ചെറുപ്പകാലത്ത് ഒരിക്കലെങ്കിലും അച്ഛനോടൊത്ത് തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും യാത്രകൾ പോകുവാൻ ഇഷ്ടപ്പെട്ടിരുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലൊരു അച്ഛനെ കിട്ടുക എന്നതും ഒരു ഭാഗ്യം തന്നെയാണ്. ഇതെല്ലാം പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിലേക്കാണ്. അച്ഛൻ ഡ്രൈവറായ സൂപ്പർ എക്സ്പ്രസ്സ് ബസ്സിൽ യാത്രക്കാരനായി വന്നത് പത്തു വയസുകാരനായ മകൻ. കേൾക്കുമ്പോൾ തന്നെ ഒരു രസം ഉണ്ടല്ലേ? എങ്കിൽ രസകരമായതും ഹൃദയത്തിൽ തൊടുന്നതുമായ ആ സംഭവം ഒന്നു വിവരിക്കാം.
ചങ്ങനാശ്ശേരി സ്വദേശിയും ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ സന്തോഷ് കുട്ടനും മകൻ അപ്പൂസ് എന്നു വിളിപ്പേരുള്ള കൈലാസനാഥനുമാണ് ഈ കഥയിലെ താരങ്ങൾ. മുൻപ് തിരുവല്ല ഡിപ്പോയിൽ ഡ്രൈവറായിരുന്ന സന്തോഷ് കുട്ടൻ മാസങ്ങൾക്ക് മുൻപാണ് സ്വന്തം സ്ഥലമായ ചങ്ങനാശ്ശേരിയിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയത്. തിരുവല്ലയിൽ ഉണ്ടായിരുന്നപ്പോൾ ബെംഗളൂരു ഡീലക്സ് ബസുകളുടെ സാരഥിയായിരുന്ന സന്തോഷ് പ്രസ്തുത ബസുകളെ യാത്രക്കാർക്ക് പ്രിയങ്കരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ്. ഇക്കാരണത്താൽ ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ചങ്ങനാശ്ശേരിയുടെ അഭിമാന സർവീസുകളിൽ പ്രധാനപ്പെട്ടതായ വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് ഓടിക്കുവാനാണ് ഡിപ്പോ അധികൃതർ സന്തോഷിനെ ചുമതലപ്പെടുത്തിയത്.
പത്തു വയസ്സുകാരനായ മകൻ അപ്പൂസിന് കുറെ നാളുകളായുള്ള മോഹമായിരുന്നു അച്ഛന്റെയൊപ്പം ഒരു യാത്ര പോകണമെന്നത്. പക്ഷെ ഡ്യൂട്ടി തിരക്കുകൾക്കിടയിൽ അതിനു ഇതുവരെ സമയം കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം വേളാങ്കണ്ണി ബസ്സിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ദിവസം രാവിലെ അപ്പൂസിനോട് കൂടെ വരാൻ സന്തോഷ് പറയുന്നത്. തൻ്റെ ഏറെനാളത്തെ ആഗ്രഹം നിറവേറ്റാൻ പോകുന്ന സന്തോഷത്തിൽ ആ മകൻ യാത്രയ്ക്കായി താൻ സ്വയം സ്വരുക്കൂട്ടി വെച്ചിരുന്ന പൈസയും എടുത്ത് സ്കൂളിൽ ബാഗിൽ ഒരു ജോഡി ഡ്രസ്സും, ചെലവ് പരമാവധി കുറയ്ക്കുന്നതിന് സ്നാക്സ്, കുപ്പിവെള്ളം തുടങ്ങിയവയുമായി യാത്രയ്ക്ക് തയ്യാറായി വന്നു.
അങ്ങനെ അച്ഛനും മകനും കൂടി കെഎസ്ആർടിസി ഡിപ്പോയിലേക്ക് യാത്രയായി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചങ്ങനാശ്ശേരിയിൽ നിന്നും ATC 93 എന്ന വേളാങ്കണ്ണി വണ്ടി പുറപ്പെടുന്നത്. തൻ്റെ അച്ഛൻ ഓടിക്കുന്ന ബസ്സാണെങ്കിലും ഒരു യാത്രക്കാരനായിട്ടായിരുന്നു അപ്പൂസ് യാത്ര ചെയ്തിരുന്നത്. കണ്ടക്ടർ ടിക്കറ്റെടുക്കാനായി വന്നപ്പോൾ തൻ്റെ കൈവശമുള്ള പൈസ അദ്ദേഹത്തിന് നൽകിയപ്പോൾ അദ്ദേഹം വാത്സല്യത്തോടെ അത് തിരികെ നൽകുകയായിരുന്നു. “മോന്റെ ഇന്നത്തെ യാത്ര ഈ കണ്ടക്ടർ മാമന്റെ വക” എന്നും പറഞ്ഞുകൊണ്ട് കണ്ടക്ടർ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് അപ്പൂസിന്റെ യാത്രയ്ക്കായുള്ള ടിക്കറ്റ് കീറി നൽകി.
