യാത്ര ചെയ്യാന്‍ കൊതിച്ച നാള്‍ മുതല്‍ കാത്തിരുന്ന ഞങ്ങളുടെ അമേരിക്കൻ യാത്ര !!

വിവരണം – Manoj Mohan

യാത്ര ചെയ്യാന്‍ കൊതിച്ച നാള്‍ മുതല്‍ കാത്തിരുന്നതാണ് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക്, അത്‌ലാന്റിക്ക് മുറിച്ചൊരു യാത്ര. അത് ഇപ്പോള്‍ സഫലമാകുന്നു. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ മറ്റ് യാത്രകളിലൊന്നും അത്രമേല്‍ ഇല്ലാതിരുന്ന ഒരു ആവേശം ഇപ്പോഴുണ്ട്. ഞാനും എന്റെ പ്രിയപ്പെട്ട ഭാര്യ, ശ്രീജയും നാളെ കൊച്ചിയില്‍ നിന്നും യാത്ര ആരംഭിക്കുകയാണ്, കൊളംബസിന്റെ അമേരിക്കയിലേക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ അബുദാബിയിലേക്ക്. അവിടെ നിന്ന് ന്യൂയോർക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്. യാത്രയുടെ വിവരണം ഓരോ ദിവസവും എഴുതണമെന്നു വിചാരിക്കുന്നു. സുഹൃത്തുക്കളെ ഒഴിവാക്കിയുള്ള ആദ്യത്തെ വിദേശയാത്രയാണിത്. അമേരിക്കന്‍ വിസയുടെ പ്രശ്‌നമാണ് കാരണം. വാഷിങ്ടണ്‍ ഡിസി, നയാഗ്ര, ഒര്‍ലാന്‍ഡോ, സാന്‍ഫ്രാന്‍സിസ്‌ക്കോ, ലാസ് വേഗാസ്, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങളുടെ മായിക കാഴ്ചകള്‍ കാണാന്‍ മനസു തുടിക്കുന്നു. ഫോര്‍ച്യുണ്‍ ട്രാവല്‍സാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ഡയറക്ടര്‍ ബെന്നി ടൂര്‍ കോര്‍ഡിനേറ്ററായി ഞങ്ങള്‍ക്കൊപ്പം വരുന്നുണ്ട്. കൂടെ അപരിചിതരായ കുറച്ചധികം പേരും…

പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് എത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനം. ഉറക്കച്ചടവ് മാറും മുന്‍പേ പിന്നെയും യുഎസ് എമിഗ്രേഷനും വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്. ഒടുവില്‍ 11 മണിയോടെ വിമാനത്തില്‍ കയറി. ഇനി ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിയോടെ ന്യൂയോര്‍ക്കില്‍. നീണ്ട 14 മണിക്കൂര്‍ ഇനി ആകാശത്ത്, മേഘങ്ങള്‍ക്കിടയിലൂടെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക്. ഏകദേശം 850 പേര്‍ ഈ വിമാനത്തിലുണ്ട്. ഡബിള്‍ ഡക്കര്‍ എയര്‍ബസ് എ380 യാണ് വിമാനം. നല്ല ക്ഷീണമുണ്ട്. വല്ലതും കഴിക്കണം, ശരിക്കൊന്ന് ഉറങ്ങണം.

അങ്ങനെ അമേരിക്കന്‍ മണ്ണില്‍ കാലുകുത്തി. പ്രതീക്ഷച്ചതിനേക്കാളും സുഖകരമായ യാത്ര. ഇത്രനീണ്ട നേരം വിമാനത്തിലിരിക്കുന്നത് ഇതാദ്യമായിരുന്നു. കഴിഞ്ഞ യൂറോപ്യന്‍ ട്രിപ്പില്‍ പോലും ഇതിന്റെ പകുതി നേരമേ പറന്നുള്ളു. ഇതിപ്പോള്‍ ഏതാണ്ട് 14 മണിക്കൂറാണ് തുടര്‍ച്ചയായി പറന്നത്. സൂപ്പര്‍ ജംബോ എന്ന പേരില്‍ അറിയപ്പെടുന്ന എയര്‍ബസ് എ380-ല്‍ ന്യൂയോര്‍ക്ക് ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ സമയം വൈകിട്ട് 4.40. ഇപ്പോള്‍ ഇന്ത്യയില്‍ വെളുപ്പിനെ 2.10 എങ്കിലും ആയി കാണും. വിമാനത്തിനുള്ളില്‍ വച്ചേ വാച്ച് ശരിയാക്കിയിരുന്നു. ഇനിയാണ് ജെറ്റ് ലാഗിന്റെ സുഖമറിയാന്‍ പോകുന്നത്. അമേരിക്ക ഉണര്‍ന്നിരിക്കുമ്പോള്‍ ഞങ്ങള്‍ ഉറക്കം തൂങ്ങി പോകും, അവര്‍ ഉറങ്ങുമ്പോള്‍ കണ്ണുതുറന്നു പിടിച്ചിരിക്കുകയും ചെയ്യും. എന്തായാലും അതൊന്നു ശരിയാകുമ്പോഴേയ്ക്കും തിരിച്ചു വരാനുള്ള സമയമാവും.

എയര്‍ബസ് 380-നെക്കുറിച്ച് പറയാതിരിക്കാനാവില്ല. രണ്ടു നിലകളാണ് അക്ഷരാര്‍ത്ഥത്തില്‍ ഇതിന്. ഇതിന്റെ ചിറകിനു മാത്രം 80 മീറ്റര്‍ നീളമുണ്ട്. അപ്പോള്‍ ഊഹിക്കാമല്ലോ. നാല് എഞ്ചിനുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേ ഇതിന് ഉള്‍കൊള്ളാനാവും. ഞങ്ങൾ വന്ന വിമാനത്തിൽ താഴത്തെ നില എക്കണോമിയും മുകളിൽ പ്രീമിയം and ബിസിനസ് ക്ലാസും ആയിരുന്നു. നന്നായി ഉറങ്ങി. ഞങ്ങള്‍ ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരേയുള്ള എപിഎ ഹോട്ടല്‍ വുഡ്ബ്രിഡ്ജ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണുള്ളത്. ന്യൂജേഴ്‌സി എന്ന മറ്റൊരു സംസ്ഥാനമാണിത്. രണ്ടു ദിവസം ഇനിയിവിടെയാണ് താമസം. തണുപ്പ് ഉണ്ട്. 19 ഡിഗ്രി ആണിപ്പോൾ ഇവിടെ നിന്നും ഞങ്ങള്‍ ഫെറി കടന്ന് ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കാണും. പിന്നെ ടൈം സ്‌ക്വയറും എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങും കാണും. ഒന്നു കുളിച്ച് ഫ്രെഷ് ആയതിനു ശേഷം നഗരക്കാഴ്ചകളിലേക്ക് ഇറങ്ങും.

നാട്ടില്‍ നിന്നും പോരുമ്പോള്‍ അനുഭവസ്ഥര്‍ ജെറ്റ് ലാഗിങ്ങിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇതൊക്കെ എത്ര കണ്ടവനാണ് ഈ കെ.കെ. ജോസഫ് എന്ന ഭാവമായിരുന്നു. ഈശ്വരാ, നമിച്ചു. ശത്രുക്കള്‍ക്കു പോലും ഈ ഗതി കൊടുക്കരുതേ എന്ന നിലയിലായിരുന്നു ഇന്നലെ രാത്രി. ഒരു തുള്ളി പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. രാത്രിയും പകലും മാറി മറിഞ്ഞത് ശരീരം അറിഞ്ഞ മട്ടു കാണിച്ചില്ല. നാട്ടിലുള്ളവരെയൊക്കെ വിളിച്ച് സമയം കളഞ്ഞെങ്കിലും രാവിലെ ആറു മണിക്ക് ഉണര്‍ന്നെഴുന്നേറ്റ് റെഡിയാകണമല്ലോ എന്നു കരുതി രണ്ടു മൂന്നു തവണ കണ്ണുകള്‍ ബലമായി അടച്ച് ഉറങ്ങാന്‍ കിടന്നു. എന്നാല്‍, ശരീരം ഇപ്പോഴും ഇന്ത്യയിലാണെന്നു തോന്നുന്നു. അവിടെ നട്ടുച്ചയ്ക്ക് കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ എങ്ങനെ കിടക്കാനാണ്. അതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു.

ശ്രീജ കട്ടിലു കണ്ടപ്പോഴേ കിടന്നുറങ്ങുന്നു. രണ്ടു മൂന്നു തവണ വിളിച്ച് എണ്ണീല്‍പ്പിച്ച് രോഷം തീര്‍ത്തതാണ്. എന്റെ കാര്യം ഗോവിന്ദ എന്നു പറഞ്ഞാല്‍ മതിയല്ലോ… ഇനി ഇന്നു രാവിലെ മുതല്‍ സിറ്റി റൈഡില്‍ ഒരു തലയിണയും പുതപ്പും കൂടി എടുത്താല്‍ വണ്ടിയിലോ വള്ളത്തിലോ കിടന്ന് ഉറങ്ങാമായിരുന്നു എന്നതാണ് സ്ഥിതി. പാതിരാത്രി മൂന്നു മണിക്ക് ഉണര്‍ന്നിരിക്കുമ്പോള്‍ നല്ലവിശപ്പ് തോന്നി. ഇന്നലെ ഈ ലോകത്തില്‍ ഉള്ള ഭക്ഷണം മുഴുവന്‍ ഉണ്ടാക്കി വച്ച ബുഫേയായിരുന്നു ഹോട്ടലിലേത്. രുചിച്ചു നോക്കിയെന്നു വരുത്തി. വന്നിറങ്ങിയപ്പോഴേ വയറ് ചതിക്കുമോയെന്നു ഭയന്ന് കഴിക്കാതിരുന്നത് കഷ്ടമായി. എല്ലാ തരം വെജിറ്റേറയിനും നോണ്‍ വെജും മധുരവും ഉണ്ടായിരുന്നു ഭക്ഷണത്തിന്. ഇന്നു രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇനി അബദ്ധം പറ്റരുത്. പക്ഷേ, ഉറങ്ങിപ്പോകാതിരുന്നാല്‍ മതിയായിരുന്നു.

രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും സിറ്റി ടൂറിന് എല്ലാവരും തയ്യാറായി വന്നിരുന്നു. തലേന്നത്തെ ഉറക്കം പ്രശ്‌നാകുമെന്നു കരുതിയെങ്കിലും അമേരിക്കന്‍ തെരുവിലെ ദൃശ്യവിസ്മയത്തിനു മുന്നില്‍ എല്ലാം മറഞ്ഞു നിന്നു. പ്രപഞ്ചത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന, ക്രോസ്‌റോഡ് ഓഫ് ദി വേള്‍ഡ് എന്ന ചെല്ലപ്പേരുള്ള ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈം സ്‌ക്വയറാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ബ്രോഡ് വേ, സെവന്‍ത് അവന്യൂ, മിഡ്ടൗണ്‍ മാന്‍ഹാട്ടന്‍ എല്ലാം കൂടി സംഗമിക്കുന്ന സ്ഥലം. അംബരചുംബികള്‍ അങ്കം വെട്ടുന്ന കെട്ടിട ചത്വരങ്ങള്‍. ലോകത്തിലെ എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തിന്റെ തലസ്ഥാനം മാത്രമല്ല, ലോകത്തില്‍ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ഇതു തന്നെ. പ്രതിവര്‍ഷം 50 മില്യണ്‍ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നുവെന്നാണ് കണക്ക്. പ്രതിദിനം മൂന്നരലക്ഷം പേരാണ് ഇവിടെയെത്തുന്നത്. തിരക്കുള്ള ദിവസം നാലരലക്ഷം പേര്‍ ഈ നടവഴികളിലൂടെ കാഴ്ചകള്‍ കണ്ടു നടക്കും.

മാന്‍ഹാട്ടനിലെ ലോകപ്രസിദ്ധമായ ട്വിന്‍ ടവര്‍ ഇരുന്നിടം ഇന്നൊരു പൂന്തോപ്പാണ്. സെപ്തംബര്‍ 11-ന്റെ ഭീകാരക്രമണ പശ്ചാത്തലം ഓര്‍മ്മയില്‍ വരാത്ത വിധം ഇവിടെ പരിപാലിക്കപ്പെട്ടിരിക്കുന്നു. ഗ്രൗണ്ട് സീറോ എന്നാണ് ഇവിടം ഇന്ന് അറിയപ്പെടുന്നത്. അന്നത്തെ ആ സംഭവത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തുപോയി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് കാണേണ്ടതു തന്നെയാണ്. ബുര്‍ജ് ഖലീഫയും പെട്രണാസ് ടവേഴ്‌സുമൊക്കെ കണ്ടതു കൊണ്ട് ഇതൊരു വിസ്മയമായി തോന്നിയില്ലെങ്കിലും നിരവധി ഇംഗ്ലീഷ് സിനിമയില്‍ കണ്ടത് നേരിട്ടു കണ്ടപ്പോള്‍ കണ്ണിന് ഒരു കുളിര്‍മ തോന്നി. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതല്‍ 1972ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മിക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. അമേരിക്കയിലെ സിവില്‍ എഞ്ചിനീയര്‍മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ഏഴു ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗ് ഇടം പിടിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ അഭിമാന സ്തംഭമാണിതെന്നു പറയാം.

എന്നാല്‍, സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണ് കാണേണ്ടത്. ബോട്ടിലൂടെയാണ് അതു സ്ഥിതി ചെയ്യുന്നിടത്തേക്ക് പോയത്. ന്യൂയോര്‍ക്ക് ഹാര്‍ബറിലെ ലിബര്‍ട്ടി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന 93 മീറ്റര്‍ ഉയരമുള്ള നിയോക്ലാസിക്കല്‍ പ്രതിമയാണിത്. ഫ്രെഡറിക് അഗസ്‌റ്റെ ബാര്‍ത്തോള്‍ഡി രൂപകല്‍പ്പന ചെയ്ത് ഗുസ്താവ് ഈഫല്‍ നിര്‍മ്മിച്ച ഈ ശില്പം 1886 ഒക്ടോബര്‍ 28നാണ് അമേരിക്കയ്ക്ക് സമര്‍പ്പിച്ചത്. ഫ്രഞ്ചുകാര്‍ നല്‍കിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമന്‍ ദേവതയായ ലിബര്‍ത്താസിന്റെ രൂപമാണ് പ്രതിമ. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ഇപ്പോഴത്തെ ശീതസമരത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന പത്രത്തില്‍ വന്നത് തലേന്ന് ഹോട്ടലില്‍ വച്ച് വായിച്ചിരുന്നു. എന്തൊരു വിരോധാഭാസം. വൈകുന്നേരമായപ്പോഴേയ്ക്കും അമേരിക്ക മുഴുവന്‍ കറങ്ങിയതു പോലെ തോന്നി. മനസ്സാകെ നിറഞ്ഞിരുന്നു. അമേരിക്ക എന്തു കൊണ്ട് ലോകത്തിലെ ഒന്നാംകിട രാജ്യമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി കണ്ടപ്പോള്‍ മനസ്സിലായി. ഇനി കാഴ്ചകളുടെ പൊടിപൂരമാണ് കാണാനുള്ളത്. ഇന്നു നേരത്തെ കിടക്കണം. അതിനു മുന്‍പ് ഇന്നലത്തെ കേടു തീര്‍ത്ത് നന്നായി ഭക്ഷണം കഴിച്ചു.

ഞങ്ങളുടെ യാത്ര ഇന്ന് വാഷിങ്ടണിലേക്കാണ്. വെറും വാഷിങ്ടണ്‍ അല്ല വാഷിങ്ടണ്‍ ഡി.സി-യിലേക്ക്. യുഎസിന്റെ തലസ്ഥാനത്തേക്ക്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ഒന്നാമത്തെ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടണിന്റെ ബഹുമാനാര്‍ത്ഥം മറ്റൊരു സംസ്ഥാനത്തിനും കൂടി ഈ പേരിട്ടിട്ടുണ്ട്. അതും ഇതും തമ്മില്‍ മാറിപ്പോകാതിരിക്കാന്‍ ഇതിനെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നതിന്റെ ചുരുക്കപ്പേരായ ഡിസി എന്നും കൂടി ചേര്‍ക്കും. രാവിലെ തന്നെ എഴുന്നേറ്റു. ക്ഷീണമൊന്നും തോന്നിയില്ല. അങ്ങനെ ജെറ്റ് ലാഗിങ്ങിനെ ഭീകരമായി തന്നെ പരാജയപ്പെടുത്തി. ഇന്ന് രാവിലെ എനിക്കും ശ്രീജയ്ക്കും ഒരു അതിഥിയുണ്ട്. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ശശിയേട്ടന്റെ മകൾ Sangeetha Nishanth. സംഗീത ഇവിടെ ന്യൂയോര്‍ക്കിലാണ്. ശശിയേട്ടന്റെ ഭാര്യ ഗീതേച്ചിയും ഇവിടെയുണ്ട്. അതിനു മുന്‍പ് റെഡിയാകണം. ജനാലയ്ക്കു പുറത്ത് പുലര്‍ച്ചെയുള്ള കടുത്ത തണുപ്പിലും നല്ല തിരക്ക് കാണാം. ആഡംബരത്തിന്റെ നിയോണ്‍വെളിച്ചം ഇതുവരെയും മാഞ്ഞിട്ടില്ല. വാഹനങ്ങളുടെ ഒഴുക്ക് റോഡില്‍ ആരംഭിച്ചിട്ടുണ്ട്.

എത്ര ആഡംബരമാണെങ്കിലും ഇന്നലെ മാന്‍ഹാട്ടനിലെ തിരക്കേറിയ തെരുവില്‍ ഒരു യാചകനെ കണ്ടു. വീടില്ലെന്നും സഹായിക്കണമെന്നുമൊക്കെ ബോര്‍ഡില്‍ എഴുതി നല്ല വൃത്തിയായി തന്നെ പിച്ചയെടുക്കുന്ന ഒരാള്‍. അതിപ്പോ അമേരിക്കയാണെങ്കിലും നമ്മുടെ കൊച്ചു കേരളമാണെങ്കിലും കാര്യങ്ങള്‍ എല്ലാം ഏതാണ്ട് ഒന്നു തന്നെയെന്നു മനസ്സിലായി. ഇന്നു 200 മൈലുകള്‍ അപ്പുറത്തുള്ള വാഷിങ്ടണ്‍ ഡിസിയിലേക്ക് നീണ്ട യാത്രയുണ്ട്. ഏകദേശം മൂന്നു മണിക്കൂര്‍ വാഹനത്തില്‍ ഇരിക്കേണ്ടി വരും. ഇന്നു രാത്രി കൂടി ഞങ്ങള്‍ ഇവിടെ എപിഎ ഹോട്ടല്‍ വുഡ്ബ്രിഡ്ജില്‍ താമസിക്കും. ഇന്നലെയാണറിഞ്ഞത്, ഇത് മാരിയറ്റ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥേയത്തിന്റെ കാര്യത്തിലും നല്ല മാര്‍ക്ക് തന്നെ ഇതിനു കൊടുക്കാം. ഇന്നു യാത്ര പുറപ്പെടും മുന്‍പ് യാത്രാ സംഘത്തിലുള്ളവരെല്ലാം ചേര്‍ന്ന് ഹോട്ടലിനു മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുക്കണം. ഫോട്ടോകളാണല്ലോ ഓര്‍മ്മകളെ തഴുകിയുണര്‍ത്തുന്നത്. ഒന്നുമല്ലെങ്കിലും ഒരു കൊല്ലം കഴിയുമ്പോ കൃത്യമായി ഫേസ്ബുക്ക് ഓര്‍മ്മിപ്പിക്കുകയെങ്കിലും ചെയ്യുമല്ലോ.

വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ചു നേരെ ബസിലേക്കു കയറി. 14 ഡിഗ്രി തണുപ്പ്. രാവിലെ എട്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ യാത്രട്രിപ്പ് സംഘടിപ്പിച്ചിരിക്കുന്ന ഫോര്‍ച്യൂണ്‍ ട്രാവല്‍സിന്റെ ഡയറക്ടര്‍ ബെന്നി എല്ലാത്തിനും നേതൃത്വം വഹിച്ചു കൊണ്ട് ഓടി നടക്കുന്നു. നിരവധി യാത്രകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ ട്രിപ്പ് ഓര്‍ഗനൈസ് ചെയ്യുന്നയൊരാളെ കണ്ടിട്ടേയില്ലെന്നു പറയേണ്ടി വരും. എല്ലാവര്‍ക്കും ആവശ്യമുള്ള കാര്യങ്ങള്‍ പരാതിക്കിട നല്‍കാതെ ചെയ്തു കൊടുക്കാന്‍ മടി കാണിക്കാത്ത വ്യക്തിത്വം. വാഷിങ്ടണ്‍ ഡിസി എന്ന അമേരിക്കന്‍ തലസ്ഥാനത്തേക്കാണ് ഇന്നു യാത്ര. ഫിലഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ മറികടന്ന് ഞങ്ങള്‍ കൊളംബിയ ഡിസ്ട്രിക്റ്റ് (ഡിസി) സംസ്ഥാനത്ത് എത്തും. പൊട്ടൊമാക് നദിയുടെ തീരത്താണ് കൊളംബിയ ഡിസ്ട്രിക്റ്റ് സ്ഥിതി ചെയ്യുന്നത്. വിര്‍ജീനിയയും മേരിലാന്‍ഡുമാണ് അയല്‍ സംസ്ഥാനങ്ങള്‍. മൂന്നു മണിക്കൂര്‍ യാത്രയ്ക്കിടയില്‍ ബാള്‍ട്ടിമൂറില്‍ വച്ച് റോയല്‍ കരീബിയന്റെ ഗ്രനേഡിയര്‍ എന്ന ആഡംബരക്കപ്പല്‍ പോര്‍ട്ടില്‍ വിശ്രമിക്കുന്നതു കണ്ടു. ഊണു കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഇന്ന് എന്തു ഭക്ഷണമായിരിക്കും എന്നു സ്വാഭാവികമായും ചിന്തിച്ചു. ചൈനീസ്, ഇന്ത്യന്‍, ജാപ്പനീസ് ഭക്ഷണങ്ങള്‍ രുചിച്ചു കഴിഞ്ഞിരുന്നു. ഇനിയുള്ളത് ഇറ്റാലിയന്‍ ഫുഡ് ആയിരിക്കുമെന്നു കരുതിയെങ്കിലും മേശമേല്‍ നിരന്നത് അമേരിക്കന്‍ ബുഫേ ആയിരുന്നു.

ഫിലഡല്‍ഫിയന്‍ നഗരത്തിലൂടെയാണ് യാത്രയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ബാള്‍ട്ടിമൂറില്‍ എത്തിയപ്പോഴാണ് ഫിലഡല്‍ഫിയ കഴിഞ്ഞ കാര്യമറിഞ്ഞത്. യാത്രയുടെ കാര്യത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല, തികച്ചും സുഖകരം. റോഡിലൂടെ വാഹനം ഒഴുകുകയാണ്. വാഷിങ്ടണ്‍ അടുക്കുന്നതിനു മുന്‍പ് നാസയുടെ കെട്ടിടം കണ്ടു. അങ്ങനെ മേരിലാന്‍ഡ് സംസ്ഥാനം മറികടന്ന് വാഷിങ്ടണ്‍ നഗരത്തിലെത്തി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗവണ്‍മെന്റിന്റെ മൂന്ന് ശാഖകളുടെയും കേന്ദ്രങ്ങള്‍ക്കു പുറമേ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്‌റ്റേറ്റ്‌സ്, ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുടേയും മറ്റ് പല ദേശീയ, അന്തര്‍ദ്ദേശീയ സംഘടനകളുടെ പ്രധാന കാര്യാലയങ്ങള്‍ ഇവിടെയാണ്. ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ക്യാപിറ്റോള്‍ കാണുകയെന്നത് ഒരു മോഹമായിരുന്നു. ഇതാണ് നമ്മുടെ പാര്‍ലമെന്റ് പോലെയുള്ള അമേരിക്കയിലെ കെട്ടിടം. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും സെനറ്റും ചേരുന്ന സ്ഥലം. ഈ കെട്ടിടത്തിന്റെ മുകളിലെ മകുടം ലോകത്തിന്റെ പ്രതീകമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റോമിലെ സെന്റ് പീറ്റേഴ്‌സിന്റെ അതേ ഛായ.

ക്യാപിറ്റോളിന്റെ മുന്നില്‍ നിന്നും ശ്രീജയോടൊപ്പം കുറച്ച് ചിത്രങ്ങളെടുത്തു. ഇവിടെ നിന്നും രണ്ടു മൈല്‍ ദൂരത്താണ് വൈറ്റ്ഹൗസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി. നവവാസ്തു ശൈലിയില്‍ ഐറിഷുകാരന്‍ വാസ്തുശില്പി ജയിംസ് ഹൊബാനാണ് ഇത് രൂപകല്പന ചെയ്തത്. 1792-നും 1800-നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാര്‍ബിള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചതു കൊണ്ടാണ് വൈറ്റ് ഹൗസ് എന്നപേരു വന്നത്. 54 ഏക്കര്‍ വിസ്തൃതിയുള്ള വലിയൊരു ലോണ്‍ ഇവിടെയുണ്ട്. ഇതൊക്കെയും പുറത്തു നിന്നു കാണാം. 19 അടി ഉയരമുള്ള എബ്രഹാം ലിങ്കന്റെ മാര്‍ബിള്‍ പ്രതിമ ലിങ്കണ്‍ സ്മാരകത്തില്‍ കാണാം. 24 മണിക്കൂറും തുറന്നു വച്ചിരിക്കുന്ന ഇവിടെ ഈ പ്രതിമ രാത്രിയില്‍ ഫഌഡ്‌ലിറ്റ് വെളിച്ചത്തില്‍ പ്രഭാപൂരിതമായി കാണാനാണ് ഏറെ ഭംഗി. ഇതു പോലെ തന്നെയാണ് വാഷിങ്ടണ്‍ മോണ്യുമെന്റും. ജോര്‍ജ് വാഷിംഗ്ടണിന്റെ സ്മരണാര്‍ത്ഥം, നിര്‍മിച്ചിരിക്കുന്ന ഒരു ബൃഹത് ഒബിലിസ്‌കാണ് വാഷിംഗ്ടണ്‍ സ്മാരകം. 555 അടി ഉയരം. 50 അമേരിക്കന്‍ പതാകകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ലിങ്കണ്‍ സ്മാരകത്തിനും, റിഫ്‌ലക്റ്റിംഗ് പൂളിനും കിഴക്കായാണ് ഇത്. മാര്‍ബിള്‍, ഗ്രാനൈറ്റ്, നീലക്കല്‍ നയ്‌സ് എന്നിവ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കല്‍ നിര്‍മ്മിതിയും, ഏറ്റവും ഉയരമുള്ള ഒബിലിസ്‌കും വാഷിംഗ്ടണ്‍ സ്മാരകമാണ്. നാഷണല്‍ മാളും വെറ്ററന്‍ സ്മാരകവും ഇതിനോടു ചേര്‍ന്നു തന്നെ. രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍-വിയറ്റ്‌നാം യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണിത്. നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തില്‍ വച്ചാണ് റൈറ്റ് സഹോദരന്മാര്‍ നിര്‍മ്മിച്ച ആദ്യ വിമാനം കണ്ടത്. അത്‌ലാന്റിക്ക് സമുദ്രം ആദ്യമായി തനിയെ മുറിച്ചു കടന്ന സ്പിരിറ്റ് ഓഫ് സെന്റ് ലൂയിസ് എന്ന വിമാനവും ഇവിടെ കണ്ടു. ചാള്‍സ് ലിന്‍ഡ്ബര്‍ഗിന്റെ ഈ വിമാനത്തിന്റെ അടുത്തു നിന്നു ചിത്രങ്ങളെടുത്തു. ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയ അപ്പോളോ 11 കമാന്‍ഡ് മൊഡ്യുള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്ലാനട്ടോറിയം അടക്കം 23 ഗ്യാലറികള്‍ കണ്ടിറങ്ങണമെങ്കില്‍ ഒരു ദിവസംപോര.

എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനം എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇതൊക്കെ കാണാം ഇവിടെ. ഫ്‌ളൈറ്റ് സിമുലേറ്ററില്‍ വേണമെങ്കില്‍ ഒന്നു കയറി നോക്കാം. നാഷണല്‍ ആര്‍ട്ട് ഗ്യാലറിയും, നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയും നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയും വാഹനത്തിലിരുന്നു കണ്ടു. സത്യത്തില്‍ ഒരു ആഴ്ച്ചയെങ്കിലും വേണം വാഷിങ്ടണ്‍ ശരിക്കും ആസ്വദിക്കാന്‍. അമേരിക്കയിലെ ഓരോ നഗരവും ഇങ്ങനെ തന്നെ. വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍, സ്‌പൈ മ്യൂസിയം, ന്യൂസിയം, ആര്‍ലിങ്ടണ്‍ നാഷണല്‍ സെമിത്തേരി, ജെഫേഴ്‌സണ്‍ മെമ്മോറിയല്‍ എന്നിവയൊക്കെ കാണാന്‍ പറ്റുന്ന സിറ്റി ടൂര്‍ സമയക്കുറവ് കൊണ്ട് ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഷെറാട്ടണ്‍ വാഷിങ്ടണ്‍ ഹോട്ടലിലായിരുന്നു താമസം. ദീര്‍ഘയാത്ര കഴിഞ്ഞു വന്നതു കൊണ്ട് വല്ലതും കഴിച്ചുവെന്നു വരുത്തി നേരെ കിടക്കയിലേക്ക് വീഴുകയായിരുന്നു.

വാഷിങ്ടണില്‍ നിന്നും നയാഗ്രയിലേക്കുള്ള യാത്ര ആരംഭിച്ചത് രാവിലെ ഒമ്പതിന്. കൂടെ യാത്ര ചെയ്യുന്നവര്‍ കൂടുതലും വിശ്രമജീവിതം ആസ്വദിക്കുന്നവരാണ്. നാലു ഡോക്ടര്‍മാരുടെ കുടുംബം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഹൈക്കോടതി വക്കീല്‍, പോളിടെക്‌നിക്കിലെ റിട്ട. പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍, റിട്ട. പ്രൊഫസര്‍, റിട്ട. ഹെഡ് മാസ്റ്റര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍, ശ്രീചിത്രയിലെ എന്‍ജിനിയര്‍, അങ്ങനെ വിവിധ തുറകളില്‍ നിന്നുള്ള ബിസിനസ്സുകാര്‍ തുടങ്ങി ഇനിയും പരിചയപ്പെടാത്ത മറ്റു ചില സഹയാത്രികരുമായി സന്തോഷകരമായ യാത്ര. എന്നാല്‍ ഈ യാത്രാസംഘത്തിലുള്ള മുസ്തഫയെക്കുറിച്ച് പ്രത്യേകമായി പറയാതെ വയ്യ. അദ്ദേഹം മലപ്പുറത്ത് വണ്ടൂരിലുള്ള ബിസിനസ്സുകാരനാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ യാത്രയാണ്. അതും ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പ്.

കാലിഫോര്‍ണിയയിലേക്ക് പോയ ഒരു ഉരു ദുബായ് കടപ്പുറം വരെ തിരിച്ചുവിട്ടു എന്ന സിനിമാഡയലോഗ് പോലെ. 1972-ല്‍ ഇരുപത്തിനാലാം വയസ്സില്‍ ഒരു ഉരുവില്‍ കയറി പതിനാലു ദിവസം കൊണ്ട് ഗള്‍ഫിലെത്തി. ആറാം ദിവസം തൊട്ടു ഉരുവില്‍ ഉണ്ടായിരുന്നവര്‍ മരിച്ചു വീണു തുടങ്ങി, വായില്‍ ഗ്ലൂക്കോസ് ഇട്ടാല്‍ അലുത്തു പോകാനായി പോലും ഉമിനീരില്ലാതെ വളരെ കഷ്ടപ്പെട്ടു. കരയ്ക്കിറങ്ങിയപ്പോള്‍ ഇത്തിരി വെള്ളം കുടിച്ചു മരിച്ചാല്‍ മതിയെന്നായിരുന്നു പ്രാര്‍ത്ഥന. അനധികൃതമായി എത്തിയതിനു പോലീസ് പിടിച്ചു ജയിലില്‍ ഇട്ടപ്പോഴാണ് ഭക്ഷണം പോലും കഴിച്ചത്. പത്തേമാരി എന്ന സിനിമയില്‍ കണ്ടതു പോലെയൊരു യാഥാര്‍ത്ഥ്യം. ഇപ്പോള്‍ വണ്ടൂര്‍ ടൗണില്‍ നിരവധി കടമുറികളൊക്കെയുണ്ട്. മക്കള്‍ എല്ലാം വെല്‍ സെറ്റില്‍ഡ്. പ്രധാനപരിപാടി ഈ യാത്രകള്‍ തന്നെ.

അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങിയപ്പോഴാണ് തണുപ്പ് ശരിക്കും വില്ലനായത്. എല്ലാവരും വിന്റര്‍ ഡ്രസ് ഒക്കെ ധരിച്ചിരിക്കുന്നു. ഞാനാവാട്ടെ ഒരു മുറിക്കൈയ്യന്‍ ഷര്‍ട്ടൊക്കെ ഇട്ട് സ്‌റ്റൈലായാണ് നീണ്ട യാത്രയ്ക്ക് തയ്യാറായത്. വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ഏതാണ്ട് ഏഴു മണിക്കൂര്‍ യാത്രയാണ് നയാഗ്രയിലേക്ക്. മനാലിയില്‍ രണ്ടു വര്‍ഷം മുന്‍പ് ഇതേ സമയത്ത് മഞ്ഞില്‍ കിടന്ന് ഉരുണ്ടിട്ട് വിന്റര്‍ ഡ്രസ് ഇട്ടില്ല പിന്നെയാണ് പതിനൊന്നു ഡിഗ്രിയില്‍ എന്നൊക്കെ വിചാരിച്ച് ഞാനിരുന്നുവെങ്കിലും ഏറെ നേരം പിടിച്ചു നില്‍ക്കാനാവാതെ ശരിക്കും കഷ്ടപ്പെട്ടു. നല്ല പ്രകൃതിഭംഗിയായിരുന്നു റോഡിന് ഇരുവശവും. പച്ചപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇത്രമാത്രം ഗ്രീനറി ഇതിനു മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലെന്നു പറയുന്നതാവും ശരി. പോകുന്ന വഴിക്ക് ഹെര്‍ഷെ ചോക്ലേറ്റ് വേള്‍ഡ് എന്ന ഒരു ചോക്ലേറ്റ് ഫാക്ടറി കാണുന്നുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി പറഞ്ഞെങ്കിലും അതുവലിയ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പെന്‍സില്‍വേനിയ സംസ്ഥാനത്തെ ഹാരിസ്ബര്‍ഗിലുള്ള ഇത് കാണാതെ പോയിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനെ. കോട്ടയത്തുമുണ്ടായിരുന്നു പണ്ട് ഇതു പോലൊരു ചോക്ലേറ്റ് കമ്പനി, കാര്‍ഡ്ബറീസ്. ഇന്ന് അതൊക്കെ എവിടെയാണാവോ? കൊക്കോയില്‍ നിന്നുണ്ടാക്കുന്ന ചോക്ലേറ്റ് എന്നൊക്കെ പറയുമ്പോള്‍ ഇതാണ് കാണേണ്ടത്. ശരിക്കും വായില്‍ വെള്ളമൂറി.

ഇതൊരു വലിയ എന്റര്‍ടെയ്ന്‍മെന്റ് ഫാക്ടറിയാണ്. ഹെര്‍ഷെ പാര്‍ക്ക്, ഹെര്‍ഷെപാര്‍ക്ക് സ്‌റ്റേഡിയം, ഹെര്‍ഷെപാര്‍ക്ക് അരീന, ഹെര്‍ഷെ മ്യൂസിയം, ജയന്റ് സെന്റര്‍ തുടങ്ങി 4 ഡിയിലുള്ള ഗ്രേറ്റ് ചോക്ലേറ്റ് ഫാക്ടറി മിസ്റ്ററി വരെ ഇവിടെയുണ്ട്. ഫ്രീ ചോക്ലേറ്റ് ടൂര്‍ റൈഡ് ശരിക്കും ആസ്വദിച്ചു. അവിടെ നിന്ന് കുറച്ച് ചോക്ലേറ്റ് ഒക്കെ വാങ്ങി ഫോട്ടോകളുമെടുത്ത് ടിയാഗോ ഫോറസ്റ്റ് മറി കടന്ന് ഞങ്ങള്‍ നീണ്ടയാത്രയ്ക്കു ശേഷം നയാഗ്രയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയൊക്കെ ഇവിടെയാണ്. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാനുണ്ടോയെന്നു ശ്രീജ ചെവി കൂര്‍പ്പിക്കുന്നു. അമേരിക്കയുടേയും കാനഡയുടേയും അതിര്‍ത്തിയിലാണ് ഞങ്ങളിപ്പോള്‍. നയാഗ്ര നദി ഉറഞ്ഞു കിടക്കുന്നു. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേരുന്ന നയാഗ്ര നാളെയാണ് ഞങ്ങള്‍ കാണുന്നത്.

അങ്ങനെ യുഎസില്‍ വന്നിറങ്ങിയ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഞങ്ങള്‍ വീണ്ടുമെത്തിയിരിക്കുന്നു. കാനഡയേയും അമേരിക്കയേയും തമ്മില്‍ നയാഗ്ര നദിയിലൂടെ ബന്ധിപ്പിക്കുന്ന മഴവില്‍ പാലം. അതിനോടു ചേര്‍ന്ന് കോഹിന്നൂര്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ്. അവിടെ നിന്നായിരുന്നു ഞങ്ങള്‍ക്ക് അത്താഴം. ഹയാറ്റ് പ്ലേസ് നയാഗ്ര ഫാള്‍സിലായിരുന്നു ഞങ്ങളുടെ ചെക്ക് ഇന്‍. ഒന്നാം നിലയിലെ മുറിയുടെ ജനാല മാറ്റി നോക്കിയപ്പോള്‍ കാനഡ തൊട്ടടുത്ത്. അവിടുത്തെ സ്‌കൈലോണ്‍ ടവറും നയാഗ്ര സ്‌കൈ വീലും ക്യൂന്‍ വിക്ടോറിയ പാര്‍ക്കുമൊക്കെ വളരെ അടുത്തു കാണാം. സൂര്യന്‍ അസ്തമിക്കുന്നു. ആകാശത്തിനെന്തൊരു വര്‍ണ്ണഭംഗി. ഹോട്ടലിനു തൊട്ടടുത്തു തന്നെ വാക്‌സ് മ്യൂസിയത്തിന്റെ ബോര്‍ഡ് കണ്ടു. ഷോപ്പിങ്ങിനു പറ്റിയ വലിയ മാളും ചേര്‍ന്നു തന്നെ. ബഹുകേമമായ അത്താഴത്തിനു ശേഷം തണുപ്പ് നോക്കി, മൂന്നു ഡിഗ്രി. ഹാഫ് ടീഷര്‍ട്ട് വേണോയെന്ന് ശ്രീജ കളിയാക്കി ചോദിക്കുന്നതു കേള്‍ക്കാതെ ഞാന്‍ കമ്പിളി പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി…

നയാഗ്രയെ അത്ഭുതമെന്നല്ല വിശേഷിപ്പിക്കേണ്ടത്, അതിനപ്പുറം ഒരു വാക്കുണ്ടെങ്കില്‍ അങ്ങനെ വേണം വിളിക്കേണ്ടത്. കണ്‍മുന്നില്‍ ഒരു നദി അപ്പാടെ ഒഴുകി വന്ന് വലിയൊരു ഗര്‍ത്തത്തിലേക്കു വീഴുന്നതു പോലെ. ആദ്യകാഴ്ചയില്‍ വിസ്മയവും പിന്നീട് അതിന്റെ അഭൗമിക സൗന്ദര്യത്തിലും അല്‍പ്പനേരം ലയിച്ചു പോയ നിമിഷങ്ങള്‍. വെള്ളച്ചാട്ടത്തിന്റേത് ഇരമ്പല്‍ അല്ല ഇടിമുഴക്കമാണെന്നു പറയുന്നത് വളരെ ശരിയാണെന്നു തോന്നി. തണുപ്പ് അസഹനീയമായിരുന്നു, അതോടെ രാവിലെ തന്നെ ഒരു ജാക്കറ്റ് വാങ്ങി ധരിച്ചു. അന്തരീക്ഷത്തില്‍ മഴത്തുള്ളികള്‍ പോലെ ജലകണങ്ങള്‍ പുകമഞ്ഞ് സൃഷ്ടിക്കുന്നു. ഹോഴ്‌സ് ഷൂ ഫോള്‍സ്, അമേരിക്കന്‍ ഫോള്‍സ്, ബ്രൈഡല്‍ വില്‍ ഫോഴ്‌സ് എന്നിങ്ങനെയുള്ള മൂന്നു വെള്ളച്ചാട്ടങ്ങളില്‍ വലിപ്പം ഹോഴ്‌സ് ഷൂവിനു തന്നെ. കണ്ണെടുക്കാനെ തോന്നില്ല അതിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന്.

