എഴുത്ത് – Binish Pampackal.
അമേരിക്ക എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് അംബര ചുംബികളായ മോഡേൺ കെട്ടിടങ്ങളും ആഡംബര കാറുകളും പരിഷ്ക്കാരികളായ ആളുകളുമൊക്കെയായിരിക്കും. എന്നാൽ ഈ സങ്കൽപ്പങ്ങളെ തച്ചുടച്ചു കളയുന്ന ചില സ്ഥലങ്ങളുണ്ട് അമേരിക്കയിൽ. നഗരത്തിൽ നിന്നും മാറി ഗ്രാമങ്ങളിൽ മാത്രം വസിക്കുന്ന, ആഡംബരത്തോട് മുഖം തിരിക്കുന്ന, ഇന്നും 300 വർഷം പിന്നിൽ ജീവിക്കുന്ന ആമിഷുകൾ എന്ന സമൂഹം ജീവിക്കുന്ന സ്ഥലങ്ങളിലെത്തിയാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു പോകും. എന്താണ്/ആരാണ് അമിഷ്? പഴയ അമിഷുകളും അമിഷ് മെന്നോനൈറ്റുകളും എന്ന പ്രധാനപ്പെട്ട രണ്ട് അമിഷ് സമൂഹങ്ങൾ ഇടകലർന്ന ഒരു അമേരിക്കൻ സമൂഹത്തെയാണ് പ്രധാനമായും അമിഷുകൾ എന്ന് വിളിക്കുന്നത്. 1800-കളിൽ ഈ സമൂഹം രണ്ടായി പിരിഞ്ഞുവെങ്കിലും ഇവർ ഒരു സമൂഹമായിട്ടാണ് 1700-കളിൽ യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്.
സ്വിറ്റസർലണ്ടുകാരനായ അനാബാപ്ടിസ്റ് യാക്കോബ് അമ്മാൻ സ്ഥാപിച്ച അമിഷ് സമൂഹം പ്രധാനമായും പുരാതനവും, തികച്ചും പ്രകൃത്യനുസരണമായ, ലളിതമായ ജീവിത രീതികൾ പിന്തുടരുന്ന ഒരു ക്രിസ്ത്യൻ ജനവിഭാഗമാണ്. മതപരമായ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയും, സഹിഷ്ണുതയുള്ള ചുറ്റുപാടുകൾ തേടിയുമുള്ള അവരുടെ യാത്ര അവരെ കൊണ്ടെത്തിച്ചത് അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ലാങ്കേസ്റ്റർ എന്ന പ്രദേശത്താണ്. അനാബാപ്ടിസ്റ് ( Anabaptist ) : പ്രായപൂർത്തി ആയതിനു ശേഷം മാമ്മോദീസ സ്വീകരിക്കണം എന്ന് വാദിക്കുന്നവർ യൂറോപ്യൻ ഉത്ഭവം യൂറോപ്പിലെ അനാബാപ്ടിസ്റ്റുകളിൽ പ്രധാനിയായ ഒരാളായിരുന്ന ജാക്കോബ് അമ്മാന്റെ, തെറ്റുപറ്റിയ വിശ്വാസികളെ എങ്ങിനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിലുള്ള ചിന്താഗതികൾ മറ്റുള്ളവരുടേതുമായി ഒത്തുപോകാത്തതിനാൽ അമ്മാനും അനുയായികളും 1600-കളിൽ അമേരിക്കയിലേക്ക് കുടിയേറുകയാണുണ്ടായത്.
