വിവരണം – ദീപ ഗംഗേഷ്.
ചാലക്കുടിപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ തൃശൂർക്കാർക്ക് ഒരു സംഭവം ഒന്നുമല്ല. എന്നാൽ മണിരത്നത്തിൻ്റെ രാവണൻ്റെ വരെ ഷൂട്ടിംഗ് നടന്നത് ഇവിടെയാണ് എന്ന ചെറിയ അഹങ്കാരമൊക്കെ ഉള്ളിലുണ്ടെങ്കിലും ഞങ്ങളത് അങ്ങനെ പുറത്ത് കാണിക്കാറില്ല താനും. പോസറ്റീവ് ആയിരിക്കുക എന്നത് മനുഷ്യന് വേണ്ട അവശ്യ ഗുണങ്ങളിൽ ഒന്നാണ്.
നല്ല സുഹൃത്തുക്കൾ നല്ല പുസ്തകങ്ങൾ നല്ല യാത്രകൾ ഇതെല്ലാം പോസറ്റീവ് എനർജി തരുന്ന കാര്യങ്ങളാണ്. ദൈനംദിന ദിനചര്യങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി സുഹൃത്തുക്കളും ഫാമലിയുമായി നടത്തിയ ഒരു കൊച്ചു യാത്രയുടെ ഓർമ്മകളാണ് ഇന്നിവിടെ കുറിക്കുന്നത്. ഒരേ മനസ്സുള്ള കുറച്ച് കൂട്ടുകാർ അവർക്ക് ഒരു ദിവസം ഒന്നിച്ച് താമസിച്ച് സൗഹൃദം പങ്കുവയ്ക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തതും സുന്ദരമായ ഇവിടം തന്നെ.
അതിരപ്പിള്ളി പുഴയോരത്തുള്ള പ്ലാൻ്റേഷൻവാലി ഫാം റിസോർട്ടിലാണ് ഒത്തുകൂടൽ. തിരുവനന്തപുരത്ത് നിന്ന് അപർണ്ണയും മോനും, ആലപ്പുഴയിൽ നിന്ന് ബിനു സാലി, കോഴിക്കോട് നിന്ന് പ്രജീഷ് മാഷ്, മലപ്പുറത്ത് നിന്ന് സജ്ന, പിന്നെ ഞങ്ങൾ തൃശൂർ ഗഡികൾ, അതായത് സുനിൽ, സുചിത്ര, മൃദുൽ, അനീഷ്, ബാബുവേട്ടൻ, നദിയ, ഞാൻ, ഗംഗേട്ടൻ. മൃദുലും ഞാനും കുടുംബസമേതം ആയിരുന്നു. കാലത്ത് ചാലക്കുടിയിൽ ഒരു കല്യാണം കൂടൽ. അത് കഴിഞ്ഞ് തുമ്പോർമൊഴി. രാത്രി അതിരപ്പിള്ളി താമസം. ഇതായിരുന്നു പ്രോഗ്രാം.
കല്യാണം കഴിഞ്ഞ് നേരേ തുമ്പോർമൊഴിയിലേക്ക്. 2018 മഹാപ്രളയം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു ഈ ഒത്തുകൂടൽ.. താരതമ്യേനെ തിരക്ക് കുറവായിരുന്നു. പ്രളയത്തിൽ പൂച്ചെടികൾ മുഴുവൻ നശിച്ചിരിക്കുന്നു. ആദ്യം കണ്ടപ്പോൾ അതിസുന്ദരിയായിരുന്ന അവൾ ഇപ്പോൾ ആകെ നരച്ച പോലെ. വെള്ളം അവിടുത്തെ താഴത്തെ നിലയിലുള്ള ബിൽഡിംഗിൻ്റെ മുകളിൽ വരെ എത്തിയിരുന്നെത്രെ. അതിൻ്റെ അടയാളങ്ങൾ അപ്പോഴും കാണാമായിരുന്നു.
പുഴ അധികം വെള്ളമൊന്നും ഇല്ലാതെ അവിടെ ഇവിടെയായി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്നുണ്ട്. തൂക്കുപാലത്തിനു മാത്രം പ്രളയം ബാധിച്ചതായി തോന്നിയില്ല. ഒന്നിച്ചിരുന്ന് കുറച്ചു നേരം സൗഹൃദം പങ്കുവച്ചതിനു ശേഷം നേരേ അതിരപ്പിള്ളിയിലേക്ക്. സുചിത്രയും, സജ്നയും ബാബുവേട്ടനും തിരികെ വീട്ടിലേക്ക് പോയി.