വടക്കേ അമേരിക്കയിലെ ഗ്രേറ്റ്‌ലേക്‌സ് എന്നു വിശേഷിപ്പിക്കുന്ന അഞ്ചു തടാകങ്ങളില്‍ ഏറ്റവും ചെറുതായ ഒന്റാറിയോ തടാകത്തിലേക്കാണ് ഈ വെള്ളം വന്നു വീഴുന്നത്. ഈറി തടാകത്തില്‍ നിന്ന് വടക്കന്‍ ദിശയിലൂടെ ഒഴുകി ഒണ്ടേറിയോ തടാകത്തിലേക്ക് പതിക്കുന്ന നദിയിലാണ് നയാഗ്ര. നദിയുടെ പേരും അങ്ങനെ തന്നെ. ആകെ 58 കിലോമീറ്റര്‍ മാത്രം നീളം. കേരളത്തിലെ 44 നദികളില്‍ പതിനെട്ടണ്ണത്തിന് നയാഗ്ര നദിയേക്കാള്‍ നീളമുണ്ട്. എന്നാല്‍ ഒഴുകി പോകുന്ന വെള്ളത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലെ നമ്പര്‍ വണ്‍ വെള്ളച്ചാട്ടമാണിത്. ഒരു മിനിറ്റില്‍ 1,10,000 മീറ്റര്‍ ക്യൂബ് വെള്ളം താഴോട്ടു വീഴുന്നുണ്ട്. എന്തോന്ന് ക്യൂബിക്ക് വെള്ളം എന്ന് അന്തം വിടാന്‍ വരട്ടെ, ഭൂഗോളത്തിന്റെ സ്പന്ദനമായ മാത്സ് അറിയാത്തവര്‍ക്ക് പവര്‍ഫുളായും സിംപിളായും കാര്യം പറഞ്ഞു തരാം. അതായത്, ഇടുക്കി ഡാമിലെ നിറഞ്ഞ വെള്ളം (ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 450,000 എംക്യൂബാണ്. (16,000,000 ക്യുബിക്ക് അടി)) നാലു മിനിറ്റ് കൊണ്ട് നയാഗ്രയിലൂടെ ഒഴുകി പോകുന്നുവെന്നു സാരം. 50 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേയ്ക്ക് പതിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം കാണാന്‍ ഞാനൊരിക്കല്‍ പോയിരുന്നു. അത് 253 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേയ്ക്ക് പതിക്കുന്നത്. അതൊക്കെ വച്ചു നോക്കിയാല്‍ നയാഗ്രയൊക്കെ എന്തു സിംപിള്‍ എന്നായിരുന്നു കാണുന്നതുവരെ മനസ്സില്‍ കരുതിയിരുന്നത്. കണ്ടപ്പോള്‍ ഒന്നു മനസ്സിലായി, ചിത്രങ്ങളിലും വീഡിയോയിലുമൊന്നും കാണുന്നതല്ല ഇതിന്റെ ഗാംഭീര്യം. നയാഗ്ര നേരിട്ട് തന്നെ കാണണം, എങ്കിലേ അതിന്റെ നയനമനോഹാരിത മനസ്സിലാവൂ. കണ്ണിനു കാണുന്നതിന്റെ ഈ കുളിര്‍മ ഏറെക്കാലം മനസ്സില്‍ തങ്ങിനില്‍ക്കുമെന്നുറപ്പ്. ഗോട്ട് ഐലന്റ്, ലൂണ ഐലന്റ്, ദി സിസ്റ്റര്‍സ് ഐലന്റ് തുടങ്ങിയ ചെറു ദ്വീപുകള്‍ ചേര്‍ന്ന നയാഗ്ര സ്റ്റേറ്റ് പാര്‍ക്കിലേക്ക് നമുക്ക് കാല്‍നടയായി ചെല്ലാം. വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു നിന്നു കാണാവുന്ന ടെറാപിന്‍ പോയിന്റില്‍ നിന്ന് ഞങ്ങൾ കുറച്ചധികം ചിത്രങ്ങളെടുത്തു. അവിടെയൊക്കെയും പ്രത്യേകതരം പക്ഷികളും അണ്ണാനെയുമൊക്കെ കാണാമായിരുന്നു. അണ്ണാന് തവിട്ടു നിറമല്ല, നല്ല എണ്ണക്കറുപ്പ്. പക്ഷികളെ കണ്ടപ്പോള്‍ എടുത്ത് ഓമനിക്കാന്‍ തോന്നി.

മെയിഡ് ഓഫ് മിസ്റ്റ് എന്ന പേരില്‍ ഒരു ബോട്ട് യാത്രയാണ് നയാഗ്രയിലേറെ പേരു കേട്ടത്. വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ ബോട്ടില്‍ പോകാവുന്ന ഇത് വലിയൊരു സാഹസികതയാണ്. എന്നാല്‍ മഞ്ഞ് കട്ട പിടിച്ചു കിടക്കുന്നതിനാലും നയാഗ്രയില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നതിനാലും ഇന്നാ ബോട്ട് യാത്ര നടത്തുന്നുണ്ടായിരുന്നില്ല. കേവ് ഓഫ് ദി വിന്റ്‌സ് എന്ന പേരില്‍ ഇവിടെയൊരു ഗുഹ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ അടിവാരത്ത് ഉണ്ടായിരുന്ന ഈ ഗുഹയില്‍ ശക്തമായ കാറ്റായിരുന്നുവത്രേ. 1950-ല്‍ മണ്ണിടിച്ചിലില്‍ ഗുഹ ഇല്ലാതായെങ്കിലും ഗുഹാമുഖം വരെ ഇറങ്ങിച്ചെല്ലാന്‍ ഇപ്പോള്‍ കഴിയും. ലൂണ ഐലന്റിലാണ് ഇത്. തടികൊണ്ട് നിര്‍മ്മിച്ച പടിയിറങ്ങി താഴെയെത്തുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ജലകണങ്ങള്‍ പാറിപ്പറന്നു വന്ന് ദേഹത്തു വീഴും. ലിഫ്റ്റ് വഴിയും താഴെയെത്താം. ഞങ്ങൾ ലിഫ്റ്റ് വഴി ആണ് താഴെ എത്തിയത്. നദിയുടെ രണ്ടുകരകളിലും ഇരുരാജ്യങ്ങളുടെയും പവര്‍ഹൗസുകള്‍ കാണാം. ശക്തമായ ഒഴുക്കിന്റെ ഭീകരത അറിയണമെങ്കില്‍ സ്പീഡ് ബോട്ട് യാത്ര നടത്തണം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അതും ഉപേക്ഷിച്ചിരുന്നു. ശക്തമായ ഒഴുക്കില്‍ മിനിറ്റില്‍ 60 ടണ്‍ പാറപ്പൊടിയും ധാതുലവണങ്ങളും നദിയില്‍ ലയിക്കുന്നുണ്ടത്രേ. നല്ലതെളിഞ്ഞ അന്തരീക്ഷത്തില്‍ കാനഡ ഭാഗത്തു നിന്നുള്ള ഒബ്‌സര്‍വേഷന്‍ ടവറില്‍ നിന്നും നോക്കിയാല്‍ വെള്ളത്തിനു നല്ല പച്ചകളറായിരിക്കുമെന്നു ആരോ പറഞ്ഞു കേട്ടു.

ഇപ്പോള്‍ കാനഡയിലെ അംബരചുംബികളൊക്കെയും കണ്ണിനു മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. നയാഗ്രയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഓള്‍ഡ് ഫോര്‍ട്ട് നയാഗ്രയില്‍ അതൊക്കെയും കാണാം. നയാഗ്ര സ്വന്തമാക്കാന്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും നടത്തിയ പോരാട്ടത്തിന്റെയും അമേരിക്കന്‍ പട്ടാളക്കാരുടെ ചെറുത്തുനില്‍പ്പിന്റെയും ഡോക്യുമെന്ററികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. നയാഗ്ര അക്വേറിയം, ഡിസ്‌ക്കവറി സെന്റര്‍, വാക്‌സ് മ്യൂസിയം എന്നിവയൊക്കെ കണ്ടെന്നു വരുത്തി. ഇന്ത്യന്‍ റസ്റ്ററന്റുകള്‍ ധാരാളമുണ്ട് ഇവിടെ. കോഹിന്നൂര്‍ ഭക്ഷണശാലയില്‍ നിന്നുമാണ് രാത്രി ഭക്ഷണം കഴിച്ചത്. അവിടെ ഇഡലി വട സാമ്പറിനടക്കം മിക്കതിനും എട്ടു ഡോളര്‍ അടുപ്പിച്ചാണ് വില. 2 ഇഡലിക്കും ഒരു വടക്കും ഏകദേശം 560/- റെയിന്‍ബോ ബ്രിഡ്ജ് കാണേണ്ടതു തന്നെയാണ്. എന്തൊരു ഭംഗി. പാലം കയറിയിറങ്ങിയാല്‍ കാനഡ ആയി. ഇതിന്റെയടുത്തൊരു ഡ്യൂട്ടി ഫ്രീ ഷോപ്പ് കണ്ടു. ഞാനും കൂടെ ഉള്ള സണ്ണി വക്കീലും ചാടിക്കയറി നോക്കി. വിവിധതരം കുപ്പികള്‍ അങ്ങനെ നിരനിരയായി അടുക്കി വച്ചിരിക്കുന്നു. ആഹാ, എന്തൊരു ഭംഗി. ജാക്ക് ഡാനിയലിന് 20 ഡോളര്‍, ബക്കാര്‍ഡിക്ക് 13 ഡോളര്‍. പക്ഷേ, മേടിച്ച് കാനഡയ്ക്ക് പൊക്കോണം.

വെള്ളമിറക്കി തിരിച്ചു ഹോട്ടല്‍ റൂമില്‍ എത്തിയപ്പോഴേയ്ക്കും ക്ഷീണിച്ചിരുന്നു. ബാഗ് തുറന്നിരിക്കുന്നു, സൂക്ഷിച്ചു പരിശോധിച്ചു. തലേന്നു വാങ്ങിയ കുറച്ചു ചോക്ലേറ്റ് കാണാനില്ല, ഒപ്പം 390 ഡോളറും. അമേരിക്കയില്‍ ഹോട്ടല്‍ റൂമില്‍ മോഷണം നടക്കാറുണ്ടെന്നും എല്ലാം ലോക്കറില്‍ വച്ചു പൂട്ടണമെന്നും വന്നിറങ്ങിയപ്പോള്‍ മുതല്‍ ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി പറയുന്നുണ്ടായിരുന്നു. കേള്‍ക്കുമെന്നല്ലാതെ ആര് അനുസരിക്കാന്‍. ഒടുവിലിതാ പണി കിട്ടിയിരിക്കുന്നു. രാവിലെ നയാഗ്ര കാണാനുള്ള ആക്രാന്തത്തിനു പോയപ്പോള്‍ അത്യാവശ്യം വേണ്ട തുക മാത്രം കയ്യിലെടുത്തു ബാക്കി ബാഗില്‍ തന്നെ വെച്ചിട്ട് പോയതാണ്. അവസാനം ബെന്നിയോട് തന്നെ കാര്യം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം സമ്മതിച്ചേ പറ്റൂ. ഹോട്ടലിന്റെ എച്ച്ആറുമായി സംസാരിച്ചു അവര്‍ പണം റീഫണ്ട് ചെയ്യാമെന്നു സമ്മതിച്ചു. ഈ ഒരു ഉദാഹരണം കൊണ്ട് തന്നെ മനസിലാവും എന്തുകൊണ്ടാണ് ഫോര്‍ച്യൂണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ ടൂര്‍ ഓപ്പറേറ്ററായതെന്ന്.. ഹാറ്റ്‌സ് ഓഫ് ബെന്നി!

രാവിലെ 6.45 നു തന്നെ ബഫലോസിറ്റിയില്‍ നിന്നും ഓര്‍ലാന്‍ഡോയിലേക്കുള്ള വിമാനം കയറി. ടിക്കറ്റൊന്നും വേണ്ട, വെറുതേ പാസ്‌പോര്‍ട്ട് നല്‍കി. അത് സൈ്വപ്പ് ചെയ്തു ബോര്‍ഡിങ് പാസ് നല്‍കി. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയക്ക് സീറ്റിലിരുന്നു. ഒമ്പതരയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെ ഒര്‍ലാന്‍ഡോയില്‍ വന്നിറങ്ങി. ഇന്നു ഞങ്ങള്‍ നാസയുടെ വിക്ഷേപണ കേന്ദ്രം സന്ദര്‍ശിക്കാന്‍ മെറിറ്റ് ഐലന്‍ഡിലേക്ക് പോവുകയാണ്. വിമാനമിറങ്ങി ഒന്നര മണിക്കൂര്‍ കൊണ്ട് അതീവ സുരക്ഷ പ്രാധാന്യമുള്ള നാസയുടെ വിക്ഷേപണകേന്ദ്രത്തിലെത്തി. ഏകദേശം അയ്യായിരത്തോളം പേരാണ് ഇവിടെ സുരക്ഷയ്ക്കുള്ളത്. ന്യൂജേഴ്‌സിയില്‍ നിന്നും വാഷിങ്ടണ്‍ ഡിസിയിലേക്ക് വരുന്ന വഴിക്ക് ഞങ്ങള്‍ നാസയുടെ ആസ്ഥാനം കണ്ടിരുന്നു. എന്നാല്‍ ഇന്ന് നാസയുടെ ലോഞ്ച് ഓപ്പറേഷന്‍സ് സെന്റര്‍ കാണാന്‍ പോവുകയാണ്.

ജോണ്‍ എഫ്. കെന്നഡി സ്‌പേസ് സെന്റര്‍ എന്നാണ് ഇതിന്റെ പേര്. മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദൗത്യമായ അപ്പോളോ 11, സ്‌കൈലാബ്, സ്‌പേസ് ഷട്ടില്‍ എന്നിവയൊക്കെ ഇവിടെ നിന്നാണ് വിക്ഷേപിച്ചിട്ടുള്ളത്. (ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി സ്ഥാപിച്ച യു.എസ്. ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ പത്ത് വിക്ഷേപണ കേന്ദ്രങ്ങളിലൊന്നാണ് ഒര്‍ലാന്‍ഡോയിലെ ഈ ദ്വീപിലേത്) 570 ചതുരശ്ര കിലോമീറ്ററിലാണ് ഈ ലോഞ്ചിങ് സ്‌റ്റേഷന്‍ വ്യാപിച്ചുകിടക്കുന്നത്. 55 കിലോമീറ്റര്‍ നീളവും 9.7 കിലോമീറ്റര്‍ വീതിയും ഉണ്ട്. 50 ഡോളറാണ് എന്‍ട്രി ഫീസ്. പാക്കേജ് ടൂറിസ്റ്റുകള്‍ക്ക് 30 ഡോളര്‍ കൊടുത്താല്‍ മതി. പ്രതിദിനം രണ്ടായിരത്തോളം പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നു. മെറിറ്റ് ഐലന്‍ഡിന്റെ ഒരു ഭാഗം അത്‌ലാന്റിക്ക് സമുദ്രമാണ്. വെറും പത്തു ശതമാനം മാത്രമാണ് നാസ ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. ശേഷിച്ചവ ഇപ്പോഴും വന്യമൃഗ സങ്കേതമാണ്. ഭൂരിഭാഗവും മോസ്‌കിറ്റോ ലഗൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചതുപ്പു പ്രദേശങ്ങളും വെള്ളക്കെട്ടുകള്‍ പോലെ തോന്നിക്കുന്ന കായല്‍ പ്രദേശവുമാണ്.

നാസയുടെ ബസിലാണ് സന്ദര്‍ശകരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണിക്കുന്നതിനായി കൊണ്ടു പോകുന്നത്. പോകുന്ന വഴിക്ക് വെള്ളക്കെട്ടില്‍ നിന്നും തലയെത്തി നോക്കുന്ന മുതലകള്‍. അപൂര്‍വ്വജീവിയെന്നതു പോലെ ഒരു ഫോട്ടോ സാഹസപ്പെട്ട് എടുത്തു. പിന്നയല്ലേ കണ്ടത്, ചെന്നെത്തിയത് ഏതോ മുതല വളര്‍ത്തല്‍ കേന്ദ്രത്തിലെന്നതു പോലെ മുതലകളുടെ സംസ്ഥാന സമ്മേളനം. ഇന്ത്യന്‍ റിവര്‍ ലഗൂണിന്റെയും അത്‌ലാന്റിക്ക് ഇന്റര്‍കോസ്റ്റല്‍ വാട്ടര്‍വേയുടെയും ഭാഗമാണിത്. 4740 ഏക്കറുകളിലായി ഈ വെള്ളക്കെട്ട് കായല്‍ പോലെ വ്യാപിച്ചു കിടക്കുകയാണ്. നല്ല കാലാവസ്ഥ. വലിയ തണുപ്പുമില്ല, ചൂടുമില്ല. പുറത്ത് വിജനമായ പ്രദേശങ്ങള്‍. ചിലയിടത്ത് വലിയ കെട്ടിടസമുച്ചയം. മെറിറ്റ് ഐലന്‍ഡിലെ വെള്ളക്കെട്ടുകളെല്ലാം തന്നെ അതീവ പരിസ്ഥിതി പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നവയാണ്. ഇതില്‍ നാല്‍പ്പതേക്കറോളം പ്രത്യേക രീതിയില്‍ സംരക്ഷിക്കപ്പെടുന്ന പവിഴപ്പുറ്റുകളാണത്രെ. ഇതു കൂടാതെ മെറിറ്റ് ഐലന്‍ഡ് നാഷണല്‍ വൈല്‍ഡ്‌ലൈഫ് റെഫ്യൂജി, കാനവറല്‍ നാഷണല്‍ സീഷോര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഫ്‌ളോറിഡയില്‍ എത്തുന്ന പക്ഷിനിരീക്ഷകരുടെ ഇഷ്ടപ്രദേശമാണേ്രത ഇവിടം. കഴുകന്‍, പരുന്ത്, വിവിധതരം പാമ്പുകളും മുതലകളും എന്തിന് ഫ്‌ളോറിഡ പാന്തര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേകതരം പുലിയും ഇവിടെയുണ്ട്. പക്ഷേ, ഞങ്ങളേറെയും കണ്ടത് മുതലകളെയാണ്. വെള്ളത്തില്‍ എവിടെ നോക്കിയാലും മുതലകള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നതു പോലെ തോന്നി. (അവരുടെ ഗ്രേറ്റ് ഫാദര്‍ ജോസ് പ്രകാശിന്റെ നാട്ടില്‍ നിന്നും വന്നതാണ് ഞങ്ങളെന്ന വിവരം എങ്ങനെയോ അവറ്റകള്‍ക്കു ചോര്‍ന്നു കിട്ടി കാണണം). ലോഞ്ച് കോംപ്ലക്സ് 39 (ഇവിടെ നിന്നാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന എല്ലാ സ്‌പേസ് ഷട്ടിലുകളുടെയും വിക്ഷേപണം നടക്കുന്നത്) ദൂരെ നിന്നേ കാണാനാവൂ. ചരിഞ്ഞും നിവര്‍ന്നും മലര്‍ന്നുമുള്ള കെട്ടിടങ്ങളിലാണ് മനുഷ്യന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ ഉണരുന്നതും ഉറങ്ങുന്നതും. അല്‍പ്പം ആരാധനയോടെ അവയൊക്കെയും നോക്കി കണ്ടു. വിസിറ്റര്‍ കോംപ്ലക്‌സിലാണ് സന്ദര്‍ശകര്‍ക്ക് കാണാനുള്ളതൊക്കെ ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണത്രെ പ്രതിവര്‍ഷം ഇവിടെ സന്ദര്‍ശിക്കുന്നത്. യുഎസ് ആസ്‌ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം എന്നയിടത്താണ് ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍. അപ്പോളോ വാഹനം, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപ്പോളോ പരിപാടിയുടെ അമ്പതാം വര്‍ഷമാണ് 2019. ആ സമയത്ത് തന്നെ ഞങ്ങള്‍ക്കിവിടെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.

1969 ജൂലൈ 16-ന് ഇവിടെ നിന്നു വിക്ഷേപിക്കപ്പെട്ട വാഹനമാണ് അപ്പോളോ. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. 1969 ജൂലായ് 21-ന് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തി. അതൊക്കെയും ഡോക്യുമെന്ററിയായി കണ്മുന്നില്‍ നിറഞ്ഞപ്പോള്‍ വല്ലാത്തൊരു അനുഭൂതി. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്‌പേസ് സ്റ്റേഷന്‍ ആയ സ്‌കൈലാബിനെക്കുറിച്ചും പ്രദര്‍ശനമുണ്ടായിരുന്നു. 75-ടണ്‍ ഭാരമുള്ള ഈ സ്‌പേസ് സ്റ്റേഷന്‍ 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു. 1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ടത്രേ. തുടര്‍ച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളായ സ്‌പേസ് ഷട്ടിലുകളിലേറെയും ഇവിടെ നിന്നാണ് ഉയര്‍ന്നു പൊങ്ങിയത്.

