പയ്യാമ്പലം ബീച്ചും ഓർഫനേജിലെ ആഘോഷവും – ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ

കണ്ണൂരിലെ 208 വർഷം പഴക്കമുള്ള CSI ഇംഗ്ലീഷ് ചർച്ചിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് പ്രശസ്തമായ പയ്യാമ്പലം ബീച്ചിലേക്ക് ആയിരുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ് പയ്യാമ്പലം ബീച്ച്. കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

ബീച്ചിലേക്ക് ഞങ്ങളോടൊപ്പം CSI ഇംഗ്ലീഷ് ചർച്ചിലെ രാജു അച്ചനും സുഹൃത്തായ സുനീഷേട്ടനും ഉണ്ടായിരുന്നു. അച്ചൻ ളോഹയൊക്കെ മാറ്റി സാധാരണ ജീൻസും ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. കണ്ണൂർ എയർപോർട്ട് ഉത്ഘാടനത്തോടനുബന്ധിച്ച് ബീച്ചിൽ പട്ടം പറത്തൽ പരിപാടികളൊക്കെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അതിനിടയിലേക്ക് ഞങ്ങളും ഇറങ്ങിച്ചെന്നു.

ധാരാളം ആളുകൾ ബീച്ചിൽ ആ സമയത്ത് ഉണ്ടായിരുന്നു. കൂടുതലും കുട്ടികളായിരുന്നു. എല്ലാവരും പട്ടം പറത്തുകയും ബീച്ചിൽ കുളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുപോലെതന്നെ ഐസ്‌കീം, പോപ്പ്കോൺ തുടങ്ങി ഇഷ്ടംപോലെ ഫുഡ് വിഭവങ്ങളും അവിടെ വിൽക്കുവാനായി കൊണ്ടുവന്നിരുന്നു.

ഞങ്ങൾ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ വ്യത്യസ്തമായ ചില ഐറ്റംസ് വിൽക്കുന്ന ഒരു കട ശ്രദ്ധയിൽപ്പെട്ടു. ‘ലൊട്ട’ എന്നു പേരുള്ള ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഐറ്റമായിരുന്നു ആദ്യമായി ഞങ്ങൾ തിരഞ്ഞെടുത്തത്. ശ്വേതയായിരുന്നു സംഭവം ടേസ്റ്റ് ചെയ്തത്. ലൊട്ട കഴിച്ചപ്പോൾ മുറുക്കിന്റെ രുചിയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. എന്തായാലും സംഭവം കൊള്ളാം. അതിനുശേഷം ഉപ്പിലിട്ട മാങ്ങയും മുളകും കൂടിയുള്ളത് വാങ്ങിക്കഴിച്ചു.

ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ. അവരുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം ഞങ്ങൾ തലകുനിച്ചു. ഇതു കൂടാതെ പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശിൽപ്പവും ബീച്ചിനു സമീപത്തായി കാണാവുന്നതാണ്. കണ്ണൂരിൽ വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് പയ്യാമ്പലം ബീച്ച്.

പയ്യാമ്പലം ബീച്ചിലെ കാഴ്ചകൾ കണ്ടതിനുശേഷം പിന്നീട് ഞങ്ങൾ പോയത് CSI പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഥേനിയ എന്നൊരു ഓർഫനേജിലേക്ക് ആയിരുന്നു. അവിടെ ക്രിസ്മസ് സെലിബ്രെഷൻസ് നടക്കുന്ന വിവരം രാജു അച്ചൻ പറഞ്ഞപ്പോൾ ഞങ്ങളും കൂടി പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

അങ്ങനെ ഞങ്ങൾ അവിടെച്ചെന്ന് കുട്ടികളോടൊപ്പം കുറേനേരം ചെലവഴിക്കുകയും അവരുടെ ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തു. അതോടൊപ്പംതന്നെ ഞങ്ങളുടെ വകയായി ആ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുവാനും ഞങ്ങൾ മറന്നില്ല. നല്ലൊരു അനുഭവം കൂടിയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും ലഭിച്ചത്. ഞങ്ങളുടെ ഈ യാത്രയിലെ വിലപ്പെട്ട നിമിഷങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ ലഭിച്ചത്. ആ കുട്ടികൾക്കും രാജു അച്ചനുമെല്ലാം ഈശ്വരൻ നല്ലതു വരുത്തട്ടെ.