ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരാട് കൊഹ്ലിയുടെ വാഹനപ്രേമം മിക്കയാളുകൾക്കും അറിയാവുന്നതാണ്. നിരവധി കിടിലൻ കാറുകൾ അദ്ദേഹത്തിൻറെ സ്വന്തം ഗാരേജിലുണ്ട്. കൂടാതെ കോഹ്ലി പ്രശസ്ത ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറും കൂടി ആയി. ഇതോടെ അദ്ദേഹത്തിൻ്റെ കാർ ശേഖരത്തിൽ ഭൂരിഭാഗവും ഓഡി കാറുകൾ കയ്യടക്കി. അതിൽ പ്രധാനിയായിരുന്നു ഒരു വെളുത്ത ‘ഔഡി R8 V10’ മോഡൽ കാർ. ഈ കാറുമായി കറങ്ങിനടക്കുന്ന വിരാട് കോഹ്‌ലിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പക്ഷേ അന്ന് രാജാവിനെപ്പോലെ വാണിരുന്ന ആ ഔഡി കാറിന്റെ ഇന്നത്തെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്.
ഹരിയാന രജിസ്ട്രേഷനിലുള്ള ആ ഔഡി കാർ ഇന്ന് മുംബൈയിലെ ഒരു പോലീസ് സ്റ്റേഷൻ വളപ്പിൽ വെയിലും മഴയും കൊണ്ട് കിടന്നു നശിക്കുകയാണ്. 2012 മോഡലായ ഈ ഓഡി R8 V10 കാർ വിരാട് കോഹ്ലി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം 2016 ൽ ഇത് ഒരു ബ്രോക്കർ മുഖാന്തിരം വിൽക്കുകയായിരുന്നു. സാഗർ താക്കർ എന്നൊരാളായിരുന്നു കൊഹ്‌ലിയിൽ നിന്നും ബ്രോക്കർ വഴി ഈ കാർ വാങ്ങിയത്. ഏതാണ്ട് 2.5 കോടിയോളം വരുന്ന കാര്‍ വെറും 60 ലക്ഷം രൂപയ്ക്കാണ് സാഗര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാങ്ങിയ പാടെ സാഗർ അയാളുടെ കാമുകിയ്ക്ക് ഈ കാർ സമ്മാനമായി കൊടുക്കുകയുണ്ടായി. ഇതിനിടയിൽ ഒരു കോൾ സെന്റർ അഴിമതിക്കേസിൽ സാഗർ പെട്ടു. അതോടെ അയാൾ ഒളിവിൽ പോയി. ഇയാളെ തിരയുന്നതിനിടയിൽ സാഗറിന്റെ പേരിലുള്ള ഈ ഔഡി കാർ പോലീസ് കണ്ടെത്തുകയും അത് കസ്റ്റഡിയിൽ എടുക്കുകയുമാണുണ്ടായത്. അതോടെ ഈ കാറിന്റെ നരകയാതന തുടങ്ങുകയായി.
പോലീസ് സ്റ്റേഷൻ വളപ്പിൽ ഇതേപോലെ പിടിച്ചെടുത്ത മറ്റു വാഹനങ്ങൾക്കൊപ്പം നശിച്ച നിലയിലുള്ള ഈ കാറിന്റെ ചിത്രങ്ങൾ എങ്ങനെയോ സോഷ്യൽ മീഡിയയിൽ ആരോ വഴി ഷെയർ ചെയ്യപ്പെട്ടു. ഇതോടെയാണ് ഈ കാറിനു പിന്നിലെ സംഭവങ്ങൾ പുറംലോകം അറിയുന്നത്. പോലീസ് സ്റ്റേഷൻ കോംബൗണ്ടിൽ കിടക്കുന്നതിനിടെയുണ്ടായ ഒരു വെള്ളപ്പൊക്കത്തെയും ഈ കാറിനു അഭിമുഖീകരിക്കേണ്ടി വന്നു. ഒരു വർഷത്തിനു മേലായി ഈ ആഡംബര ഭീമൻ ഈ കിടപ്പു കിടക്കാൻ തുടങ്ങിയിട്ട്. ഇനി ഇത് വീണ്ടും ഉപയോഗിക്കാവുന്ന കണ്ടീഷനിൽ ഉള്ളതാണോയെന്നു സംശയമാണ്.
ഒരു കാലത്ത് എല്ലാവരും ആരാധനയോടെ നോക്കിയിരുന്ന, രാജകീയമായ ജീവിതം നയിച്ചിരുന്ന ഈ ആഡംബര കാറിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു വാഹനപ്രേമിയെയും വേദനിപ്പിക്കുന്നതാണ്. ഇനി ഒരിക്കൽക്കൂടി ഈ രാജാവിനു തൻ്റെ കഴിഞ്ഞുപോയ ജീവിതം തിരികെ ലഭിക്കുമോയെന്നു സംശയമാണ്. ഇത്തരത്തിൽ ഇന്ത്യയിലൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിലാണ് നിരവധി ആഡംബര വാഹനങ്ങളാണ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും തീരാത്ത കേസിൽപ്പെടുന്ന ഇത്തരം വാഹനങ്ങൾ ആർക്കും എതിർപ്പില്ലെങ്കിൽ കോടതിയുടെ സമ്മതത്തോടെ വിൽക്കുവാൻ സാധിച്ചിരുന്നെങ്കിൽ അത് വളരെ നല്ലൊരു കാര്യമായിരുന്നു. ആഡംബര വാഹനങ്ങൾ വില കുറച്ച് കിട്ടുന്നവർക്ക് അതൊരു ആശ്വാസവും പോലീസ് വകുപ്പിന് ഒരു വരുമാനവും കൂടിയാകും അത്.