ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണെന്ന് എത്രയാളുകൾക്കറിയാം? അതെ, ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അടൽ തുരങ്കമാണ് ഈ കാര്യത്തിൽ റെക്കോർഡിട്ടത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കം. 3,000 മീറ്റർ ഉയരത്തിലാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമാണ് ഈ ടണലിനു അടൽ ടണൽ എന്ന പേര് നൽകിയത്. ഏകദേശം 3,200 കോടി രൂപ മുടക്കി, 10 വര്‍ഷമെടുത്താണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.
ഈ ടണലിനുള്ളിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ഓട്ടോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സംവിധാനം, ഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധന, ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ്, കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കുന്നതിനുള്ള യുടേൺ സംവിധാനവും നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഉച്ചഭാഷിണികൾ വഴി പ്രഖ്യാപനം നടത്തുന്നതിന് തുരങ്കത്തിന് ഒരു പൊതു അറിയിപ്പ് സംവിധാനമുണ്ട്.
ഓരോ കിലോമീറ്ററിലും മലിനീകരണ സെൻസറുകൾ തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നു. തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം ആവശ്യമുള്ള നിലയേക്കാൾ താഴെയാണെങ്കിൽ, തുരങ്കത്തിന്റെ ഇരുവശത്തും രണ്ട് ഹെവി ഡ്യൂട്ടി ഫാനുകൾ ഉപയോഗിത്ത് തുരങ്കത്തിലേക്ക് ശുദ്ധവായു കടത്തിവിടുന്നതിന് സംവിധാനമുണ്ട്. തുരങ്കത്തിലൂടെയുള്ള വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. 10.5 മീറ്റര്‍ വീതിയാണ് തുരങ്കത്തിനുള്ളത്.
ഈ തുരങ്കപ്പാത തുറന്നതോടെ മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ കുറയും. ഇതുമൂലം യാത്രാസമയത്തില്‍ അഞ്ചുമണിക്കൂറോളം ലഭിക്കുകയും ചെയ്യാം. പൊതുവെ മഞ്ഞുവീഴുന്ന ശൈത്യകാലത്ത് റോത്താങ് പാസ്സിലൂടെയുള്ള യാത്ര സാധ്യമാകാറില്ലായിരുന്നു. എന്നാൽ തുരങ്കം വന്നതോടെ ഏതുസമയത്തും സുരക്ഷിതമായി റോത്താങ് പാസ് കവർ ചെയ്യാം.
സാധാരണ യാത്രക്കാരെ കൂടാതെ ഇന്ത്യൻ സൈന്യത്തിനും അടൽ ടണൽ ഒരനുഗ്രഹമായി മാറിയിരിക്കുകയാണ്. അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ തുരങ്കം സഹായകമാകും. ചൈനയുമായുള്ള അതിർത്തിപ്രശ്നം പുകയുന്ന ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിനും മറ്റും പ്രധാനമാണ് ഈ തുരങ്കം.
ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലേക്കും വിദൂര ലാഹോൾ-സ്പിതി താഴ്‌വരയിലേക്കും എല്ലാ സീസണുകളിലും എല്ലാ കാലാവസ്ഥയിലും ഉള്ള റോഡ് റൂട്ട് ഉറപ്പാക്കാൻ റോഹ്താങ് ടണൽ പദ്ധതിയിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഹിമാചൽ പ്രദേശിലെ ലാഹോൾ മേഖലയിലെ കീലോങ്ങിന് വടക്ക് ഡാർച്ച വരെ മാത്രമേ തുരങ്കം ഈ കണക്റ്റിവിറ്റി നൽകൂ. ലഡാക്കിലേക്കുള്ള കണക്റ്റിവിറ്റിക്ക് കൂടുതൽ തുരങ്കങ്ങൾ ആവശ്യമാണ്.
എന്തായാലും നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനമായ, എഞ്ചിനീയറിങ്ങ് വിസ്മയങ്ങളില്‍ ഒന്നാണ് ഈ അടല്‍ തുരങ്കം എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.