വിവരണം – Aswathy Kuruvelil.
അമ്പനാട്, പലരും പറഞ്ഞുകേട്ട പ്രകൃതിയുടെ വരദാനം. പോയവരുടെ വിശേഷങ്ങിലൂടെ ഞാൻ കാണാതെ കണ്ട സ്ഥലം. പതിയെ അതെന്റെ മോഹത്തിന്റെ ചിറകിലേറി.. ദിനംപ്രതി മോഹത്തിന്റെ ചിറകുകൾ അനങ്ങാൻ തുടങ്ങി. Chase Your Dreams എന്നാണല്ലോ! അങ്ങനെ അമ്പനാട് വിവരണങ്ങളിലേക്കും അവിടത്തെ കാഴ്ചകളിലേക്കും എന്റെ കണ്ണുകൾ തിരിഞ്ഞു.. അതുവഴി ഞാനറിഞ്ഞു, കൊല്ലം ജില്ലയുടെ മൂന്നാറാണ് അമ്പനാടെന്ന് .
തേയിലത്തോട്ടങ്ങൾ പരതി മൂന്നാർ മലനിരകൾ കയറിയപ്പോഴും ഇവിടെ എന്റെ നാട്ടിൽ, എന്റെ തൊട്ടടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിവില്ലായിരുന്നു.. പുനലൂരിൽ നിന്നും ഏകദേശം 40 KM അകലെയാണ് ഈ കിഴക്കൻ മലനിരകൾ.. പ്രകൃതി ഭംഗിയാലും തണുപ്പേറിയ കാലാവസ്ഥയാലും വിവിധ സസ്യ-ജന്തുജാല വൈവിധ്യങ്ങളാലും അമ്പനാട് കൊല്ലംകാരുടെ ചെറിയൊരു മൂന്നാർ എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.. അത്ര മാത്രം കാഴ്ചകളുടെ കലവറയാണിവിടം.. കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടവും ഇതുതന്നെ!
സഹ്യനും അച്ചൻകോവിൽ കാടുകളും ചുറ്റും കോട്ട പോലെ സംരക്ഷിക്കുന്ന ഇവിടം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റടിന്റെ അധീനതയിലാണ്.. തേയിലചെടികൾക്കി ടയിൽ ജാതി മരങ്ങളും ഗ്രാമ്പുവും ഓറഞ്ചും സപ്പോട്ടയുമടക്കം പല കായ്മരങ്ങളും വളർന്നുവിളഞ്ഞു നിൽക്കുന്നു. കുടമുട്ടി വെള്ളച്ചാട്ടവും ബ്രിട്ടീഷ്കാരുടെ കാലത്ത് പണിത ബംഗ്ലാവുകളും തേയില ഫാക്ടറിയും വ്യു പോയിന്റുകളും എല്ലാം ഇവിടെയെത്തുവർക്ക് നല്ല കാഴ്ചാനുഭൂതി പകർന്നുതരും.
അമ്പനാട് യാത്ര മനസ്സിൽ വന്നപ്പോൾ തന്നെ സ്ഥിരം യാത്രാസംഘത്തെ വിളിച്ചു.. പലരും പലവിധ തിരക്കുകളിൽ.. ഒടുവിൽ ഗ്രൂപ്പിൽ 6പേര് അവശേഷിച്ചു.. അനിയത്തിയോട് ഒരു സർപ്രൈസ് യാത്ര ഉണ്ട് എന്ന് പറഞ്ഞു അവളെയും കൂട്ടി.. രാവിലെ കൊട്ടാരക്കര എത്തിയപ്പോൾ കുറവൻതാവളം -മാമ്പഴത്തറ വഴി പോയാലോ എന്നുള്ള അജുവിന്റെ ചോദ്യത്തോട് ഞങ്ങളും യോജിച്ചു… മുൻപ് ഒരിക്കൽ ആ വഴി ഒരു യാത്ര ആഗ്രഹിച്ചതാണ്.. എന്തായാലും രണ്ടും ഒരു യാത്രയിൽ നടക്കുമല്ലോ എന്ന ആവേശത്തിന് അധികമായുസ്സുണ്ടായില്ല.
