‘എടിഎം’ – നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നിങ്ങൾക്കറിയാത്ത ഉപയോഗങ്ങളും

ഇക്കാലത്ത് എടിഎം എന്ന് കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ? ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. എല്ലാവരും കുറഞ്ഞത് ഒരു തവണയെങ്കിലും എടിഎമ്മിൽ നിന്നും കാശെടുത്തിട്ടുള്ളവരും ആയിരിക്കും. ശരിക്കും എന്താണ് ഈ എടിഎം? എടിഎം കാർഡ് കൊണ്ട് പണം പിൻവലിക്കൽ മാത്രമല്ലാതെ മറ്റെന്തൊക്കെ ചെയ്യുവാൻ സാധിക്കും?

ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ‍. 1939 ൽ, ലൂതർ ജോർജ്ജ് സിംജിയൻ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക് , ന്യൂയോർക്കിൽ സ്ഥാപിച്ചു. ഇന്തൃയിലെ ആദ്യത്തെ എ.ടി.എം 1987ൽ മുംബൈയിൽ തുറന്നത് ദി ഹോങ്കോങ്ങ് ആൻഡ് ഷ്വാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷനാണ് (HSBC). കേരളത്തിലേ ആദ്യത്തെ എ.ടി.എം. 1992ൽ തിരുവനന്തപുരത്ത് തുടങ്ങിയത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റാണ്. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. 2004 ഫെബ്രുവരിയിൽ തുടങ്ങിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയാണ്. കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ.ടി.എം. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം. സിക്കീമിലെ തെഗുവിലാണുള്ളത്. ആക്സിസ് ബാങ്കാണിത് തുറന്നത്.

ഒരു ധനകാര്യ സ്ഥാപനം പുറത്തിറക്കുന്ന, എ.ടി.എമ്മിൽ(automated teller machine) നിന്ന് പണം പിൻവലിക്കാനുള്ള കാർഡ് ആണ് എടിഎം കാർഡ്. അതുവഴി പണം നിക്ഷേപിക്കാനും പിൻവലിക്കാനും അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങൾ അറിയാനും പറ്റും. ഈ കാർഡിനെ ബാങ്ക് കാർഡ്, എം.എ.സി(money access card), ക്ലയന്റ് കാർഡ്, കീ കാർഡ്, ക്യാഷ് കാർഡ് എന്നൊക്കെ പറയാറുണ്ട്. മിക്കവാറും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എടിഎം കാർഡുകളായി ഉപയോഗിക്കാം. എടിഎം കാർഡുമാത്രമായും വരുന്നുണ്ട്.

ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം പിൻവലിച്ചാൽ അത് വ്യാപാര വിനിമയത്തിൽ നിന്ന് വേറെയായാണ് കണക്കാക്കുക. സാധാരണയായി ഇതിന് പിൻവലിച്ച തിയതി മുതൽ പലിശ ഈടാക്കാറുണ്ട്. സ്ഥാപനത്തിന്റെ എടിഎമ്മിൽ മറ്റു സ്ഥാപനങ്ങളുടെ എടിഎം കാർഡുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന പണം പിൻവലിക്കാൻ പറ്റാത്ത മിനി എടിഎമ്മുകളിലും ഇത്തരം കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇത്തരം ടെർമിനലുകൾ വ്യാപാരസ്ഥലത്തെ ഇടപാടിന് ധനവിനിമയത്തിന് ഉപയോഗിക്കുന്നു.

കുറച്ചുകാലം മുന്‍പ് വരെ എടിഎമ്മുകളുടെ ആകെ ധര്‍മ്മം പണം പിന്‍വലിക്കുക മാത്രമായിരുന്നു. എന്നാലിപ്പോള്‍ കഥ മാറി. ആര്‍ബിഐ ഓണ്‍ലൈന്‍,മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എടിഎമ്മില്‍ പൈസയെടുക്കുന്നത് മാത്രമല്ല വേറെയും കുറെ ഇടപാടുകള്‍ നടത്താം. അതുകൊണ്ടുതന്നെ ഇപ്പോഴും ബാങ്കുകള്‍ പുതിയ എടിഎമ്മുകള്‍ തുറന്നു കൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ക്കറിയാത്ത എടിഎമ്മിന്റെ 8 ഉപയോഗങ്ങളിതാ..

1. ഇന്‍കം ടാക്‌സടക്കാം – രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നേരിട്ട് നികുതിയടക്കാന്‍ സാധിക്കുകയുള്ളൂ. നികുതിയായി നല്‍കാനുള്ള തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റായി സ്‌പെഷല്‍ നമ്പര്‍ അല്ലെങ്കില്‍ സിന്‍ ലഭിക്കും. ടാക്‌സ് റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും.

