സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചരിച്ചിട്ടുള്ള അംബാസിഡർ കാറുകളുടെ കഥ..

ഒരു കാലത്ത് ഇന്ത്യയുടെ മുഖമായിരുന്നു അംബാസിഡര്‍ കാറുകള്‍. ഭരണാധികാരികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും വർഷങ്ങൾക്ക് മുൻപ് യാത്രക്കായി ഉപയോഗിച്ചിരുന്നത് ഈ കാറുകളായിരുന്നു. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസിഡര്‍ കാര്‍. ഇക്കാരണത്താൽ ഇന്ത്യന്‍ അധികാര കേന്ദ്രത്തിന്റെ പ്രതീകമായാണ് അംബാസിഡര്‍കാറിനെ ജനങ്ങള്‍ കണ്ടത്. കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസിഡര്‍ കണക്കാക്കപ്പെടുന്നു.

മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകിയിരുന്ന അംബാസിഡര്‍ ടാക്‌സി ഡ്രൈവര്‍മാരുടെയും സാധാരണക്കാരുടെയും ഇഷ്ടവാഹനമായിരുന്നു. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചച്ചിട്ടുള്ള ഒരേ ഒരു കാറുo അംബാസിഡര്‍ മാത്രമാണ്. 1957 മുതൽ 1987 വരെ അംബാസിഡറിനു വിപണിയിൽ വലിയ എതിരാളികളെ ഇല്ലായിരുന്നു. സാങ്കേതിക വിദ്യ മാറ്റമില്ലാതെ തുടർന്നപ്പോഴും ഹിന്ദുസ്ഥാൻ മോട്ടോർസ് Mark – II – III – IV തുടങ്ങിയ മോഡലുകൾ ഇറക്കിയിരുന്നു…ബോഡിയിൽ ചില മാറ്റങ്ങൾ വരുത്തുമെന്നല്ലാതെ അകത്തുള്ളതെല്ലാം പഴയ സാങ്കേതിക വിദ്യകൾ തന്നെയായിരുന്നു. ബുക്ക് ചെയ്ത് ഒന്നോ, രണ്ടോ വര്‍ഷം കാത്തിരുന്നാലാണ് കാര്‍ എത്തുക. ബുക്കിംഗാകട്ടെ വളരെ പരിമിതവും.

രാവിലെ ബോണറ്റ് തുറന്നുവച്ച് റേഡിയേറ്ററിൽ വെള്ളമൊഴിച്ച്, ബാറ്ററിയൊക്കെ നോക്കി, ടയറുകളിലെ വായു മർദ്ദം പരിശോധിച്ച് ഓടുന്ന അംബാസിഡര്‍ കാറുകളുടെ ആധുനികവൽക്കരണം നിലച്ചു പോയി. അല്ലെങ്കിൽ റോയൽ എൻഫീൽഡിനെ പോലെ ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡ് ആയി റോഡിലൂടെ തലങ്ങും വിലങ്ങും ചീറിപായുമായിരുന്നു. 1980 വരെ അംബാസഡർ മേധാവിത്തം തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെയാണ് അംബാസിഡര്‍ കാറുകളുടെ പ്രതാപം മങ്ങി തുടങ്ങിയത്. തൊണ്ണൂറുകളോടെ കാര്‍ വിപണിയിലേക്ക് വിദേശ കാറുകള്‍ കൂടി നിരന്നപ്പോള്‍ അംബാസിഡര്‍ കാറുകള്‍ക്ക് ആവശ്യക്കാരില്ലാതെയായി.

ആദ്യ കാലത്ത് പെട്രോൾ ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് പെട്രോളിനു പുറമേ ഡീസലിലും എൽ.പി.ജി.യിലും ലഭ്യമായി. അംബാസഡർ ആയിരുന്നു 1990 ൽ ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ 1800 cc പെട്രോൾ എൻജിൻ ഘടിപ്പിച്ച ഏക കാർ. ബി.ബി.സി.യുടെ ഓട്ടോമൊബീൽ ഷോ “ടോപ് ഗിയർ” 2013 ജൂലൈ മാസം സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതൊന്നും കമ്പനിക്ക് രക്ഷയായില്ല. മുന്‍ നിര വിദേശകാറുകളോട് മത്സരിക്കാനാകാതെയാണ് ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.

