നമ്മൾ ബസുകളിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ എത്രയാളുകൾ ഡ്രൈവർമാരെ ശ്രദ്ധിക്കാറുണ്ട്? അവരുടെ ബുദ്ധിമുട്ടുകൾ ഓർക്കാറുണ്ട്? ഇത്രയധികം സമയം ഒരാൾ ഇരുന്നു വണ്ടിയോടിക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാറുണ്ടോ? അത്തരത്തിൽ കെഎസ്ആർടിസി ബസ്സിലെ ഒരു സ്ഥിര യാത്രക്കാരിയായ അശ്വതി റെനീഷ് ഒരു കുറിപ്പ് ഫേസ്ബുക്കിൽ ഇടുകയുണ്ടായി. അശ്വതിയുടെ ആ കുറിപ്പ് ഒന്നു വായിക്കാം.
“കുറച്ചു മാസങ്ങളായി ഞാൻ എല്ലാ ദിവസവും കായംകുളത്തു നിന്നും തിരുവനന്തപുരം വരെ KSRTC ബസിൽ പോയി വരുകയാണ് . വേഗത്തിൽ എത്താൻ ദീർഘ ദൂര സർവീസ്കളെയാണ് ആശ്രയിക്കാറുള്ളത്. അതിലൊക്കെയും രണ്ടു ഡ്രൈവർമാർ ആണു ഉണ്ടായിരുന്നത്. DC system. Driver cum conductor. അതുകൊണ്ടുതന്നെ ഇടയ്ക് ഇടയ്ക് റെസ്റ്റ് എടുത്തു ഡ്രൈവ് ചെയ്യുന്നത് കാണാം. ഒരാൾ ഡ്രൈവ് ചെയ്യുമ്പോൾ മറ്റേ ഡ്രൈവർ കണ്ടക്ടറുടെ ഡ്യൂട്ടി ചെയ്യും. അതിനിടയിൽ രണ്ടുപേർക്കും വിശ്രമവും ലഭിക്കും. നമ്മൾ യാത്രക്കാർ സുരക്ഷിതരാണ് എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ advantage.
എന്നാൽ കഴിഞ്ഞ 2-3 ദിവസങ്ങളായി കാണുന്നത്, ഉറക്കം മാറാത്ത കണ്ണുകളും ക്ഷീണിച്ച മുഖവുമായി drive ചെയ്യുന്ന ഡ്രൈവർമാരെ ആണ്. അപ്പോഴാണ് ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പോകുന്ന ദീർഘദൂര സർവീസുകളിൽ ചിലതിൽ ഡിസി (ഡ്രൈവർ കം കണ്ടക്ടർ) സിസ്റ്റം മാറ്റിയെന്നും സിംഗിൾ ഡ്രൈവർ ആണെന്നും അറിയാൻ കഴിഞ്ഞു. ശെരിക്കും ഇത്തരത്തിലുള്ള ഡ്യൂട്ടി ക്രമീകരണം യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയൊരു ഭീഷണി തന്നെയാണ്. അടുത്തിടെ നടന്ന അപകടങ്ങളിൽ പോലും ഡ്രൈവറുടെ വിശ്രമം ഇല്ലാത്ത ഡ്രൈവിംഗ് ആയിരുന്നു അപകടകാരണം.
ഇവിടെ ഡ്രൈവർമാരെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇത്തരത്തിലുള്ള ഡ്യൂട്ടി സമ്പ്രദായം അടിച്ചേൽപ്പിക്കുന്ന അധികാരികൾ അല്ലേ കുറ്റക്കാർ? സ്കാനിയ, വോൾവോ പോലുള്ള AC ബസുകളിൽ ഉറക്കം എപ്പോഴാണ് കണ്ണുകളിൽ എത്തുന്നേ എന്നു പറയാൻ പറ്റില്ല. 16 – 18 മണിക്കൂർ ഒക്കെ ഒരാൾ തുടർച്ചയായി drive ചെയ്യുക എന്നത് അതിലെ യാത്രകാരുടെ ജീവന് ഭീഷണി ആണെന്ന് മാത്രമല്ല drive ചെയ്യുന്നവരോട് കാണിക്കുന്ന മനുഷ്യത്വം ഇല്ലായ്മ കൂടിയല്ലേ?
പ്രൈവറ്റ് ബസുകളിലെ പ്രശ്നങ്ങൾ കൊണ്ട്, KSRTC ദീർഘദൂര സർവീസുകളെ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ അവസരത്തിൽ ഇങ്ങനൊരു നിലപാട് വിമര്ശിക്കപ്പെടേണ്ടത് തന്നെയാണു. ഡ്രൈവർമാർക്കു മാനുഷിക പരിഗണന നൽകുക. നല്ല പെരുമാറ്റവും സേവനവും കൊണ്ട് നല്ല രീതിയിൽ run ചെയ്യുന്ന ഇത്തരം സർവീസുകളിൽ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയായിട്ടാണു എനിക്ക് ഫീൽ ചെയ്തത്. എന്റെ ഒരാളുടെ ഈ പോസ്റ്റ് കൊണ്ട് ഒന്നും മാറാൻ പോകില്ല എന്നറിയാം. എന്നാലും പറയണം എന്നു തോന്നി.”