ആനമല കലീം : മിടുക്കനായ താപ്പാന അഥവാ ചോര മരവിപ്പിക്കുന്ന വില്ലൻ

ലേഖകൻ – സജിൻ മഠത്തിൽ.

ആനമല കലീം – ആ പേര് ഇന്നിവിടെ പലർക്കും അറിയുമായിരിക്കും. ഏറെ പേർക്കും കൊല്ലകൊല്ലിയെ പിടിച്ച മിടുക്കനായ താപ്പാന എന്നാവും അറിയുക.എന്നാൽ അതൊന്നുമല്ല കലീം, അല്ലെങ്കിൽ അതുമാത്രമല്ല കലീം.അതെല്ലാം കലീമിന്റെ സംഭവബഹുലമായ ജീവിതത്തിലെ ഒരു അദ്ധ്യായം മാത്രം.തമിഴ്‌നാട് സർകാരിന്റെ അഭിമാനമായ സാക്ഷാൽ ആനമല കലീമിനെ പരിചയപ്പെടാം.

1972ൽ വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാടുകളിൽ നിന്നും ആണ് ലക്ഷണമൊത്ത കുട്ടിക്കൊമ്പനെ കിട്ടുന്നത്.പിന്നീട് വരഗളിയാർ ആനപരിശീലന കളരിയിൽ എത്തിച്ച ആനക്കുട്ടിയെ ചട്ടം പഠിപ്പിച്ചു.ആനക്കുട്ടി അതിബുദ്ധിമാൻ ആണെന്ന് മനസ്സിലാക്കിയ പണിത്തഴക്കം വന്ന പാപ്പാന്മാർ ഇവനെ ഒന്നാംതരം താപ്പാന ആക്കാം എന്നുറച്ചു.പക്ഷെ അവർ പോലും കരുതിക്കാണില്ല ഇതൊരു ഒന്നൊന്നര താപ്പാന ആണെന്ന കാര്യം.

പക്ഷെ ആനക്കുട്ടിയുടെ കയ്യിലിരിപ്പ് അത്ര കേമം ആയിരുന്നില്ല. അതുകൊണ്ട് അവർ അവനു വലിയ സ്വാതന്ത്ര്യം ഒന്നും കൊടുത്തില്ല. എന്നാൽ കലീമിന്റെ ഭാഗ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.1976ൽ പളനിചാമി എന്ന ചെറുപ്പക്കാരൻ അവതരിച്ചു.തീപ്പൊരി ആനക്ക് ചോരത്തിളപ്പുള്ള പാപ്പാൻ‌.അതെ, അന്ന് മുതൽ കലീം ഗാഥ തുടങ്ങുകയാണ്.ഇന്ന് വരെ കലീം-പളനിചാമി കൂട്ടുകെട്ട് നേടാത്ത വിജയങ്ങൾ ഇല്ല,തോറ്റു മടങ്ങേണ്ടി വന്നിട്ടില്ല,നീണ്ട 40 വർഷത്തോളമായി ഇഴമുറിയാത്ത സ്നേഹബന്ധം.

അതിനിടെ വരഗളിയാറിൽ നിന്നും വൈകാതെ കലീമിന്റെയും ടീമിന്റെയും സേവനം ആനമല ടോപ്സ്ളിപ് കാംപിലേക്ക് മാറ്റി.കലീമും ടീമും,ടീം എന്ന് പറഞ്ഞാൽ കുറെ പേർ ഉണ്ട്.നഞ്ചൻ, ബാരി, റാം, ഭരണി, വിഘ്നേഷ്..അങ്ങനെ ഇന്ന് ടോപ്സ്ളിപ് കാംപിൽ കുറെ താപ്പാനകൾ ഉണ്ട്.ടോപ്സ്ളിപ് കാംപ് ഒന്ന് പോയി കാണേണ്ടത് തന്നെ.ശിവസുന്ദറും പാമ്പാടി രാജനും മാറിനിൽക്കുന്ന ആനച്ചന്തങ്ങൾ ഉണ്ട് കാംപിൽ.സഹ്യപുത്രന്മാർ സഹ്യനിൽ തന്നെ തിമിർക്കുന്നത് കാണാം.

