സി കെ ശശീന്ദ്രൻ എന്ന പേരിനൊപ്പം ‘സാധാരണക്കാരിൽ സാധാരണക്കാരൻ’ എന്ന പ്രയോഗവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മണ്ണിന്റെ മണമുള്ള ഒരു കർഷകന്റെ ശബ്ദമാണ് സി കെ ശശീന്ദ്രൻ എന്ന വയനാടിന്റെ സ്വന്തം ശശിയേട്ടന്. ശശിയേട്ടനെ വ്യത്യസ്തനാക്കുന്നത് ആ ശബ്ദമാണ്. നഗ്നപാദനായി നിലത്ത് കാലുറപ്പിച്ച് നടക്കുന്ന,പശുവിനെ കറന്ന് പാൽ അളന്ന് ജീവിക്കുന്ന സാധാരണക്കാരൻ എന്ന ഇമേജ് തന്നെയാണ് കല്പറ്റയിലെ ജനങ്ങളുടെ മനസ്സിൽ ശശീന്ദ്രനുള്ളത്.
സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ് സി കെ ശശീന്ദ്രൻ. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവര്‍ത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശശീന്ദ്രന്‍ 1980–86 കാലഘട്ടത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1989–96 കാലയളവില്‍ ഡിവൈഎഫ്ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ല്‍ സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988 ല്‍ ജില്ലാകമ്മിറ്റിയംഗമായി.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ശശീന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്.വയനാട് ജില്ലയിലെ ആദിവാസി-ഭൂസമരങ്ങളിലൂടെ സംസ്ഥാനരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ് ശശീന്ദ്രൻ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആദിവാസി ക്ഷേമ സമിതി വയനാട്ടിൽ നിരവധി ഭൂസമരങ്ങൾ നടത്തിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസികോളനികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രധാനതടസം സി കെ ശശീന്ദ്രനെന്ന നേതാവാണെന്ന് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ അദ്ദേഹത്തിന് വധഭീഷണി ഉയര്‍ത്തി. അടിയാളരുടേയും കര്‍ഷകരുടേയും തോട്ടം തൊഴിലാളികളുടേയും അവകാശങ്ങള്‍ക്കായി പോരാടിയ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ മര്‍ദനം. പല തവണ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. 2016 ൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ശ്രേയാംസ് കുമാറിനെ പതിമൂവാറ്റയിരത്തിൽപ്പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രൻ എംഎൽഎ ആയത്. ജയിച്ച് എംഎൽഎ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി അദ്ദേഹം വയനാട്ടിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കയറി തിരുവനന്തപുരത്ത് വന്ന സംഭവം അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വാർത്തകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്നത്. കഴിഞ്ഞ തവണ വയനാട്ടിലേക്ക് യാത്ര പോയപ്പോൾ സുഹൃത്തായ ഹൈനാസ് ഇക്കയോട് കാര്യം അവതരിപ്പിച്ചു. അപ്പോഴല്ലേ അറിയുന്നത് ഹൈനാസ് ഇക്കയുടെ സഹോദരന് ശശീന്ദ്രനുമായി നല്ല പരിചയമുണ്ട്. പിന്നെ ഒന്നും പറയാനില്ലല്ലോ. അങ്ങനെ ഞങ്ങൾ രാവിലെ ആറുമണിയോടെ സികെ ശശീന്ദ്രൻ എംഎൽഎയുടെ വീട്ടിലേക്ക് യാത്രയായി.
വയനാട്ടിലെ പിണങ്ങോടിനു സമീപത്താണ് ഇദ്ദേഹത്തിന്റെ വീട്. വയനാടൻ ഗ്രാമീണ റോഡിലൂടെയുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തിൻറെ വീട്ടിൽ എത്തിച്ചേർന്നു. അദ്ദേഹം അപ്പോൾ പശുവിനെ കറന്നു പാൽ അളക്കുന്ന നേരം ആയിരുന്നു. സത്യത്തിൽ ഇദ്ദേഹത്തിന്റെ എളിമയാർന്ന ജീവിതത്തെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും നേരിട്ടു കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇത്രയും ഉയർന്ന പദവിയിലിരിക്കുന്നയാളായിട്ടും ലവലേശം തലക്കനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വ്യക്തിത്വം. മറ്റുള്ളവർക്ക് ഇദ്ദേഹം ശശീന്ദ്രൻ ആണെങ്കിലും വയനാട്ടുകാർക്ക് തങ്ങളുടെ സ്വന്തം ശശിയേട്ടനാണ്. പരിചയപ്പെടുന്നതിനിടെ ഞാൻ സാർ എന്ന് വിളിച്ചപ്പോൾ എന്നെ സ്നേഹത്തോടെ തിരുത്തിയ ആ എളിമയ്ക്ക് മുന്നിൽ ഞാനും ശശിയേട്ടൻ എന്നു വിളിച്ചു തുടങ്ങി.