കൊട്ടാരക്കരയിൽ നിന്നും നേരെ പത്തനാപുരം വഴി ചാലിയക്കര റൂട്ട് പിടിച്ചു. വഴിയിൽ പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു. അവിടെ, കൂട്ടത്തിലെ ചെക്കന്മാർ ഞങ്ങളെ ചെറുതായി പോസ്റ്റാക്കി, ശേഷം യാത്ര തുടർന്നു.. ചാലിയക്കര അടുക്കും തോറും കൂടുതൽ റബ്ബർ മരങ്ങൾ നിറഞ്ഞ തണൽ വഴികൾ ആയി.. വളരെ ആസ്വദിച്ച വഴികൾ ആയിരുന്നു ചാലിയക്കര -മാമ്പഴത്തറ-കുറവൻതാവളം റൂട്ട്… റോഡിൽ തീരെ തിരക്ക് ഉണ്ടാരുന്നില്ല.. റബ്ബർതോട്ടങ്ങളും തൊഴിലാളി ലയങ്ങളും നിറഞ്ഞ വഴികൾ… പലയിടത്തും തമിഴ് കലർന്ന മലയാളം പറയുന്ന ആളുകൾ..
മാമ്പഴത്തറ കഴിഞ്ഞതോടെ റോഡിന് ക്ഷീണം കണ്ടുതുടങ്ങി.. ചില സ്ഥലത്ത് ടാറിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. എങ്കിലും മെറ്റൽ കഷ്ണങ്ങൾ നിരത്തിയ വഴിയേ പോകാൻ വണ്ടി നന്നേ ബുദ്ധിമുട്ടി.. ഇടക്ക് ഒരു പാലം കണ്ടപ്പോൾ വണ്ടി നിർത്തി നേരെ ആറ്റിലേക്ക് നീങ്ങി. അച്ചൻകോവിലാറാണ്. ആറെന്നു പേര് മാത്രേ ഉള്ളു, മുട്ടോളം മാത്രം വെള്ളം. നല്ല ഉരുളൻ കല്ലുകൾ വിവിധ നിറങ്ങളിൽ പരന്നു കിടക്കുന്ന തെളിഞ്ഞ വെള്ളം. ആറിന് മുകളിൽ പഴകിയ ദ്രവിച്ച ഒരു തൂക്കു പാലം കാണാം.
മറുകരയിൽ കുറെ പീക്കിരി പിള്ളേരുടെ നേതൃത്വത്തിൽ മീൻ പിടുത്തം പൊടി പൊടിക്കുന്നു.. വെള്ളത്തിലെ അലമ്പും ഫോട്ടം പിടുത്തവും എല്ലാം കഴിഞ്ഞു നേരെ പീക്കിരിസിന്റെ അടുത്തേക്ക് പോയി. അവരുടെ മീൻപിടുത്ത കാഴ്ചകൾ ആസ്വദിച്ചുനിന്നു. കല്ലേമുട്ടി എന്നോ മറ്റൊ പേരോട് കൂടിയ മീനുകൾ ആണ് അധികവും. ഒപ്പം നമ്മുടെ മാനത്തു കണ്ണിയെന്ന മീനും.. ആ കാഴ്ചകൾ കണ്ടിരിക്കേ ഓർമ്മകൾ കുറച്ചു പുറകിലേലേക്ക് പോയി.. അവധിക്കാലത്തു പിള്ളേരെല്ലാം കൂടി വയലിലും തോട്ടിലും നടന്നു പൊത്തലിനെ പിടിക്കുന്നതും വൈകുന്നേരം മനസില്ലാ മനസോടെ അവയെ തിരികെ കൊണ്ട് വിടുന്നതും എല്ലാം ഓർത്തു..