ബ്രിട്ടീഷ് ഭരണകാലത്ത് തീവണ്ടി പാതക്കും മറ്റാവശ്യങ്ങൾക്കും ഉള്ള മരം ഇവിടെ നിന്നും മുറിച്ച് പുഴയിലൂടെ ഒഴുക്കി താഴേക്ക് വിടുക ആയിരുന്നു പതിവ്.അങ്ങനെ ആണ് ആനമലയിൽ സ്ഥിതി ചെയ്യുന്ന ഈ വനത്തിനു ടോപ്സ്ളിപ് എന്ന പേര് വന്നത്.ഇന്ന് ടോപ്സ്ളിപ് അറിയപ്പെടുന്നത് ഇന്ദിരാഗാന്ധി ടൈഗർ റിസർവ് എന്ന പേരിലാണ്.കടുവയും പുലിയും കരടിയും മാനും കാട്ടുനായ്ക്കളും എല്ലാമുള്ള കൊടും കാട്ടിൽ ഉള്ളിലായാണ് ആന കാംപ്.അവിടെ നിന്നും 12 കിലൊമീറ്റെർ കഴിഞ്ഞാൽ പറമ്പിക്കുളം ആയി.

ഒരു താപ്പാന എന്ന് പറഞ്ഞാൽ അതത്ര എളുപ്പമുള്ള പണിയല്ല, അത്യന്തം അപകടം നിറഞ്ഞ ജോലിയാണ് ആനക്കും ആനക്കാരനും.വിളകൾ നശിപ്പിക്കുന്നതും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ വിഹരിക്കുന്നതുമായ കാട്ടാനകളെ ഓടിക്കുക, കൊള്ളാവുന്നവനെങ്കിൽ കയ്യോടെ പിടിക്കുക, അവനെ മെരുക്കി എടുക്കുക, അപകടത്തിൽ പെട്ട കാട്ടാനകളെയും മറ്റു വന്യ മൃഗങ്ങളെയും രക്ഷിക്കുക, നരഭോജികളായ കടുവകളെ തുരത്തുക, കാട്ടിലെ വഴികളിൽ വീണു കിടക്കുന്ന മരങ്ങൾ എടുത്തു മാറ്റുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പണികളുണ്ട്.ഇതിലേറെ ബുദ്ധിമുട്ട് കാട്ടാനകളുമായുള്ള യുദ്ധങ്ങൾ തന്നെ.ശ്രദ്ധ ഒന്ന് പിഴച്ചാൽ ആനക്കും ആനക്കാരനും മരണം സുനിശ്ചിതം.കലീം ഹീറോ ആവുന്നത് ഇതിലെല്ലാം ആണ്.

ഇന്ന് ഏഷ്യയിൽ ഉള്ളതിൽ എറ്റവും മിടുക്കനായ താപ്പാന എന്ന ഖ്യാതി കലീമിന് സ്വന്തം.മറ്റൊരു താപ്പാനയിലും സ്വപ്നം കാണാൻ കഴിയാത്ത വേഗവും അപാരമായ മെയ്ക്കരുത്തും കലീമിനെ വേറിട്ട്‌ നിർത്തുന്നു.എത്ര വലിയ കൊലകൊമ്പനായാലും ജയം കലീമിന് തന്നെ ആയിരിക്കും.തോറ്റ ചരിത്രം കേട്ടിട്ടില്ല.മറ്റു താപ്പാനകളിൽ നിന്നും വ്യത്യസ്തനായി ആദ്യം ആക്രമിക്കുന്നത് കലീം തന്നെ ആയിരിക്കും.എതിരാളിക്ക് ഒരു പഴുതു പോലും കൊടുക്കില്ല.കനത്ത മസ്തകം കൊണ്ട് ആനയെ ഇടിച്ച് തിരിക്കും. പിന്നീട് എടുത്ത് പകച്ച കൂർത്ത കൊമ്പുകൾകൊണ്ടുള്ള പ്രയോഗങ്ങൾ ആണ്.ചങ്ങല കൊണ്ടുള്ള ആക്രമണത്തിലും 100 മാർക്ക്‌.

ഒരിക്കൽ ഒരു വലിയ കാട്ടാനയും ആയി കോർക്കുന്നതിനിടയിൽ അവന്റെ തുണ ആനകളും വന്നു.പളനിചാമിക്കും കൂടെ ഉണ്ടായിരുന്ന ഫോറെസ്റ്റ് ഗാർഡിനും കലീമിന്റെ വയറിനടിയിൽ ഒളിക്കാനെ നിവൃത്തിയുണ്ടായുള്ളൂ.പൊരിഞ്ഞ പോരാട്ടതിനിടയിലും ഇവർക്ക് പരിക്കേൽക്കാതിരിക്കാൻ കലീം ശ്രദ്ധിച്ചു.മറ്റൊരിക്കൽ കിണറ്റിൽ വീണ ഒരു കുട്ടിയാനയെ എടുക്കാൻ വേണ്ടി കലീമും ടീമും പുറപ്പെട്ടു.പക്ഷെ കിണറിനു ചുറ്റും 7 കാട്ടാനകൾ തമ്പടിച്ചിരുന്നു. കൂട്ടത്തിൽ വലിയ പിടിയാന കലീമിന് നേരെ വന്നു. പളനിചാമിയെ പിടിക്കാൻ വേണ്ടി കയ്യുയർത്തിയപ്പൊളേക്കും കലീം ഇടപെട്ടു. ചുട്ട പെട കിട്ടിയ കാട്ടാനയും കൂടെ ഉണ്ടായിരുന്നവയും പറപറന്നു.കൊലകൊല്ലി വേട്ടക്കിടയിലും പളനിചാമിയെ തലനാരിഴക്ക് രക്ഷിക്കാൻ കലീമിന് സാധിച്ചു.താട മുട്ടി ഒലിക്കുമ്പോൾ ആണെന്നോർക്കണം.പളനിചാമിയുടെ ദൂരെ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി അനുസരിക്കുന്ന കലീമിന് പുറത്ത് ആള് വേണം എന്ന നിർബന്ധമൊന്നുമില്ല.

ഇങ്ങനെയെല്ലാം കലീമിന്റെ ഹീറോ പരിവേഷം.പക്ഷെ കലീം എന്ന ചോര മരവിപ്പിക്കുന്ന വില്ലനെ കുറിച്ചാണ് ഇനി പറയുന്നത്.താപ്പാനകളിലെ ഒരു ഒറ്റയാനാണ് കലീം.ആരെയും കൂസലില്ല. മറ്റാനകൾക്ക് എല്ലാം പേടിയാണ്. താപ്പാനകളിലെ കേമനായിരുന്ന ഐജി എന്ന കൊമ്പനെ ഒറ്റക്കുത്തിനു കാലാപുരിക്കയച്ചതാണ് കലീം. ഈ ഐജിയുടെ മകൻ ആണ് ഇന്ന് കലീമിന്റെ ടീമിലുള്ള വിഘ്നേശ് എന്ന യുവരക്തം. ഈയടുത്താണ്(2008) കലീമിന്റെ മറ്റൊരു കടുംകൈ. മദപ്പാടിൽ കാട്ടിൽ ഇണയെ നോക്കി നടക്കുകയായിരുന്ന കലീമിന്റെ കണ്മുന്നിൽ പെട്ടത് മികച്ചൊരു താപ്പാന ആയിരുന്ന പല്ലവൻ. പാവം പല്ലവൻ 3 പിടിയാനകളുമൊത്ത് ഒരു മലഞ്ചെരുവിൽ നടക്കുകയായിരുന്നു. കലി കയറിയ കലീം ഉറഞ്ഞു തുള്ളിയപ്പോൾ പല്ലവനും പോയി.