1980 കളിൽ 24,000 യൂണിറ്റ് നിർമിച്ചിരുന്നത് 2013-14 ൽ 2500 യൂണിറ്റായി വിൽപന കുറഞ്ഞിരുന്നു. 2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംമ്പാസഡർ കാറിന്റെ ഉല്പാദനം പൂർണ്ണമായും നിലച്ചു.

Hindusthan Motors – സി.എം ബിർളയാണ് 1942 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് (H.M) സ്ഥാപിച്ചത്..ഗുജറാത്തിൽ പോർട്ട് ഒക്കയിൽ പാസ്സഞ്ചർ കാറുകൾ അസംബ്ലി ചെയ്യാനായി അദ്ദേഹം ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ചു. ഇവിടെ നിന്നാണ് അംബാസഡർന്റെ പൂർവികർ നിർമ്മിക്കപ്പെട്ടത്. കാറുകൾ ലോക്കലായി അസംബ്ലി ചെയ്തിറക്കുന്നതിനായി ശ്രമം. അതിനായി മോറിസ് – 10 സീരീസ് അസംബ്ലി കിറ്റുകൾ ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയിൽ ഹിന്ദുസ്ഥാൻ – 10 എന്ന പേരിൽ അസംബ്ലി ചൈയ്തു വിറ്റു. എൻജിൻ 1140 cc 37 bhp @ 4600 rpm മാക്സിമം സ്പീഡ് 100 kmph. മോറിസ് -14 നെ അടിസ്ഥാനമാക്കി പുതിയ മോഡൽ അടുത്ത വർഷം തന്നെ ഇറക്കി അതാണ് ഹിന്ദുസ്ഥാൻ – 14 ഇതിനെ ബേബി ഹിന്ദുസ്ഥാൻ എന്ന പേരിലും അറിയപ്പെട്ടു. 1954 ആയപ്പോൾ പരിഷ്കരിച്ച പുതിയ മോഡൽ ഇറക്കണമെന്നു കമ്പനി തീരുമാനിച്ചു..അങ്ങിനെ മോറിസ് ഓസ്‌ഫോർഡ് III ഇന്ത്യയിൽ ഹിന്ദുസ്ഥാൻ ലാൻഡ് മാസ്റ്റർ ആയി.പുറത്തിറങ്ങി. അക്കാലത്തെ 10000 രൂപയായിരുന്നു വണ്ടിയുടെ വില.

Hindustan Landmaster: 1954-1958 ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ന്റെ കാറുകളുടെ നിർമാണ തുടക്കം ലാൻഡ്മാസ്റ്റർ മോഡൽ പുറത്തിറക്കിയിരുന്നു ഫിയറ്റ് കമ്പനി 1100 മില്ലിന്റോൺ പുറത്തിറങ്ങിയ അതെ സമയത്ത് തന്നെ ലാൻഡ്മാസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി. രണ്ടു വണ്ടികളുടെയും സാങ്കേതികതയിലും രൂപകല്പനയിലും പല സാമ്യതകളുമുണ്ടായിരുന്നു..ബ്രിട്ടീഷ് മോറിസ് ഓക്സ്ഫോർഡ് സീരീസ് II ആണ് ലാൻഡ്മാസ്റ്റർ. 4 സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചത്. അതിനു ശേഷം പരിഷ്കരിച്ച മോഡൽ മോറിസ് ഓക്സ്ഫോർഡ് സീരീസ് III ഇറക്കി. യഥാർഥത്തിൽ ഇതാണ് അംബാസഡർ മാർക്ക് – 0I ലാൻഡ്മാസ്റ്റർ ട്രാവലർ എന്ന വാനിന്റെ കുറച്ചു യൂണിറ്റുകളുടെ നിർമാണം ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ന്റെ പ്ലാന്റിൽ നടന്നു..