അച്ചാമ്മ യുടെ വെള്ള തോർത്ത് മുണ്ടിൽ ചെളിപിടിപ്പിച്ചുള്ള തിരികെ വരവും അത് കണ്ട് അച്ചാമ്മ വീടിനു ചുറ്റും ഓടിപ്പിച്ചതും എല്ലാം ഇന്ന് ഓർമ്മയിലെ ഒരേടു മാത്രം. ഇന്നിപ്പോ ഓടിക്കാൻ അച്ചാമ്മയും ഇല്ല, ഈരെഴത്തോർത്തിൽ വീഴുന്ന മീനും ഇല്ല. തോടാണെങ്കിൽ ഭൂതകാല സ്മരണകളിൽ ഒരു നൂൽപ്പുഴ പോലെ ഒഴുകുന്നു.. നാളെ അതും വിസ്മൃതിയിൽ ആയേക്കാം… മീൻപിടുത്തക്കാരുടെ കൂടെ നിന്നു ഫോട്ടോ എടുത്ത് ഞങ്ങൾ യാത്ര പുനരാരംഭിച്ചു..
നാട്ടുവഴികളും ഗ്രാമീണ ഭംഗിയും എല്ലാം ആസ്വദിച്ചു പോകുന്നതിനിടയിൽ എന്റെ വണ്ടിയുടെ മുൻപിലേക് എന്തോ ഇഴഞ്ഞടുത്തു.. ഭാഗ്യത്തിന് അതിന്റെ മേലെ വണ്ടി കയറിയില്ല. രാജവെമ്പാല ആയിരുന്നു എന്ന് പിറകെ വന്നവർ തള്ളിയെങ്കിലും അതൊരു പാവം മഞ്ഞച്ചേര ആയിരുന്നു. നന്നായി ഭയന്നു പോയതിനാൽ വീണ്ടും വണ്ടി എടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു. ശേഷം ലക്ഷ്യം തുടർന്നു.
വന്ന വഴി പലയിടത്തും കാഴ്ചകൾ കണ്ടും ചിത്രമെടുത്തും നിന്നതിനാൽ, അമ്പനാട് എത്തിയപ്പോൾ ഉച്ച ആകാറായി. അമ്പനാട് ഹെയർപിൻ തുടങ്ങിയപ്പോൾ തന്നെ നല്ല തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങി.. ഉച്ചവെയിലിന്റെ ചൂടിലും തണുപ്പിന്റെ കരനാളങ്ങൾ എന്നിലെ ആനന്ദത്തെ ആലിംഗനം ചെയ്തു. പതിവിലേറെ ഞാൻ സന്തോഷവതിയായി. തേയിലതോട്ടങ്ങൾക്കിടയിലൂടെ ആസ്വദിച്ചു ഞങ്ങൾ മുകളിലെത്തി. കൂടെ വന്ന സാദത്തിക്കയും അനന്തുവും അവിടെ ഞങ്ങൾക്ക് മുൻപേ എത്തിച്ചേർന്നിരുന്നു, കൂടാതെ മറ്റു ചിലരും വന്നെത്തിയിട്ടുണ്ട്.
ആളുകളുടെ ബാഹുല്യം കൂടിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ ഒന്ന് മടിച്ചെങ്കിലും ഞങ്ങളുടെ മോഹം തിരിച്ചറിഞ്ഞ് ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടു . എസ്റ്റേറ്റ് കാഴ്ചകൾ കണ്ടു ഞങ്ങൾ വ്യു പോയിന്റിൽ എത്തി.. ആ കാഴ്ചകൾ വർണ്ണിക്കാനാവില്ല. കണ്ടു അനുഭവിക്കേണ്ടതാണ്. കുറേ സമയം അവിടെ ചിലവിട്ടതിന് ശേഷം മനസ്സില്ലാ മനസ്സോടെ തിരികെയിറങ്ങി. അച്ചൻകോവിൽ വഴി തിരികെ പോരാൻ ആലോചിച്ചപ്പോൾ പലരും പറഞ്ഞു റോഡ് തീരെ മോശം ആണെന്ന്. ഡിയോയിൽ ഉള്ള വിശ്വാസത്തിന്റെ പുറത്ത്ആ വഴി തന്നെ തിരിച്ചു ഇറങ്ങാമെന്നു തീരുമാനിച്ചു.. പല സ്ഥലത്തും വണ്ടി വീഴുന്ന നിലവരെയുണ്ടായി. എങ്കിലും സഹയാത്രികർ വണ്ടി ഉന്തിത്തന്നതിനാൽ അധികം പ്രശ്നമുണ്ടായില്ല.
