വിമാനമിറങ്ങി, തീവണ്ടിയിൽ നാട്ടിലേക്ക് വരുന്ന പ്രവാസി; ഇന്നുമോർക്കുന്നൊരോർമ്മ….

എഴുത്ത് – അരുൺ പുനലൂർ.

വൈകിയോടിക്കിതച്ചെത്തിയ വണ്ടി സ്റേഷനിലേക്കടുക്കുന്നതറിഞ്ഞാണ് ഞാൻ ബാഗും തൂക്കി വാതിലിനടുത്തേക്കു വന്നത്. അപ്പോളാദ്യം കണ്ണിൽ പെട്ടത് ഈ പെട്ടിയും കെട്ടുമായിരുന്നു. അതിനൊപ്പം നിൽക്കുന്ന മനുഷ്യൻ ആകാംഷയോടെ പുറത്തേക്കു നോക്കി നിൽക്കുന്നു. ജോലിസ്ഥലത്ത് നിന്നു നാട്ടിലേക്കുള്ള വരവാണെന്നു തോന്നുന്നു..

പണ്ടു മുതൽ നാട്ടിലെ ഗൾഫുകാരെത്തുമ്പോ കണ്ടിരുന്ന ടേപ്പൊട്ടിച്ചു പേരെഴുതിയ അതേ കെട്ടു.. അൽപ്പം പഴക്കം ചെന്ന സ്യൂട്ട്കെയ്സ്. എയർ പോർട്ടിൽ നിന്നും ടാക്സി വിളിച്ചു ദൂരേയ്ക്ക് പോകാനുള്ള തുക കൂടി കയ്യിൽ കരുതി ഈ കെട്ടും ഭാണ്ടവുമൊക്കെ താങ്ങി ബസിൽ കയറ്റി വരുന്ന പലരെയും കണ്ടിട്ടുണ്ട്. കാലങ്ങൾക്കിപ്പുറം സ്വന്തം നാട്ടിലെക്കു വരുന്പോൾ ഉണ്ടാകുന്ന ആ ആകാംഷയും നെഞ്ചിടിപ്പും പണ്ടു രണ്ടു തവണ ഞാനും അനുഭവിച്ചിട്ടുണ്ട്.

ഈ മനുഷ്യന്റെ വരവും കാത്ത് അങ്ങേരുടെ കുടുംബവും കുഞ്ഞുങ്ങളും കാത്തിരിക്കുന്നുണ്ടാകാം. ഒരുപക്ഷെ ഈ പൊതിക്കെട്ടിൽ വീട്ടുകാർക്കും കുഞ്ഞുങ്ങൾക്കുമൊക്കെയുള്ള കുപ്പായവും കളിപ്പാട്ടങ്ങളുമൊക്കെയാകാം. പണ്ടു അയല്പക്കത്തൊ ബന്ധുക്കളോ ഒക്കെ ലീവിന് വരുന്പോ ആ പരിസരങ്ങളിലൊക്കെ കറങ്ങി നടന്നു ഗൾഫ് തുണിയുടെയും സെന്റിന്റെയും സോപ്പിന്റെയുമൊക്കെ മണങ്ങൾ മൂക്കിലേക്ക് വലിച്ചു കയറ്റും. മാമനൊക്കെ പോയി വന്നപ്പോളാണ് ഉടുപ്പ് തൈപ്പിക്കാൻ ഒരു കീറു കുപ്പായത്തതുണിയൊക്കെ കിട്ടിയത്. ആ തുണിയുടെ മണമൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്…

മൂപ്പരുടെ രണ്ടാമത്തെ വരവിലാണ് ഒരു മോണോ ടേപ്പ് റിക്കാര്ഡര് കൊണ്ടു വന്നത്. ആകെയുള്ള മൂന്നു കേസെറ്റ് തിരിച്ചും മറിച്ചുമിട്ടു രാവിലെ മുതൽ പാട്ട് കേൾക്കും. അന്നു കറണ്ടില്ല. ബാറ്ററി തീരുമ്പോ പാട്ടും നില്കും. അന്നൊക്കെ ഈ കെട്ടൊന്നു പൊട്ടിക്കുന്നത് കാണാൻ തന്നേ ചെറുതല്ലാത്ത ഒരാൾക്കൂട്ടമുണ്ടാകുമായിരുന്നു. സ്വന്തക്കാരും ബന്ധുക്കളും ഒക്കെ അവരവരുടെ വീതം തിട്ടപ്പെടുത്തി വാങ്ങിക്കാൻ കാത്തു നിൽക്കും. എല്ലാരും പോയിക്കഴിയുന്പോ ബാക്കിയാവുന്ന ഫോറിൻ മുട്ടായികളിൽ ഒന്നോ രണ്ടോ നമുക്കും കിട്ടും. അതു കുറേശ്ശേയായി മുണുങ്ങി തീർത്തിട്ടു അതിന്റെ കടലാസു പോക്കറ്റിൽ കരുതി പിറ്റേന്ന് സ്കൂളിൽ കൊണ്ടോയി കൂട്ടുകാരെയൊക്കെ കാണിച്ചു ഗമയടിക്കും. അതൊക്കെ ഒരു കാലം…

വണ്ടി മെല്ലെ സ്റ്റേഷനിൽ നിന്നു. പുള്ളിക്ക് കെട്ടിറക്കാനായി ഞാൻ കാത്തു നിന്നു കൊടുത്തു. ആ ഭാരമുള്ള കെട്ടെടുത്തു നെഞ്ചോട്‌ ചേർത്തു പിടിച്ചു പ്ലാറ്റ്ഫോമിൽ വച്ചിട്ട് തിരികെ വരുമ്പോളേക്കും ആദ്യം ഇറക്കി വച്ച സ്യൂട്ട് കെയ്‌സ് മറിഞ്ഞു വീണിരുന്നു. ആൾക്കൂട്ടത്തിന്റെ ചവിട്ടിൽ പെടാതിരിക്കാൻ ഞാനത് എടുത്തു ആ മനുഷ്യനരുകിലേക്കു കൊണ്ടു കൊടുത്തു. നന്ദി സ്ഫുരിക്കുന്ന കണ്ണുകളോടെ അദ്ദേഹമെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ഞാനും…

ഈ മനുഷ്യൻ ആരെന്നോ എന്തെന്നോ എവിടുന്നു വരുന്നു എന്നോ എങ്ങോട്ട് പോകുന്നു എന്നോ എനിക്കറിയില്ല. പക്ഷെ അപരിചിതത്വത്തിന്റെ മഞ്ഞുരുകിയ ചില നിമിഷങ്ങളിൽ അങ്ങേരുടെ കണ്ണിൽ തെളിഞ്ഞ ആ സന്തോഷത്തിന്റെ പുഞ്ചിരിയുണ്ടല്ലോ..അതു മതി.. എവിടെയൊക്കെയോ മനുഷ്യൻ മനുഷ്യനായി തന്നേ ഇപ്പോളും തിരിച്ചറിയപ്പെടുന്നുണ്ട് എന്നു ആശ്വസിക്കാൻ അതു മാത്രം മതി..