Hindusthan Ambassador Mark 01: 1958-1962.. അംബാസഡർ കാറിന്റെ കഥ 1958 ൽ ആരംഭിക്കുന്നു. ബ്രിട്ടീഷ് നിർമിത മോറിസ് ഓക്സ്ഫോർഡ് കാറിനെ അടിസ്ഥാനപ്പെടുത്തി “സർ അലെക് ഇസ്സിഗോണിസ്” രൂപകല്പന ചെയ്ത ആദ്യ വാൽ ഫിനി ഡിസൈൻ അംബാസഡർ 1958 മധ്യത്തിൽ കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് നിർമ്മിച്ചത്. ഈ വാൽ ഫിനി ഡിസൈൻ 2014 ൽ ഉൽപ്പാദനം അവസാനിക്കുന്നത് വരെ മാറ്റമില്ലാതെ തുടരുകയും ചെയ്തു. പക്ഷെ അംബാസഡർ MK – 01 ഒരു മോഡൽ ആയി വിളിക്കപ്പെട്ടില്ല. കാരണം മോറിസ് ഓക്സ്ഫോർഡ് സീരീസ് III-തന്നെയായിരുന്നു ആദ്യ അംബാസഡർ Mark-01. ലാൻഡ്മാസ്റ്റർ കാറിലെ അതെ സൈഡ് വാൽവ് ടൈപ്പ് എൻജിൻ തന്നെ ആയിരുന്നു കാറിൽ ഘടിപ്പിച്ചിരുന്നത്..പുറമെ പല പരിഷ്കാരങ്ങളും വരുത്തി..പുതിയ ഫ്രണ്ട് എൻഡ്, ഗ്രില്ലുകൾ, പുതിയ ബോണറ്റ് പുതിയ സ്റ്റീയറിംഗ് വീൽ, ഡാഷ്ബോർഡ്, അപ്ഡേറ്റ് ഡയൽ എന്നിവ ഉൾപ്പെടുത്തി..

Hindustan Ambassador MK 02 : 1962-1975 ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ന്റെ ആദ്യ ഔദ്യോഗിക അംഗീകൃത മോഡൽ അംബാസഡർ MK-02 ആയിരുന്നു. MK-01 പരിഷ്കരിച്ചതായിരുന്നു MK 02 രണ്ടു മോഡലിൽ ലഭ്യമായിരുന്നു.. Engine : 1489 cc 4-speed manual gear box 0-60 mph in 31.4 sec, 0-100 km/h in 36.1 sec.. നാല് ഡോർ സെഡാൻ ബോഡി ആന്തരിക രൂപകൽപന ഇന്റീരിയർ സ്പേസ് ഇവയെല്ലാം പഴയ MK-01 പോലെ ആയിരുന്നു. ഫ്രണ്ട് ഗ്രിൽ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്തി..വളരെ ജനപ്രീതി നേടിയ ഡിസൈൻ ആയിരുന്നു MK 02.

Hindustan Ambassador MK 03 : 1975-1979 അംബാസഡർ MK-02 മോഡൽ പരിഷ്കരിച്ചു 1975 ൽ സ്റ്റാൻഡേർഡ് ഡീലക്സ് മോഡൽസ് MK-03 പുറത്തിറങ്ങി..ഹെഡ് ലാംപിനു താഴെ റൌണ്ട് ഇൻഡിക്കേറ്റർ, മരം കൊണ്ടും അലൂമിനിയം കൊണ്ടുമുള്ള ഡാഷ്ബോർഡ്, പുതിയ ക്രോമിയം ബമ്പറുകൾ തുടങ്ങിയ പല പരിഷ്കാരങ്ങളും വരുത്തി. എന്നാൽ സാങ്കേതികതകൾ പഴയതു തന്നെ..