കലീമിന്റെ ഹിറ്റ്ലിസ്റ്റിൽ മറ്റു രണ്ടു താപ്പാനകളും ചില കാട്ടാനകളും പെടും. മുന്നിൽ പെട്ട പാവം ആദിവാസികൾക്കും രക്ഷ ഇല്ല. ആ കണക്കു പറയുന്നില്ല!!സകല അഭ്യാസവും പഠിച്ച കലീമിന്റെ അടുത്ത് ഒരു കളിയും നടക്കില്ല.ഫോറസ്റ്റ് ഓഫീസർമാർക്കും ജീവനക്കാർക്കും തന്നെ പളനിചാമി ഇല്ലെങ്കിൽ കലീമിന്റെ അടുത്ത് പോവാൻ മടി ആണ്.ഇത്രയേറെ പ്രശ്നക്കാരനായിട്ടും ഗവണ്മെന്റ് കലീമിനെ കയ്യൊഴിയുന്നില്ല. കാരണം കലീമില്ലെങ്കിൽ ഒന്നും നടക്കില്ല. അത്രയേറെ വിശ്വാസം ആണ് കലീം-പളനിചാമി കൂട്ടുകെട്ടിന് ഗവണ്മെന്റ് പോലും നല്കുന്നത്.

40 വർഷത്തിലേറെ ആയി പളനിചാമി എന്ത് പറയുന്നുവോ, അത് കലീം ചെയ്തിരിക്കും.അവനു പറ്റുന്നതേ അയാൾ പറയുകയുമുള്ളൂ.പളനിചാമിയോ സഹായി കാവടിയോ(കാവടി എന്നുള്ളത് പേരല്ല, അവിടെ ഇടച്ചട്ടം നിൽക്കുന്ന ആളെ കാവടി എന്നാണു വിളിക്കുന്നത്) ഇല്ലാത്തപ്പോൾ അവന്റെ അടുത്ത് ചെല്ലുന്നതിനു അവിടെ ആർക്കും ധൈര്യമില്ല.താട മുട്ടി ഒലിക്കുമ്പോൾ പോലും പളനിചാമിക്ക് ചെല്ലാം.”എന്നടാ കണ്ണേ..”എന്ന ഒറ്റ വാക്കിൽ കണ്ണിൽ ചോരയില്ലാത്ത താപ്പാന അലിഞ്ഞ് പോവും.ആനയും ആനക്കാരനും തമ്മിലുള്ള ഈ ബന്ധം ഇന്ന് നാട്ടിൽ കാണാൻ വിരളമായിരിക്കുന്നു.

ഇന്നിപ്പോൾ രേഖാമൂലം കലീമിന് 52 വയസ്സ് പ്രായം ഉണ്ട്.പെൻഷൻ പറ്റാൻ ഇനിയും കാലം ഉണ്ട്.നല്ല ഉടൽനീളവും കനത്ത മസ്തകവും ബലിഷ്ട്ടമായ നട-അമരങ്ങളും എടുത്ത് പകച്ച കൊമ്പുകളും കലീമിന് സ്വന്തം.ഇത്രയേറെ കായബലം ഉള്ള ആനകൾ വിരളം.എന്നാൽ കാംപിൽ വേറെയും ഒരുപാട് ചന്തങ്ങൾ ഉണ്ട്.ലക്ഷണ പണ്ഡിതന്മാർ വാ പൊളിച്ചു നിന്ന് പോവുന്ന ആനക്കരുത്തന്മാർ. കലീമിന്റെ എറ്റവും പുതിയ വിവരങ്ങൾ അറിയില്ല.കൊലകൊല്ലി വേട്ടയോടു കൂടി ആണ് നമുക്ക് പരിചിതനായതെങ്കിലും കലീം ഇടയ്ക്കിടെ പാലക്കാട്‌ ഭാഗങ്ങളിൽ ചില കാട്ടാന ഓപ്പെറേഷനുകൾക്ക് വരാറുണ്ട്. ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും കർണാടകത്തിലും എല്ലാം കലീമിന്റെയും ടീമിന്റെയും സേവനം ലഭ്യമാണ്. കാട്ടനയോടാണെങ്കിലും കടുവയോടണെങ്കിലും കലീമിന് ഒന്നേ പറയാനുള്ളൂ,” എന്റെ മുന്നിൽ പെടാതിരിക്കുക”.കലീമിനും പളനിചാമിക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.