മാസങ്ങൾ നീണ്ട ലോക്ക്ഡൗണിനു ശേഷം കേരളത്തിലെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തുറന്നിരിക്കുകയാണ്. അവയിൽ കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ അതിരപ്പിള്ളിയും വാഴച്ചാലും ഒക്ടോബർ 15 മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ മേഖലയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ ഇവ തുറക്കുന്നത് നീട്ടിയിരിക്കുകയാണ്. തുറക്കുന്ന തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തുറക്കുമ്പോൾ പഴയതുപോലെ അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് ഇഷ്ടംപോലെ ചെലവഴിച്ചു കറങ്ങിയടിച്ചു നടക്കുവാൻ സാധ്യമല്ല. ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തി ചില മാനദണ്ഡങ്ങൾ പാലിച്ചു വേണം ഇവിടേക്ക് സഞ്ചാരികൾ വരുവാൻ. അവ താഴെ വിവരിക്കുന്നു. എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുക.
10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ല. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയായിരിക്കും പ്രവേശന സമയം. അതുപോലെത്തന്നെ ഒരു സമയം 100 പേരെ മാത്രമേ അതിരപ്പിള്ളിയിൽ പ്രവേശിപ്പിക്കൂ.
സാധാരണയുള്ള ടിക്കറ്റ് കൗണ്ടറിൽ സാനിറ്റേഷൻ സംവിധാനം ഒരുക്കുന്നതിനോടൊപ്പം അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ടിക്കറ്റിനോടൊപ്പം അവിടെ തങ്ങാവുന്ന സമയം കാണിക്കുന്ന ഓൺലൈൻ ടോക്കൺ സംവിധാനവും ഉടൻ പ്രവർത്തനം ആരംഭിക്കും. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രമായിരിക്കും പ്രവേശനാനുമതി. പ്രവേശന സമയം മുതൽ പരമാവധി 1 മണിക്കൂറിനുള്ളിൽ സന്ദർശനം പൂർത്തിയാക്കിയിരിക്കണം.
വനംവകുപ്പ് ജീവനക്കാർക്കും വിഎസ്എസ് ഗൈഡുകൾക്കും മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ്, സാംപിൾ സാനിറ്റൈസർ, മറ്റു സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കും. ഇവിടങ്ങളിലെ സന്ദർശകരുടെ സാന്നിധ്യമുള്ള ഏരിയകളിൽ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തും. ശരീരത്തിലെ ടെമ്പറേച്ചർ പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും സന്ദർശകരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ടെമ്പറേച്ചർ അളവിലും കൂടുതലാണെങ്കിൽ പ്രവേശിപ്പിക്കില്ലെന്നു മാത്രമല്ല, മെഡിക്കൽ ചെക്കപ്പിന് വിധേയരാകേണ്ടിയും വന്നേക്കാം.
ഇവിടങ്ങളിൽ പ്രവേശിക്കുന്ന സന്ദർശകർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും, ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്. ഭക്ഷണ പദാർഥങ്ങൾ, ബോട്ടിലുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ലാത്തതാണ്. ഒപ്പംതന്നെ അവരവർ തന്നെ അവയെല്ലാം തിരികെ കൊണ്ടു പോകുകയും വേണം. അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിവക്കിൽ വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്യരുത്.
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ കഴിഞ്ഞ തിങ്കളാഴ്ച തീരുമാനമെടുത്തിരുന്നു. ഇതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങളിൽ തിടുക്കപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെ വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്ന വിവരം അറിഞ്ഞ് ചിലരൊക്കെ ഈ മേഖലയിൽ വന്നെത്താനും തുടങ്ങി. എന്നാൽ തൃശ്ശൂർ ജില്ലയിലും, അതിരപ്പിള്ളിക്ക് സമീപത്തുള്ള ചില സ്ഥലങ്ങളിലുമൊക്കെ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, ഇവിടേക്ക് ഉണ്ടായേക്കാവുന്ന ജനത്തിരക്കും അതുമൂലമുണ്ടാകുന്ന വ്യാപനവും ഒഴിവാക്കാൻ വേണ്ടിയാണ്, ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം ഇപ്പോൾ തുറക്കേണ്ടതില്ല എന്നുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്.
ചിത്രം – ഷെറിൻ ടി.പി.