Hindustan Ambassador MK4: 1979-1990 അംബാസഡറിന്റെ അവസാന പരിഷ്കാരങ്ങളുടെ തുടക്കം MK 04 മുതലായിരുന്നു. കമ്പനി ആദ്യമായി ഡീസൽ മോഡൽ ഇറക്കിയത് MK 04 ൽ ആയിരുന്നു. ടാക്സികാർ വിപണിയിലെ ആധിപത്യം ഉയർത്താനായി 1980 ൽ 1480 cc ഡീസൽ എൻജിൻ ഘടിപ്പിച്ച കാർ വിപണിയിലിറക്കി വൻ വിജയമായി. 37 Bhp 1.5 ലിറ്റർ B.MC ഡീസൽ എൻജിനാണ് ഘടിപ്പിച്ചത്. ഇന്റീരിയറിനും ഡാഷ്ബോർഡിനും ചെറിയ മാറ്റങ്ങൾ വരുത്തി ഹെഡ് ലൈറ്റ്നു താഴെ ചതുരപാർക്കിംഗ് ലൈറ്റ് ആക്കി. ഈ പരിഷ്‌കാരങ്ങൾ 2014 ൽ അംബാസഡറിന്റെ ഉൽപ്പാദനം അവസാനിക്കുന്നതുവരെ തുടർന്നു..

Hindustan Ambassador Porter ഹിന്ദുസ്ഥാൻ പോർട്ടർ എന്ന പേരിൽ വലിയ പാസ്സന്ജർ കാർ – പിക്ക് അപ്പ് ട്രക്ക് 1980 ൽ പുറത്തിറക്കി. പോർട്ടർ കാറിൽ 14 പേർക്ക് യാത്ര ചെയ്യാൻ പറ്റും..70000 രൂപയായിരുന്നു വണ്ടിയുടെ വില. പെട്രോൾ ഡീസൽ മോഡൽ ലഭ്യമായിരുന്നു..ടൊയോട്ട ഇന്നോവ മാതിരി ഒരു വലിയ കാറായിരുന്നു പോർട്ടർ.

Hindustan Ambassador Nova: 1990-1999 MK 04 ന്റെ പരിഷ്കരിച്ച പതിപ്പാണ് അംബാസ്സഡർ നോവ. നോവ പുറത്തിറങ്ങിയത് പെട്രോൾ & നോൺ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ്. ഇസുസു പെട്രോൾ 1800 cc ആ സമയത്തെ ഏറ്റവും ശക്തിയേറിയ പെട്രോൾ എൻജിൻ ഘടിപ്പിച്ച ഇന്ത്യയിലെ ഏക കാർ, 4 Cylinder 1800 cc 57 Bhp 5 Speed Manual gearbox Izuzu.. ബുള്ളറ്റ് പ്രൂഫ് കാറുകൾക്കായി ഡിസൈൻ ചെയ്ത വി ഐ പി എൻജിനായിരുന്നു പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത്. പക്ഷെ വില്പന കാര്യമായി നടന്നില്ല..

Hindustan Ambassador Pickup Truck : Veer വീർ എന്ന പേരിൽ 2011 ൽ പിക്ക് അപ്പ് ട്രക്ക് പുറത്തിറക്കി. ഡീസൽ പെട്രോൾ എൽ.പി.ജി.മോഡൽ ലഭ്യമായിരുന്നു. പോർട്ടർ നിർമിച്ച പോലെ തന്നെ അംബാസിഡർ കാറിന്റെ ബോഡിയിൽ ചാസിസ് കയറ്റിയാണ് കൊമേർഷ്യൽ വണ്ടിയായ “വീർ” നിർമിച്ചത്,,മുൻ ഭാഗം കാറിന്റെ തന്നെ ആയിരുന്നു..ഫ്രണ്ട് ബെഞ്ച് സീറ്റ് ആണ്..ഡീസൽ,സി എൻ ജി,പെട്രോളിലും ഓടുന്ന വീർന്റെ ലോഡിങ് കപ്പാസിറ്റി 800 kg ആയിരുന്നു..മൈന്റിനൻസ് കോസ്‌റ് വളരെ കുറവായിരുന്നു. യഥേഷ്ടം ലഭിക്കുന്ന അംബാസിഡർ കാറിന്റെ പാർട്സ്കൾ പിക്ക് അപ്പ് ട്രെക്കിലും സ്യുട്ട്ആയിരുന്നു. പക്ഷെ സാങ്കേതിക മികവില്ലായിരുന്നു..പിക്ക് അപ്പ് ട്രക്ക് പരാജയമായിരുന്നു..

