‘മൃതദേഹങ്ങളുടെ കൂട്ടുകാരൻ’ എന്നറിയപ്പെടുന്ന അഷറഫ് താമരശ്ശേരി

എഴുത്ത് – Mansoor Kunchirayil Panampad.

സ്വന്തം ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു കൊണ്ട് മുന്നേറുന്ന ഒരു പ്രവാസി സഹോദരൻറെ യഥാർത്ഥമായ ജീവിത കഥയാണ് ഇവിടെ പറയാൻ പോകുന്നത്…

ചെറിയ ജീവിതങ്ങള്‍ പണത്തിന്‍െറയും പ്രശസ്തിയുടെയും ബലത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അഷ്റഫിനെ പ്പോലുള്ളവരുടെ വലിയ ജീവിതങ്ങള്‍ ആരുമറിയാതെ പോകുന്നുവെന്നതാണ്. ജീവിത്തിലുണ്ടാകുന്ന സന്തോഷത്തിലും ആഹ്ളാദത്തിലും പാലോറക്കുന്നുമ്മല്‍ അഷ്റഫിന്‍െറ മനസ്സ് പിടച്ചത് മോര്‍ച്ചറിയില്‍ തണുത്തുവിറച്ച് കിടക്കുന്ന, തനിക്ക് ഒരു മുന്‍ പരിചയവുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പ്രവാസ ലോകത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനും സംസ്കരിക്കാനും 19 വര്‍ഷത്തിലേറെയായി ഓടി നടക്കുകയാണ് ഈ 44 കാരന്‍. അക്ഷരാര്‍ഥത്തില്‍ മരിച്ചവര്‍ക്കു വേണ്ടി ജീവിക്കുന്നവന്‍. ഇത്രയും കാലത്തിനിടയില്‍ 40 വിവിധ രാജ്യക്കാരുടെ 4,886 ഓളം മൃതദേഹങ്ങളാണ് സാധാരണക്കാരനായ ഈ മനുഷ്യന്‍ അവരവരുടെ നാടുകളില്‍ കണ്ണീരോടെ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലത്തെിച്ചത്.

മൃതദേഹങ്ങളുടെ കൂട്ടുകാരനും കാവല്‍ക്കാരനുമെല്ലാമാണ് അഷ്റഫ്. മരണത്തിന് മുന്നില്‍ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ അഷ്റഫ് മാലാഖയെപ്പോലെ ഓടിയത്തെും. പിന്നെ ജീവന്‍ വിട്ട ദേഹത്തെ നാട്ടില്‍ ബന്ധുക്കളുടെ കൈയിലേല്‍പ്പിച്ചേ അഷ്റഫിന് ഉറക്കമുള്ളൂ. മരണത്തിന്‍െറ ഞെട്ടലിലും വേദനയിലും ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ അഷ്റഫ് ഒറ്റക്ക് ആശുപത്രിയും ഓഫീസുകളും പൊലീസ് സ്റ്റേഷനും മോര്‍ച്ചറിയും എംബാമിങ് കേന്ദ്രവും താണ്ടി മൃതദേഹം വിമാനത്തില്‍ കയറ്റുന്നതുവരെ കൂടെയുണ്ടാകും.

മൃതദേഹം നാട്ടിലത്തെിക്കാനാവശ്യമായ പൊലീസ് ക്ളിയറന്‍സ്, മരണ സര്‍ട്ടിഫിക്കറ്റ്, സി.ഐ.ഡി ഓഫീസില്‍ നിന്നുള്ള എഴുത്തുകള്‍ തുടങ്ങി വിമാന ടിക്കറ്റടെുക്കുന്നത് വരെയുള്ള നാനാതരം രേഖകള്‍ ഇദ്ദേഹം തന്നെ ശരിയാക്കി നല്‍കും. നിയമവും നടപടിക്രമങ്ങളുമെല്ലാം ഈ പച്ച മനുഷ്യന് മുന്നില്‍ വാതില്‍ മലക്കെതുറക്കും. അജ്ഞാത ജഡങ്ങളെ ശ്മശാനങ്ങളിലെ ഏകാന്തതയിലേക്ക് അഷ്റഫ് തനിച്ച് നയിക്കും. ഒരു മുഷിപ്പുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ അഷ്റഫ് നടപടിക്രമങ്ങളെല്ലാം ചെയ്തു കൊണ്ടിരിക്കും.

പ്രത്യുപകാരമായി ഒരു ചായ പോലും അഷ്റഫ് സ്വീകരിക്കില്ല. പതിനായിരങ്ങള്‍ നീട്ടിയവരോട് താന്‍ ചെയ്യുന്നത് ദൈവത്തിനു വേണ്ടിയുള്ള കര്‍മമാണെന്നും പ്രതിഫലം വാങ്ങിയാല്‍ അത് തൊഴിലാകുമെന്നും അഷ്റഫ് വിശദീകരിക്കും. സ്വന്തം കൈയില്‍ നിന്ന് ചെലവായ തുകപോലും അദ്ദേഹം വാങ്ങില്ല.