ബൈബിളിന്റെ വളരെ കർക്കശമായ, അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിൽ വിശ്വസിച്ചിരുന്ന അമ്മാൻ തെറ്റു ചെയ്യുന്നവരെ സഭയ്ക്ക് പുറത്താക്കുന്ന വിഷയത്തിൽ കഠിന നിലപാടുകൾ എടുത്തപ്പോൾ മറ്റുള്ളവർ തികച്ചും ഉദാരമായ നടപടികളെയാണ് പിന്താങ്ങിയത്. ഈ ചെറിയ വ്യത്യാസം ഒത്തുതീർപ്പിലെത്താതാവുകയും അതുമൂലം പഴയ അമിഷ് സഭയിൽ പിളർപ്പുണ്ടായി യൂറോപ്പിൽ നിന്നും മാറുകയുമാണുണ്ടായത്. എന്താണ് അനാബാപ്റ്റിസം? പ്രായപൂർത്തി ആയതിനു ശേഷം, യേശുവിലുള്ള വിശ്വാസം സ്വയം ഏറ്റു പറഞ്ഞ്, മാമ്മോദീസ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നവർക്ക് മാത്രം സ്വീകരിക്കുന്നതാണ് യഥാർത്ഥ മാമ്മോദീസാ എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ കൂട്ടായ്മയാണ് അനാബാപ്റ്റിസം. കുട്ടികളായിരിക്കുമ്പോൾ മാമ്മോദീസാ സ്വീകരിക്കുന്നവർ പൂർണ്ണ അറിവോടെയും സമ്മതത്തോടെയുമല്ല മാമ്മോദീസാ സ്വീകരിക്കുന്നതെന്നും, അതിനാൽ അതിനെ അംഗീകരിക്കാനാവില്ല എന്നുമാണ് ഇവർ വിശ്വസിക്കുന്നത്. കുട്ടികൾക്ക് തിരിച്ചറിവോടെ മാമ്മോദീസാ സ്വീകരിക്കാൻ കഴിവില്ലാത്തതു കൊണ്ടും, അതെന്താണെന്ന് മനസ്സിലാക്കുവാൻ കഴിയാത്തത് കൊണ്ടും “വിശ്വസിക്കുന്നവരുടെ മാമ്മോദീസാ” എന്നറിയപ്പെടുന്ന ഇവരുടെ മാമ്മോദീസാ സ്വീകരിക്കാൻ പ്രായപൂർത്തി ആവുന്നത് വരെ കാത്തിരിക്കേണ്ടി വരും.
സാധാരണ ഗതിയിൽ 18-നും 23-നും ഇടയിലുള്ള പ്രായത്തിലാണ് അമിഷുകൾ മാമ്മോദീസാ സ്വീകരിക്കുന്നത്. മാമ്മോദീസാ സ്വീകരിക്കുന്നവർ വിനയഭാവം കാണിക്കാൻ, അവരെത്തന്നെ സഭയ്ക്ക് വേണ്ടി സമർപ്പിക്കുന്നതിനെ സൂചിപ്പിക്കാൻ ഒരു കൈ മുഖത്തിന് മേൽ വച്ച് ഇരിക്കും. ഈ സമയത് അവരോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കും 1. സാത്താനെ തള്ളിപ്പറയുന്നുവോ? 2. ക്രിസ്തുവിനും സഭയ്ക്കും സ്വയം സമർപ്പിക്കുന്നുവോ? 3. അച്ചടക്കത്തോടെയും അനുസരണയോടെയും സഭാനിയമങ്ങൾ അനുസരിച്ച് ജീവിക്കുമോ? ഭാഷ : അമേരിക്കയിലുള്ള അമിഷുകൾ സംസാരിക്കുന്നത് പെൻസിൽവാനിയ ജർമ്മൻ അല്ലെങ്കിൽ പെൻസിൽവാനിയ ഡച്ച് ഭാഷ ആണ്. ഉൽഭവം ജർമനിയിൽ ആണെങ്കിലും ഇതിന് ജർമ്മൻ ഭാഷയിൽ നിന്നും വളരെ വ്യത്യാസമുണ്ട്. ഓർഡനങ് : അമിഷുകളുടെ വളരെ കർക്കശമായ, ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന നിയമാവലിയുടെ പേരാണ് ഓർഡനങ് (ordnung). ബൈബിളാണ് അവരുടെ മതപരമായ ചട്ടക്കൂട് എങ്കിലും ഓർഡനങ് ആണ് അവരുടെ എഴുതപ്പെടാത്ത നിയമാവലി. ഇതൊരു സ്ഥാപിതമായ നിയമാവലി അല്ലാത്തതിനാൽ ഓരോ പ്രദേശത്തും ഇത് വ്യത്യസ്തമായിരിക്കും. പ്രദേശത്തെ സമൂഹത്തിനനുസരിച്ച് ഇത് കർക്കശമാവുകയോ ഉദാരമാവുകയോ ചെയ്യും. എന്തായാലും അടക്കവും ഒതുക്കവും വിനയവും സഹിഷ്ണുതയുമാണ് ഈ നിയമാവലിയുടെ പ്രധാന മൂല്യങ്ങൾ.