എക്സൈസിൽ ജോലിയുള്ള അനീഷിന് ആവശത്തൊക്കെ അത്യാവശ്യം പിടിപാടുണ്ടായിരുന്നു. വഴിയിലെ ഒരു കള്ള് ഷാപ്പിൽ അത്യാവശ്യം ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണമൊക്കെ ആൾ ഓർഡർ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അതെല്ലാം പാഴ്സലായി വാങ്ങി ഒരു മൂന്നു മണിയോടെ ഞങ്ങൾ പ്ലാൻ്റേഷൻ വാലിയിൽ എത്തിച്ചേർന്നു.
പുഴയ്ക്ക് അഭിമുഖമായിരുന്നു റിസോർട്ട്. മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നത് പ്രളയത്തിൽ നാശമായിട്ടുണ്ട്. പ്രളയത്തിൽ മുക്കാൽ ഭാഗത്തോളം മുങ്ങിയ റിസോർട്ട് മെയിൻ്റനൻസ് വർക്ക് കഴിഞ്ഞ് വീണ്ടും ടൂറിസ്റ്റുകൾക്ക് അനുവദിച്ച് തുടങ്ങിയിട്ടേയുള്ളൂ. മുന്നിൽ മനോഹരിയായി കളകളാരവത്തോടെ പാറകൾക്കിടയിലൂടെ പുഴ ഒഴുകുന്നു. തുമ്പോർ മൊഴിയുടെതിനെക്കാൾ കൂടുതൽ വെള്ളമുണ്ട് ഈ ഭാഗത്ത്. എന്നാൽ ആഴവും ഇല്ല. അപകടം തീരെ ഈ വശത്ത് ഉണ്ടായിട്ടില്ല.മതിയാവോളം ആ പുഴയിൽ കുളിക്കാം. അതായിരുന്നു ആ താമസത്തിൻ്റെ ഹൈലൈറ്റ്സ്.
നല്ല വിശപ്പുണ്ടായിരുന്നതിനാൽ വന്നപാടെ പാഴ്സൽ അകത്താക്കി ഷാപ്പുകറികളുടെ രുചി ഒന്ന് വേറേ തന്നെ എരിവ് അല്പം കൂടുതലാണെന്നു മാത്രം. ഭക്ഷണമൊക്കെ കഴിഞ്ഞ് അല്പം റസ്റ്റ് എടുത്ത ശേഷം നേരേ പുഴയിലേക്ക്.. കുളിക്കാൻ ഏറ്റവും കംഫർട്ടബിൾ ആയ സ്ഥലം റിസോർട്ട് ജീവനക്കാരൻ കാണിച്ചു തന്നു.. ബാത്ത് റൂമിൽ മാത്രം കുളിച്ച് ശീലമുള്ള എല്ലാവരും കുഞ്ഞുകുട്ടികൾ വരെ ആക്രാന്തത്തോടെ പുഴയിലിറങ്ങി.
കുട്ടികൾക്ക് പറ്റിയ ഇരിപ്പിടങ്ങൾ കണ്ടു പിടിക്കലായിരുന്നു ആദ്യ ടാർഗറ്റ്… കൊച്ചു കൊച്ചു പാറകൾ ഉള്ളതിനാൽ ടാസ്ക് എളുപ്പമായിരുന്നു. അരയൊപ്പം വെള്ളം നിൽക്കുന്ന സ്ഥലത്ത് പാറയിൽ ചാടരുത് എന്ന നിർദ്ദേശത്തോടെ ഇരുത്തിയപ്പോൾ കുട്ടികളും ഹാപ്പി. കൈയ്യിട്ടടിച്ചും വെള്ളത്തിൽ കിടന്നു അവർ ആഘോഷമാക്കി.ഞങ്ങൾ വലിയ കുട്ടികൾ കുറച്ചു കൂടി ആഴത്തിലേക്ക് നീങ്ങി… തപ്പി പിടിച്ച് ഓരോ പാറയിൽ ഇരിപ്പായി … വെള്ളച്ചാട്ടം പോലെ ശരീരത്തിലേക്ക് വീഴുന്ന തണുത്ത വെള്ളം … അതിനു താഴെ പാറയിടുക്കിൽ ഇരിക്കുന്ന നമ്മൾ..എന്താ അനുഭൂതിയെന്ന് പറയാൻ കഴിയില്ല. ഞാനടക്കം പകുതിയിൽ കൂടുതൽ പേർക്ക് നീന്തലറിയില്ല എന്നതാണ് ഏറ്റവും രസം.. അപകടത്തിനുള്ള ഒരു സാദ്ധ്യതയും തോന്നിയില്ല ..
