വിവരണം – ജാസ്മിൻ എം. മൂസ.
ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ്പിന് പോവുന്നു. ‘അപ്പൂപ്പൻതാടി’ ഈ പേര് നിങ്ങളിൽ കുറച്ചുപേരെങ്കിലും കേട്ടുകാണും എൻറെ ആദ്യത്തെ യാത്രയായിരുന്നു അപ്പൂപ്പൻതാടി യോടൊപ്പം. പണ്ടുമുതലേ യാത്രകളോട് എനിക്ക് പ്രണയമായിരുന്നു, ഒരു വൺസൈഡ് പ്രണയം എന്ന് വേണമെങ്കിൽ പറയാം.
പെൺകുട്ടികൾക്ക് കുറച്ച് അധികം Restrictions കൊടുക്കുന്ന ഒരു ഫാമിലി background നിന്നും വരുന്ന എന്നെ പോലെ ഉള്ള ഒരു പെൺകുട്ടിക്ക് ഈ പ്രണയം ആരേയും അറിയിക്കാതെ ഉള്ളിൽ കൊണ്ട് നടക്കാനേ അന്ന് കഴിഞ്ഞിരുന്നുള്ളൂ. എന്നിരുന്നിട്ടും ചിലപ്പോ ഒക്കെ ഒള്ളിൽ കൊണ്ട് നടന്ന ആ മൊഹബത്ത് മെല്ലെ പുറത്തേക്ക് തലയിട്ട് നോക്കും, അതോണ്ട് തന്നെ ഉമ്മ എനിക്ക് വേണ്ടീട്ട് മാത്രം ഒരു ഡയലോഗ് ലോഞ്ച് ചെയ്ത്, “ഓൾക്ക് വണ്ടി കൊട്ക്കണ്ടാ മുക്കംന്ന് പറഞ്ഞാ ബയനാട്ടിൽ പോയി വെരും”.
വീടിനേം വീട്ടുകാരേം ഇട്ട് ഇങ്ങ് കൊച്ചിയിൽ വന്നത് എൻറെ സ്വപ്നങ്ങളെ പിന്തുടരാൻ വേണ്ടി തന്നെയായിരുന്നു. ചില സൗഹൃദങ്ങൾ ഉണ്ട് നമ്മൾ പോലുമറിയാതെ അവ നമ്മളെ തേടിവരും അതുപോലെയായിരുന്നു ബോൺസി ആൻറി. ജോലി ചെയ്യുന്ന ജിമ്മിന്റെ ഓണറിന്റ അമ്മ എന്റെ കൂട്ടുകാരിയായി മാറിയതും വലിയ ഒരു സ്വപ്നത്തിലേക്കുള്ള ആദ്യത്തെ പടി ചവിട്ടാൻ സഹായിച്ചതും അവരായിരുന്നു. ഇങ്ങനെ ഒരു യാത്രയെ പറ്റി പറഞ്ഞതും പോവാൻ പ്ലാനിട്ടതും അവരായിരുന്നു, പോവുന്നതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആക്സിടന്റ് പറ്റി കാലിന് വയ്യാതെ ആയിരുന്നിട്ടും കൂടെ വരാൻ അവർ കാണിച്ച ആ ആവേശം കണ്ടപ്പോ യാത്രയോടുള്ള എന്റെ ഭ്രാന്തിന് ആക്കം കുറച്ചൂടെ കൂട്ടി.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്, കൂടെ ഉള്ള ബോൺസി ആൻറി ഒഴിച്ച് ബാക്കി ഉള്ള മുഖങ്ങൾ എല്ലാം തന്നെ അപരിചിതം. ആറു മണിക്ക്തുടങ്ങേണ്ട യാത്ര ആറരയ്ക്ക് തുടങ്ങി, വഴിയിലെ പിക്കപ്പ് പോയിന്റിൽ നിന്നും ഓരോരുത്തരായി കേറി കൊണ്ടേയിരുന്നു, ഒടുവിൽ എല്ലാവരുമായി നേരെ വാഗമൺ വഴി ഉളുപ്പുണ്ണിയിലേക്ക്.
സമയം ഏകദേശം എട്ടര ആയപ്പോൾ കാഞ്ഞാർ എത്തി ഭക്ഷണം കഴിക്കാൻ വേണ്ടി എല്ലാവരും കൂടെ ഇറങ്ങി, ഒരു പുഴയുടെ ഓപ്പോസിറ്റ് ഉണ്ടായിരുന്ന ഒരു ചെറിയ ഹോട്ടൽ Lakewood Restaurant. ഭക്ഷണം കഴിച്ചതിനുശേഷം പുഴയുടെ ഭംഗി അൽപനേരം കണ്ടു ശേഷം യാത്ര തുടർന്നു. 11 മണിയോടെ അടുത്തപ്പോൾ വാഗമൺ എത്തി, പോയ ട്രാവലർ ചെറിയ പണി തന്നപ്പോൾ ഒരു രണ്ട് കിലോമീറ്ററിനടുത്ത് എല്ലാരും കൂടെ ചേർന്ന് നടന്നു ആ നടത്തത്തിനിടയിൽ മിണ്ടീം പറഞ്ഞൂ അപരിചിതരായിരുന്നു ഞങ്ങൾ എല്ലാരും പരിചിതരായി. തുടർന്ന് നല്ല സുഹൃത്തുക്കളും.