2. ഫണ്ട് ട്രാന്‍സ്ഫര്‍ – ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് 16 അക്ക് കാര്‍ഡ് നമ്പര്‍ അറിയുകയാണെങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എടിഎം വഴി സാധിക്കും. 5,000 രൂപ മുതല്‍ 49,000 രൂപ വരെ ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

3. ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങാന്‍ – ബാങ്ക് കസ്റ്റമേഴ്‌സിന് ഫിക്‌സഡ് ഡിപോസിറ്റ് തുടങ്ങാന്‍ എടിഎമ്മിലൂടെ സാധിക്കും. 5000 രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകള്‍ തിരഞ്ഞെടുക്കാം.

4. പ്രീമിയം – എച്ച്ഡിഎഫ്‌സി,ആക്‌സിസ്,ഐസിഐസിഐ എന്നീ ബാങ്കുകള്‍ മ്യൂച്ച്വല്‍ ഫണ്ട്,എല്‍ഐസി പ്രീമിയം എന്നിവ അടക്കാനനുവദിക്കുന്നുണ്ട്. പോളിസി നമ്പറും അക്കൗണ്ട് വിവരങ്ങളും കൈയിലുണ്ടായാല്‍ മാത്രം മതി.

5. ഡൊണേഷന്‍ കൊടുക്കാം – എന്‍ജിഒകള്‍ക്കോ ക്ഷേത്ര ട്രസ്റ്റുകളിലേക്കോ സംഭാവനകള്‍ നല്‍കണമെങ്കില്‍ എടിഎമ്മിലൂടെ സാധിക്കും. പേയ്‌മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന റസീറ്റ് ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാം.

6. ബില്ലുകള്‍ – ഇലക്ട്രിസിറ്റി ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കാന്‍ ബാങ്ക് എടിഎമ്മുകളിലൂടെ സാധിക്കും. ചില ബാങ്കുകള്‍ ഇതില്‍ കാഷ്ബാക്ക് സൗകര്യവും നല്‍കുന്നുണ്ട്.

7. റെയില്‍വേ ബുക്കിംഗ് – യാത്രക്കാര്‍ക്ക് റെയില്‍ ടിക്കറ്റുകള്‍ എടിഎമ്മിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. എസ്ബിഐ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നിവ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

8. മറ്റ് ഇടപാടുകള്‍ – കാഷ് ഡിപോസിറ്റ്,മൊബൈല്‍ റീചാര്‍ജ്,ചെക്ക് ബുക്ക് റിക്വസ്റ്റ് എന്നീ ഇടപാടുകളും എടിഎമ്മിലൂടെ നടത്താനാകും.

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും നമ്മുടെ പണത്തിനു പൂര്‍ണ സുരക്ഷ നല്‍കുന്നുണ്ടോയെന്ന്? ബാങ്കുകള്‍ നമ്മുടെ പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയും അശ്രദ്ധയും മൂലം ചിലപ്പോള്‍ വന്‍ നഷ്ടംതന്നെയുണ്ടായേക്കാം. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു പൊലീസ് നല്‍കുന്ന ചില സുരക്ഷാ മുന്നറിയിപ്പുകള്‍ ഇതാ..

1. നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തിരമോ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുത്. 2. ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് മറ്റാര്‍ക്കും നല്‍കരുത്. 3. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് അറിയാത്ത സോഴ്‌സില്‍നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക. കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്ത്രപരമായോ കൈക്കലാക്കി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.

4. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം. 5. മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്. 6. ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം. 7. നിങ്ങളുടെ കാര്‍ഡിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്. 8. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക. 9. ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക. 10. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇമെയില്‍ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.

വ്യാപാരസ്ഥാപനങ്ങളിൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : നിങ്ങളുടെ കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്. വയർലെസ് സ്വൈപിങ്ങ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം. കാർഡ് നിങ്ങൾ തന്നെ സ്വൈപ്പ് ചെയ്യുക. മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക. മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക. ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക. മിനി സ്റ്റേറ്റ്മെന്റും ശ്രദ്ധിക്കുക. സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടുക. മാഗ്നറ്റിക് സ്‌ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്‌ഠിത കാർഡ് മാറ്റിവാങ്ങുക. മിക്ക ബാങ്കുകളിലും സൗകര്യം ലഭ്യമാണ്.

കടപ്പാട് – malayalam.goodreturns.in, ഏഷ്യാനെറ്റ് ന്യൂസ്, വനിത മാസിക, വിക്കിപീഡിയ.