നീന്തലറിയാവുന്നവർക്ക് ആവേശം കൂടുമല്ലോ.. പ്രത്യേകിച്ച് അറിയാത്തവർ പാറയിൽ ഇരുന്ന് കുളിക്കുമ്പോൾ. അവരുടെ സഹായത്തിൽ വെള്ളത്തിലൂടെ നടന്നു മധ്യത്തിലുള്ള വലിയ പാറ ആയിരുന്നു അടുത്ത ലക്ഷ്യം. വെള്ളത്തിന് സാമാന്യം ശക്തമായ ഒഴുക്കുണ്ടായിരുന്നു. നടക്കുമ്പോൾ തോളിനടുത്തു വരെ ആഴം ഉണ്ടായിരുന്നുവെങ്കിലും ഭയം ഒന്നും തോന്നിയില്ല എന്നതാണ് സത്യം. അവസാനം നടുവിലെ പാറയിലെ വെള്ളച്ചാട്ടത്തിന് കീഴിൽ ഇരുപ്പുറപ്പിച്ചു.
ഞാനടക്കം എല്ലാവരും ശരിക്കും അത് ആസ്വദിക്കുകയാണ്. പെട്ടന്ന് ഞാൻ നോക്കുമ്പോൾ ബിനു പാറയിൽ നിന്ന് തെന്നി വെള്ളത്തിലേക്ക് വീഴുകയാണ്. സ്ലോമോഷനിൽ. നമ്മുടെ ടൈറ്റാനിക് സിനിമയിൽ അവസാനം ജാക്ക് മുങ്ങുന്ന പോലെ. ആലപ്പുഴക്കാരനായിട്ടും ബിനുവിന് നീന്തൽ അറിയില്ല എന്ന് അപ്പോഴാണ് മനസ്സിലായത്. എനിക്ക് നീന്തലറിയാത്ത കാര്യം ഞാൻ മറന്നു. ഞാൻ മാത്രമേ അത് കണ്ടിട്ടുള്ളൂ.
ചാടി ഇറങ്ങിയപ്പോൾ ബാഹുബലിയിലെ സീൻപോലെ വെള്ളത്തിന് മുകളിൽ ഒരു കൈ മാത്രം. ഞാനതിൽ പിടിച്ചങ്ങ് പൊന്തിച്ചു. ദാ.. വരുന്നു ബിനു മുകളിലേക്ക്. വെള്ളം കുടിക്കാനുള്ള സമയം ഒന്നും കിട്ടിയിട്ടില്ല. പേടിച്ച മുഖം കണ്ടപ്പോൾ ചിരിയാണ് വന്നത്. അല്ലേലും മുങ്ങി ചാവാനുള്ള വെള്ളമൊന്നും അവിടെയില്ല. എല്ലാരും കൂടി ചിരിച്ചപ്പോൾ ബിനുവിനും ചിരിക്കാതെ തരമില്ലെന്നായി. പാവം പക്ഷെ മരിച്ചു പോവുംന്ന് വരെ വിചാരിച്ചത്രെ. ദീപ കൈ പിടിച്ചുയർത്തി കിട്ടിയ പുനർജന്മമാണെന്ന് വരെ പലരോടും പറഞ്ഞു.