യു.എ.ഇയിലെ ഏത് എമിറേറ്റില്‍ പ്രവാസികള്‍ മരിച്ചാലും ആദ്യം വിളിയത്തെുക ഇദ്ദേഹത്തിന്‍െറ ഫോണിലായിരിക്കും. ഇത്തരം വിളി വരാത്ത ദിവസങ്ങള്‍ കുറവാണ്. വിവരമറിഞ്ഞാല്‍ പിന്നെ പെരുന്നാളെന്നോ ആഘോഷമെന്നോ നോട്ടമില്ല. ഊണു കഴിക്കുന്നതിനിടയിലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റോടും. മതവും രാഷ്ട്രീയവും നാടും വര്‍ണവുമൊന്നും നോക്കാതെയുള്ള നിസ്വാര്‍ഥ സേവനം. 40 രാജ്യങ്ങളിലേക്ക് ഇങ്ങിനെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ നാട്ടിന്‍ പുറത്തുകാരന്‍.

എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തെുന്നത് പലപ്പോഴും അര്‍ധരാത്രി കഴിഞ്ഞ്. ഏഴു മൃതദേഹങ്ങള്‍ വരെ ഒരുദിവസം ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ വിധ പിന്തുണയും നല്‍കുന്ന ഭാര്യയാണ് തന്‍െറ ബലമെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്‍െറ അഭാവത്തില്‍ ഒരു പരാതിയുമില്ലാതെ മൂന്നു മക്കളടങ്ങുന്ന കുടുംബത്തിന്‍െറ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നു ഭാര്യ ( Suhara Kdy ) ഫാത്തിമത്ത് സുഹ്റ. പ്രായമായ ഉമ്മയും മകന്‍െറ പുണ്യ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കുന്നു. പിതാവ് 10 വര്‍ഷം മുമ്പ് മരണപ്പെട്ടു.

നാലര വര്‍ഷത്തെ സൗദി വാസം ക്ളച്ച് പിടിക്കാത്തതിനെ തുടര്‍ന്നാണ് 19 വര്‍ഷം മുമ്പ് അഷ്റഫ് അജ്മാനിലെ അളിയന്‍െറ അടുത്തത്തെിയത്. അവിടെ ചെറിയൊരു വര്‍ക്ക്ഷോപ്പ് തുടങ്ങി. ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ രോഗിയായ സുഹൃത്തിനെ കാണാന്‍ പോയതാണ് അഷ്റഫിന്‍െറ ജീവിതം മാറ്റിമറിച്ചത്. തിരിച്ചുവരുമ്പോള്‍ ആശുപത്രി വരാന്തയില്‍ രണ്ടു മലയാളികള്‍ പൊട്ടിക്കരയുന്നു. പിതാവ് മരിച്ച സഹോദരങ്ങളായിരുന്നു അത്. പുനലൂര്‍ സ്വദേശികള്‍. മൃതദേഹം എന്തു ചെയ്യണമെന്നും എന്തെല്ലാമാണ് നടപടിക്രമങ്ങളെന്നും അറിയാതെ വിലപിച്ച അവരെ സഹായിക്കാന്‍ അഷ്റഫും കൂടി. പിന്നെ വിശ്രമമറിഞ്ഞിട്ടില്ല.

താമരശ്ശേരി ചുങ്കം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ വീട്ടില്‍ ഉമ്മയേയും ബന്ധുക്കളെയും കാണാന്‍ പോലും പോകാനാവില്ല. നാലോ അഞ്ചോ ദിവസം നിന്ന് തിരിച്ചുപോരും. 10 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ തവണ 20 ദിവസം നാട്ടില്‍ നിന്നതാണ് ഏറ്റവും നീണ്ട അവധിക്കാലം. പക്ഷെ അവിടെയും ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ആ 20 ദിവസം താന്‍ 13,000 രൂപക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തതായി അഷ്റഫ് ഓര്‍ക്കുന്നു. എല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന്.

അഷ്റഫിന്‍െറ നിസ്വാര്‍ഥ പ്രവര്‍ത്തനം കണ്ട് അറബികളും മലയാളികളുമെല്ലാം സഹായിക്കാന്‍ മുന്നോട്ടു വന്നെങ്കിലും ഒരു രൂപ പോലും ഇതുവരെ വാങ്ങിയിട്ടില്ല. ചോദിച്ചാല്‍ അഷ്റഫ് പറയും: “എല്ലാവരുടെയും മനം നിറഞ്ഞ പ്രാര്‍ഥനയാണ് ഏറ്റവും വിലപിടിച്ചത്. എനിക്ക് അതുമതി’.” അത് അളവില്ലാതെ ലഭിച്ചുകൊണ്ടിരിക്കുന്നു ഈ സന്മനസ്സിന്.