1981 ഏപ്രില്‍ 12 നു ആയിരുന്നു ആദ്യ സ്‌പേസ് ഷട്ടിലായ ‘കൊളംബിയ’യുടെ വിക്ഷേപണം. 1986-ല്‍ ‘ചലഞ്ചര്‍’ വിക്ഷേപിച്ചുവെങ്കിലും ദുരന്തമാവുകയായിരുന്നു. കണ്ടതും കേട്ടതുമൊക്കെ വച്ചു നോക്കിയാല്‍ മനുഷ്യായുസ്സില്‍ ഒരിക്കലെങ്കിലും ഇവിടെയൊക്കെ സന്ദര്‍ശിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു തോന്നി. ഉച്ചയ്ക്ക് ചൈനീസ് ഭക്ഷണമായിരുന്നു. വിശപ്പ് കൊണ്ട് ഒന്നും നോക്കിയില്ല. വീണ്ടും നാസയിലെ ചില പ്രധാന സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച് വൈകുന്നേരത്തോടെ കാരവന്‍ സെന്ററിലെ ഹയാത്ത് പ്ലേസില്‍ ചെക്ക് ഇന്‍ ചെയ്തു. രാത്രി എട്ടരയ്ക്ക് കിടന്നതു മാത്രം ഓര്‍മ്മയുണ്ട്…

ഇന്ന് തീയതി 29.04.2019, തിങ്കളാഴ്ച ഡിസ്‌നി സ്പ്രിങ്‌സും മാജിക്ക് കിങ്ഡവും സന്ദര്‍ശിക്കുകയാണ് പദ്ധതി. ഓരോയിടത്തും എന്തൊക്കെ ചെയ്യണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി മനോഹരമായി തന്നെ പറഞ്ഞു തന്നു. ബെന്നിയുടെ ഭാഷ സുന്ദരമാണ്. നീട്ടിയും കുറുക്കിയും കാണാന്‍ പോകുന്നിനെ കൂടുതല്‍ ആവേശത്തോടെ കാണിച്ചു തരാനുള്ള ഒരു ടൂര്‍ ഓപ്പറേറ്ററുടെ വൈദഗ്ധ്യം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അദ്ദേഹം മാജിക്ക് കിങ്ഡത്തെക്കുറിച്ചാണ് വാചാലനായത്. കാണാന്‍ പോകുന്ന പൂരം പറഞ്ഞ് കേള്‍ക്കണോ എന്ന മട്ടില്‍ വമ്പന്‍ അത്ഭുതങ്ങളെക്കുറിച്ച് മുഖവുര മാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒര്‍ലന്‍ഡോയ്ക്ക് സമീപമുള്ള ബേ ലേക്കിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിലെ ഒരു തീം പാര്‍ക്കാണ് മാജിക്ക് കിങ്ഡം. കാലിഫോര്‍ണിയയിലെ ഡിസ്‌നിലാന്‍ഡിലേതിനു പോലെ തന്നെ ഡിസ്‌നി കഥാപാത്രങ്ങളെ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണിവിടെ.

രാവിലത്തെ ഭക്ഷണമൊക്കെ അകത്താക്കിയതിനു ശേഷം ആദ്യം പോയത് സിഡ്‌നി സ്പ്രിങ്‌സിലേക്കാണ്. ഔട്ട്‌ഡോര്‍ ഷോപ്പിങ്, ഡൈനിങ് സെന്ററാണ് ഡിസ്‌നി സ്പ്രിങ്‌സ്. വേറെയേതോ ലോകത്ത് എത്തിയ അനുഭൂതി. മാര്‍ക്കറ്റ് പ്ലേസ്, ദി ലാന്‍ഡിങ്, ടൗണ്‍ സെന്റര്‍, വെസ്റ്റ്‌സൈഡ് എന്നിങ്ങനെ നാലു ഭാഗങ്ങളാണ് ഇവിടെയുള്ളത്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകാനായി ബസുകള്‍ വാട്ടര്‍ ടാക്‌സികള്‍ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. മാര്‍ക്കറ്റ് പ്ലേസിലാണ് വേള്‍ഡ് ഓഫ് ഡിസ്‌നി സ്റ്റോര്‍ ഉള്ളത്. ഡിസ്‌നി കാര്‍ട്ടൂണുകളുടെ വന്‍ കളക്ഷനുകളും ബൊമ്മകളും കളിപ്പാട്ടങ്ങളുമെല്ലാം ഇവിടെ സുലഭം. ലോകത്തിലെ ഏറ്റവും വലിയ ഡിസ്‌നി സ്‌റ്റോറാണ് ഇത്. നോക്കിയങ്ങു നിന്നു പോയി. ഒരു മണിക്കൂറിനു ശേഷം പിന്നെ മാജിക്ക് കിങ്ഡത്തിലേക്കു പോയി. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ടിക്കറ്റ് കൗണ്ടറിലേക്ക് കടക്കാന്‍ മോണോറെയില്‍ സിസ്റ്റമോ ഫെറി ബോട്ടുകളോ അതുമല്ലെങ്കില്‍ ഡിസ്‌നി ട്രാന്‍സ്‌പോര്‍ട്ട് ബസുകളോ ഉപയോഗിക്കാം.

മൂന്നു റിസോര്‍ട്ടുകള്‍ ഇതിനോടു ചേര്‍ന്നുണ്ട്. ഇവിടെ താമസിക്കുകയും ഡിസ്‌നി ലാന്‍ഡിന്റെ അനുഭവങ്ങള്‍ ദിവസങ്ങളോളം ആസ്വദിക്കുകയും ചെയ്യാം. ഡിസ്‌നി കണ്ടംപററി റിസോര്‍ട്ട്, ഡിസ്‌നി പോളിനേഷ്യന്‍ വില്ലേജ് റിസോര്‍ട്ട്, ഡിസ്‌നി ഗ്രാന്‍ഡ് ഫ്‌ളോറിഡിയന്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത് തന്നെ മുത്തശ്ശി കഥകളിലെ കഥാപാത്രങ്ങളുടെ സങ്കേതം പോലെയാണ്. ഈ പാര്‍ക്ക് വാള്‍ട്ട് ഡിസ്‌നിയുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ അതിനു മുന്‍പേ അദ്ദേഹം മരിച്ചുപോയി. പിന്നെയും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1971-ലാണ് മാജിക്ക് കിങ്ഡം തുറന്നത്. കണ്ണു തുറന്നു നോക്കുമ്പോള്‍ ഏതോ മാജിക്ക് ലാന്‍ഡില്‍ വന്നിറങ്ങിയതു പോലെയാണ്. കുഞ്ഞുനാളിലൊക്കെ കണ്ട സ്വപ്‌നത്തിലെ ഒരു ലോകം. കളിപ്പാട്ടങ്ങളുടെയും അയഥാര്‍ത്ഥ ലോകത്തിന്റെയും മറ്റൊരു പ്രപഞ്ചം. ആയിരക്കണക്കിനു സന്ദര്‍ശകരാണ് ചുറ്റുമെങ്ങും. എന്നാല്‍ ഒരിടത്തും അതിന്റെ അലോസരങ്ങളുമില്ല. എങ്ങോട്ടു പോകാനും മികച്ച ഗതാഗത സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

സിന്‍ഡ്രല്ലാ കാസില്‍ എന്ന തീമാണ് പാര്‍ക്കിനു മുഴുവനും. തുടര്‍ച്ചയായി 14 വര്‍ഷം ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ സന്ദര്‍ശിച്ച തീം പാര്‍ക്കാണ് ഇത്. നോര്‍ത്ത് അമേരിക്കയിലെ ചരിത്രം പരിശോധിച്ചാല്‍ രണ്ടു പതിറ്റാണ്ടായി ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സിന്‍ഡ്രല്ലാ കാസിലിനെ ചുറ്റിപ്പറ്റി മാജിക്ക് കിങ്ഡത്തെ പ്രധാനമായും ആറായി വിഭജിച്ചിട്ടുണ്ട്. മെയ്ന്‍ സ്ട്രീറ്റ്, അഡ്വഞ്ചര്‍ ലാന്‍ഡ്, ഫ്രോണ്ടിയര്‍ ലാന്‍ഡ്, ലിബര്‍ട്ടി സ്‌ക്വയര്‍, ഫാന്റസി ലാന്‍ഡ്, ടുമോറോ ലാന്‍ഡ് എന്നിങ്ങനെ. ഏകദേശം രണ്ടരകിലോമീറ്റര്‍ നീളത്തില്‍ ഒരു റെയില്‍വേ ട്രാക്ക് ഉണ്ട് ഇവിടെ. മൂന്നടി വീതിയിലുള്ള നാരോ ഗേജ്. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റെയില്‍ റോഡ് എന്നാണ് ഇതിന്റെ പേര്. മൂന്നു സ്‌റ്റോപ്പുകളാണ് ഈ യാത്രയ്ക്കിടയിലുള്ളത്. ഫാന്റസിലാന്‍ഡ്, ഫ്രോണ്ടിയര്‍ ലാന്‍ഡ്, മെയിന്‍സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഈ സ്റ്റീംവണ്ടി നിര്‍ത്തും. 1916 മുതല്‍ 1928 വരെയുള്ള കാലയളവില്‍ മെക്‌സിക്കോയില്‍ നിര്‍മ്മിച്ച നാലു തീവണ്ടികളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തേത് വാള്‍ട്ടര്‍ ഇ ഡിസ്‌നി, രണ്ടാമത്തേത് ലില്ലി ബെല്ലേ, മൂന്നാമത്തേത് റോജര്‍ ഇ ബ്രോഗി, നാലാമത്തേത് റോയി ഒ ഡിസ്‌നി എന്നിങ്ങനെ.

107 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ ഫാന്റസി ലോകത്തെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട്. എന്നാലും കണ്ട കാഴ്ചയൊക്കെ വച്ച് ചില പ്രസക്തമായവ മാത്രം പറയാം. മെയ്ന്‍ സ്ട്രീറ്റില്‍ ഭക്ഷണശാലകള്‍ ഷോപ്പിങ് സെന്ററുകള്‍ എന്നിവ ഏറെയുണ്ട്. അമേരിക്കയിലെ ഒരു ചെറു പട്ടണത്തെ അനുസ്മരിപ്പിക്കുന്ന ഇവിടം ലേഡി ആന്‍ഡ് ദി ട്രാംപ് എന്ന സിനിമാ ലൊക്കേഷന്റെ തനിപകര്‍പ്പാണ്. അഡ്വഞ്ചര്‍ ലാന്‍ഡ് വിദേശരാജ്യങ്ങളുടെ നിഗൂഢത നിറഞ്ഞ പ്രദേശമാണ്. ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക, സൗത്ത് പസഫിക്ക് തുടങ്ങിയിടങ്ങളിലെ വനാന്തരങ്ങളും തുടങ്ങി കരീബിയന്‍ ടൗണ്‍ വരെ ഇവിടെ കാണാം. പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍, ജംഗിള്‍ ക്രൂയിസ്, വാള്‍ട്ട് ഡിസ്‌നി ഇന്‍ചാന്റഡ് ടിക്കി റൂം, സ്വിസ് ഫാമിലി ട്രീഹൗസ്, മാജിക്ക് കാര്‍പ്പറ്റ് ഓഫ് അലാദിന്‍ എന്നീ ക്ലാസിക്ക് സിനിമകളുടെ തനി ലൊക്കേഷനുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഫ്രോണ്ടിയര്‍ ലാന്‍ഡ് എന്നത് അമേരിക്കന്‍ ഓള്‍ഡ് വെസ്റ്റ് പ്രദേശങ്ങളിലെ കൗബോയ് സംസ്‌ക്കാരത്തെ ഓര്‍മ്മിപ്പിക്കും. റിവേഴ്‌സ് ഓഫ് അമേരിക്ക എന്നയിടത്തെ നിഗൂഢതകള്‍ കണ്ടെത്താവുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ബിഗ് തണ്ടര്‍ മൗണ്ടന്‍ റെയില്‍റോഡ്, സ്പ്ലാഷ് മൗണ്ടന്‍, കണ്‍ട്രി ബിയര്‍ ജംബോറെ എന്നീ ക്ലാസിക്ക് ആകര്‍ഷണങ്ങളാണ് മറ്റൊരു പ്രത്യേകത. നിരവധി ഷോപ്പുകള്‍ ഇവിടെയുമുണ്ട്. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് ഫെസ്റ്റിവല്‍ ഓഫ് ഫാന്റസി പരേഡ് തുടങ്ങുന്നത് ഇവിടെ നിന്നാണ്. അമേരിക്കന്‍ വിപ്ലവത്തെ ഓര്‍മ്മിപ്പിക്കും ലിബര്‍ട്ടി സ്‌ക്വയര്‍. അമേരിക്കന്‍ ചരിത്രത്തിന്റെ മഹത്തായ നിമിഷങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഇവിടെ ഹാള്‍ ഓഫ് പ്രസിഡന്റ്‌സ്, ഹോണ്ടഡ് മാന്‍ഷിയന്‍ എന്നീ കാഴ്ചകളും ഒരുക്കിയിരിക്കുന്നു. കാര്‍ണിവല്‍ സ്‌റ്റൈലിലാണ് ഫാന്റസി ലാന്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഡിസ്‌നി സിനിമകളുടെ ഫാന്റസി ലോകമാണ് കാഴ്ചക്കാരെ വരവേല്‍ക്കുന്നത്. മിക്കി മൗസ്, ലിറ്റില്‍ മെര്‍മെയ്ഡ്, സെവന്‍ ഡാര്‍ഫ്‌സ് മൈന്‍ ട്രെയ്ന്‍, അണ്ടര്‍ ദി സീ തുടങ്ങിയവയുടെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ കാണാം.

സിന്‍ഡ്രല്ല കാസിലിനു തൊട്ടുപിന്നിലാണ് കാസില്‍ കോര്‍ട്ട് യാര്‍ഡ്. പ്രിന്‍സസ് ഫെയറിടെയ്ല്‍ ഹാള്‍ തുടങ്ങി നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വിസ്മയകരമായ ലോകം ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്. മിക്കി മൗസ് യൂണിവേഴ്‌സ് എന്നയിടമുണ്ട് സ്‌റ്റോറി ബുക്ക് സര്‍ക്കസ് എന്നിടത്ത്. ഇതിനോടു ചേര്‍ന്ന് ന്യൂഫാന്റസി ലാന്‍ഡ് കാണാം. സ്‌നോ വൈറ്റ് കോട്ടേജിനു പുറമേ ഓഡിയോ ആനിമട്രോണിക്‌സ് എന്ന സംവിധാനത്തിലൂടെ നമ്മള്‍ ഒരു സിനിമയ്ക്കുള്ളിലാണെന്നു തോന്നിപ്പിക്കുന്ന ഒരു ഷോയും ഇവിടെ ഒരുക്കിയിരിക്കുന്നു. റോക്കറ്റുകള്‍, അന്യഗ്രഹജീവികള്‍, റോബോട്ടുകള്‍ തുടങ്ങിയവയാണ് ടുമോറോ ലാന്‍ഡിലുള്ളത്. ഡിസ്‌നി വേള്‍ഡിന്റെ അമ്പതാം വാര്‍ഷികമായ 2021-നോടനുബന്ധിച്ച് ലോകത്തിലെ ആദ്യത്തെ ലൈറ്റ് സൈക്കിള്‍ പവര്‍ റണ്‍ റോളര്‍ കോസ്റ്ററിന്റെ മിനിയേച്ചര്‍ പതിപ്പ് ഇവിടെ വരുന്നത് കണ്ടു. ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലാണ് ഇതിന്റെ ഒര്‍ജിനില്‍ വേര്‍ഷന്‍. മാജിക്ക് കിങ്ഡത്തില്‍ നിന്നിറങ്ങിയപ്പോഴും അതിന്റെ ഹാങ് ഓവര്‍ വിട്ടു മാറിയിരുന്നില്ല. തീംപാര്‍ക്ക് എന്നൊക്കെ പറയുമ്പോള്‍ ഇതിനപ്പുറം ഇനിയൊന്നു മനുഷ്യന്‍ ചിന്തിക്കാന്‍ സാധിക്കുമോയെന്നു പോലും തോന്നിച്ചു. അത്രയ്ക്ക് മനോഹരം…

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ ഒര്‍ലാന്‍ഡോയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക്. പോകുന്ന വഴി സെന്റ് ലൂയിസ് വിമാനത്താവളത്തില്‍ ഇറങ്ങി. ഇവിടെ നിന്നും കണക്ഷന്‍ ഫ്‌ളൈറ്റാണ്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും രണ്ടു മണിക്കൂര്‍ താമസമുണ്ട്. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ സമയവ്യത്യാസമനുസരിച്ച് സമയം മൊബൈൽ സ്വയം ശരിയാക്കി. മൂന്നു മണിക്കൂര്‍ പിന്നോട്ടാണ് ഇവിടെ. അതു കൊണ്ട് തന്നെ ചെന്നിറങ്ങിയാലുടന്‍ വല്ലതും കഴിച്ച് നഗരം കാണാന്‍ ഇറങ്ങുകയാണ് പദ്ധതി. പുലര്‍ച്ചെ എഴുന്നേറ്റത്തിന്റെ ഉറക്കച്ചടവുണ്ട്. സെന്റ് ലൂയിസില്‍ നിന്നും നാലു മണിക്കൂര്‍ യാത്രയാണ്. ഗൂഗിള്‍ മാപ്പില്‍ മിസോറി നദി സെന്റ് ലൂയിസ് വിമാനത്താവളത്തിനു സമീപത്തു കൂടെയാണ് ഒഴുകുന്നത് എന്നു കണ്ടു. ട്രാവല്‍ ലോഞ്ചിലെ വലിയ ജനാലയിലൂടെ പലവട്ടം പരതിയെങ്കിലും നദിയുടെ ഒരു ലക്ഷണവും കണ്ടില്ല. ഇനി വിമാനത്തിലിരുന്നു കാണാം, വിന്‍ഡോ സീറ്റ് കിട്ടിയാല്‍ ഭാഗ്യം.

അമേരിക്കന്‍ നദികളില്‍ നീളത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് മിസോറി നദി. 3768 കിലോമീറ്റര്‍ ദൂരം. വല്ലവിധേനയും വിമാനത്തില്‍ കയറിയിരുന്നുവെങ്കിലും ഞങ്ങളേക്കാള്‍ മുന്‍പേ ഒരു നീഗ്രോ വനിത സീറ്റ് പിടിച്ചിരുന്നു. അവര്‍ക്കൊപ്പമാണ് എനിക്കും ശ്രീജയ്ക്കും ഇരിക്കേണ്ടത്. രസമെന്താണെന്നു വച്ചാല്‍ അവര്‍ക്ക് എന്റെ ഇരട്ടി ശരീരഭാരമുണ്ട്, ചിലപ്പോള്‍ അതിലും കൂടുതലാകാനെ തരമുള്ളു (എനിക്ക് 100 കിലോയുണ്ടെന്നാണ് അസൂയക്കാര്‍ പറഞ്ഞു പരത്തുന്നത്.) അങ്ങനെയുള്ള എന്റെയും അവരുടെയും നടുവിലാണ് ശ്രീജയുടെ ഇരിപ്പ്. (ചിത്രം പോസ്റ്റ് ചെയ്തത് കാണുമ്പോള്‍ അറിയാം, പാവം ശ്രീജയ്ക്ക് ഇത്തവണത്തെ സഹനത്തിന്റെ നൊബേല്‍ സമ്മനാനം കിട്ടാന്‍ സാധ്യതയുണ്ട്.) അതും നാലു മണിക്കൂര്‍. ഒന്നര സീറ്റ് അവരും ഒരു ഫുളും ഒരു കാലും കൂടിച്ചേര്‍ന്ന ഫുള്ളേകാല്‍ സീറ്റ് ഞാനും കൂടി എടുത്താല്‍ പിന്നെയെന്തു ചെയ്യും! (സീറ്റ് അല്‍പ്പം കൂടി വലുതാക്കുന്ന കാര്യത്തില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് നീതി പാലിക്കുക).

