പോൾ കണ്ടക്ടർ ചില കള്ളികളിലെ അക്കത്തിൽ പേന ഉപയോഗിച്ച് ഒരു ‘ടിക്’ ഇടുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെക്കുറിച്ചൊന്നും ഭൂരിഭാഗം യാത്രക്കാർക്കും ഇപ്പോഴും അറിവില്ല എന്നതാണ് സത്യം. അത്തരക്കാർക്കായി ഈ ‘ടിക്’ ഇടുന്ന പ്രക്രിയ എന്തിനാണെന്ന വിവരങ്ങൾ പങ്കുവെയ്ക്കുകയാണ്.

പഴയകാലത്തെ ടിക്കറ്റുകളിലെ അക്കങ്ങൾ ഓരോ ഫെയർ സ്റ്റേജുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഉദാഹരണമായി തിരുവല്ലയിൽ നിന്നും ആലപ്പുഴയിലേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി ബസ്സിനെ എടുക്കാം. തിരുവല്ല മുതൽ ആലപ്പുഴ വരെ 18 ഫെയർ സ്റ്റേജുകളാണുള്ളത്. തിരുവല്ലയിൽ നിന്നും 1 – തിരുവല്ല, 2 – കാവുംഭാഗം, എന്നിങ്ങനെ 18 – ആലപ്പുഴ വരെ കൃത്യമായ നമ്പറുകളിട്ട് ഫെയർ സ്റ്റേജ് നിജപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലയിൽ നിന്നും ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റിൽ 1 എന്ന അക്കം കണ്ടക്ടർ അടയാളപ്പെടുത്തും. ഇതിനർത്ഥം ഒന്നാമത്തെ ഫെയർ സ്റ്റേജായ തിരുവല്ലയിൽ നിന്നുമാണ് യാത്രക്കാരൻ കയറിയത് എന്നാണ്. അവിടുന്ന് ടിക്കറ്റ് തുകയ്ക്കുള്ള ഫെയർ സ്റ്റേജ് വരെ ആ യാത്രക്കാരന് ബസ്സിൽ സഞ്ചരിക്കാം. അതിനു ശേഷവും യാത്ര തുടർന്നാൽ കണ്ടക്ടർ അവരെ കയ്യോടെ പൊക്കും. ഇപ്പോൾ മനസ്സിലായില്ലേ പഴയ ടിക്കറ്റുകളിൽ എന്തുകൊണ്ടാണ് വിവിധ കള്ളികളിലായി അക്കങ്ങൾ ഉള്ളതെന്നും അവയിൽ കണ്ടക്ടർമാർ മാർക്ക് ചെയ്യുന്നതെന്നും.

കാലാകാലങ്ങളായി കെഎസ്ആർടിസിയിൽ വന്ന പരിഷ്‌ക്കാരങ്ങളിൽ ടിക്കറ്റും അടിമുടി മാറി. പഴയ വർണ്ണക്കടലാസ് ടിക്കറ്റ് മാറി ഇലക്ട്രോണിക് മെഷീനിൽ കൊടുക്കാവുന്ന ടിക്കറ്റുകൾ നിലവിൽ വന്നു. പുതിയ ഇത്തരം ടിക്കറ്റുകളിൽ മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി കുറച്ചധികം വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയെന്നു ഒന്നു നോക്കാം.

മുകളിൽ കൊടുത്തിരിക്കുന്ന കെഎസ്ആർടിസി ടിക്കറ്റിൽ Kerala State RTC എന്നതിനു താഴെ ‘എറണാകുളം’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ആ ബസ് ഏതു ഡിപ്പോയിലേതെന്ന വിവരമാണ്. അതിനു താഴെയായി ഇടതുവശത്തു ടിക്കറ്റ് നമ്പറും വലതുവശത്തായി സമയവും തീയതിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനുതാഴെയായി SDLX എന്നത് പ്രസ്തുത ബസ് ഏതു വിഭാഗത്തിൽ പെട്ടതാണെന്നുള്ളതാണ്. ഇവിടെ കൊടുത്തിരിക്കുന്ന ടിക്കറ്റിൽ SLDX എന്നത് സൂപ്പർ ഡീലക്സ് എന്ന കാറ്റഗറിയെയാണ് കാണിക്കുന്നത്. RSC 679 എന്നത് ബസ്സിന്റെ ബോണറ്റ് നമ്പറാണ്. കെഎസ്ആർടിസി ബസ്സുകളെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കുന്നവയാണ് ബോണറ്റ് നമ്പറുകൾ.

