‘എയ്ഞ്ചൽ ഡോൺ’ അഥവാ ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ : ചാലക്കുടി – വാൽപ്പാറ റൂട്ടിലെ താരം…

പ്രൈവറ്റ് ബസ്സുകളുടെ വില്ലത്തരങ്ങൾ വാർത്തകളാകുമ്പോഴും അവയിൽ ഒരു വിഭാഗം ബസ്സുകൾ എന്നും നല്ലപേര് നിലനിർത്തിയിരുന്നു. അത്തരത്തിൽ ഒരു സർവീസാണ് ചാലക്കുടി – വാൽപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ബസ്സുകൾ. ഒരു പക്ഷെ എയ്ഞ്ചൽ ഡോൺ എന്നു പറഞ്ഞാലാകും ഈ ബസ്സുകളെ ആളുകൾ എളുപ്പം തിരിച്ചറിയുക. കാരണം മുൻപ് ഇവ ഏഞ്ചൽ ഡോൺ എന്ന പേരിലായിരുന്നു ഓടിക്കൊണ്ടിരുന്നത്.

ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, മലക്കപ്പാറ വഴിയാണ് ഇവയുടെ റൂട്ട്. ഈ റൂട്ടിൽ ആകെക്കൂടി രണ്ടേ രണ്ടു ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. ഒരെണ്ണം വാൽപ്പാറയ്ക്ക് പോകുമ്പോൾ മറ്റൊന്ന് അവിടുന്ന് തിരികെ ചാലക്കുടിയിലേക്ക് വരുന്ന മുറയ്ക്കായിരുന്നു സർവ്വീസ്. മലക്കപ്പാറ വരെ കെഎസ്ആർടിസിയുടെ സർവ്വീസുകൾ നടത്തുന്നുണ്ട്. പക്ഷേ വാൽപ്പാറയിലേക്ക് പോകണമെങ്കിൽ ഏഞ്ചൽ ഡോൺ തന്നെ ശരണം.

ഇവരുടെ ചരിത്രം അറിയണമെങ്കിൽ കുറച്ചധികം കാലം മുന്നിലേക്ക് നോക്കേണ്ടതായുണ്ട്. കൃത്യമായി പറഞ്ഞാൽ 1964 ലായിരുന്നു ഈ പെര്മിറ്റിന്റെ തുടക്കം. ആദ്യം ജീപ്പിൽ തുടങ്ങിയ സർവ്വീസ് പിന്നീട് ബസ്സുകളാണ് മാറുകയായിരുന്നു. BBT, ഷീജ, അഭിരാമി അങ്ങനെയൊക്കെ ബസ്സുകൾക്ക് പേരുകൾ മാറിമാറി വന്നു. എയ്ഞ്ചൽ ഡോൺ എന്ന പേരിൽ ഓടുമ്പോഴായിരുന്നു ഈ സർവ്വീസുകൾ പ്രശസ്തമായത്.

ഡാം ജീവനക്കാർ, KSEB ജീവനക്കാർ, മറ്റു ജോലിയാവശ്യങ്ങൾക്കായി പോകുന്നവർ, ആദിവാസികൾ, സ്ഥലങ്ങൾ കാണുവാൻ വരുന്ന സഞ്ചാരികൾ എന്നിങ്ങനെയായിരുന്നു ഈ ബസുകളിലെ സ്ഥിരയാത്രക്കാർ. മാത്രമല്ല, മലക്കപ്പാറ പോലുള്ള ഗ്രാമങ്ങളിലേക്ക് ദിവസേന പത്രം എത്തുന്നതും ഈ ബസ്സുകളിൽ കയറിയാണത്രെ. ജീവനക്കാരുടെ പെരുമാറ്റവും മുടങ്ങാതെയുള്ള സർവ്വീസും എയ്ഞ്ചൽ ഡോണിനെ യാത്രക്കാരുടെ പ്രിയങ്കരനാക്കി.