രണ്ടു മണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ എയര്‍പോര്‍ട്ടിലിറങ്ങിയത്. ഇവിടെ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് ഡൗണ്‍ടൗണ്‍. ഞങ്ങളിപ്പോള്‍ കാലിഫോര്‍ണിയ സംസ്ഥാനത്താണ്. അമേരിക്കയുടെ പോഷായ ജീവിതശൈലിയുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. ചരിത്രകാലം മുതല്‍ക്കേ സാന്‍ഫ്രാന്‍സിസ്‌ക്കോ നല്ല നിലയിലാണ് ജീവിച്ചത്. യെര്‍ബാ ബ്യൂണ എന്ന പേരില്‍ മെക്‌സിക്കോയായിരുന്നു ഇത് ഭരിച്ചിരുന്നത്. പിന്നീട് അമേരിക്കയുമായുള്ള യുദ്ധത്തിനു ശേഷമാണ് സാന്‍ഫ്രാന്‍സിസ്‌ക്കോ എന്നു പേരിട്ടത്. ഗോള്‍ഡ് റഷ് (സ്വര്‍ണഖനനം) ആയിരുന്നു നഗരത്തില്‍ സമ്പന്നമാരെ വളര്‍ത്തിയത്. അങ്ങനെ ബാങ്കുകള്‍, വലിയ ആഡംബരസൗധങ്ങളൊക്കെ എത്തി ഇവിടം ലോകത്തിലെ തന്നെ വലിയ നഗരം എന്ന വിശേഷണത്തോടെ അടുക്കുമ്പോഴാണ് 1906 ഏപ്രില്‍ 18 ന് ഒരു വലിയ ഭൂകമ്പമുണ്ടായത്. നഗരം നശിച്ചു എല്ലും തോലുമായെങ്കിലും വിട്ടുകൊടുക്കാന്‍ ഇവിടുത്തെ മനുഷ്യന്‍ തയ്യാറായില്ല. അവര്‍ അടുത്ത പതിറ്റാണ്ടിനിടെ എല്ലാം പുനഃസ്ഥാപിച്ചു.

അമേരിക്കയുടെ പടിഞ്ഞാറെ തീരമാണ് സാന്‍ഫ്രാന്‍സിസ്‌കോ നഗരമെന്നു പറയാം. പസഫിക് സമുദ്രത്തിന്റെ തീരവും സാന്‍ഫ്രാന്‍സിസ്‌കോ ബേയും ഇരു വശത്തും നഗരാതിര്‍ത്തികളായി വരുന്നു. അല്‍കാട്രസ്, ട്രഷര്‍ ഐലന്‍ഡ്, യെര്‍ബ ബ്യൂണ എന്നീ ദ്വീപുകളും അല്‍മേഡാ, റെഡ് റോക്ക്, എയ്ഞ്ചല്‍ എന്നീ ദ്വീപുകളുടെ ചില ഭാഗങ്ങളും നഗരഭാഗമാണ്. ഇതോടൊപ്പം മനുഷ്യവാസമില്ലാത്ത ഫറോലോണ്‍ ദ്വീപും ഉള്‍പ്പെടും. നഗരപരിധിക്കുള്ളില്‍ മാത്രം 50 കുന്നുകളുണ്ട്. നോബ് ഹില്‍, പോട്രെറോ ഹില്‍, റഷ്യന്‍ ഹില്‍ എന്നിവ അവയില്‍ ചിലതാണ്. ജനസാന്ദ്രത കുറഞ്ഞ ട്വിന്‍ പീക്ക്‌സ് പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണാം. ഏറ്റവും ഉയരം കൂടിയ പര്‍വ്വതം മൗണ്ട് ഡേവിഡ്‌സണ്‍ ആണ്. 283 മീറ്ററാണ് ഇതിന്റെ ഉയരം. കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ. അതുപോലെ ന്യൂയോര്‍ക്ക് സിറ്റി കഴിഞ്ഞാല്‍ അമേരിക്കയിലെ ജനസാന്ദ്രത കൂടിയ രണ്ടാമത്തെ നഗരവും. നഗരവും പരിസരപ്രദേശങ്ങളും സാന്‍ ഫ്രാന്‍സിസ്‌കൊ ബേ ഏരിയ എന്നറിയപ്പെടുന്നു. ഇഷ്ടം പോലെ വിശേഷണ പേരുണ്ട് ഈ നഗരത്തിന്. സിറ്റി ബൈ ദി ബേ, ഫോഗ് സിറ്റി, സാന്‍ ഫ്രാന്‍, ഫ്രിസ്‌ക്കോ, സിറ്റി ദാറ്റ് നോസ് ഹൗ, ബാഗ്ദാദ് ബൈ ദി ബേ, പാരിസ് ഓഫ് ദി വെസ്റ്റ് എന്നിങ്ങനെയാണ് വട്ടപ്പേരുകള്‍.

നഗരപ്രദക്ഷിണത്തില്‍ കണ്ണെത്താ ദൂരത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അംബരചുംബികളായ കെട്ടിടങ്ങള്‍ കണ്ടു. 48 നിലകളുള്ള ട്രാന്‍സ് അമേരിക്ക പിരമിഡ് എന്ന കെട്ടിടമായിരുന്നു അടുത്ത കാലം വരെ വലുത്. ഇപ്പോള്‍ 326 മീറ്റര്‍ ഉയരത്തില്‍ 61 നിലകളിലായി സെയില്‍സ് ഫോഴ്‌സ് ടവര്‍ (ട്രാന്‍സ്‌ബേ ടവര്‍) ഇതിനെ മറികടന്നു. കോപ്പര്‍ ചിമ്മിനി എന്ന ഇന്ത്യന്‍ റെസ്റ്ററന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം നേരെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കാണാന്‍ പുറപ്പെട്ടു. നഗരത്തിന്റെ ഉള്‍ക്കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോള്‍ഡന്‍ ഗേറ്റ് പാലം. അമേരിക്കയിലെ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയെയും കാലിഫോര്‍ണിയയിലെ മാരിന്‍ കൗണ്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ചുവപ്പ് നിറമാണ്. കാഴ്ചയ്ക്ക് അതിമനോഹരം. രണ്ടു മൈലാണ് ഇതിന്റെ നീളം. ആറു വരിപ്പാത. നടന്നു പോകാനും സൈക്കിള്‍ ചവിട്ടാനും പ്രത്യേകമായ ഇടവുമുണ്ട്. 1937-ലാണ് ഗതാഗതത്തിനായി ഇതു തുറന്നു കൊടുത്തത്. ലോകത്തിലെ ഏറ്റവും വലിയ സസ്‌പെന്‍ഷന്‍ ബ്രിഡ്ജായിരുന്നു നിര്‍മ്മിച്ച കാലത്ത് ഇത്. ഇന്നിപ്പോള്‍ പതിനാറാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ജപ്പാനിലെ അകാഷി കായിഖോയ്ക്കും രണ്ടും മൂന്നും സ്ഥാനം ചൈനക്കാര്‍ക്കുമാണ്. ഈ ബ്രിഡ്ജ് അമേരിക്കയില്‍ രണ്ടാമത്തേതാണ്. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിനെയും ബ്രൂക്ക്‌ലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വെരസാനോ ബ്രിഡ്ജാണ് അമേരിക്കയില്‍ ഒന്നാമതുള്ളത്.

ഞങ്ങള്‍ ഗോള്‍ഡന്‍ ഗേറ്റിനു മുന്നിലെ പസഫിക്ക് സമുദ്രത്തോടു മുട്ടി നിന്നാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കണ്ടത്. (സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിനെ പസഫിക് സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്ന കടലിടുക്ക്.) സാന്‍ഫ്രാന്‍സിസ്‌കോ ഉപദ്വീപിന്റെയും മാരിന്‍ ഉപദ്വീപിന്റെയും മുനമ്പുകള്‍ക്കിടയിലുള്ള ഭാഗമാണിത്. തീരം മുഴുവനായും ഗോള്‍ഡന്‍ ഗേറ്റ് നാഷണല്‍ റിക്രിയേഷന്‍ ഏരിയയുടെ പരിപാലന ചുമതലയിലാണുള്ളതെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ എല്ലായിടത്തുമുണ്ട്. ഇവിടെ നിന്നു നോക്കിയാല്‍ അല്‍കാട്രസ് ദ്വീപ് കാണാം. അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിലൊന്നായിരുന്നു ഇത് എന്ന് ബെന്നി എല്ലാവർക്കുമായി വിശദീകരിച്ചു തന്നു. ആൻഡമാനിലെ സെല്ലുലാർ ജയിൽ പോലെ ഒരു കാലത്ത് ഇവിടെയും. മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം 1963-ല്‍ ഇത് അടച്ചു. ഇന്നിത് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഞങ്ങള്‍ ഇവിടെ നിന്നും ഒരു ജലയാനത്തില്‍ കയറി സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഒന്നു ചുറ്റിക്കറങ്ങി. ബ്ലൂ ഗോള്‍ഡ് ഫ്‌ളീറ്റിന്റെ ഗോള്‍ഡന്‍ ബിയര്‍ എന്ന ജലയാനത്തിലിരുന്നു ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കാണുമ്പോള്‍ ശരിക്കും അതിന്റെ ഭീമാകാരമായ വലിപ്പം ബോധ്യപ്പെടും. വളരെയടുത്ത് ക്രൂയിസ് ഷിപ്പുകള്‍ നങ്കൂരമിട്ടിരിക്കുന്നു.

സമയം കളയാനില്ല. നേരെ സിലിക്കണ്‍വാലിയിലേക്ക് പോകണം. ലോകത്തിലെ പ്രമുഖരായ കമ്പ്യൂട്ടര്‍ കമ്പനികളുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും ആസ്ഥാനം. നിരത്തുകളില്‍ ആഡംബര വാഹനങ്ങളുടെ ഇരമ്പിപ്പാച്ചല്‍. ഇടയ്ക്ക് കേബിള്‍ കാറുകള്‍ കണ്ടു. സാന്റാക്ലാരാ വാലിയെന്നാണ് ഈ പ്രദേശങ്ങള്‍ മൊത്തമായി അറിയപ്പെടുന്നത്. സാന്‍ ജോസ് എന്ന വലിയ നഗരത്തിലാണ് സിലിക്കണ്‍വാലി എന്നു വേണമെങ്കില്‍ പറയാം. ഗൂഗിളും ആപ്പിളും ഫേസ്ബുക്കും ട്വിറ്ററും എന്നു വേണ്ട നൂറു കണക്കിനു ലോകോത്തര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ചില കമ്പനികളുടെ പേര് പറയാം, അറിയാമോയെന്നു നോക്കൂ. ഫോട്ടോഷോപ്പ് കമ്പനി അഡോബി, കംപ്യൂട്ടര്‍ പ്രോസ്സസ്സര്‍ കമ്പനി എഎംഡി, ആപ്പിള്‍, സിസ്‌ക്കോ, ഇ-ബേ, ഫേസ്ബുക്ക്, എച്ച്പി, ഇന്റല്‍, നെവിദ, ഒറാക്കിള്‍, സിമന്റെക്ക്, ടെസ്വല, വിസ, ആമസോണ്‍, ഡെല്‍, ഗോപ്രോ, മക്കഫി, ലോജിടെക്ക്, മൊസില്ല, യൂട്യൂബ് തുടങ്ങി (ഇത്രയേ ഓര്‍ത്തെടുക്കാന്‍ പറ്റിയുള്ളു.) മറ്റു രാജ്യത്തെ കമ്പനികള്‍ക്കെല്ലാം തന്നെ ഇവിടെ ഓഫീസും കമ്പനികളുമുണ്ട്. ഇന്ത്യന്‍ കമ്പനി ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്ലും ടാറ്റായുടെ ടിസിഎസും തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. ഫേസ്ബുക്കിന്റെയും ഗൂഗുളിന്റെയും ഓഫീസുകളുടെ പുറത്തു നിന്നു ചിത്രങ്ങളെടുത്തു.

നല്ല തണുപ്പ്, ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. ഇന്ന് വളരെ നീണ്ട യാത്രയായിരുന്നു. ശരിക്കും തളര്‍ന്നുവെന്നു പറയാം. വൈകിട്ട് കോട്ടയത്തെ എന്റെ അടുത്ത സുഹൃത്ത് ജയന്റെ സഹോദരി രശ്മിയുടെ വീട്ടിലാണ് അത്താഴമൊരുക്കിയിരിക്കുന്നത്. രശ്മിയുടെ ഭര്‍ത്താവ് ഗോപന് ആപ്പിളിൽ ആണ് ജോലി. നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ആപ്പിളിന്റെ ഏതെങ്കിലുമൊരു പ്രൊഡക്ട് നല്ല ഡിസ്‌കൗണ്ടിൽ വാങ്ങിത്തരാമായിരുന്നവത്രേ. അമേരിക്കയില്‍ വന്നിട്ട് ആദ്യമായി പുളിശേരിയും മീന്‍ കറിയും കൂട്ടി നന്നായി ചോറുണ്ടു. ആഹാ, എന്തൊരു സുഖം. അവരുടെ കുട്ടികളായ പാര്‍ത്ഥന്റെയും ചിന്നിയുടെയും ഒപ്പം നിന്നു ചിത്രങ്ങളെടുത്തു. തിരിച്ച് ഹോട്ടലില്‍ വന്നു കയറിയതു മാത്രം ഓര്‍മ്മയുണ്ട്…

ഇന്ന് ലാസ് വേഗാസിലേക്കാണ് യാത്ര. ടൂര്‍ ഓപ്പറേറ്റര്‍ ബെന്നിയുടെ അഭിപ്രായത്തില്‍ അമേരിക്കയില്‍ കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളിലൊന്നാണ് വേഗാസ്. മറ്റൊന്ന് നയാഗ്രയാണ്. അങ്ങനെ ഞങ്ങള്‍ ലാസ് വേഗാസ് എന്ന നെവാദയിലെ മരുഭൂമിക്കു നടുവിലുള്ള പച്ചപ്പാര്‍ന്ന വിനോദസഞ്ചാര ഭൂമിയിലേക്ക് പറക്കുകയാണ്. റോഡ്മാര്‍ഗം 600 മൈലുകളാണ് ഇവിടേക്കുള്ള ദൂരം. അതായത്, നിര്‍ത്താതെ ഡ്രൈവ് ചെയ്താല്‍ പത്തു മണിക്കൂറു കൊണ്ടെത്താം. എന്നാല്‍ വിമാനത്തില്‍ വെറും ഒന്നര മണിക്കൂറു കൊണ്ട് മക്കാരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങും. മുതിര്‍ന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമാണ്. 1905-ല്‍ സ്ഥാപിതമായ മരുഭൂമിക്കു നടുവിലുള്ള വേഗാസ് അവിടുത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ (കാസിനോ) കൊണ്ടും, മുതിര്‍ന്നവര്‍ക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികളാലും, ലഹരിയുടെ ഉന്മാദത്താലും ഏറെ പ്രശസ്തമാണ്. പകലുറങ്ങുന്ന ഈ നഗരം രാത്രിയില്‍ വര്‍ണ്ണവിളക്കുകളാലും ജനങ്ങളാലും നിറയുമത്രേ.

അങ്ങനെ ബെന്നി പറയുന്ന വിവരണങ്ങള്‍ മനസ്സിലാകെ നിറച്ചു വച്ച് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നും ലാസ് വേഗാസിലേക്ക് പറന്നു. മറ്റൊരു കാര്യം ബെന്നി പ്രത്യേകം പറഞ്ഞിരുന്നു. ഈ വിമാനയാത്രയില്‍ പതിവുള്ള പരിപാടിയായ ഉറക്കം പാടില്ലെന്നും പുറത്തേക്ക് നോക്കിയിരിക്കണമെന്നുമായിരുന്നു ബെന്നിയുടെ നിര്‍ദ്ദേശം. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍പാടം യാത്രയ്ക്കിടെ കാണാമത്രേ. ഗൂഗിളിന്റേതാണ് ഇത്. അല്‍ബാമ എന്ന സ്ഥലത്തുള്ള ഇവിടെ നിന്നും 150 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതു കൂടാതെ മറ്റൊന്ന് ടെന്നിസിയിലും ഉണ്ടത്രേ. ഇതിലും വലിയൊരു വിശേഷം തുരുമ്പെടുത്ത വിമാനങ്ങള്‍ കൂട്ടിയിട്ടു നശിപ്പിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ചുള്ള വിശേഷണമാണ്. ഞങ്ങള്‍ പറക്കുന്ന കാലിഫോര്‍ണിയയില്‍ ഇത്തരത്തില്‍ മൂന്നു സ്ഥലങ്ങളുണ്ട്. അതിലൊന്ന് മൊജാവ് എയര്‍ ആന്‍ഡ് സ്‌പേസ് എന്ന സ്ഥലം വിമാനത്തിലിരുന്നു കണ്ടു. ആക്രി വിലയ്ക്കു തൂക്കി വില്‍ക്കാനായി വിമാനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ആയിരക്കണക്കിനു വിമാനങ്ങളാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. ഇങ്ങനെയുള്ള സ്ഥലങ്ങളെ ബോണ്‍യാര്‍ഡുകള്‍ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ആകെ 20 ബോണ്‍യാര്‍ഡുകളാണ് (വിമാനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നിടം) ഉള്ളത്. ഇതില്‍ ആറെണ്ണമൊഴികെ ബാക്കിയെല്ലാം തന്നെ അമേരിക്കയിലാണ്. ഓസ്‌ട്രേലിയ, കാനഡ, കിര്‍ഗിസ്ഥാന്‍, സ്‌പെയ്ന്‍, രണ്ടെണ്ണം യുകെയിലുമാണ് അമേരിക്കയ്ക്ക് പുറത്തുള്ളത്.

ഞങ്ങള്‍ പറക്കുന്നത് ഡെത്ത് വാലിക്കു മുകളിലൂടെയാണ്. എന്താണ് ഡെത്ത് വാലി? സമുദ്രനിരപ്പിനും താഴെയുള്ള ഒരു താഴ്‌വരയാണിത്. കാലിഫോര്‍ണിയയിലെ ഇന്യോ കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന ആഴമേറിയ ഈ താഴ്‌വാരത്തിന്റെ ചെറിയൊരു ഭാഗം നെവാഡ പ്രദേശത്തേക്കും വ്യാപിച്ചിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 86 മീ. താഴ്ചയിലുള്ള ഇവിടത്തെ ‘ബാഡ് വാട്ടര്‍’ പ്രദേശം പശ്ചിമാര്‍ധഗോളത്തിലെ തന്നെ ഏറ്റവും താഴ്ച്ചയുള്ള പ്രദേശമാണ്. എന്നാല്‍ ഒരിക്കലും ഇവിടെ കടല്‍ കയറിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. ലോകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചൂട് ഇവിടെയായിരുന്നു. 57 ഡിഗ്രി സെല്‍ഷ്യസ്. ഓര്‍ക്കാന്‍ പറ്റുമോ ഈ ചൂടിനെക്കുറിച്ച്. കേരളത്തില്‍ 35 ഡിഗ്രി ചൂട് എന്നു പറയുമ്പോള്‍ സൂര്യതാപമെന്ന് അലറിവിളിച്ചവര്‍ 57 നെക്കുറിച്ചോര്‍ത്തു നോക്കൂ… ജൂലൈ മാസത്തിലാണ് ഇവിടെ സൂര്യന്‍ കത്തിജ്വലിക്കുന്നത്. ജനുവരി മാസത്തില്‍ കാഠിന്യമുള്ള തണുപ്പും ഇവിടെ അനുഭവപ്പെടുമത്രേ. മൈനസ് ഒമ്പതാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തണുപ്പ്.

എന്നാല്‍ ഇതു കൊണ്ടൊന്നുമല്ല ഈ താഴ്‌വാരത്തിന് ഈ പേര് വന്നത്. അതിങ്ങിനെ, 1849-ല്‍ ഇവിടുത്തെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത്ത്‌വാലി എന്ന് വിശേഷിപ്പിച്ചത്. 1849ലെ സ്വര്‍ണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാര്‍ഗ്ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവര്‍. നിരവധി പേരുടെ മരണത്തിനും യാതനകള്‍ക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയില്‍ ഇവര്‍ വിജയം കണ്ടെത്തിയത്. 1850 ജനുവരിയില്‍ ഇവര്‍ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകള്‍ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങള്‍ അനുഭവിച്ച യാതനകളുടെ സ്മരണാര്‍ഥമാണ് ഈ പ്രദേശത്തിന് ‘ഡെത്ത്‌വാലി’ എന്ന പേര് നല്‍കിയത്. നിരവധി ഉപ്പ്തടങ്ങള്‍ ഇവിടെയുണ്ട്. സ്ഥിരമായ മനുഷ്യവാസം ഇല്ലെങ്കിലും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിവിടം.