ഏകദേശം സമയം പതിനൊന്നരയോടടുത്തപ്പോഴേക്കും ഞങ്ങൾ എല്ലാരും ഉളുപ്പുണ്ണി മലയുടെ അടിയിലെത്തി, 11 : 45 ആയപ്പോഴേക്കും എല്ലാരും മല കയറാൻ തുടങ്ങി, മനസ്സിൽ കണക്കുകൂട്ടിയ കാലാവസ്ഥ ആയിരുന്നില്ല അവിടെ ചെന്നപ്പോൾ, നല്ല അടിപൊളി വെയിലായിരുന്നു, മഴപെയ്താൽ ഇടാനായി കൊണ്ടുവന്ന റെയിൻകോട്ടും തണുപ്പടിക്കാതിരിക്കാൻ കെട്ടി പൊതിഞ്ഞ് കൊണ്ട് വന്ന winter ജാക്കറ്റും നോക്കി അൽപ നേരം വിഭ്രംഞ്ചിച്ച് നിന്ന ശേഷം മല കയറ്റം തുടങ്ങി, പത്തുവയസ്സുകാരി മുതൽ 64 വയസ്സായ രേണുക ആന്റി വരെ ഉള്ള ഞങ്ങളുടെ ടീം . ടീം അപ്പൂപ്പൻതാടി അങ്ങനെ ഉളുപ്പുണ്ണി മലമുകളിലേക്ക് .
സമയം 12: 45 ഓടെ ഞങ്ങൾ ഉളുപ്പുണ്ണിയുടെ മുകളിൽ, എല്ലാവരും ഒരോ അപ്പൂപ്പൻതാടികളെ പോലെ അൽപ നേരം അവിടെ പാറി പറന്ന് നടന്നു, ശേഷം തിരിച്ച് ഇറങ്ങി. ഇനി പോവേണ്ടത് ഇല്ലിക്കൽ കല്ല്. തിരിച്ച് പോകുന്ന വഴിക്ക് ഉച്ച ഭക്ഷണം വാഗമൺ ടൗണിലെ ഒരു ഹോട്ടലിൽ നിന്നും കഴിച്ചു. ഇല്ലിക്കൽ കല്ലിലേക്ക് പോകുന്ന വഴി ഞങ്ങൾ തീക്കോയി ബ്രിഡ്ജിൽ ഒന്ന് നിന്നു ‘ അതിനു താഴെയുള്ള പുഴയിൽനിന്ന് കയ്യും കാലും കഴുകി യാത്ര വീണ്ടും തുടർന്നു. എകദേശം നാലര മണി ആയപ്പോയേക്കും ഞങ്ങൾ ഇല്ലിക്കൽ കല്ലിന്റെ താഴെ എത്തി. അവിടെ ഉള്ള ജീപ്പിൽ കയറി ഏറ്റവും മുകളിലുള്ള സ്റ്റോപ്പിൽ എത്തി ഒരാൾക്ക് മുപ്പത് രൂപയാണ് വാങ്ങിയത്.
ഇല്ലിക്കൽ കല്ല്. മുമ്പ് സഞ്ചാരി ഗ്രൂപ്പിലെ മെമ്പേഴ്സ് ഇവിടെ പോയിട്ട് ഇടുന്ന പോസ്റ്റിൽ കണ്ട അതേ ഇല്ലിക്കൽ കല്ല്, എന്റെ കണ്മുമ്പിൽ… കോട വന്ന് മൂടി ചുറ്റും തണുപ്പ്. അത് ചെറുതായി ശരീരത്തിലേക്ക് അങ്ങനെ കേറി കേറി വന്നു കൊണ്ടിരുന്നു, ജീപ്പ് മുകളിൽ കയറുന്തോറും ഇടതുവശത്തായി കാണുന്ന കോട മൂടിക്കിടക്കുന്ന മലയുടെ കാഴ്ച അതിമനോഹരമാണ്.
സമയം അഞ്ചരയോടെ അടുത്തപ്പോൾ ഞങ്ങൾ ഇല്ലിക്കൽ കല്ലിൻറെ അനുവധിച്ച തന്ന ഹൈറ്റിന്റെ മുകളിലെത്തി. അവിടെനിന്ന് കണ്ണുമടച്ചു ഒരു ദീർഘശ്വാസമെടുത്തു നിൽക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട്… ഒരു ഇല്ലിക്കല്കല്ല് കണ്ടതിന് ഇത്രമാത്രം ബിൽഡപ്പ് ഇടുന്നത് കുറച്ച് ഓവല്ലേ എന്ന് നിങ്ങളിൽ കുറച്ച് പേരെങ്കിലും വിചാരിച്ചേക്കാം. എന്നെ സംബന്ധിച്ച് ഇത് ഒരു തുടക്കമാണ് എന്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യത്തെ ചവിട്ട് പടി.
ആറര മണിയോടുകൂടി എല്ലാവരും താഴത്തേക്ക് എത്തി അവിടെ നിന്ന് തിരിച്ച് കൊച്ചിയിലേക്ക്. ഏകദേശം 9 മണിയോടെ തിരിച്ച് കൊച്ചിയിലെത്തി. അപരിചിതരായി വന്ന ഞങ്ങൾ കുറച്ച് പെണ്ണുങ്ങൾ തിരിച്ച് ഒരു ഫാമിലിയായിട്ട് പോയി. അപ്പൂപ്പൻ താടി എന്ന ഫാമിലിയായിട്ട്.