Hindustan Ambassador Bullet Proof ബുള്ളറ്റ് പ്രൂഫ് കാറുകളും അംബാസിഡർ നിർമിച്ചിരുന്നു..Bullet Proof Steel 6 mm Thickness,Bullet Proof Glass 50mm Thickness ലായിരുന്നു നിർമാണം. കാണാൻ സാധാരണ കാറുപോലെ തന്നെയാണ്. പക്ഷെ ഇന്റീരിയർ വ്യത്യസ്‌തമാണ്..1800 cc ഇസുസു പെട്രോൾ എൻജിനാണ് ഉപയോഗിച്ചത്. മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നക്സൽ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് ബുള്ളറ്റ് പ്രൂഫ് അംബാസിഡർ കാർ ഉപയോഗിച്ചതുകൊണ്ടാണ്. നക്സലുകൾ ലാൻഡ് മൈൻ ഉപയോഗിച്ചു നടത്തിയ അത്യുഗ്ര സ്‌ഫോടനത്തിൽ കാർ നിശ്ശേഷം തകർന്നെങ്കിലും ചന്ദ്രബാബു നായിഡു പരിക്കുകളോടെ രക്ഷപെട്ടു..

Ambassador Grand / Classic / Encore / Pickup : 2000-2014 2000 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസ്സഡർ-ഗ്രാൻറ് പുറത്തിറക്കി. നോവയെ അപേക്ഷിച്ച് വളരെ കൂടുതൽ മാറ്റങ്ങൾ വരുത്തി.1480 cc എൻജിൻ പരിഷ്കരിച്ചു സ്ട്രിഡ് എന്ന പേരിൽ ഘടിപ്പിച്ചു..എൻജിൻ ലൈഫ് കൂട്ടി ഇസുസു 2000 cc ഡീസൽ എൻജിൻ 5 സ്പീഡ് ഗിയർ ബോക്സ് ഘടിപ്പിച്ച മോഡൽ ഇറക്കി. ഡയഫ്രം ക്ലച് ,ഈറ്റൻ റിയർ ആക്സിലും ഘടിപ്പിച്ചു..മെറ്റലസ്‌റ്റിക്‌ ബുഷ്കൾ ആക്കി. അതോടെ സസ്‌പെൻഷൻ മൈന്റിനൻസ് വല്ലപ്പോഴും മതിയെന്ന നിലയിലായി. ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ബാക്ക് വലിയ ഡ്രംമും ആക്കി. ബ്രേക്ക് പരിഷ്കരിച്ചു. വെൽഡിങ് മികച്ചതാക്കി. പവർ സ്റ്റിയറിംഗും, എയർകണ്ടീഷനിംഗിനൊപ്പം ബോഗി ഇന്റീരിയറുകളും പ്ലാസ്റ്റിക് ഡാഷ്ബോർഡും തുടങ്ങി പലതും ഉൾകൊള്ളിച്ചു. നോവയിൽ വലിയ മാറ്റങ്ങളൊന്നും കൂടാതെ നോവയുടെ തുടർച്ചയായി ക്ലാസിക് പുറത്തിറക്കിയത്. 2013 ൽ അംബാസിഡർ അവതരിപ്പിച്ച അവസാന പതിപ്പാണ് 5 സ്പീഡ് ഗിയർബോക്സ് ഓടുകൂടിയ BS – 04 എൻകോർ..കമ്പനിക്ക് മത്സരധിഷ്ഠിത വിപണിയിൽ പിടിച്ചു നിൽക്കാനായില്ല.. 2014 മെയ് മാസത്തിൽ എൻകോർ ഉത്പാദനം നിർത്തി പ്ലാന്റ് അടച്ചുപൂട്ടി…