സമാധാനപൂർണ്ണമായ ജീവിതമാണ് അമിഷുകളുടെ ജീവിതത്തിന്റെ പ്രധാനമായ മൂല്യം. അതിനു വേണ്ടി, സമൂഹത്തിൽ സമാധാനം ഉണ്ടാവാൻ വേണ്ടി അവർ ഏതറ്റം വരെ പോകാനും തയ്യാറാണ്. മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി നിർബന്ധിത സൈനികസേവനത്തിൽ നിന്ന് വരെ ഇവർ ഒഴിഞ്ഞു മാറും. ഭ്രഷ്ട് / പുറത്താക്കൽ : സമൂഹത്തിൽ സമാധാനം നിലനിർത്താൻ ഇവർ പ്രധാനമായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഭ്രഷ്ട് അല്ലെങ്കിൽ പുറത്താക്കൽ. അവരുടെ മതവിശാസങ്ങൾക്കെതിരായി ആരെങ്കിലും തെറ്റു ചെയ്‌താൽ ശിക്ഷിക്കുന്ന രീതിയാണ് “Meidung” എന്ന പേരിൽ അവർ വിശേഷിപ്പിക്കുന്ന ഭ്രഷ്ട് കൽപ്പിക്കൽ. ഇത് ചെയ്ത തെറ്റിന്റെ കാഠിന്യമനുസരിച്ച് താൽക്കാലികമോ ശാശ്വതമായതോ ആകാം. മിക്ക സന്ദർഭങ്ങളിലും അവർ ചെയ്‌ത തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ച് മാപ്പു പറഞ്ഞാൽ അവർക്ക് തിരികെ സമൂഹത്തോട് ചേരാനുള്ള വ്യവസ്ഥിതിയുമുണ്ട്. അമിഷ് സമൂഹത്തിലുള്ള ആരും ഒരിക്കലും ഫോട്ടോകൾക്ക് വേണ്ടി പോസ് ചെയ്യാറില്ല. എന്നാൽ അവർ അവരുടെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവർ അറിയാതെ ഫോട്ടോ എടുക്കുന്നതിനെ അവർ എതിർക്കാറുമില്ല. അവരുടെ വിശ്വാസമനുസരിച്ച് മുഖത്തിന്റെ ഫോട്ടോ എടുക്കുന്നതും അതിന് പോസ് ചെയ്യുന്നതും പത്തു കല്പനകളുടെ ലംഘനമാണ്.
വിവാഹം : മതപരമായ വിശ്വാസങ്ങൾ മൂലം അവർ ഒരിക്കലും തങ്ങളുടെ സമൂഹത്തിന് പുറത്തു നിന്നും ആരെയും കല്യാണം കഴിക്കാറില്ല. വിവാഹത്തിന് യാതൊരുവിധ ആഭരണങ്ങളും ഉപയോഗിക്കാറില്ല എന്ന് മാത്രമല്ല അലങ്കാരത്തിനായി പൂക്കളും ഉപയോഗിക്കില്ല. പ്രധാനമായും ഇവരുടെ വിവാഹങ്ങൾ നവംബർ – ഡിസംബർ മാസങ്ങളിലാണ് നടത്തുക. ഈ സമയത്തു കൃഷി അധികം നടക്കാറില്ലാത്തത് കാരണം അതിനു തടസ്സമാവില്ല എന്നത് കൊണ്ടാണ് അവർ വിവാഹം ഈ മാസങ്ങളിൽ നടത്തുന്നത്. സ്ത്രീകളുടെ വസ്ത്രം : ഇവരുടെ വസ്ത്രങ്ങൾ പ്രധാനമായും ഇവർ തന്നെയാണ് തുന്നുന്നത്. ഒറ്റ നിറത്തിലുള്ള ഒരു നീളൻ വസ്ത്രമാണ് ഇവർ ധരിക്കുന്നത്. യാതൊരുവിധ അലങ്കാരങ്ങളും അനുവദനീയമല്ല, ഒരു ബട്ടൺ പോലും. വിവാഹത്തിന് വേണ്ടി പോലും ഇതേ രീതിയിലുള്ള ഒരു വസ്ത്രം ഇവർ തയ്ക്കും. പൊതുവെ നീല അല്ലെങ്കിൽ പർപ്പിൾ കളറിൽ. വിവാഹ മോതിരം എന്ന വസ്തു ഇല്ലാത്തതിനാൽ വിവാഹിതരായ സ്ത്രീകൾ അത് സൂചിപ്പിക്കാൻ ഒരു കറുത്ത തൊപ്പി ധരിക്കും, മറ്റുള്ളവർ വെള്ളയും. പുരുഷന്മാരുടെ വസ്ത്രം : സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും ലളിതമായ വസ്ത്രമാണ് ധരിക്കുക. വിവാഹിതരായ പുരുഷന്മാർ വിവാഹ മോതിരത്തിനു പകരം വിവാഹത്തിന് ശേഷമാണ് താടി വളർത്താൻ തുടങ്ങുക. വിവാഹിതരല്ലാത്ത പുരുഷന്മാർക്ക് 40 വയസ്സിന് ശേഷം മാത്രമേ താടി വളർത്താൻ അനുവാദമുള്ളൂ. പുരുഷന്മാർക്ക് മീശ വളർത്താൻ അനുവാദമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ജനിതക പ്രശ്നങ്ങൾ : അമിഷ് കുടുംബത്തിൽ ഒരു കുട്ടി പിറക്കുമ്പോൾ ആ കുട്ടിയ്ക്ക് ആറു വിരലുകൾ ഉണ്ടെങ്കിൽ അവർ അത്ഭുതപ്പെടാറില്ല. കാരണം അതൊരു സാധാരണ സംഭവമാണ് അവരുടെ ഇടയിൽ. വെളിയിൽ നിന്നുമുള്ള വിവാഹങ്ങൾ ഇല്ലാത്തതിനാൽ ഇവർ എല്ലാവരും പരസ്പരം ബന്ധമുള്ളവർ ആയതിനാലും, ഈ സമൂഹം തുടങ്ങിയ 200 സ്ഥാപകരിലേക്ക് ഇവരുടെയെല്ലാം മുൻതലമുറകൾ ചെന്നെത്തുന്നതിനാലും ഇതൊരു അസ്വാഭാവികതയേയല്ല ഇവർക്ക്. കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യതകൾ ഇവരുടെ ഇടയിൽ കൂടുതൽ ആണെങ്കിലും ഇവരുടെ വളരെ അദ്ധ്വാനിക്കുന്ന ജീവിതചര്യകളും, ആരോഗ്യകരമായ ഭക്ഷണരീതികളും ഇതിനെ ചെറുക്കാൻ ഇവരെ സഹായിക്കുന്നു. സഭ / പള്ളികൾ : അമിഷുകൾക്ക് ആരാധനയ്ക്ക് പ്രത്യേകം പള്ളി ഇല്ല. എല്ലാ ഞായറാഴ്ച്ചയും വിശേഷ ദിവസങ്ങളിലും ഇവർ ഓരോ വീടുകളിൽ ഒത്തു ചേരുന്നു. എല്ലാ വീടുകളിലും ഇതിനു വേണ്ടി പ്രത്യേകം ഒരു മുറിയുണ്ടായിരിക്കും. സമൂഹത്തിലെ തന്നെ ഒരാളുടെ വീട്ടിൽ പ്രാർത്ഥനകളും നടത്തി ഒത്തു ചേരുന്നതിലൂടെ ഇവർക്കുള്ളിൽ പ്രത്യേക സ്നേഹവും ഐക്യവും എന്നും നിലനിൽക്കുന്നു.
വിദ്യാഭ്യാസം : സ്‌കൂളുകൾ ഉണ്ടെങ്കിലും, എട്ടാം ക്ലാസിനു ശേഷം, ഇവർ മിക്കവാറും എല്ലാവരും ഏതെങ്കിലും തൊഴിൽ പഠിച്ച് അതിൽ വ്യാപൃതരാവുകയാണ് പതിവ്. വിശ്വാസ വിരുദ്ധമായ അറിവുകൾ നേടുന്നതിൽ നിന്നും കുട്ടികളെയും സമൂഹത്തെയും രക്ഷിക്കാൻ വേണ്ടിയാണ് ഇവർ പ്രധാനമായും വിദ്യാഭ്യാസം എട്ടാം ക്ലാസ്സോടെ നിർത്തുന്നത്. ഇവരിൽ പലരും ഒരു മൊബൈൽ ഫോൺ പോലും കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരാണ്, ചിലർ കണ്ടിട്ട് പോലുമില്ല. യാതൊരുവിധ ആധുനിക ഉപകരണങ്ങളും ഇവർ ഉപയോഗിക്കാറില്ല. ഇവരുണ്ടാക്കുന്ന ഗൃഹോപകരണങ്ങൾ വളരെ പ്രസിദ്ധിയാർജിച്ചവയാണ്. കട്ടിലോ, മേശയോ, കസേരയോ ആയിക്കോട്ടെ പൂർണ്ണമായും തടി കൊണ്ട് മാത്രമാണ് – ആണിയോ, പശയൊ ഒന്നും ഉപയോഗിക്കാതെ. യാതൊരു വിധത്തിലുമുള്ള ആധുനിക ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാത്ത ഇവരുടെ പ്രധാന ഗതാഗത ഉപാധി കുതിരവണ്ടിയാണ്. ഇതല്ലാതെ നടന്നു പോവുക അല്ലാതെ ഇവർ ഒരിക്കലും കാറോ സ്കൂട്ടറോ ബൈക്കോ സൈക്കിളോ വാങ്ങിക്കാറില്ല.