കാട്ടു വഴികൾ തുടങ്ങി, പലയിടത്തും അധികം പഴക്കമില്ലാത്ത ആനപിണ്ഡങ്ങൾ.. അവ എന്നിൽ ഉൾഭയം ഉണ്ടാക്കിയെങ്കിലും പുറത്തുകാട്ടിയില്ല.. ഞാനതെല്ലാം ആസ്വദിച്ച് യാത്ര ചെയ്തു. ഓരോ യാത്രകളിലും കാട് എന്നെ ‘ വീണ്ടും ഭ്രമിപ്പിക്കുകയാണ്, പതിവിൽ കൂടുതൽ ആവേശത്തോടെ. വിവിധ ഋതു ഭാവങ്ങളിൽ കാടിന് എന്നും വേറിട്ട ഭംഗിയാണ്. മഴക്കാലത്ത് അവ വല്ലാത്തൊരു മാസ്മരിക സൗന്ദര്യം കൈവരിക്കുമെന്നു തോന്നാറുണ്ട്.! കാട്ടരുവികളിൽ വണ്ടി നിർത്തി തണുത്ത തെളിനീരിൽ മുഖം കഴുകിയതോടെ അതുവരെയുള്ള യാത്രാ ക്ഷീണം പമ്പ കടന്നു..
അച്ചൻകോവിൽ അടുക്കാറായപ്പോൾ, ജെല്ലിക്കെട്ടിനെ അവിസ്മരിപ്പിക്കുന്ന തരത്തിൽ ഒരു കാള കുത്താൻ പാഞ്ഞു വന്നത് മറക്കാൻ ആവില്ല. പ്രാണരക്ഷാർത്ഥം ഞങ്ങൾ പാഞ്ഞു പോയതിനാൽ മറ്റൊന്നും സംഭവിച്ചില്ല..ചുമല കണ്ടാൽ കാളക്ക് വെകളി പിടിക്കുമെന്നു ഒന്നൂടെ തെളിയിച്ചിരിക്കുന്നു. അച്ചൻകോവിലിലെത്തി. പിന്നീടുള്ള വഴികൾ എനിക്ക് പരിചിതമായിരുന്നു. മുൻപൊരുനാൾ തിരുമലക്കോവിൽ യാത്രയിൽ ഈ വഴി വന്നിരുന്നു.. ഭക്ഷണം കഴിച്ചു കാട്ടു വഴികളിലൂടെ വീണ്ടും യാത്ര തുടർന്നു.. മറക്കാനാകാത്ത ഒരു പിടി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ഒരു യാത്ര കൂടി എന്റെ ഓ ർമ്മകളിലേക്ക് വന്നുകയറി. ഇനിയുള്ള ഓരോ ദിനവും ഇതുപോലെ നല്ല ഓർമ്മകൾ സമ്മാനിക്കുന്നതാകട്ടെ…!!!
2 comments
Superb
പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ ഇവിടേയ്ക്ക് പോയാലോ എന്ന് തോന്നുന്നു. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടുതലായി അറിയണമെന്നുണ്ട്
1. ഒറ്റയ്ക്ക് പോകുവാൻ പറ്റുന്ന സ്ഥലമാണോ
2. എസ്റ്റേറ്റിൽ കയറുവാൻ നേരത്തെ പെർമിഷൻ ആവശ്യമാണോ
3. ഭക്ഷണം കരുതേണ്ടതുണ്ടോ