1957 മുതൽ 30 വർഷം അംബാസിഡറിന്റെ സുവർണ കാലമായിരുന്നു…1500 cc 1800.cc 2000 cc എൻജിനുകൾ ഘടിപ്പിച്ച വിവിധ മോഡലുകൾ ലഭ്യമായിരുന്നു..വാഹന നിർമാണത്തിലും ഘടകങ്ങളിലും വലിയ മേന്മയൊന്നും അംബാസ്സിഡറിന് ഇല്ലായിരുന്നു..കുലുക്കം വിറയൽ വലിവ് കുറവ് ഇവയൊക്കെയായിരുന്നു വളരെ പഴയ മോഡലിന്റെ പ്രത്യോകതകൾ..മൈന്റിനൻസ് കൂടുതലായിരുന്നു..സസ്‌പെൻഷൻ മിക്കവാറും പണി തരും..മുന്നിൽ ടോർഷൻ ബാറും പിന്നിൽ സ്പ്രിങ് ലീഫും..റബ്ബർ ബുഷുകളും അടിക്കടി പണി തരും..ക്ലെച് ഒരു മാക്സിമം 50000 കിലോമീറ്റർ നില്കും..ബോഡി ഘടകങ്ങൾ വെൽഡിങ് വലിയ പെർഫെക്ഷൻ ഉണ്ടായിരുന്നില്ല..ബോഡി തുരുമ്പിക്കൽ ആണ് പ്രധാന പ്രശനം..ബ്രേക്ക് സിസ്റ്റം,ബോഡി പാനൽ ,സ്റ്റിയറിംഗ്,എൻജിൻ ഗിയർ ബോക്സ് ഇവയൊക്കെ ആധുനിക കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരം വളരെ കുറവാണ്..

പെട്രോൾ എൻജിൻ മാറ്റി ഡീസൽ എൻജിൻ കയറ്റാൻ അനുമതി ഉണ്ടായിരുന്നു.സമയത്തു.മിക്ക കാറുകളുo ജയ,പ്യുഷോ,മാറ്റഡോർ ഡീസൽ എൻജിൻ .കയറ്റി…മാറ്റഡോർ എൻജിൻ കയറ്റിയ വണ്ടിക്ക് ഡിമാൻഡ് കൂടുതലായിരുന്നു..A/C ഫിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നു.. കാരണം മാറ്റഡോർ എൻജിൻ കമ്പനി ബി.എം.സി.എൻജിനെക്കാൾ കരുത്തേറിയതായിരുന്നു…മാറ്റഡോർ എൻജിൻ കയറ്റിയ അംബാസിഡർ വണ്ടികൾ ചില പ്രശ്നങ്ങളുണ്ട് ..പെട്രോൾ എൻജിൻ ബോഡിയിൽ ആൾട്ടർനേഷൻ നടത്തിയാണ് മാറ്റഡോർ എൻജിൻ കയറ്റുന്നത്..ഫൗൺഡേഷൻ കറക്റ്റല്ലെങ്കിൽ സീറ്റിംഗ് കറക്ടാവില്ല ഗിയർ ബോക്സ് തകരാർ ആകും…ചിലതിന്റെ റിവേഴ്‌സ് ഗിയർ ഇടുമ്പോൾ ആണ് പണി കിട്ടുക അടിച്ചു പോകും… അംബാസിഡറിന്റെ പ്രധാനമെച്ചം കേരളത്തിൽ എവിടെ വേണമെങ്കിലും സർവീസ് അറിയുന്നവർ കാണുമെന്നുള്ളതാണ്.