ഞങ്ങള്‍ വിമാനത്തിലിരുന്നു ഡെത്ത് വാലി കണ്ടെന്നു വരുത്തി. 7917 ച. കി. മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതപ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. മഞ്ഞുമാസങ്ങളില്‍ ഇവിടം മനോഹരങ്ങളായ പൂക്കള്‍കൊണ്ടുമൂടുമേ്രത. ഡെത് വാലിയിലെ അപൂര്‍വമായ ഈ മനോഹാരിത ആസ്വദിക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇനിയൊരിക്കല്‍ വീണ്ടും യുഎസിലെത്തുമ്പോള്‍ ഡെത്ത് വാലിയിലേക്കൊരു യാത്ര പോകണം. ഇപ്പോള്‍ ലാസ് വേഗാസിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് വിമാനത്തില്‍ ലാന്‍ഡിങ്ങിനു തയ്യാറെടുത്തു.

ഞങ്ങള്‍ താമസിക്കുന്നത് ലാസ് വേഗാസിലെ ലക്‌സര്‍ എന്ന ഹോട്ടലിലാണ്. എംജിഎം റിസോര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ 120,000 സ്‌ക്വയര്‍ഫീറ്റ് കാസിനോ ഉള്ള ഭീമാകാരമായ ഹോട്ടല്‍. ലോകത്തില്‍ ഏറ്റവും വലിയ ഓപ്പണ്‍ സ്‌പേസ് ഉള്ള (29 മില്യണ്‍ ക്യൂബിക്ക് ഫീറ്റ്-820,000 സ്‌ക്വയര്‍ മീറ്റര്‍) ഹോട്ടലാണിത്. 4407 മുറികളുണ്ട് ഇതിന്. 442 സ്യൂട്ട് റൂമുകളും. മൂന്നു ടവറുകളുണ്ട് ഈ ഹോട്ടലിന്. ഈജിപ്തിലെ പിരമഡിന്റെ ഷേപ്പിലാണ് ആദ്യത്തേത്. ഇതിലെ എല്ലാ മുറികളും തുറക്കുന്നത് പുറം കാഴ്ചകളിലേക്കാണ്. ആകെ 30 നിലകളുള്ള ഈ ഹോട്ടല്‍ നെവാദയിലെ പാരഡൈസിലുള്ള ലാസ് വേഗാസ് സ്ട്രിപ്പിലാണു സ്ഥിതി ചെയ്യുന്നത്. ആഡംബരത്തിന്റെ അവസാനവാക്കാണ് ഈ ഹോട്ടലിന്റേത് എന്നു തോന്നിപ്പിക്കുന്ന ഉള്‍ഭാഗം. ഈജിപ്തിലെ റെഡ് പിരമഡിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഇത് 1992-ലാണ് തുറന്നത്. ഈജിപ്ഷ്യല്‍ ശൈലിയിലാണ് ഉള്‍ഭാഗങ്ങളേറെയും നിര്‍മ്മിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സ്‌പേസ്, നാലു സ്വിമ്മിങ് പൂളുകള്‍, ഒരു ഭീമന്‍ കല്യാണ മണ്ഡപം (വെഡിങ് സെന്റര്‍), നിരവധി സ്പായും സലൂണും പുറമേ 29 റീട്ടെയ്ല്‍ സ്റ്റോറുകളും. ഇതിനുപുറമേ അഡല്‍ട്ട് ഓറിയന്റഡ് ആധുനിക ലോഞ്ചുകളും റസ്റ്ററന്റുകളും സഹിതം ഈ ഹോട്ടല്‍ തന്നെ വലിയൊരു വിസ്മയം തന്നെ.

മുറികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഈ ഹോട്ടല്‍. ഒന്നാം സ്ഥാനത്ത് 7351 മുറികളുമായി മലേഷ്യയിലെ ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. രണ്ടാം സ്ഥാനത്തുള്ള ഹോട്ടല്‍ ഞങ്ങളുടെ മുറി തുറന്നാല്‍ കാണാം, വലിയൊരു കോട്ട പോലെ. വെനീഷ്യന്‍ റിസോര്‍ട്ട് ഹോട്ടല്‍ കാസിനോ എന്നാണ് ഇതിന്റെ പേര്. 36 നിലകളിലായി 4049 മുറികളും 3068 സ്യൂട്ട് റൂമുകളും സഹിതം 7117 മുറികള്‍. ഇവിടെ ഒരു രാത്രിക്ക് 169 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെയാണ് നിരക്ക്. മൂന്നാം സ്ഥാനത്തുള്ള എംജിഎം ഗ്രാന്‍ഡും ഇവിടെ ലാസ് വേഗാസില്‍ തന്നെയാണ്. 6852 മുറികളാണ് ഇതിലുള്ളത്. നാലാം സ്ഥാനത്തും അവരുടെ തന്നെ സിറ്റി സെന്റര്‍ 6790 മുറികള്‍. 76 ഏക്കറിലാണ് ഇതു വ്യാപിച്ചു കിടക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ ഫണ്ടിങ്ങോടു കൂടിയ ഹോട്ടല്‍ പദ്ധതിയാണിത്. ഇനി ഏഴാം സ്ഥാനത്തുള്ള വൈന്‍ ലാസ് വേഗാസ് എന്ന ഹോട്ടലിന് 4750 മുറികളുണ്ട്. എട്ടാം സ്ഥാനത്തുള്ള മന്‍ഡേലെ ബേ എന്ന 43 നിലകളുള്ള ഹോട്ടലും ഇവിടെ തന്നെ. ഒമ്പതാം സ്ഥാനത്തുള്ള ലക്‌സറിലാണ് ഞങ്ങളുടെ വിളയാട്ടം.

ഇനി ചില റെക്കോഡുകളിലേക്ക് ഒന്നു നോക്കാം. (നിയമപ്രകാരമുള്ള മുന്നറിയിപ്പ്- വായിക്കുമ്പോള്‍ കണ്ണു തള്ളിപ്പോകരുത്.) പന്ത്രണ്ടാം സ്ഥാനത്തുള്ള എക്‌സ്‌കാലിബര്‍ (3981 മുറികള്‍), പതിമൂന്നാം സ്ഥാനത്തുള്ള സീസേഴ്‌സ് പാലസ് (3960 മുറികള്‍), പതിനാലാം സ്ഥാനത്തുള്ള ബെലാജിയോ (3950 മുറികള്‍), പതിനഞ്ചാം സ്ഥാനത്തുള്ള സര്‍ക്കസ് സര്‍ക്കസ് (3773 മുറികള്‍), പതിനേഴാം സ്ഥാനത്തുള്ള ഫ്‌ളെമിംഗോ (3626 മുറികള്‍), 21-ാം സ്ഥാനത്തുള്ള മിറാഷ് (3044 മുറികള്‍), 22-ാമതുള്ള മോണ്ടികാര്‍ലോ (3002 മുറികള്‍), 25-ാം സ്ഥാനത്തുള്ള കോസ്‌മോപോളിറ്റന്‍ (2995 മുറികള്‍)…. നിര്‍ത്തുന്നു. ഇനി എണ്ണിയാല്‍ വീണ്ടും കണ്ണു തള്ളിപ്പോകും. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളുടെ ആദ്യ 25 പട്ടികയില്‍ പതിനാറെണ്ണവും ലാസ് വേഗാസില്‍.

ഇനി ഈ നഗരത്തിന്റെ ആഢംബരത്തെക്കുറിച്ച് ഞാനെന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ഇപ്പോള്‍ മനസ്സിലായില്ലേ, ഞാനെന്തിനാണ് മുറികളുടെ എണ്ണമെടുത്തതെന്ന്. ഹോട്ടലുകള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇന്ത്യയിലെ വലിയ ഹോട്ടലുകളിലൊന്നായ 12 ഏക്കറുകളിലായി കിടക്കുന്ന മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തിനു പോലും 547 മുറികളും 111 സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളുമാണുള്ളത്. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഈ ലാസ് വേഗാസ് എന്താണ്… ഇത് സ്വര്‍ഗമോ, അതോ മായാനഗരമോ? നഗരത്തിന്റെ മായകാഴ്ചളുമായി നിങ്ങളെ ബോറടിപ്പിക്കുവാൻ ഇന്ന് തന്നെ വീണ്ടും വരും. പറഞ്ഞറിയിക്കാൻ വയ്യാത്ത ലാസ് വെഗാസ് നഗരം..

സ്വപ്‌നലോകം തന്നെയാണ് ലാസ് വേഗാസ്. വെളിച്ചം കൊണ്ട് എങ്ങനെ ഇത്രമാത്രം നിറങ്ങള്‍ കൊരുക്കാമെന്ന് ഇവിടെ വന്നു കണ്ടാലേ മനസ്സിലാകു. ഡിസ്‌നിയുടെ മാജിക്ക് കിങ്ഡത്തില്‍ നിന്നപ്പോള്‍ പ്രഭാപൂരിതമായ കെട്ടിടങ്ങളില്‍ അതാണ് കൂടുതല്‍ മിന്നുന്നതെന്നു തോന്നിപ്പോയി. ഇവിടെയെത്തിയപ്പോള്‍ ഇതിനു മുന്നില്‍ മറ്റൊന്നുമില്ലെന്നു തോന്നി. കാസിനോകളുടെ ബോര്‍ഡുകളാണ് എല്ലായിടവും. താമസിക്കുന്ന ഹോട്ടലുകളിലും നിരത്തുകളിലുമെല്ലാം അതു തന്നെ. ലോകത്തിലെ എല്ലാ വിനോദത്തിന്റെയും തലസ്ഥാനമാണിത്. അതു കൊണ്ടാവാം സിന്‍ സിറ്റി എന്നാണ് ഇതിന്റെ ചെല്ലപ്പേര്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ലാസ് വേഗാസ് ഇത്രയും വളര്‍ന്നത്. 1951-ല്‍ ഈ നഗരത്തിന്റെ നൂറു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു യുഎസിന്റെ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന നെവാദ ടെസ്റ്റ് സൈറ്റ്. അങ്ങനെ ആറ്റോമിക്ക് സിറ്റി എന്നായിരുന്നു ഇതിന് അക്കാലത്ത് പേര്. ഓരോ പരീക്ഷണങ്ങള്‍ക്കു ശേഷവും കൂണു പോലെ മേഘപടലങ്ങള്‍ ആഴ്ചകളോളം ആകാശത്തു തങ്ങിനില്‍ക്കുന്നതു സ്ഥിരം കാഴ്ചയായിരുന്നുവത്രേ. 1963-ലാണ് ഇത് ഭൂമിക്ക് അടിയിലേക്ക് മാറ്റിയത്.

അമേരിക്കന്‍ വിഷ്വല്‍ എഡിറ്റര്‍ ബെറ്റി വില്ലീസ് 1959-ല്‍ ഇവിടെ സ്ഥാപിച്ച ‘വെല്‍ക്കം ടു ലാസ് വേഗാസ്’ എന്ന ബോര്‍ഡിനു മുന്നില്‍ ഒന്നു നിവര്‍ന്നു നിന്നു കുറച്ചു ചിത്രങ്ങളെടുത്തു. ഇവിടുത്തെ ഡൗണ്‍ടൗണ്‍ ഏരിയയിലുള്ള ഫ്രീമോണ്ട് സ്ട്രീറ്റ് എക്‌സ്പീരിയന്‍സ് ഒന്നനുഭവിക്കാന്‍ വാഹനത്തില്‍ അങ്ങോട്ട് തിരിച്ചു. ഇവിടെ മാത്രം 12.5 മില്യണ്‍ എല്‍ഇഡി ലൈറ്റുകളാണ് ഒരേസമയം അത്ഭുതസമാന പ്രകാശവിസ്മയം ഒരുക്കുന്നത്. 550,000 വാട്ട് സൗണ്ടിന്റെ ശബ്ദസാഗരം. ഹോട്ടലുകളും കാസിനോകളുമാണ് ഇവിടുത്തെ ആകര്‍ഷണം എന്നു പറഞ്ഞല്ലോ, എന്നാല്‍ ഇതുമാത്രമല്ല എല്ലാതരം ഗെയിമുകളും ഇവിടെയുണ്ട്. കോടിക്കണക്കിനു ഡോളറുമായി വേഗാസില്‍ രാത്രി വന്നിറങ്ങിയാല്‍ രാവിലെ തിരിച്ചു പോകുമ്പോള്‍ ഒരു ഡോളര്‍ പോലും ഉണ്ടാകില്ലെന്നതാണ് ഈ നഗരത്തെപ്പറ്റിയുള്ള ഒരു ചൊല്ല്. ഫ്രീമോണ്ട് സ്ട്രീറ്റിലാണ് ഏറ്റവും കൂടുതല്‍ കാസിനോകള്‍. അവിടെയൊരു ഓട്ടപ്രദക്ഷിണം നടത്തിയതിനു ശേഷം വലിയ കെട്ടിടങ്ങള്‍ ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന ലാസ് വേഗാസ് സ്ട്രിപ്പില്‍ എത്തി.

350 മീറ്റര്‍ ഉയരത്തിലൊരു ഒബ്‌സര്‍വേഷന്‍ ടവര്‍ ഇവിടെയുണ്ട്. പടിഞ്ഞാറന്‍ ഭൂപ്രദേശത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമാണിത്. 112 നിലകളുള്ള ഇതിന്റെ പേര് സ്ട്രാറ്റോസ്ഫിയര്‍ ടവര്‍ എന്നാണ്. 63 നിലകളുള്ള ദി ഡ്രൂ എന്ന കെട്ടിടത്തിനു തൊട്ടു പിന്നിലായി 53 നിലകളില്‍ ദി പ്ലാസോ എന്ന ഹോട്ടല്‍. 642 മീറ്റര്‍ ഉയരമുണ്ട് ഇതിന്. 54 നിലകളുണ്ടെങ്കിലും 631 മീറ്റര്‍ മാത്രം ഉയരമുള്ള എന്‍കോര്‍ എന്ന കെട്ടിടവും അടുത്തു തന്നെ. ഇവിടെയുള്ള മുപ്പത്തിയഞ്ചോളം കെട്ടിടത്തിന് 40 നിലകള്‍ക്കു മുകളിലാണ് ഉയരം. ആകാശത്തോളം ഉയരത്തില്‍ നിന്നും നിയോണ്‍ ബള്‍ബുകള്‍ വര്‍ണപ്രപഞ്ചമൊരുക്കുന്നു. കണ്ണുകള്‍ക്ക് ഇത് നുകരാന്‍ ശക്തി പോരെന്നുതോന്നി. അത്രയ്ക്ക് മനോഹരം. നിരവധി മ്യൂസിയങ്ങള്‍ ഇവിടെയുണ്ട്. നിയോണ്‍ മ്യൂസിയം, മൊബ് മ്യൂസിയം, ലാസ് വേഗാസ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, ഡിസ്‌ക്കവറി ചില്‍ഡ്രന്‍സ് മ്യൂസിയം അങ്ങനെ നിരവധിയനവധി. സംഗീതത്തിനും കലയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന നഗരം കൂടിയാണിത്. പല ഓപ്പണ്‍ സ്‌റ്റേജുകളിലും സംഗീതനിശ പൊടിപൊടിക്കുന്നു. ലോക പ്രശസ്തമാണ് ഇവിടുത്തെ ആര്‍ട്ട്‌സ് ഡിസ്ട്രിക്ട്. ശബ്ദവും വെളിച്ചവും ആഘോഷവും ബഹളവുമൊക്കെ ചേര്‍ന്ന് രാത്രിയെ പകലാക്കി മാറ്റുന്നു. നഗരത്തില്‍ 68 പാര്‍ക്കുകളുണ്ടെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. ഇതു കൂടാതെ 4 ഗോള്‍ഫ് കോഴ്‌സുകള്‍, 123 കളിക്കളങ്ങളും (സോഫ്റ്റ്‌ബോള്‍, ഫുട്‌ബോള്‍, സോക്കര്‍ഫീല്‍ഡ്, സ്‌കേറ്റ് പാര്‍ക്ക് അങ്ങനെ…) ഇവിടെയുണ്ട്.

നിരത്തുകളില്‍ ആഡംബരവാഹനങ്ങള്‍. ഒരു ഭാഗത്തു കൂടി മോണൊ റെയില്‍, കേബിള്‍ കാറുകള്‍, അങ്ങനെ ഭൂമിയിലെ സ്വര്‍ഗം പോലെ ലാസ് വേഗാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആണും പെണ്ണുമൊക്കെ ജീവിതം ആസ്വദിക്കാന്‍ ഇവിടെ വിമാനമിറങ്ങുന്നു. വൈകിട്ട് ഞങ്ങള്‍ക്കു പ്രത്യേകമായി ഹോട്ടലില്‍ നിന്നും തന്നെ ഭക്ഷണമൊരുക്കിയിരുന്നു. ലാസ് വേഗാസിലെ ഭക്ഷണമാണ് ഭക്ഷണം എന്നു ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി പറഞ്ഞതു കൊണ്ട് അതൊന്നു രുചിക്കാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തിരുന്നു. ഭക്ഷണം കഴിഞ്ഞപ്പോള്‍ എങ്ങനെയുണ്ട് ഭക്ഷണമെന്ന് വെയിറ്റര്‍ ചോദിച്ചു, കാര്യം ലാസ് വേഗാസ് സ്വര്‍ഗം തന്നെ, എന്നാല്‍ നമ്മുടെ പുളിശേരിയുടെയും മീന്‍കറിയുടെയും ഏഴയലത്ത് നിങ്ങടെ ഭക്ഷണം വരുമോ ഭായ് എന്നു മലയാളത്തില്‍ പറഞ്ഞു നൈസായി തീന്‍മേശയില്‍ നിന്നും സ്‌കിപ്പ് ചെയ്തു.

മുറിയിലെത്തി കിടക്കും മുന്‍പ് ജനലായുടെ വിരിയൊന്നു മാറ്റി പുറത്തേക്കു നോക്കി. 43 നിലകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മന്‍ഡേലെ ബേ എന്ന ഹോട്ടല്‍ തൊട്ടടുത്ത്. ഇവിടെ നിന്നാണ്, 2017 ഒക്ടോബര്‍ ഒന്നിന് 64-കാരനായ സ്റ്റീഫന്‍ പഡോക്ക് 58 പേരുടെ ജീവനെടുത്ത കുപ്രസിദ്ധമായ വെടിവയ്പ്പ് നടത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്ന്. അതോര്‍ത്തപ്പോള്‍ കര്‍ട്ടന്‍ വലിച്ചിട്ടു, കിടക്കയിലേക്കു മറിഞ്ഞു. നാളെ ഗ്രാന്‍ഡ് കാന്യോണ്‍ കാണാന്‍ പോവുകയാണ്. അതോര്‍ത്തങ്ങനെ കിടന്നപ്പോള്‍ എപ്പോഴോ ഉറക്കം വന്നു മൂടികളഞ്ഞു.