ഇരുട്ട് വീണ് പരസ്പരം കാണാതായിട്ടേ പുഴയിൽ നിന്ന് കയറാൻ തോന്നിയുള്ളൂ. റൂമിൽ ചെന്ന് ഫ്രഷ് ആയപ്പോഴേക്കും ചപ്പാത്തിയും ചിക്കനും റെഡി ആയിരുന്നു. പാതിരാത്രി കഴിയുന്നതുവരെ പാട്ടും തമാശയും ആഘോഷവും. ഞങ്ങളെക്കെ ഉറങ്ങിയതിനു ശേഷം വെളുപ്പിന് സുനിലൊക്കെ കാറും കൊണ്ട് വാഴച്ചാൽ വരെ വന്യമൃഗങ്ങളെ കാണാൻ പോയി എന്നറിഞ്ഞു. സുരക്ഷിതമല്ലാത്ത യാത്ര സത്യത്തിൽ എനിക്കു ഭയമാണ്.
പിറ്റേന്നു രാവിലെയായിരുന്നു ഫോട്ടൊ സെഷൻ. തൊട്ടടുത്ത കോട്ടേജിൽ പുതിയ നാലാളുകൾ കൂടി വന്നിരുന്നത് അല്പം പ്രൈവസി കുറച്ചു. ഒഴിച്ചുകൂടാനാവാത്ത ഒരു കല്യാണം ഉണ്ടായതിനാൽ അച്ഛനും ഗംഗേട്ടനും രാവിലെ വീട്ടിലേക്ക് തിരിച്ചു. എന്നേയും മോളേയും സുനിൽ വീട്ടിലാക്കിത്തരാം എന്നു പറഞ്ഞിരുന്നു. റിസോർട്ടിനു മുന്നിൽ ധാരാളം വലിയ വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവയിലെ കായ കഴിക്കാൻ രാവിലെ നിറയെ പക്ഷികൾ.
പുതിയതായി വാങ്ങിയ DSLR ക്യാമറയുമെടുത്ത് പടം പിടുത്തത്തിനിറങ്ങി. ലെൻസ് ഫോക്കസ് ചെയ്തപ്പോൾ ഒന്നു ഞെട്ടി എന്നതാണ് സത്യം ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ചു നടന്നിരുന്ന കോഴിവേഴാമ്പൽ ആയിരുന്നു ആ പക്ഷികൾ. ഒന്നല്ല ഒരുപാടെണ്ണം. ആക്രാന്തത്തോടെ അവയുടെ ഫോട്ടൊ എടുത്തു മതിയാവോളം. തൊട്ടടുത്ത താമസക്കാർ ഇത് നോക്കുന്നത് കണ്ടപ്പോ അല്പം ഗമ. പുതിയ ക്യാമറയല്ലേ. കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ വലുപ്പമുള്ള ഒരു ലെൻസും ക്യാമറയും കൊണ്ട് അതിലൊരാൾ പുറത്തേക്ക് വന്നു എൻ്റെ ബലൂണിൻ്റെ കാറ്റ്പോയ്. ഞാൻ പതുക്കെ രംഗത്ത് നിന്ന് സ്കൂട്ടായി.
അടുത്ത കുളി വീണ്ടും ആരംഭിച്ചു. വെയിൽ കൂടി വന്നതിനാലും രാത്രിയെത്തിയ പുതിയ ആളുകൾ പുഴയിൽ ഉണ്ടായിരുന്നതിനാലും തലേ ദിവസത്തെ പോലെ മുഴുവൻ ആഘോഷിക്കാൻ കഴിഞ്ഞില്ല. എങ്കിലും പാറയിടുക്കുകളിൽ കുഞ്ഞു വെള്ളച്ചാട്ടങ്ങൾക്ക് താഴെയുള്ള ഇരിപ്പ് ശരിക്കും ആസ്വദിച്ചു.
അന്ന് കുളിക്കാൻ ബിനു ഒരു കപ്പ് കൊണ്ടു വന്നിരുന്നു. തീരത്തെ ഒരു പാറയിൽ ഇരുന്ന് കപ്പ് കൊണ്ട് ‘വെള്ളം കോരി കുളിക്കുന്ന കാഴ്ച കണ്ട് കുറച്ചൊന്നുമല്ല അന്ന് ചിരിച്ചത്. കുറെ നല്ല ഫോട്ടോകൾ എടുക്കാൻ കഴിഞ്ഞു. ഉച്ചയോടു കൂടി ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാ പിരിമുറുക്കങ്ങളും ഒഴിവാക്കി പുതിയ ഊർജ്ജത്തോടെ. സൗഹൃദത്തിൻ്റെ ശക്തി.