യാത്രയിലുടനീളം അച്ഛനും മോനും ആസ്വദിക്കുകയായിരുന്നു. അച്ഛൻ ഡ്രൈവിംഗും മകൻ പുറത്തെ കാഴ്ചകളുമായിരുന്നു ആസ്വദിച്ചതെന്നു മാത്രം. ബസ് രാത്രി എട്ടരയോടെ പാലക്കാട് എത്തിയപ്പോൾ തൻ്റെ ഡ്യൂട്ടി കഴിഞ്ഞു സന്തോഷും മകനും അവിടെ ഇറങ്ങി. വേളാങ്കണ്ണി എക്സ്പ്രസ്സിൽ പാലക്കാട് വെച്ച് ഡ്രൈവർ മാറ്റം ഉണ്ട്. ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന ഡ്രൈവർ പാലക്കാട് ഇറങ്ങുകയും അവിടെ നിന്നും പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ വേളാങ്കണ്ണിയിലേക്ക് ബസ് ഓടിച്ചുകൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. പാലക്കാട് ഇറങ്ങിയ സന്തോഷും അപ്പൂസും ഒരു ഓട്ടോറിക്ഷ വിളിച്ച് പാലക്കാട് നഗരത്തിൽ ചെറിയ രീതിയിൽ ഒരു കറക്കമൊക്കെ നടത്തി. പുറത്തു നിന്നും ഒന്നിച്ചുള്ള ഭക്ഷണത്തിനു ശേഷം കെഎസ്ആർടിസി ഡിപ്പോയിലെ സുഹൃത്തുക്കളായ ജീവനക്കാരെയൊക്കെ സന്തോഷ് മകനായ അപ്പൂസിനു പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് കെഎസ്ആർടിസി ജീവനക്കാരുടെ വിശ്രമമുറിയിൽ അച്ഛനും മകനും അല്പസമയം വിശ്രമിച്ചു.
വെളുപ്പിന് 1.30 മണിയോടെ വേളാങ്കണ്ണിയിൽ നിന്നും തിരികെ വരുന്ന ATC 95 എന്ന ബസ് (പെയർ ബസ്) ഇനി പാലക്കാട് നിന്നും ചങ്ങനാശ്ശേരിയിലേക്ക് കൊണ്ടുപോകുക എന്നതാണ് സന്തോഷിന്റെ ഡ്യൂട്ടി. അങ്ങനെ വിശ്രമത്തിനു ശേഷം അച്ഛനും മകനും കൂടി മടക്കയാത്രയാരംഭിച്ചു. മടക്കയാത്രയിലും അപ്പൂസിൻ്റെ ടിക്കറ്റ് കണ്ടക്ടറുടെ വക സമ്മാനമായിരുന്നു (ഇത് വേറെ കണ്ടക്ടറാണ് കേട്ടോ). അർധരാത്രി സമയത്ത് യാത്രക്കാരെല്ലാം മയക്കത്തിലാണ്ടപ്പോൾ ഡ്രൈവറായ അച്ഛന് കൂട്ടായി ഇരുന്ന്, രാത്രിക്കാഴ്ചകളൊക്കെ കണ്ടുകൊണ്ട് അപ്പൂസ് ഉറങ്ങാതെ ചങ്ങനാശ്ശേരി വരെ യാത്ര ചെയ്തു. രാവിലെ ചങ്ങനാശ്ശേരി ഡിപ്പോയിൽ യാത്ര അവസാനിക്കുന്ന സമയത്ത് “അച്ഛന്റെയൊപ്പം ഒരു യാത്ര” എന്ന തൻ്റെ സ്വപ്നം സഫലമാക്കിയ സന്തോഷമായിരുന്നു അപ്പൂസിന്റെ മുഖത്ത്. വീട്ടിലെത്തി അമ്മയോടും ചേച്ചിയോടും അച്ഛമ്മയോടുമെല്ലാം യാത്രയുടെ വിശേഷങ്ങൾ പറയുവാനുള്ള ധൃതിയിൽ അച്ഛനോടൊപ്പം തന്നെ ആ മകൻ വീട്ടിലേക്ക് യാത്രയായി.
എല്ലാ അച്ഛന്മാരും തീർച്ചയായും ഈ പോസ്റ്റ് വായിച്ചിരിക്കണം. നിങ്ങൾക്ക് എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും മക്കളുടെ സന്തോഷങ്ങൾക്കായി അൽപ്പ സമയം മാറ്റിവെക്കേണ്ടതാണ്. സന്തോഷിനു അപ്പൂസിനെപ്പോലൊരു മകനെ കിട്ടിയതും അപ്പൂസിനു ഇതുപോലൊരു അച്ഛനെക്കിട്ടിയതും ഇരുവരുടെയും ഭാഗ്യം തന്നെ.