ഏകദേശം ഏഴു വർഷം മുൻപാണ് എയ്ഞ്ചൽ ഡോൺ ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ആയി മാറുന്നത്. എങ്കിലും എയ്ഞ്ചൽ ഡോൺ എന്ന പേരും കൂടി ബസ്സിൽ നില നിർത്തുവാൻ ബസ്സുടമയും ജീവനക്കാരും തീരുമാനിച്ചു. പല മാധ്യമങ്ങൾ വഴിയും, സോഷ്യൽ മീഡിയകൾ വഴിയും ഈ ബസ്സുകളുടെ സേവനം കേരളമൊട്ടാകെ അറിയുവാൻ തുടങ്ങി. കേരളത്തിൻറെ നാനാഭാഗങ്ങളിൽനിന്നും കാഴ്ചകൾ കാണുവാനും ബസ്സിൽ ഒരു ദിവസം യാത്ര ചെയ്യുവാനും ഒരുപാട് ആരാധകർ വന്നു തുടങ്ങി.

ജീവനക്കാരുടെ ജനങ്ങളോടുള്ള സൗഹാർദ്ദപരമായ പെരുമാറ്റം ഈ സർവ്വീസുകൾ ഒരുപാടു ഉയർച്ചയിലേക്ക് എത്തിച്ചു. മലയിടിച്ചിലും മരം വീഴ്ചയും അപകടങ്ങളും പതിവായ ദുർഘടം പിടിച്ച കാട്ടു പാതയിൽ ഒരു ദിവസം പോലും മുടങ്ങാതെ റോഡിൽ കിടക്കാതെ ബസ്സിനെ വിശ്വസിച്ചു കൂടെ യാത്രചെയ്ത യാത്രക്കാരെ കൃത്യമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ സമയത്തിനു എത്തിച്ചു മാതൃകയായി തോട്ടത്തിൽ ട്രാൻസ്‌പോർട്ട്.

ഇന്ന് ഈ റൂട്ടിലെ ഒരു ബസ് മറ്റൊരു പേരിലാണ് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ തുടങ്ങിയതോടെയാണ് തോട്ടത്തിൽ ട്രാൻസ്‌പോർട്ട് ഗ്രൂപ്പ് ബസ് സർവ്വീസ് അൽപ്പം പ്രതിസന്ധി നേരിട്ടു തുടങ്ങിയത്. എങ്കിലും ഇന്നും നല്ല കളക്ഷനോടെ ചാലക്കുടി – വാൽപ്പാറ റൂട്ടിൽ രണ്ടു ബസ്സുകളും സർവ്വീസ് നടത്തി വരുന്നു. അവധി ദിവസങ്ങളിൽ ചാലക്കുടിയിൽ നിന്നുള്ള രാവിലത്തെ ട്രിപ്പിൽ വിവിധ ദേശങ്ങളിൽ നിന്നും ഈ സർവ്വീസിനെക്കുറിച്ച് അറിഞ്ഞു വരുന്ന ചില സഞ്ചാരികളും ഉണ്ടാകുമത്രേ. ഒരുപക്ഷെ ഒറ്റ സ്‌ട്രെച്ചിൽ ഏറ്റവും കൂടുതൽ ദൂരം നിർത്താതെ യാത്ര ചെയ്യുന്ന ഓർഡിനറി ബസും ഇതാകും.

കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ആയാലും ജനങ്ങൾക്ക് ഉപകാരപ്രദമാകണം. ജനസേവനം തന്നെയാണ് എല്ലാ ബസ് സർവ്വീസുകളുടെയും ലക്‌ഷ്യം. എന്തായാലും പരസ്പരം സഹകരിച്ചുകൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ സർവ്വീസ് നടത്താൻ ഇരുകൂട്ടർക്കും കഴിയട്ടെ എന്നാശംസിക്കാം.