കുറച്ചു സമയത്തിനു ശേഷം അദ്ദേഹത്തിന് പാലക്കാട് പോകേണ്ടതാണ്. അതുകൊണ്ടാണ് ഞങ്ങൾ അതിരാവിലെ തന്നെ അദ്ദേഹത്തെ കാണുവാനായി പോയതും. പരിചയപ്പെടലുകൾക്കു ശേഷം ശശിയേട്ടൻ ഞങ്ങളെ തൊടിയിലെ കാഴ്ചകൾ കാണുവാനായി ക്ഷണിച്ചു. മഞ്ഞുവീണ തൊടിയിലൂടെ നടക്കുന്നതിനിടയിൽ ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. കൂടുതലും വയനാടിനെക്കുറിച്ച് ആയിരുന്നു. “കാപ്പിയാണ് വയനാട്ടിൽ ഏറ്റവും കൂടുതലുള്ള കൃഷി. എന്നാൽ കാപ്പി കമ്പനികൾ എല്ലാംതന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ഉള്ളത്. കാലാനുസരണം കാപ്പിപ്പൊടിയുടെ വില വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണമൊന്നും വയനാട്ടിലെ കർഷകന് ലഭിക്കുന്നില്ല. അതിന് മാറ്റമുണ്ടാകണം. അതിനായി പഞ്ചായത്തുകൾതോറും കർഷകരെ സംഘടിപ്പിച്ച് കൊണ്ട് ഒരു ആധുനിക വ്യവസായം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. ചെറുപ്പക്കാർക്ക് കൂടി ജോലി ലഭിക്കുന്ന രീതിയിലാകും ഇത് നടപ്പിലാക്കുക. വയനാട്ടിലെ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.” – അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ടൂറിസം സംബന്ധിച്ച് നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടിയ അദ്ദേഹം പല പദ്ധതികളെക്കുറിച്ചും വാചാലനായി.
അദ്ദേഹത്തിൻറെ വീട്ടിൽ പശുക്കൾ, കോഴികൾ തുടങ്ങി വിവിധയിനം പക്ഷിമൃഗാദികളുണ്ട്. ഇവയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നതിന് ഈ തിരക്കുകൾക്കിടയിലും ശശിയേട്ടൻ സമയം കണ്ടെത്താറുണ്ട്. ശശിയേട്ടന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ അദ്ദേഹം ചെരുപ്പ് ഉപയോഗിക്കാറില്ല എന്നതാണ്. എവിടെയും നഗ്നപാദനായി മാത്രമേ പോകുകയുള്ളൂ. മണ്ണിൻറെ മണമുള്ള സമൂഹത്തിൽ വളർന്നതുകൊണ്ട് ചെറുപ്പം മുതലുള്ള ശീലമാണ്.
തിരക്കുകൾക്കിടയിലും ഏകദേശം മുക്കാൽ മണിക്കൂറോളം ശശിയേട്ടൻ ഞങ്ങൾക്കു വേണ്ടി ചെലവഴിച്ചു. ഇറങ്ങുന്നതിനു മുൻപ് സ്വന്തം കൈകൊണ്ട് നല്ല അസ്സൽ കാപ്പി കൂടി നല്കിയിട്ടാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്. ശശിയേട്ടനോട് യാത്ര പറഞ്ഞു തിരികെ വരുമ്പോൾ സത്യത്തിൽ മനസ്സിന് എന്തോ ഒരു പോസിറ്റിവ് എനർജി കൈവന്നപോലെ. ഇതായിരിക്കണം ഒരു ജനപ്രതിനിധി… അതെ ഇദ്ദേഹമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. ജനഹൃദയങ്ങളിൽ നിന്നും ഉയർന്നു വന്ന് ഒരു നാടിന്റെ മുഴുവൻ എളിമയുള്ള നേതാവായ ശശിയേട്ടന് ഒരു ബിഗ് സല്യൂട്ട്…