ഇനി അതിനെല്ലാം താഴെ കൊടുത്തിരിക്കുന്നത് ( BGLR – KKD, ബെംഗളൂരു – കോഴിക്കോട്) യാത്രക്കാരൻ സഞ്ചരിക്കുന്ന റൂട്ടാണ്. അതായത് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് വരെ യാത്രക്കാരന് ബസ്സിൽ യാത്ര ചെയ്യാം. അതിനു താഴെയായി സെസ്സ് ഇൻഷുറൻസ്, ടിക്കറ്റ് ഫുൾ ആണോ ഹാഫ് ആണോ എന്നുള്ള വിവരങ്ങൾ, എടുക്കുന്ന ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റ് തുക എന്നിവ കാണാം. ടിക്കറ്റ് തുകയ്ക്ക് താഴെയായി 016 ൽ അവസാനിക്കുന്ന നമ്പർ കണ്ടക്ടറുടെ കൈയ്യിലുള്ള പ്രസ്തുത ബസിന്റെ സർവ്വീസ് ഓപ്പറേഷന്റെ ആധികാരിക രേഖയായ വേ ബില്ലിന്റെ നമ്പറാണ്. തുടർന്നുള്ള 956121 എന്നത് കണ്ടക്ടറുടെ ഐഡി നമ്പറും, 280443 എന്നത് ഡ്രൈവറുടെ ഐഡി നമ്പറുമാണ്. അതിനു വലതുവശത്തുള്ള 0561651 എന്നത് ഈ ടിക്കറ്റ് പ്രിൻറ് ചെയ്‌തു തന്ന ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനിന്റെ നമ്പറാണ്. ടിക്കറ്റിന്റെ താഴെ കെഎസ്ആർടിസി ഹെൽപ് ലൈനിന്റെ നമ്പറും ചേർത്തിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ യാത്രക്കാർക്ക് ഉപകാരപ്രദമായ പല വിവരങ്ങളും പുതിയ ഇലക്ട്രോണിക് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു സാരം. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ ബസ് യാത്ര കഴിഞ്ഞാലോ അതിനിടയിലോ ഒക്കെ ടിക്കറ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതു കാണാം. എന്നാൽ യാത്രയ്ക്കു ശേഷവും ഒരു ദിവസത്തേക്കെങ്കിലും ടിക്കറ്റുകൾ സൂക്ഷിച്ചു വെക്കുന്നത് നല്ലതാണ്. കാരണം ബസ് യാത്രയ്ക്കിടയിൽ നമ്മുടെ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെട്ടാൽ, പരാതിപ്പെടുവാനും അവ തിരികെ ലഭിക്കുന്നതിനുമൊക്കെ നമ്മൾ യാത്ര ചെയ്ത ബസിന്റെ വിശദവിവരങ്ങൾ ആവശ്യമാണ്. ടിക്കറ്റ് ഉണ്ടെങ്കിൽ ബസ്സും, റൂട്ടും, ജീവനക്കാരെയുമൊക്കെ എളുപ്പത്തിൽ കണ്ടെത്തുവാൻ സാധിക്കും. അതുകൊണ്ട് ടിക്കറ്റ് സൂക്ഷിക്കുക. ആവശ്യപ്പെടുമ്പോൾ കാണിക്കുക. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക.

Ref : KSRTC pathanamthitta, ഫെയർ സ്റ്റേജ് വിവരങ്ങൾക്ക് കടപ്പാട് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ).