ആമസോൺ കമ്പനിയെക്കൊണ്ട് KSRTC മാപ്പു പറയിച്ച ചരിത്രം കേട്ടിട്ടുണ്ടോ?

ആമസോൺ – പഠിച്ചിരുന്ന കാലത്ത് ഈ പേര് കേട്ടാൽ നമ്മളൊക്കെ ഓർക്കുന്നത് തെക്കേ അമേരിക്കയിലെ പ്രശസ്തമായ നദിയെക്കുറിച്ചായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൊന്നായിട്ടാണ് ‘ആമസോൺ’ കൂടുതൽ പ്രശസ്തി നേടിയിരിക്കുന്നത്.

ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി 1995 ജൂലൈ 16-നാണ്‌ പുസ്തകവില്പ്പന തുടങ്ങിയത്. ഇന്റർനെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോൺ.കോം. പിൽക്കാലത്ത് ഇന്ത്യയിലും ആമസോൺ തങ്ങളുടേതായ ഒരു കുത്തക ഉണ്ടാക്കിയെടുത്തു എന്നുവേണം പറയുവാൻ. എന്നാൽ ഇത്രയും ഭീമനായ ആമസോൺ കമ്പനി മുട്ടുകുത്തിയ ഒരു സംഭവമുണ്ടായിട്ടുണ്ട്. അതും നമ്മുടെ കെഎസ്ആർടിസിയുടെ മുന്നിൽ.. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കെഎസ്ആർടിസി ആരാധകരുടെ മുന്നിൽ.

സംഭവം ഇങ്ങനെ. ഇന്ത്യൻ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാർട്ടിനോടൊപ്പമുള്ള മത്സരത്തിനിടെ ആമസോൺ കമ്പനി രാജ്യത്തെമ്പാടും വമ്പൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. വളരെ പണം മുടക്കിയാണ് ഇന്തരത്തിൽ ബോർഡുകൾ കമ്പനി സ്ഥാപിച്ചത്. എന്നാൽ ബെംഗളൂരു നഗരത്തിൽ വന്ന ഒരു ബോർഡ് ആയിരുന്നു ആമസോൺ കമ്പനിയെ വെട്ടിലാക്കിയത്.

കുറെ ആളുകൾ ചേർന്ന് കേടായ ഒരു കെഎസ്ആർടിസി (കേരള ആർടിസി) സൂപ്പർഫാസ്റ്റ് ബസ് തള്ളുന്നതായിരുന്നു ആമസോൺ പരസ്യത്തിലെ ദൃശ്യം. ‘We Indians love helping’ എന്നു തലക്കെട്ട് നൽകിയ ഈ പരസ്യ ബോർഡ് ആളുകൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. എന്നാൽ കെഎസ്ആർടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി ബ്ലോഗിലെ ബെംഗളൂരുവിലുള്ള അംഗങ്ങൾ ഇതു കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ആനവണ്ടി പ്രേമിയും ബെംഗളൂരുവിൽ ജോലി ചെയ്യുന്നതുമായ ഈരാറ്റുപേട്ട സ്വദേശി ജോസ് എഫ്. സ്‌കറിയയാണ് ഈ പരസ്യ ബോർഡിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് രോഷം പങ്കുവെച്ചത്. ചിത്രം ആനവണ്ടി ബ്ലോഗിൽ വന്നതോടെ കെഎസ്ആർടിസിയെ സ്നേഹിക്കുന്ന നിരവധി മലയാളികൾ രോഷപ്രകടനവുമായി രംഗത്തെത്തി. മലയാളികളുടെ അഭിമാനമായ കെഎസ്ആർടിസി ബസ്സിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു ചിത്രമെന്നാണ് എല്ലാവരും ആരോപണമുയർത്തിയത്.

ഇതിനിടെ കെഎസ്ആർടിസി അധികൃതരും പരസ്യത്തിനെതിരെ തിരിഞ്ഞു. പരസ്യ ചിത്രീകരണത്തിനായി ബസ് വാടകയ്ക്ക് കൊടുത്തത് കെഎസ്ആർടിസിയുടെ അറിവോടെ ആയിരുന്നെങ്കിലും തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നു പരസ്യ ചിത്രീകരണമെന്നു അപ്പോൾ അറിഞ്ഞിരുന്നില്ലെന്ന് അന്നത്തെ എംഡിയായിരുന്ന ശ്രീ. ആന്റണി ചാക്കോ പറഞ്ഞു.

സംഭവം ഫേസ്‌ബുക്കിൽ വൈറൽ ആയതോടെ കെഎസ്ആർടിസി പ്രേമികൾ കൂട്ടത്തോടെ ആമസോണിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല ആരംഭിച്ചു. ഒപ്പംതന്നെ പ്രോഡക്ട് റിവ്യൂകളിലും ഈ സംഭവത്തെക്കുറിച്ചുള്ള രോഷപ്രകടനം ആളുകൾ പങ്കുവെക്കുവാൻ തുടങ്ങി. ഇതും പോരാഞ്ഞു ഗൂഗിൾ പ്ളേ സ്റ്റോറിലെ ആമസോൺ ആപ്പിന്റെ റേറ്റിങ് എല്ലാവരും ചേർന്ന് കുത്തനെ കുറച്ചു. പ്ളേസ്റ്റോറിലും നെഗറ്റിവ് റിവ്യൂകൾ കൊണ്ട് നിറയുവാൻ തുടങ്ങി.

ആദ്യമൊക്കെ പ്രതിഷേധങ്ങൾ നിസ്സാരമായി തള്ളിക്കളഞ്ഞ കമ്പനി പിന്നീട് മലയാളികളുടെ ഈ ‘പൊങ്കാല’ കാര്യമായി തന്നെയെടുക്കുകയാണുണ്ടായത്. തങ്ങൾ വേണ്ടപ്പെട്ടവരെ ഈ പ്രശ്നം അറിയിക്കുകയും പരിഹാരം കാണുകയും ചെയ്യാമെന്നു പൊങ്കാലകൾക്ക് ആമസോൺ മറുപടി നൽകിത്തുടങ്ങി. എന്നാൽ ഇതിലൊന്നും തിരുന്നതായിരുന്നില്ല മലയാളികളുടെ രോഷം. അവസാനം ഗത്യന്തരമില്ലാതെ കെഎസ്ആർടിസിയെ അപമാനിച്ച ഈ സംഭവത്തിൽ ആമസോൺ ഇന്ത്യയുടെ ഒഫീഷ്യൽ പേജിൽ കമ്പനി എല്ലാവരോടുമായി മാപ്പ് ചോദിച്ചു. ഒപ്പംതന്നെ വിവാദമായ ആ പരസ്യ ബോർഡ് മുഴുവനായി നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവം അന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒരു വാർത്തയുടെ ലിങ്ക് – indiatimes.com.

സച്ചിനെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവ, ബ്രിട്ടീഷ് എയർവേയ്‌സ്, പാക്കിസ്ഥാൻ പട്ടാള ജനറൽ തുടങ്ങിയവരെ പൊങ്കാലയിട്ടു തോൽപിച്ച ചരിത്രമുള്ള മലയാളികളുടെ മുന്നിൽ ആമസോൺ പോലുള്ള കമ്പനികൾ ഒന്നുമല്ലെന്ന് ഇതോടെ തെളിഞ്ഞു. കെഎസ്ആർടിസിയ്ക്ക് കുറവുകളും കുറ്റങ്ങളും ഒക്കെയുണ്ടെങ്കിലും എന്തെങ്കിലും ഒരാപത്തു വന്നാൽ തങ്ങളെ രക്ഷിക്കുവാൻ കെഎസ്ആർടിസി ഉണ്ടാകും എന്ന തിരിച്ചറിവുകൾ കൊണ്ടാണ് മലയാളികൾക്ക് ഈ സംഭവത്തിൽ ഇത്രയേറെ പ്രതികരിക്കുവാൻ കാരണം. അല്ലെങ്കിലും കെഎസ്ആർടിസി എന്നത് മലയാളികളുടെ ഒരു നൊസ്റ്റാൾജിയയും അഭിമാനവുമൊക്കെയാണല്ലോ.