രാവിലെ പ്രഭാതഭക്ഷണം കഴിച്ച് 8.30 നു ഗ്രാന്‍ഡ് കാനിയന്‍ കാണാനായി പുറപ്പെട്ടു. യാത്രയില്‍ വഴി നീളെ ആലോചിച്ചത് കാനിയന്‍ എന്താണെന്ന് എങ്ങനെ വായനക്കാരെ പറഞ്ഞു മനസ്സിലാക്കും എന്നാണ്. ഡിക്ഷ്ണറിയില്‍ ഗിരികന്ദരം എന്നാണ് കാണുന്നത്. ശേ, വായില്‍ കൊള്ളാത്തൊരു വാക്ക്, അതു വേണ്ട! മലയിടുക്ക് എന്നു പറഞ്ഞാലോ. ഇത് അതൊന്നുമല്ല സംഗതി. ഒരു അത്യഗാധമായ കൊക്കയാണ്, വലിയൊരു വിള്ളല്‍ പോലെ. ഒന്നു മനസ്സില്‍ കണ്ടു നോക്കൂ, 446 കിലോമീറ്റര്‍ നീളവും 29 കിലോമീറ്റര്‍ വീതിയും. അതാണ് ഗ്രാന്‍ഡ് കാനിയന്‍. നെവാദ സംസ്ഥാനം മുറിച്ചു മറികടക്കുമ്പോള്‍ ബസിലിരുന്നു കണ്ട് ഹൂവര്‍ അണക്കെട്ട്. ഒരു അധ്യാപകനെ പോലെ ഹൂവര്‍ അണക്കെട്ടിന്റെ വിശേഷണത്തെക്കുറിച്ച് ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി ബസിലെ മൈക്കിലൂടെ ഇടയ്ക്കിടയ്ക്ക് അനൗണ്‍സ് ചെയ്യുന്നുണ്ട്. നമ്മുടെ ഇടുക്കി അണക്കെട്ടിലേതു പോലെ വലിയൊരു ആര്‍ച്ച് ഡാമാണ് ഹൂവര്‍. ആദ്യത്തെ പേര് ബൗള്‍ഡര്‍ അണക്കെട്ട് എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ച അന്നത്തെ പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവറിന്റെ പേര് ഡാമിനിടുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ അത്ഭുതമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കാരണം അത്ര വലിയ ഒരു കോണ്‍ക്രീറ്റ് നിര്‍മ്മിതി ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലായിരുന്നു. കൊളറാഡോ നദിയില്‍ 1930-ല്‍ പണി തുടങ്ങി അഞ്ചു കൊല്ലം കൊണ്ട് പണി തീര്‍ത്തു. അണക്കെട്ടിന്റെ അടിത്തറയ്ക്ക് മാത്രം 660 അടി കനമുണ്ട്. മുകളിലേക്ക് വരുമ്പോള്‍ അത് 45 അടിയായി ചുരുങ്ങും. ആകെ ഉയരം 726 അടി (221 മീറ്റര്‍). മുകള്‍ ഭാഗത്തിനു കുറുകേ 1244 അടി നീളം. പതിനഞ്ച് ഡോളര്‍ കൊടുത്താല്‍ ഡാം കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ട്. 2,480,000 ക്യുബിക്ക് മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. രണ്ടു സ്പില്‍വേയുണ്ട് ഈ ഡാമിന്. എന്നാല്‍ നമ്മുടെ ഇടുക്കി ഡാമിന് സ്പില്‍വേയില്ല. എന്നാല്‍ വലിയൊരു റിസര്‍വോയറാണ് ഹൂവറിന്റേത്. 28,537,000 ഏക്കര്‍. അതായത്, 35200 ചതുരശ്രകിലോമീറ്റര്‍. അമേരിക്കയിലെ ഏറ്റവും വലുത്. 435,000 ചതുരശ്ര കിലോമീറ്റര്‍ ക്യാച്‌മെന്റ് ഏരിയ. സങ്കല്‍പ്പിച്ചു നോക്കിയാല്‍ മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ല, അത്രയ്ക്കു വലുത്. ബൗള്‍ഡര്‍ സിറ്റിയിലാണ് ഡാം. ലാസ് വേഗാസില്‍ നിന്നും ഏകദേശം 48 കിലോമീറ്റര്‍ ദൂരം.

പന്ത്രണ്ട് മണിയോടെ ഗ്രാന്‍ഡ് കാനിയനിലെത്തി. അവിടെ സന്ദര്‍ശകരെ കൊണ്ട് പോകാനുള്ള ബസുകൾ കാത്തു കിടക്കുന്നു. എന്‍ട്രി ഫീസൊക്കെ നല്‍കി ബസിലേക്ക് കയറി. യുണസ്‌ക്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റാണിത്. ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷണല്‍ പാര്‍ക്ക് കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് ഗ്രാന്‍ഡ് കാനിയന്‍ ദേശീയ ഉദ്യാനം. ഈ ഫെബ്രുവരി 26-ന് പാര്‍ക്ക് നൂറാം ജന്മശതാബ്ദിയാണ് ആഘോഷിച്ചത്. ആ വര്‍ഷം തന്നെ ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എന്തായാലും വലിയൊരു ഭാഗ്യം തന്നെ. പ്രകൃതിയുടെ ഏഴു സപ്താത്ഭുതങ്ങളിലൊന്നാണ് ഗ്രാന്‍ഡ് കാനിയന്‍. അലാസ്‌ക്കയിലൊക്കെ കാണുന്ന ധ്രുവദീപ്തിയായ ഔറോറ (കാന്തികധ്രുവങ്ങളില്‍ നിന്ന് 18 മുതല്‍ 23 വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളില്‍ രാത്രിയുടെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി), ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് (ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറല്‍ സീയില്‍ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിന്റെ തീരത്താണ് ഈ പ്രകൃതിവിസ്മയം), ദക്ഷിണ ബ്രസീലിലുള്ള ഗുവാനബാരാ അഴിമുഖം, എവറസ്റ്റ് പര്‍വ്വതം, മെക്‌സിക്കോയിലെ പരിക്കുട്ടിന്‍ അഗ്നിപര്‍വ്വതം, തെക്കന്‍ ആഫ്രിക്കയിലെ സാംബിയ- സിംബാബ്‌വേ അതിര്‍ത്തിയിലുള്ള സാംബെസി നദിക്കരയിലെ ഇടിനാദങ്ങളുടെ പുക എന്നറിയപ്പെടുന്ന വിക്ടോറിയ വെള്ളച്ചാട്ടം എന്നിവയാണ് നാച്വറല്‍ സെവന്‍ വണ്ടേഴ്‌സ് ഓഫ് ദി വേള്‍ഡ്.

ഗ്രാന്‍ഡ് കാനിയനോടു ചേര്‍ന്നു വാഹനം നിര്‍ത്തി. ഇതിന്റെ അഗാധത എന്നു പറയുന്നത് ഒരു കിലോമീറ്ററോളമുണ്ട്. നല്ല സൂര്യവെളിച്ചത്തില്‍ ചുവന്നു തുടുത്തു നില്‍ക്കുന്ന ഇതിന്റെ അഗാധതയെ അങ്ങു വാരിപ്പുണരാന്‍ തോന്നും. ഏകദേശം അറുനൂറോളം പേര്‍ ഇങ്ങനെ സാഹസികകൃത്യങ്ങള്‍ നടത്തി ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു വലിയ പുണരല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ടെന്നു വച്ചു കുറച്ച് സെല്‍ഫിയെടുത്തു. പിന്നെ മതിവരുവോളം ഡെപ്ത്ത് ഓഫ് ഫീല്‍ഡില്‍ കാനിയന്റെ ഭംഗി നിറച്ച് ചിത്രങ്ങളുമെടുത്തു. ഭൂമിയില്‍ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് ഇത്. ഭൂതലത്തില്‍ കൊളറാഡോ നദി തീര്‍ത്ത ഒരു വലിയ വിള്ളലാണ് ഗ്രാന്‍ഡ് കാനിയന്‍ എന്നു വേണമെങ്കില്‍ പറയാം. കണ്ടാലും കണ്ടാലും കൊതി തീരാത്തൊരു പ്രകൃതി വിസ്മയം. എന്നാല്‍ ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ മലയിടുക്കല്ല (നേപ്പാളിലെ കാളി ഗണ്ഡകീ മലയിടുക്കിന് ഗ്രാന്‍ഡ് കാനിയനേക്കാള്‍ ആഴമുണ്ട്).ഏറ്റവും വീതിയേറിയതുമല്ല (ഓസ്‌ട്രേലിയയിലെ ക്യാപേര്‍ടീ താഴ്‌വരയ്ക്ക് ഗ്രാന്‍ഡ് കാനിയനേക്കാള്‍ ഏകദേശം ഒരുകിലോമീറ്ററോളം വീതിയുണ്ട്). എന്നിരുന്നാലും കണ്‍മുന്നില്‍ കാണുമ്പോള്‍ തോന്നുന്ന അതിഭീമാകാരത്വവും, വര്‍ണ്ണ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുമാണ് ഗ്രാന്‍ഡ് കാനിയനെ ലോകത്തില്‍ ഏറ്റവും പ്രശസ്തമാക്കുന്നത്.

ശക്തിയായി ഒഴുകിയ കൊളറാഡോ നദിയും കൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയര്‍ച്ചയുമാണ് ഗ്രാന്‍ഡ് കാനിയന്റെ സൃഷ്ടിക്കു പിന്നില്‍. പ്രകൃതി തീര്‍ത്ത മഹാത്ഭുതമായ ഗ്രാന്‍ഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീര്‍ണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈല്‍; 4,926 ച.കീ.മി). മിറര്‍ ബ്രിഡ്ജിലൂടെ ഒന്നു കയറി, റെഡ് ഇന്ത്യന്‍സിന്റെ പാരമ്പര്യവീടുകളൊക്കെ ദൂരെ നിന്നു കണ്ട്, ഉച്ചഭക്ഷണവും കഴിച്ച് ഗ്രാന്‍ഡ് കാനിയനോടു വിടചൊല്ലി. അഞ്ചു മണിക്ക് ലാസ് വേഗാസില്‍ മടങ്ങിയെത്തി വീണ്ടും ചില കാഴ്ചകള്‍ കാണാനിറങ്ങി. രാത്രിയിലൊരിക്കലൂടെ ആ വീഥികളിലൂടെ ഇതു വരെ തിരിഞ്ഞു നോക്കാഞ്ഞ ഹോട്ടലിലെ കാസിനോയിൽ അലഞ്ഞ് നടന്ന് കുറച്ചു ഡോളറുകള്‍ വാരിയെറിഞ്ഞ് രാത്രിയുടെ യാമങ്ങളില്‍ മുറിയിൽ മടങ്ങിയെത്തി. രാവിലെ ലോസ് ഏഞ്ചല്‍സിലേക്കു ഏഴര മണിക്ക് പ്രഭാതഭക്ഷണം കഴിഞ്ഞു തിരിക്കണമെന്നാണ് ബെന്നിയുടെ കല്പന. കണ്ടിട്ടും മതിവരാത്ത ലാസ് വേഗാസിനെ കമ്പിളിപുതപ്പിനിടയിലൂടെ ഒന്നു കൂടി കണ്ടെന്നുറപ്പിച്ച് കണ്ണുകള്‍ ഇറുക്കിയടച്ചു.

ഞങ്ങള്‍ വീണ്ടും കാലിഫോര്‍ണിയ സംസ്ഥാനത്ത് എത്തിയിരിക്കുന്നു. ലാസ് വേഗാസില്‍ നിന്നും കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലേക്ക് ഇത്തവണ റോഡ് മാര്‍ഗമാണ് എത്തിയിരിക്കുന്നത്. റോഡിലെങ്ങും വാഹനങ്ങളുടെ വലിയ നിര. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണിത്. (മറ്റു നഗരങ്ങള്‍ യഥാക്രമം ഏതാണെന്നു പറയാം, ശ്രദ്ധിച്ചോ ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഫീനിക്‌സ്, ഫിലഡല്‍ഫിയ, സാന്‍ ആന്റോണിയോ, സാന്‍ഡിയാഗോ, ഡാളസ്, സാന്‍ ജോസ്) ഇവിടം എല്‍എ (LA) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. സിറ്റി ആഫ് എയ്ഞ്ചല്‍സ് എന്ന അപരനാമമുള്ള ഈ നഗരം വാസ്തവത്തില്‍ ഒരു ഗ്ലോബല്‍ സിറ്റിയാണ്. ലോകത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ ഇവിടെ താമസിക്കുന്നുണ്ട്. ആഗോളനഗരങ്ങളുടെ പട്ടികയില്‍ ലോസ് ഏഞ്ചല്‍സിന് ആറാം സ്ഥാനമാണ്. ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും. ലോക സിനിമാവ്യവസായത്തിന്റെ നെടുംതൂണായ ഹോളിവുഡ് ഈ നഗരത്തിലാണ്. 1932-ലും 1984-ലും സമ്മര്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ച ഇവിടെയാണ് 2024-ലെ സമ്മര്‍ ഒളിമ്പിക്‌സ് നടക്കുന്നതും.

12.30നാണ് ഞങ്ങള്‍ ഓസ്‌ക്കാര്‍ വേദിയായ ഡോള്‍ബി തീയേറ്റര്‍ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയിരുന്നത്. ലാസ് വേഗാസില്‍ നിന്നും ഇവിടേക്ക് 450 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നുവെങ്കിലും രാവിലെ ഏഴരക്ക് ഇറങ്ങിയാല്‍ 12.30 നു മുന്‍പ് ഇവിടെയെത്താം എന്നായിരുന്നു കണക്കു കൂട്ടല്‍. റോഡില്‍ വലിയ തിരക്കുണ്ടായിരുന്നു. ഒരാള്‍ക്ക് 50 ഡോളറാണ് ഇവിടേക്കുള്ള എന്‍ട്രി ഫീസ്. ഞങ്ങള്‍ തീയേറ്ററിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സമയം 12.40. പത്തു മിനിറ്റ് ലേറ്റ്. കൃത്യനിഷ്ഠക്ക് വില കൊടുക്കുന്ന അവര്‍ ഒരാളെ പോലും അകത്തേക്ക് വിടില്ലെന്ന് കരുതിയെങ്കിലും ടൂര്‍ ഓപ്പറേറ്റര്‍ ബെന്നി എങ്ങനെയൊക്കെയോ കാര്യം സാധിച്ചെടുത്തു. ഇതാണ് ഫോര്‍ച്യൂണ്‍ ടൂര്‍സിന്റെ മികവ്. കാര്യം നടക്കില്ലെന്നറിഞ്ഞപ്പോള്‍ ഇത് ഒഴിവാക്കി മറ്റെന്തെങ്കിലും സിറ്റി ടൂര്‍ ഓപ്പറേറ്റ് ചെയ്യാമായിരുന്നു ബെന്നിക്ക്.

എന്നാല്‍ ഫോര്‍ച്യൂണ്‍ ടൂര്‍സ് തങ്ങളുടെ റെപ്യൂട്ടേഷന്റെ കാര്യത്തില്‍, അത് അമേരിക്ക പോലൊരു സ്ഥലത്ത് ആയിരുന്നിട്ടു കൂടി, തങ്ങളുടെ ഉപയോക്താക്കളുടെ കൂടെ നിന്നു. എത്രയോ വിദേശ രാജ്യങ്ങളില്‍ പോയിരിക്കുന്നു. അവിടെയൊക്കെയും ഗൈഡും ടൂര്‍ പ്ലാനറും ഒക്കെ കൂടെയുണ്ടായിരുന്നു. എന്നാല്‍ അവരൊന്നും കാണിക്കാത്ത ഉത്തരവാദിത്വവും പ്രകടനമികവുമാണ് ബെന്നിയുടെയും ഫോര്‍ച്യൂണിന്റെയും ഭാഗത്തു നിന്നുമുണ്ടാവുന്നത്. ഇതു മാത്രമല്ല ഒരു മൂവിങ് എന്‍സൈക്ലോപീഡിയയാണ് ഫോര്‍ച്യൂണിന്റെ ഈ ഡയറക്ടര്‍ ബെന്നി എന്നും പറയേണ്ടി വരും. ഇവിടുത്തെ ഓരോ സ്ഥലത്തെക്കുറിച്ചും നല്ല ബോധവും അവഗാഹവുമുണ്ട്. സമകാലിക കാര്യങ്ങള്‍ മാത്രമല്ല, ചരിത്രത്തെക്കുറിച്ചൊക്കെ നല്ല ആകര്‍ഷകമായി തന്നെ വിശദീകരിക്കുകയും ചെയ്യുന്നു. അതാണ് ഒരു ടൂര്‍ ഗൈഡിനു വേണ്ടത്, അതാണ് ഒരു ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയുടെ അസറ്റ്. അതിനു ഫോര്‍ച്യൂണ് ടൂര്‍സിനു നന്ദി പറയുന്നു.

ഈ ഡോള്‍ബി തീയേറ്ററിന്റെ മുന്‍പത്തെ പേര് കൊഡാക്ക് തീയേറ്റര്‍ എന്നായിരുന്നു. ഹൈലാന്‍ഡ് സെന്ററിലാണ് ഇത്. വലിയ നടകള്‍ കയറി അകത്തെ വിശാലമായ ഹാളിലേക്ക് പ്രവേശിച്ചു. ഡേവിഡ് റോക്ക് വെല്ലാണ് ഇതു ഡിസൈന്‍ ചെയ്തത്. വിശാലമായ സ്‌റ്റേജാണ് ഇതിന്റെ പ്രത്യേകത. ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നത് ഇവിടെ വച്ചാണ്. 34 മീറ്ററാണ് സ്‌റ്റേജിന്റെ നീളം. 18 മീറ്റര്‍ വീതിയും. 3332 പേരുടെ സീറ്റിങ് കപ്പാസിറ്റി ഇതിനുണ്ട്. യുഎസിലെ ഏറ്റവും വലിയ സ്‌റ്റേജാണിത്. അതിന്റെ മുന്നില്‍ നിന്ന് ചിത്രങ്ങളെടുത്തപ്പോള്‍ അറിയാതെ രോമാഞ്ചം വന്നുവെന്നതു സത്യം. ലോകത്തിലേറ്റവും കൂടുതലാളുകള്‍ കാണുന്ന ലൈവ് പ്രോഗ്രാമുകളിലൊന്നാണ് ഓസ്‌ക്കാര്‍ പുരസ്‌ക്കാരം. അതു നല്‍കുന്ന വേദിക്കരികിലെത്താന്‍ പറ്റുകയെന്നത് വലിയൊരു ഭാഗ്യമാണ്. അതിനോടു ചേര്‍ന്നുള്ള ഒരു മുറിയില്‍ ഓസ്‌കാര്‍ അവാര്‍ഡിന്റെ ഫലകവും നാലു ഷാംപെയ്ന്‍ കുപ്പികളും വച്ചിരിക്കുന്നു. അതാണത്രെ ഓസ്‌കാര്‍ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ കൊടുക്കുന്നതും പൊട്ടിച്ചു ചീറ്റിക്കുന്നതും. ബ്ലാക്ക് മെറ്റലില്‍ ആണ് ഫലകം ഉണ്ടാക്കുന്നത്. അതിന്റെ വീഡിയോ ആ മുറിയില്‍ കാണിക്കുന്നുണ്ട്. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സസ് ആണ് ഓസ്‌ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഈസ്റ്റ്മാന്‍ കൊഡാക്ക് കമ്പനിയുടേതായിരുന്നു ഈ കെട്ടിടം 2012-ല്‍ ബാങ്ക് കടം കയറി വില്‍ക്കുകയായിരുന്നുവത്രേ. അങ്ങനെയാണ് ഡോള്‍ബി ലബോറട്ടറീസ് ഇതു വാങ്ങിയതും പേര് മാറ്റിയതും.

അവിടുത്തെ റെഡ് കാര്‍പ്പറ്റ് വിരിക്കുന്നയിടം മറികടന്ന് വിശാലമായ പടവുകള്‍ ഇറങ്ങിയ ഞങ്ങള്‍ ആ കെട്ടിടത്തില്‍ തന്നെ ഉള്ള ചൈനീസ് തിയേറ്ററിന്റെ മുന്നിലെത്തി. അതിന്റെ വാതില്‍ക്കലും ഉള്ളിലും എല്ലാം ഓസ്‌കാര്‍ വാങ്ങിയ താരങ്ങളുടെ കൈയടയാളവും കാലടയാളവും ഒപ്പും പതിപ്പിച്ചിരുന്നു. കാഴ്ചകള്‍ കണ്ടു തീര്‍ന്നില്ലെങ്കിലും വിശപ്പ് പിടമുറുക്കിയിരുന്നു. നേരെ ഇറ്റാലിയന്‍ റസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം. പിന്നീട് ബെവര്‍ലി ഹില്‍സ് കാണാന്‍ പോയി. ഒരു ആഡംബര സെലിബ്രിറ്റി നഗരമാണ് ബെവെര്‍ലി ഹില്‍സ്. ലോസ് ആഞ്ചലസ്, വെസ്റ്റ് ഹോളിവുഡ് എന്നീ നഗരങ്ങള്‍ ബെവെര്‍ലി ഹില്‍സ് നഗരത്തെ വലയം ചെയ്താണ് സ്ഥിതിചെയ്യുന്നത്. സമ്പന്നരുടെയും ഹോളിവുഡ് സിനിമാ താരങ്ങളുടെയും വസതികള്‍ ഇവിടെയാണ്. എന്നാല്‍ ലാസ് വേഗാസ് കണ്ടിട്ടു വന്നതു കൊണ്ടാവണം ലോസ് ഏഞ്ചല്‍സിനും ബെവര്‍ലി ഹില്‍സിനുമൊന്നും വലിയ കെട്ടിടഭംഗിയുള്ളതായി തോന്നിയില്ല. അംബരചുംബികളുടെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഏതോ ചെറുനഗരത്തിലെത്തിയ പ്രതീതി.

