കിടുകിടാ വിറച്ചു ഭീമൻ കരടിയുടെ മുൻപിൽ – ഒരു രക്ഷപ്പെടലിൻ്റെ കഥ…

വിവരണം – അബ്ദുൽ റഷീദ്.

കരടി വളരെ അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. ജന്മനാ ധീരനായത് കൊണ്ട് കാടും മൃഗങ്ങളുമായുള്ള ഒരു സാഹസത്തിനും ഞാൻ ഇതുവരെ മുതിർന്നിട്ടില്ല. ഇനി അറിയാതെ ഏതെങ്കിലും മൃഗത്തിന്റെ മുന്നിൽ പെട്ടാൽതന്നെ ഒരു ദയയുമില്ലാതെ പണ്ട് കളരിയിൽ പഠിച്ച പതിനെട്ടാം അടവ് പയറ്റും. ഹേയ് പേടിച്ചിട്ടൊന്നുമല്ലാട്ടോ, പഠിച്ച അടവുകൾ മറന്നു പോവാതിരിക്കാൻ വേണ്ടിയുള്ള ഒരു കുതന്ത്രം മാത്രം. ഇത്രക്കും മാന്യമായി ജീവിക്കുന്ന എനിക്കിട്ടാണ് പടച്ചോൻ എട്ടിന്റെ പണി തന്നത്.

നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്ക്‌ വന്യ മൃഗങ്ങൾക്കും സഫാരിക്കും പ്രസിദ്ധമാണ്. നേപ്പാളിലെ യാത്രക്കിടയിൽ സുഹൃത്തായ ബിജുഭായിയുടെ കൂടെയാണ് രണ്ടു ദിവസത്തെ കറക്കത്തിനായി ഈ പാർക്കിൽ വന്നത്. ജോലിയാവശ്യങ്ങൾക്കായി അധിക സമയവും നേപ്പാളിൽ കഴിയുന്ന ഭായിയുടെ ഇഷ്ടപ്പെട്ട ഒഴുവുകാല വിശ്രമ കേന്ദ്രം കൂടിയാണിവിടം.

ഇന്ത്യൻ അതിർത്തിയോടു ചേർന്നു ആയിരം കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് കടുവയടക്കമുള്ള വന്യജീവികൾ കൊണ്ട് സമൃദ്ധമാണ്. Bird watching ഇഷ്ടപ്പെടുന്നവരുടെ പറുദീസയും. അന്നപൂർണ്ണ മലനിരകളുടെ മനോഹരമായ കാഴ്ച്ചയും ഇവിടെ നിന്നാൽ കാണാം. ലഖ്‌നൗ, പാറ്റ്ന പോലുള്ള ഇന്ത്യൻ അതിർത്തി പട്ടണങ്ങളിൽ നിന്നും റോഡുമാർഗ്ഗം എളുപ്പത്തിൽ ഇവിടെ എത്തിപ്പെടാം. പാർക്കിനുള്ളിലൂടെ ഞങ്ങൾ സഫാരിക്ക് പോയിരുന്നു. കാണ്ടാമൃഗത്തെയും മാനുകളെയും വിവിധയിനം പക്ഷികളെയും പാർക്കിനരികിലൂടെയായി ഒഴുകുന്ന പുഴയിൽ മുതലകളെയും യഥേഷ്ടം കാണാൻ കഴിഞ്ഞു.

ഇനി നമ്മുടെ കഥയിലേക്ക് കടക്കാം. ഞങ്ങൾ താമസിച്ച റിസോർട്ടിന്റെ ഉടമ, ബിജുഭായിയുടെ അടുത്ത സുഹൃത്തും പേരുകേട്ട സഫാരി ഗൈഡുമാണ്. അവരുടെ റിസോർട്ടിന് ഒരു കിലോമീറ്റർ അകലെയായി കാടിനോട് ചേർന്ന് വലിയൊരു തടാകമുണ്ട്. അവിടെ ബേർഡ് വാച്ചിങ്ങിനു പറ്റിയ സ്ഥലമാണെന്നു പറഞ്ഞു ഞാനും അദ്ദേഹവും കൂടി വൈകുന്നേരം ഒരു ബൈക്കിൽ അവിടെ കറങ്ങാനിറങ്ങി. ഇരുട്ടായി തുടങ്ങും വരേ തടാകത്തിനു ചുറ്റും പക്ഷികളെ നിരീക്ഷിച്ചും ഫോട്ടോയെടുത്തും സമയം ചിലവഴിച്ചു. ഇരുട്ടാൻ തുടങ്ങിയപ്പോൾ ബൈക്കിൽ തിരിച്ചു റിസോർട്ടിലേക്ക് പുറപ്പെട്ടു.

