കൃഷിയും ടൂറിസവും – ഇത് സ്റ്റാനി ചേട്ടൻ്റെ സുന്ദരമായ ഒരു ലോകം…

തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. പ്രകൃതിയുമായി ഒത്തിണങ്ങി പക്ഷികളുടെയും മരങ്ങളുടെയും കാറ്റിന്റെയും മാത്രം ശബ്ദം ആസ്വദിച്ച് നഗരത്തിരക്കിൽ നിന്നും മാറി പരിപൂർണ്ണമായി പ്രകൃതിയെ ആസ്വദിക്കാൻ ഈ സ്ഥലത്തേക്കാൾ മികച്ചതായി മറ്റൊന്ന് തേക്കടിയിൽ ഇല്ല.

പറഞ്ഞു വരുന്നത് തേക്കടിയ്ക്ക് സമീപത്തുള്ള Angel’s Trumpet Plantation Villa യെക്കുറിച്ചാണ്. ഇതിന്റെ വിശേഷങ്ങൾ കഴിഞ്ഞ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയതാണല്ലോ. അത് കാണാത്തവർക്കായി ഇതാ – https://bit.ly/2T7q5h7.

ഈ ഫാമിന്റെ ഉടമയായ സ്റ്റാനി ചേട്ടന്റെ സൗഹാർദ്ദപരമായ പെരുമാറ്റം ഒരിക്കലും മറക്കുവാൻ കഴിയില്ല. അവിടെ താമസിച്ച രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ സ്റ്റാനി ചേട്ടനുമായി നല്ലൊരു സുഹൃത്ത്ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. വെറുമൊരു മുതലാളി മാത്രമല്ല, മികച്ച ഏലം കർഷകനുള്ള അവാർഡ് ലഭിച്ചയാളാണ് നമ്മുടെ സ്റ്റാനി ചേട്ടൻ. ഏലക്കൃഷിയും പച്ചക്കറി കൃഷിയും ഒപ്പം ടൂറിസവും കൂട്ടിച്ചെർത്ത് യുവ കർഷകർക്ക് ഒരുത്തമ ഉദാഹരണം ആണ് സ്റ്റാനി ചേട്ടൻ. കുമളി നെടുംപുറം എസ്റ്റേറ്റിലെ അദ്ദേഹത്തിന്റെ എലത്തോട്ടത്തിലെ കാഴ്ചകൾ നമുക്ക് കാണാം.

250 ഏക്കറോളം വരുന്ന ഏലക്കാടുകളുടെ ഇടയിലാണ് സ്റ്റാനി ചേട്ടന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസ് എന്നത് വെറുമൊരു വിളിപ്പേര് മാത്രമായി ചുരുങ്ങാതെ അക്ഷരാർത്ഥത്തിൽ ആ പരിസരമാകെ ധാരാളം കൃഷികളാണ് ചെയ്യുന്നത്. അതിൽ എടുത്തു പറയേണ്ടത് ഏലം കൃഷി തന്നെയാണ്.

ഫാം ഹൗസിന്റെ ഒപ്പമുള്ള വലിയ തടാകത്തെക്കുറിച്ച് സ്റ്റാനി ചേട്ടനോട് ഞാൻ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം ഞാൻ കൗതുകത്തോടെയാണ് കേട്ടത്. സംഭവം മറ്റൊന്നുമല്ല, മഴക്കാലം തുടങ്ങുന്നതു വരെ ഏലത്തോട്ടത്തിൽ ആഴ്ചയിൽ ശരാശരി ഒരു ചെടിയ്ക്ക് 100 ലിറ്റർ വെള്ളമെങ്കിലും കൊടുക്കേണ്ടി വരും. അതിനുള്ള ഒരു മാർഗ്ഗമാണ് ഈ തടാകം. അതോടൊപ്പം തന്നെ തടാകത്തിൽ മൽസ്യകൃഷിയും സ്റ്റാനി ചേട്ടൻ ചെയ്യുന്നുണ്ട്. ഫാം ഹൗസിൽ വരുന്ന ഗസ്റ്റുകൾക്ക് ഈ തടാകത്തിൽ നിന്നും ഫ്രഷായി പിടിക്കുന്ന മീനുകളാണ് ഭക്ഷണത്തിനായി നൽകുന്നത്.