ആധുനിക കാറുകളുമായി താരതമ്യം ചെയ്താൽ ചെലവ് വളരെ കുറവാണു..ഇസുസു എൻജിൻ ആണ് ബെസ്ററ് പക്ഷെ സ്പയർ വില കൂടുതലാണ്.. അംബാസിഡർ കാർ കൈയ്യിൽ ഉണ്ടെങ്കിൽ ലോഡ് വണ്ടിയായി മാറ്റം..ബാക്ക് സീറ്റ് നീക്കിയ ശേഷം ബാക്കിലെ തകിട് കട്ട് ചെയ്തു കളഞ്ഞാൽ മതി…ഡീസൽ ടാങ്ക് സൈഡിലേക്ക് മാറ്റണം…ഫ്രണ്ട് സീറ്റ്നു പിറകു മുതൽ ഡിക്കി വരെ ഇഷ്ടം പോലെ സ്പേസ് ഉള്ള ഗുഡ്സ് വണ്ടി റെഡി..ഒരു ടൺ കൊണ്ട് പോകാം..ഒറ്റ നോട്ടത്തിൽ ചരക്ക് വണ്ടിയാണെന്ന് തോന്നില്ല…കാറാണെന്നെ വിചാരിക്കൂ. R.T.O കണ്ടാൽ പിടി വീഴും..നല്ല തുക ഫൈൻ ചുമത്തും..

അംബാസിഡറിനെപ്പറ്റി നിങ്ങളറിയാത്ത ചില കാര്യങ്ങള്‍ ഇതാ.

1. ആദ്യത്തെ മേക്ക് ഇന്‍ ഇന്ത്യ കാര്‍ – ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന മെയ്‍ക്ക് ഇന്ത്യ പദ്ധതിയെക്കുറിച്ചൊക്കെ രാജ്യത്തിന് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന കാലത്ത് ഇന്ത്യയിലുണ്ടാക്കിയ കാറാണ് അംബാസിഡര്‍.

2. ബ്രിട്ടീഷ് മാതൃക – ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡിന്‍റെ സീരീസിന്‍റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്.

3. ലോകത്തെ മികച്ച ടാക്സി പുരസ്കാരം നേടിയ വാഹനം – ബിബിസിയുടെ പ്രശസ്തമായ പരമ്പര ടോപ് ഗിയറിന്‍റെ ബെസ്റ്റ് ടാക്സി അവാര്‍ഡ് നേടിയ വാഹനം.

4. ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റിനും ഓഹരി – അംബാസിഡറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ സിംഹഭാഗം ഓഹരിയും.

5.പശ്ചിമ ബംഗാളില്‍ തുടക്കം – പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലെ ഫാക്ടറിയിലായിരുന്നു ആദ്യ അംബാസിഡറിന്‍റെ പിറവി.

6.മോശം സര്‍വ്വീസിംഗില്‍ കുപ്രസിദ്ധം –അറ്റകുറ്റപ്പണികള്‍ക്കും സര്‍വ്വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും അത്ര മികച്ച പേരായിരുന്നില്ല അംബാസിഡറിന്.

7. രൂപാന്തരം സംഭവിച്ച വാഹനം – ആദ്യകാലത്ത് സ്റ്റേഷന്‍ വാഗണ്‍, പിക്ക് അപ്പ് ട്രക്ക്, ഗുഡ്‍സ് കാരിയിര്‍ തുടങ്ങി മറ്റ് നിരവധി വാഹനങ്ങളിലേക്ക് രൂപാന്തരം സംഭവിച്ച വാഹനം കൂടിയായിരുന്നു അംബാസിഡര്‍.

പ്യൂഷെ – അംബാസിഡര്‍ ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കും. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ ആണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്. സി.കെ ബിര്‍ള ഗ്രൂപ്പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് 80 കോടി രൂപയ്ക്കാണ്. വാഹന നിര്‍മ്മാതാക്കളായ പ്യൂഷെ അംബാസിഡറിനെ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമോ എന്നാണ് കാത്തിരിക്കേണ്ടത്.. ഇന്ത്യയില്‍ ഇറക്കുന്ന കാറിന് അംബാസിഡര്‍ എന്ന പേര് ഉപയോഗിക്കുമോ എന്ന ഒരു കാര്യവും വ്യക്തമല്ല. എന്തായാലും പുതിയ ഗെറ്റ് അപ്പിൽ വരുന്ന അംബാസിഡറിനെയോ വേറൊരു ആധുനിക മോഡലോ കാത്തിരിക്കാം..

കടപ്പാട് – Unnikrishnan PS Cherthala, Lalesh, Asianet News.