ജസ്റ്റിന്‍ ബീബര്‍, ഫില്‍ കോളിന്‍സ്, കാറ്റി പെറി, ഡെമി മൂര്‍, ജെന്നിഫര്‍ ലോറന്‍സ് എന്നിവരുടെയൊക്കെ വീടുകള്‍ ഇവിടെയാണ്. 400 കോടി രൂപയ്ക്കു മുകളിലാണത്രേ ഈ വീടുകളുടെയൊക്കെയും വില. നാട്ടിലൊക്കെ ഒരു വീടുവെക്കാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നതിനെക്കുറിച്ച് ഒരുനിമിഷം ഓര്‍ത്തു. (ഞങ്ങളുടെ ബിസിനസ് പങ്കാളി തൃശൂര്‍കാരന്‍ വറുഗീസ് ചേട്ടന്റെ ഗൃഹപ്രവേശം ഈ ഞായറാഴ്ചയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും) ഇരുപതാം നൂറ്റാണ്ടിലെ പല പ്രശസ്ത അഭിനേതാക്കളുടേയും താമസസ്ഥലമായിരുന്നു ഇത്. റോഡിയോ ഡ്രൈവ് ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, ബെവര്‍ലി ഹില്‍സ് ഓയില്‍ ഫീല്‍ഡ് എന്നിവ ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാഹനത്തിലിരുന്ന് അതൊക്കെയും കണ്ടെന്നു വരുത്തി. തെക്കന്‍ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ലോസ് ഏഞ്ചലെസ് ഇവിടുത്തെ മെഡിറ്ററേനിയന്‍ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്. വിശാലമായ തീരപ്രദേശ തടത്തില്‍ സ്ഥിതി ചെയ്യുന്ന നഗരം മൂന്നു വശങ്ങളില്‍ ഏകദേശം 10,000 അടിവരെയുള്ള (3,000 മീറ്റര്‍) മലനിരകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. വൈകിട്ട് ചൈനീസ് ഭക്ഷണമായിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതിനു ശേഷം അടുത്തുള്ള വാള്‍മാര്‍ട്ടിലേക്ക് ചെറിയ ഷോപ്പിങ്ങിനായി പോയി. തണുപ്പിനെ പ്രതിരോധിക്കാന്‍ നയാഗ്രയില്‍ നിന്നും ഓവര്‍കോട്ട് വാങ്ങിയത് എത്ര നന്നായി. ഇവിടെ 16 ഡിഗ്രിയാണ് കുളിര്. നാളെ ഫിലിം സ്റ്റുഡിയോയും തീം പാര്‍ക്കും കൂടി ചേര്‍ന്ന സാന്‍ ഫെര്‍ണാന്‍ഡോ വാലിയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണാനായി പോകും.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി പോലെയാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും തീം പാര്‍ക്കും. ന്യൂയോര്‍ക്ക് സിറ്റിയും, പാരീസും ലണ്ടനുമൊക്കെ ഷൂട്ടിങ് ആവശ്യത്തിനു വേണ്ടി അതു പോലെ തന്നെ നിര്‍മ്മിച്ചു വച്ചിരിക്കുന്നു. ഒട്ടു മിക്ക ഹോളിവുഡ് സിനിമകളുടെയും ഷൂട്ടിങ് നടക്കുന്നതിവിടെയാണ്. ഏറ്റവും പഴക്കമേറിയ ഹോളിവുഡ് സ്റ്റുഡിയോയാണിത്. 1912 ഏപ്രില്‍ 30-നാണ് ഇവിടുത്തെ മൂവി സ്റ്റുഡിയോ തുറക്കുന്നത്. ഇപ്പോഴിതിന് 107 വര്‍ഷം പ്രായം. സ്റ്റുഡിയോ ലോട്ട് തുടങ്ങിയിട്ട് 104 വര്‍ഷം. ഇതിനകത്തുള്ള തീം പാര്‍ക്ക് ആരംഭിക്കുന്നത് 1964-ലാണ്, ഇപ്പോള്‍ 54 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കെഎന്‍ബിസി, കെവിഇഎ, എന്‍ബിസി ന്യൂസ്, ടെലിമുണ്ടോ എന്നീ ടിവി ചാനലുകളുടെ ഓപ്പറേറ്റിങ് ഓഫീസും ഇതിനുള്ളില്‍ തന്നെ. പുറമേ ഷെരാട്ടണ്‍ യൂണിവേഴ്‌സല്‍ ഹോട്ടല്‍, ഹില്‍ട്ടണ്‍ ആന്‍ഡ് ടവേഴ്‌സ് ഹോട്ടല്‍ എന്നിവയും യൂണിവേഴ്‌സല്‍ സിറ്റി വാക്ക് എന്ന പേരില്‍ വലിയൊരു ഷോപ്പിങ് കോംപ്ലക്‌സും ഇതിനുള്ളിലുണ്ട്.

18 സ്‌ക്രീനുകളുള്ള അത്യാധുനിക യൂണിവേഴ്‌സല്‍ സിനിമയും ഇതിനുള്ളിലാണ്. ഏഴു നിലകളോടു കൂടിയ ഐമാക്‌സ് തീയേറ്റര്‍ തുറന്നിട്ട് രണ്ടു വര്‍ഷമേ ആവുന്നുള്ളു. പ്രധാനമായും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഒന്ന് അപ്പര്‍ ലോട്ട്, മറ്റൊന്ന് ലോവര്‍ ലോട്ട്. അപ്പര്‍ ലോട്ടില്‍ യൂണിവേഴ്‌സല്‍ അനിമല്‍ ആക്ടേഴ്‌സ് ഷോ, സ്‌പെഷ്യല്‍ ഇഫക്ട്‌സ് സ്റ്റേജ്, വാട്ടര്‍ വേള്‍ഡ് എന്നീ ഷോകള്‍ ക്രമീകരിച്ചിരിക്കുന്നു. സിനിമയ്ക്കുള്ളിലൂടെ സഞ്ചരിക്കുന്ന അനുഭൂതി ഉളവാക്കുന്ന റൈഡ് വലിയൊരു അത്ഭുതം തന്നെ. ഒരു തുറന്ന ട്രാമിലൂടെയുള്ള ത്രിഡി സഞ്ചാരമാണിത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, കിംങ് കോങ് 360-3ഡി, വേള്‍ഡ് ഓഫ് ഹാരിപോട്ടര്‍, റിവഞ്ച് ഓഫ് ദി മമ്മി- ദി റൈഡ്, ജുറാസിക്ക് പാര്‍ക്ക് എന്നീ ചിത്രങ്ങളുടെ ലൊക്കേഷനുകളിലൂടെയാണ് സഞ്ചാരം. ശരിക്കും സിനിമയ്ക്കുള്ളില്‍ എത്തിപ്പെട്ട അനുഭവം. നമ്മള്‍ സഞ്ചരിക്കുന്ന വാഹനത്തെ ദിനോസര്‍ ആക്രമിക്കുകയും എടുത്തു കൊക്കയിലേക്ക് എറിയുകയുമൊക്കെ ചെയ്യുന്നത് ശരിക്കും നടക്കുന്നതായി തന്നെ തോന്നിപ്പോകും.

തീം പാര്‍ക്കിന്റെ അപ്പര്‍ ലോട്ടില്‍ നിന്നും ജിമ്മി ഫാലന്റെ വീഡിയോ ആമുഖത്തോടെയാണ് 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സ്റ്റുഡിയോ ടൂര്‍ റൈഡ് ആരംഭിക്കുന്നത്. തുടര്‍ന്ന് വിസ്മയിപ്പിക്കുന്ന ചില ശബ്ദവ്യതിയാനങ്ങള്‍, പിന്നെ കോര്‍ട്ട്ഹൗസ് സെക്ഷനിലേക്കു കയറുകയായി. അവിടെ നിന്നും കിങ് കോങ്-360, 3-ഡി എന്ന പ്രദേശത്ത് എത്തുന്നതോടെ വിസ്മയം വിഭ്രമമാകുന്നു. അതൊന്നു ശാന്തമാകുമ്പോഴേയ്ക്കും ട്രാം ജുറാസിക്ക് പാര്‍ക്കിലെത്തുന്നു. അവിടെ കാത്തിരിക്കുന്നത് ഒരു ദിനോസറിന്റെ ആക്രമണമാണ്. അതിന്റെ വായില്‍ നിന്നും ഊര്‍ന്നു വീഴുന്ന തുപ്പലുകളൊക്കെ ദേഹത്തേക്ക് തെറിക്കുന്ന അനുഭവം ശരിക്കും ജുറാസിക്ക് പാര്‍ക്കിലെത്തിയതിനു സമാനം. അവിടെ നിന്നും വല്ലവിധേനയും രക്ഷപ്പെട്ട് എത്തുന്നത് ഒരു വെള്ളപ്പൊക്കത്തിന്റെ നടുവിലേക്കാണ്. പിന്നെയത് ഒരു യാത്രയുടെ മൂഡിലേക്ക് മാറുകയാണ്. ഓള്‍ഡ് മെക്‌സിക്കോ, ടെക്‌സസിലേ സിക്‌സ് പോയിന്റ്, കിങ് കോങ്ങിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ എസ്എസ് വെഞ്ച്വറിന്റെ മിനിയേച്വര്‍ മോഡല്‍, ലിറ്റില്‍ യൂറോപ്പ് എന്നിവ കണ്ടു കഴിയുമ്പോഴേയ്ക്കും വലിയൊരു ഭൂകമ്പമാണ് കാഴ്ചക്കാരെ കാത്തിരുന്നത്.

ജ്വോസ് എന്ന് സ്പില്‍ബര്‍ഗ് സിനിമയില്‍ കാണുന്നതു പോലെ അമിറ്റി ദ്വിപീലെ അനുഭവങ്ങള്‍. വാര്‍ ഓഫ് ദി വേള്‍ഡ്‌സ് എന്ന സിനിമയിലെ തകര്‍ന്ന വിമാനങ്ങള്‍ക്കിടയിലൂടെ ട്രാം സഞ്ചരിച്ചെത്തുന്നത് ക്ലൈമാക്‌സ് സീനിലേക്കാണ്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന സൂപ്പര്‍ഹിറ്റ് ഹോളിവുഡ് സിനിമയുടെ സൂപ്പര്‍ചാര്‍ജ്ഡ് എന്ന വേര്‍ഷനില്‍പ്പെട്ടപ്പോള്‍ ശ്വാസം നിലച്ചതു പോലെ തോന്നി, അത്രയ്ക്കു ഗംഭീരം. ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടറുടെ ലോകമാണ് അപ്പര്‍ ലോട്ടിലെ വലിയ ആകര്‍ഷണം. ശനിയാഴ്ച അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ വലിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. മൂന്നു മണിക്കൂര്‍ ക്യൂവില്‍ നിന്നതിനു ശേഷമാണ് ഹാരിപോട്ടര്‍ വേള്‍ഡിനുള്ളിലേക്കു കയറാന്‍ പറ്റിയത്. ആനിമട്രോക്‌സ് സ്‌ക്രീനിങ് എന്ന സംവിധാനമാണ് ഇവിടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫോര്‍ബിഡന്‍ ജേര്‍ണി എന്ന മോഷന്‍ ബെയ്‌സ്ഡ് ഡാര്‍ക്ക് റൈഡ് ശരിക്കും അമ്പരപ്പിച്ചു കളയും.

ഇവിടെയുള്ളതിനു പുറമേ, ഈ റൈഡ് ഒര്‍ലാന്‍ഡോയിലും, ജപ്പാനിലെ ഒസാക്കയിലും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആയിട്ടുള്ളു. നിരവധി റസ്റ്ററന്റുകളും കടകളുമൊക്കെ ഇവിടെയുമുണ്ട്. അഞ്ചു മണിയോടെ അവിടെ നിന്നുമിറങ്ങി. ഇനി മറ്റൊന്നും കാണാനില്ല, ചില ഷോപ്പിങ്ങുകള്‍ മാത്രം. ബെന്നിയുടെ ട്രാവല്‍ എക്‌സ്പീരിയന്‍സ് ഒക്കെ കേട്ട് കുറച്ചു നേരം വണ്ടറടിച്ചിരുന്നു. 22 വര്‍ഷം ടൂറിസം മേഖലയില്‍ ജോലി ചെയ്ത ബെന്നിയാണ് ഫോര്‍ച്യൂണ്‍ ടൂര്‍സിന്റെ ഇന്റര്‍നാഷണല്‍ ടൂര്‍ നോക്കിനടത്തുന്നത്. കൃത്യമായ അച്ചടക്കവും സുരക്ഷിതത്വം ഉത്തരവാദിത്വവും പുലര്‍ത്തുന്ന ഫോര്‍ച്യൂണ്‍ ടൂർസിനും ബെന്നിക്കും വീണ്ടും ഒരിക്കല്‍ കൂടി നന്ദി. അടുത്തറിഞ്ഞപ്പോള്‍ പ്രിയ ബെന്നി- ഞങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ അസാധാരണത്വവും യാത്രകളോടുള്ള പ്രതിപത്തിയും. നിങ്ങള്‍ വ്യത്യസ്തനാകുന്നത് യാത്രികന്‍ എന്ന നിലയ്ക്കല്ല, കണ്ട കാര്യങ്ങള്‍ മറ്റുള്ളവരെ മികച്ച വിധത്തില്‍ കാണിച്ചു കൊടുക്കുന്നു എന്ന നിലയ്ക്കാണ്. വീണ്ടും നമുക്ക് ഒരുമിച്ചു സഞ്ചരിക്കണം. കാണാത്ത ഭൂഖണ്ഡങ്ങളും രാജ്യങ്ങളും കണ്ടെത്തണം. ഞങ്ങളുടെ അമേരിക്കന്‍ പര്യടനം അവസാനിക്കുകയാണ്… ഇന്ന് അമേരിക്കന്‍ സമയം വൈകിട്ട് നാലു മണിക്ക് അബുദാബിയിലേക്ക് പതിനാറുമണിക്കൂര്‍ ആകാശയാത്ര.

അമേരിക്കന്‍ ടൂര്‍ എന്നാല്‍ അതു വെറുമൊരു ടൂര്‍ അല്ല, ഞങ്ങളുടെ ടൂര്‍ ഓപ്പറേറ്റര്‍ ഫോര്‍ച്യൂണ്‍ അവരുടെ പരസ്യത്തില്‍ പറയുന്നതു പോലെ അതൊരു ഗ്രാന്‍ഡ് ടൂര്‍ തന്നെയാണ്. അത് വെറും വാക്കല്ലെന്ന് ശരിക്കും ആസ്വദിച്ച് അനുഭവിച്ചു. എത്തിഹാദ് എയര്‍വേസില്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഈ കുറിപ്പ് എഴുതുന്നത്. ഞങ്ങളുടെ വിമാനം ഇപ്പോള്‍ ഐസ്‌ലാന്‍ഡ് കഴിഞ്ഞ് റഷ്യന്‍ പ്രദേശത്തേക്ക് കയറി കഴിഞ്ഞു. താഴെ റഷ്യന്‍ഭൂമിയില്‍ ഇപ്പോള്‍ വോഡ്കയില്‍ മഞ്ഞു പെയ്യന്നുണ്ടായിരിക്കണം. തലേന്ന് രാവിലെ പതിനൊന്നു മണിയോടെ ഹോട്ടലില്‍ നിന്നും ചെക്ക് ഇന്‍ ചെയ്തു നേരെ എയര്‍പോര്‍ട്ടിലേക്ക് യാത്രയായി. പോകുന്ന വഴിക്ക് കള്‍വര്‍സിറ്റിയില്‍ കേരള ഭക്ഷണം ഞങ്ങളുടെ സാരഥി ബെന്നി ഏര്‍പ്പാടാക്കിയിരുന്നു. മയൂര ഇന്ത്യന്‍ റെസ്റ്ററിന്റിലെ ചോറും കറിയും നിറഞ്ഞ ഭക്ഷണം കഴിച്ചപ്പോള്‍ കേരളത്തിലെത്തിയ പ്രതീതി.

ടോം ബ്രാഡ്‌ലി ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്നും 4.40-നു വിമാനം കയറി. അത്താഴത്തിന് ഫ്രൈഡ് റൈസ്, ചിക്കന്‍, ബണ്‍, കാപ്പി എന്നിവയൊക്കെ കിട്ടി. നല്ല ഒന്നാന്തരം യാത്ര. ഈ കുറിപ്പ് വിമാനത്തിലിരുന്നു കൊണ്ടു തന്നെ പോസ്റ്റ് ചെയ്യാനായി 50 എംബി ഡേറ്റ വൈഫൈ മുഖേന 6 ഡോളര്‍ കൊടുത്തു വാങ്ങി. അത്‌ലാന്റിക്ക് കടക്കുവോളം ചാറ്റിങ്ങിലായിരുന്നു. വിമാനത്തിലിരുന്നു കൊണ്ടു തന്നെ ചാറ്റ് ചെയ്യാനുള്ള സൗകര്യം ആര്‍ഭാടമാക്കും മുന്നേ ഡേറ്റ ഇപ്പോള്‍ തീരുമെന്ന സന്ദേശവും വന്നു. ഞങ്ങളുടെ യാത്രസംഘത്തില്‍ നിന്നും ഒരു കൂട്ടര്‍ ഞങ്ങള്‍ക്കൊപ്പം വരുന്നില്ല. അവര്‍ നേരെ, ക്രൂയിസ് യാത്രയ്ക്ക് വഴി തിരിഞ്ഞു. അബുദാബിയിലേക്കുള്ള യാത്രയില്‍ ഇടയ്ക്ക് വിമാനത്തില്‍ വച്ച് നന്നായി തന്നെ ഉറങ്ങി. ഇടയ്ക്കിടയ്ക്ക് അമേരിക്കന്‍ യാത്രകളുടെ ദൃശ്യഭംഗി മനസ്സില്‍ നിറഞ്ഞു നിന്നു. നയാഗ്രയും ലാസ് വേഗാസുമായിരുന്നു എന്നെ കുളിരണിയിപ്പിച്ചത്. അതിന്റെ ഓര്‍മ്മകള്‍ കുറേക്കാലം കൂടി മനസ്സിലിങ്ങിനെ തട്ടിക്കളിക്കുമെന്നുറപ്പ്.

കാതില്‍ ബെന്നിയുടെ അമേരിക്കന്‍ വിവരണം ഇങ്ങനെ അലയടിക്കുന്നു. അമേരിക്ക ലോകത്തിലെ ഒന്നാംകിട രാജ്യമായി നിലകൊള്ളുന്നതിനെക്കുറിച്ചൊക്കെ ബെന്നി പറഞ്ഞു തന്നത് വലിയൊരു അറിവായിരുന്നു. അത് കേട്ടല്ല അറിയേണ്ടത്, കണ്ടറിയുക തന്നെ വേണം. പണവും സമയവുമുണ്ടെങ്കിലും അമേരിക്കന്‍ വിസ കിട്ടുക എളുപ്പമല്ലല്ലോ, അതു കൊണ്ട് അതിനു വേണ്ടി നിങ്ങള്‍ വായനക്കാരും തയ്യാറെടുക്കുക. ഫോര്‍ച്യൂണിനെ സമീപിച്ചാല്‍ യാത്ര കൂടുതല്‍ സുഖകരവും ആനന്ദഭരിതവുമാക്കാമെന്ന് അനുഭവ പശ്ചാത്തലത്തില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. (ഇതൊരു പരസ്യമല്ല) ജീവിതത്തില്‍ ഒരിക്കലെങ്കിലും യുഎസിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഒന്നു പറന്നു നടന്നു കാണുക തന്നെ വേണം. എല്ലാവര്‍ക്കും അതു കഴിയും, മനസ്സ് വെച്ച് ആഗ്രഹിക്കണമെന്നു മാത്രം.

നാം ജീവിക്കുന്ന ലോകം എന്താണെന്ന് ഒന്നു തിരിച്ചറിയാന്‍ അതു നല്ലതാണ്. ഭൂപ്രദേശങ്ങള്‍ മാത്രമല്ല, മനുഷ്യന്‍ അവയെ എങ്ങനെ വിനിയോഗിക്കുന്നുവെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അമേരിക്കന്‍ യാത്ര ഇതുവരെ നടത്തിയ യാത്രകളില്‍ ഗ്രാന്‍ഡ് ടൂര്‍ തന്നെയായിരുന്നു. അതൊരു ഭാഗ്യമായി തന്നെ കാണുന്നു. ഞാനെഴുതിയ കുറിപ്പുകള്‍ വായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു, പ്രത്യേകിച്ചും കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും. അബുദാബിയില്‍ നിന്നും മൂന്നു മണിക്കൂര്‍ ഇടവേള കഴിഞ്ഞാല്‍ കൊച്ചിയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കും. ഇനിയെല്ലാവരെയും നേരില്‍ കണ്ടു വിശേഷം പറയാം. എല്ലാവര്‍ക്കും, ഫോര്‍ച്യൂണിനും ബെന്നിക്കും പിന്നെ എന്റെ സഹയാത്രികര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. സ്‌നേഹപൂര്‍വ്വം, വീണ്ടും കാണാമെന്നും ഒരിക്കല്‍ കൂടി അമേരിക്കയില്‍ വരാമെന്ന പ്രതീക്ഷയിലും ഈ കുറിപ്പുകള്‍ നിര്‍ത്തുന്നു. നന്ദി, നമസ്‌ക്കാരം.