പച്ചക്കറികളിൽ 70 ശതമാനവും ഇവർ ഇവിടെത്തന്നെയാണ് കൃഷി ചെയ്തെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സവാളയും ഉരുളക്കിഴങ്ങും ഒഴിച്ച് ബാക്കിയെല്ലാം ഇവിടെത്തന്നെ കൃഷി ചെയ്യുകയാണ്. തക്കാളി, കാബേജ്, വെണ്ട, കാരറ്റ്, ബീറ്റ് റൂട്ട്, മല്ലി, ലെറ്റ്യൂസ്,… അങ്ങനെ നീളുന്നു ഇവിടെ കൃഷി ചെയ്യുന്ന പ്രധാന പച്ചക്കറികളുടെ ലിസ്റ്റ്.

ഈ കൃഷികളെല്ലാം നോക്കി നടത്തുന്നതിനായി കണ്ണൂർ സ്വദേശിയായ ജോസ് എന്ന ജോസേട്ടനെ സൂപ്പർ വൈസറായി നിയമിച്ചിട്ടുണ്ട് ഇവിടെ. ഇവിടെ വിളയുന്ന പച്ചക്കറികളിൽ ജോസേട്ടന്റെ പരിശ്രമമാണ് ഉള്ളത്. കൃഷികളുടെ വിശേഷങ്ങൾ ഇവിടെ വരുന്നവരുമായി ജോസേട്ടൻ സന്തോഷത്തോടെ പങ്കുവെക്കാറുണ്ട്. വേണമെങ്കിൽ കൃഷിയ്ക്കായുള്ള ചെറിയ ടിപ്സ് ജോസേട്ടൻ പറഞ്ഞു തരികയും ചെയ്യും.

പച്ചക്കറികളെല്ലാം മരുന്നടിക്കാതെ പൂർണ്ണമായും ഓർഗാനിക് രീതിയിൽ വിളയിച്ചെടുക്കുകയാണ് ഇവിടെ. ഈ ഫാം ഹൗസിൽ വരുന്നവർക്ക് മറ്റൊരു ഭാഗ്യം കൂടിയുണ്ട്. ഭക്ഷണത്തിനു ഇവിടെ നിന്നുള്ള ശുദ്ധമായ പച്ചക്കറികൾ കൂട്ടിയുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം. ഒപ്പം കുക്ക് സിബിച്ചേട്ടന്റെ കൈപ്പുണ്യവും കൂടിയാകുമ്പോൾ പറയുകയേ വേണ്ട.

സഹ്യപർവ്വതത്തിൽ കാണപ്പെടുന്ന എല്ലാത്തരം പക്ഷികളും ഈ പരിസരത്ത് ഉണ്ടെന്നു സ്റ്റാനി ചേട്ടൻ അഭിമാനത്തോടെ പറഞ്ഞപ്പോൾ അതെല്ലാം അത്ഭുതത്തോടെ കേൾക്കുകയായിരുന്നു ഞങ്ങൾ. ഇത് വെറുതെ പറയുന്നതല്ല എന്ന് ഇവിടെ വരുന്നവർക്ക് മനസ്സിലാകും. നമ്മുടെ സ്റ്റാനി ചേട്ടൻ ഒരു പക്ഷി സ്‌നേഹി കൂടിയാണ്. അതുകൊണ്ട് പക്ഷി നിരീക്ഷണം താല്പര്യമുള്ളവർക്ക് ഇവിടെ സ്വർഗ്ഗമായിരിക്കും.

വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞങ്ങളെ ഏലത്തോട്ടം കാണിക്കുവാനായി സ്റ്റാനി ചേട്ടൻ കൊണ്ടു പോകുകയും ചെയ്തു. ഒരു കിടിലൻ കാട് തന്നെയായിരുന്നു അതെന്നു വേണം പറയാൻ. പാമ്പ് ഉണ്ടാകുമോ എന്ന് ചുമ്മാ ചോദിച്ചപ്പോൾ, “ഉണ്ടല്ലോ, അവയെ ഞങ്ങൾ വളർത്തുകയല്ലേ..” എന്ന് കൂളായി സ്റ്റാനി ചേട്ടന്റെ മറുപടി. ഇതുകേട്ട് ഞെട്ടിത്തരിച്ചു നിന്നപ്പോൾ കാരണവും അദ്ദേഹം ഞങ്ങൾക്ക് വ്യക്തമാക്കി തന്നു. കൃഷികളുടെ ശത്രുവായ എലികളെ തുരത്തുവാൻ ഇവരെ സഹായിക്കുന്നത് പാമ്പുകളാണ്. കേരളത്തിൽ കാണപ്പെടുന്ന വിഷമുള്ളതും ഇല്ലാത്തതുമായ എല്ലാത്തരം പാമ്പുകളും അവിടെയുണ്ടത്രേ. പക്ഷേ ഫാം ഹൗസിനടുത്തേക്ക് ഇവയൊന്നും വരാറില്ല. ഇതുവരെ അവയെക്കൊണ്ട് അവിടെയുള്ള ആർക്കും ശല്യമൊന്നും ഉണ്ടായിട്ടുമില്ല.

ലോകത്ത് ഏലം കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ നമ്മുടെ കേരളത്തിൽ ഇടുക്കി ജില്ലയിൽ ആണ്. മറ്റു സ്ഥലങ്ങളിലും ഏലം കൃഷി ചെയ്യാറുണ്ടെങ്കിലും ഇടുക്കിയിലെ ഏലത്തിന്റെ ഗുണമേന്മ അവയ്ക്കൊന്നും ഉണ്ടാകില്ലത്രേ. എന്തായാലും ഇത് ഞങ്ങൾക്ക് ഒരു പുതിയ അറിവ് ആയിരുന്നു. ഏലത്തോട്ടത്തിലൂടെയുള്ള നടത്തത്തിനിടെ മറ്റുള്ള മരങ്ങളെയും ചെടികളെയുമൊക്കെ സ്റ്റാനി ചേട്ടൻ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. ഒപ്പം തന്നെ കുരുമുളക് കൃഷിയെക്കുറിച്ചും അദ്ദേഹം ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു. കൃഷിയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചുമുള്ള ഈ അറിവുകൾ തന്നെയാണ് സ്റ്റാനി ചേട്ടനെ അവാർഡിന് അർഹനാക്കിയതെന്നു ഞങ്ങൾ ഓർത്തു.

ഏലക്കൃഷിയും പച്ചക്കറി കൃഷിയും മൽസ്യകൃഷിയും ഒപ്പം ടൂറിസവും കൂട്ടിച്ചെർത്ത് യുവ കർഷകർക്ക് ഒരുത്തമ ഉദാഹരണം ആണ് സ്റ്റാനി ചേട്ടൻ. ഈ തോട്ടത്തിന്റെ നടുവിലുള്ള ബംഗ്ളാവിൽ നിങ്ങൾക്ക് വേണമെങ്കിൽ താമസിക്കുകയും ചെയ്യാം. ആറു മുതൽ പന്ത്രണ്ട് പേർക്ക് വരെ സുഖമായി ഇവിടെ താമസിക്കാം. Food/Activities/Offroad Transportation/Stay ഉൾപ്പെടെ 2750 രൂപ മുതൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ: 8129380028.