കുറച്ചു ദൂരം വന്നപ്പോൾ റോഡിനു നടുവിലായി വലിയൊരു കറുത്ത രൂപം.!!! ആദ്യം ആനയാണെന്നാണ് കരുതിയത്. പിന്നീടാണ് അത് കരടിയാണെന്ന് മനസ്സിലായത്. പൂർണ്ണ വളർച്ചയെത്തിയ ഒരു മുട്ടൻ കരടി. ഒരു കുട്ടിയാനയുടെ വലിപ്പമുണ്ട്. അണ്ണൻ റോഡിലൂടെ ഞങ്ങൾ പോകുന്ന ദിശയിൽ സഫാരിയിലാണ്. ഏകദേശം 200 മീറ്റർ അകലെയായി. വണ്ടി ഓഫ്‌ ചെയ്തു ഞങ്ങൾ കുറേ സമയം അതിന്റ പുറകിലായി നടന്നു, അത് കാട്ടിലേക്ക് കയറിപ്പോകുമെന്ന പ്രതീക്ഷയിൽ. വികസന ചിന്താഗതിക്കാരനായത് കൊണ്ടാവണം അണ്ണൻ മണ്ണും മുള്ളും നിറഞ്ഞ കാടൊഴിവാക്കി നല്ല റോഡിലൂടെ തന്നെയായിരുന്നു നടത്തം.

വെളിച്ചം മങ്ങി തുടങ്ങിയിട്ടും കരടി വഴിമാറി പോവാതായപ്പോൾ പേടി തുടങ്ങി. ഞങ്ങൾക്ക് അതുവഴി മാത്രമേ റിസോർട്ടിലേക്ക് പോകാൻ കഴിയൂ. തിരിച്ചു പോയാൽ തടാകം വരേ മാത്രമേ റോഡ് ഉള്ളൂ. അവിടന്നങ്ങോട്ട് കാടാണ്. ഞങ്ങൾ രണ്ടുപേരുമല്ലാതെ ഒരാളും ആ പരിസരത്തെവിടെയുമില്ല. ഫോണിന് റേഞ്ചും ഇല്ല. ഫുൾ ഇരുട്ടായാൽ കരടിയെ പിന്നെ കാണാനും trace ചെയ്യാനും പറ്റില്ല. ഓരോ നിമിഷം കഴിയും തോറും എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. കിളികളെ കാണാൻ പോയ എന്റെ കിളി പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

കരടി മുൻപിലും ഞങ്ങൾ പുറകിലുമായി പിന്നെയും കുറേ ദൂരം നടന്നു വലിയൊരു വളവിലെത്തി. വളവു കഴിഞ്ഞപ്പോൾ കരടിയെ കാണാൻ പറ്റാതായി. വളവിനടുത്ത് പോയി നോക്കാൻ രണ്ടുപേർക്കും ധൈര്യവുമില്ല. 10 മിനിറ്റ് അവിടെ നിന്നുകൊണ്ട് എന്തു ചെയ്യണമെന്ന് ചർച്ച ചെയ്തു. ഇനി വൈകിയാൽ അപകടമാണെന്നും ബൈക്കിൽ കയറി മാക്സിമം സ്പീഡിൽ പോകാമെന്നും ഗൈഡ് പറഞ്ഞു. ഇതെല്ലാം പറയുമ്പോഴും അവന്റെ മുഖത്തു ഭയമായിരുന്നു. പിന്നെ എന്റെ കാര്യം പറയണോ. വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മാക്സിമം സ്പീഡിൽ വണ്ടിയെടുത്തു. വണ്ടിയുടെ പുറകിലിരുന്നു ഞാൻ നേരാത്ത നേർച്ചകളില്ല…

ബൈക്ക് വളവിലെത്തിയപ്പോൾ അതാ വെറും 20 മീറ്ററകലത്തിൽ ഒരു ചെറിയ മതിലിനു മുകളിലായി കരടി!! തിളങ്ങുന്ന കണ്ണുകളും ദ്വേഷ്യപ്പെട്ട മുഖവുമായി അത് ഞങ്ങളെ തുറിച്ചു നോക്കിയിരിക്കുന്നു. പിന്നെയുള്ള അവസ്ഥ പറയണോ. അതൊന്നു ചാടിയാൽ നേരെ ഞങ്ങളുടെ നെഞ്ചത്ത്!!  ഞാൻ അട്ട പറ്റിയപോലെ ഗൈഡിന്റെ പുറകിൽ പാത്തിരുന്നു. അവന്റെ ഹ്ര്യദയമിടിപ്പ് എനിക്കും, എന്റേത് നേപ്പാൾ മുഴുവനും നന്നായി കേൾക്കാം. ഗൈഡ് മാക്സിമം വേഗതയിൽ ബൈക്കോടിച്ചു അതിനെ മറികടന്നു.

അതുവരെ ഞങ്ങളെ നോക്കിനിന്ന കരടി ഞങ്ങളുടെ പുറകെ ഓടാൻ തുടങ്ങി. കുറച്ചു സമയം പുറകെ ഓടി അത് പതിയെ കാട്ടിലേക്ക് മറഞ്ഞു. ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. കരടി ഒരു നിമിഷം ശങ്കിച്ചു നിന്നതും ഗൈഡ് അതിവേഗതയിൽ വണ്ടിയോടിച്ചതും തുണയായി. അല്ലെങ്കിൽ വീട്ടുകാർക്കും നിങ്ങൾക്കുമെല്ലാം വിനയായി ഞാനിന്നുണ്ടാവില്ലായിരുന്നു. കൊതുക് കടിയും കൊണ്ട് ഏതേലും ചുമരിൽ തൂങ്ങിക്കിടന്നേനെ. അലവലാതികളെ ദൈവം പതിയെ മാത്രമേ കെട്ടുകെട്ടിക്കൂ എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?