അവതാർ മൗണ്ടൻസിൻ്റെ കാഴ്ചകളും ഒരു കിടിലൻ കേബിൾ കാർ റൈഡും

ഷാൻജിയാജി നാഷണൽ പാർക്കിലെ അവതാർ മലനിരകളുടെ സൗന്ദര്യം പലരീതിയിൽ ആസ്വദിച്ചു നടക്കുകയായിരുന്നു ഞങ്ങൾ. ബൈലോങ് എലിവേറ്ററിൽ കയറിയതിനു ശേഷം ഞങ്ങൾ വിശപ്പടക്കാനുള്ള മാർഗ്ഗം തേടുകയായിരുന്നു. അങ്ങനെയാണ് അവിടെയുള്ള കെ.എഫ്.സി.യിൽ ഞങ്ങൾ കയറിയത്. കെ.എഫ്.സി. ചിക്കനും പെപ്‌സിയുമൊക്കെ കഴിച്ചു ഞങ്ങൾ വിശപ്പടക്കി. ലോകത്ത് എവിടെ പോയാലും കെ.എഫ്.സി.യ്ക്ക് ഒരേ രുചി തന്നെയായിരിക്കും. ആ ഒരു ചിന്തയിൽ നിന്നാണ് ഞങ്ങൾ അവിടെത്തന്നെ കയറിയത്.

വിശപ്പടക്കിയ ശേഷം ഞങ്ങൾ അവതാർ മൗണ്ടൻസിൻ്റെ മുകളിലൂടെയുള്ള കേബിൾകാർ യാത്രയ്ക്കായി തയ്യാറെടുത്തു. ഞങ്ങൾ നിന്നിരുന്ന സ്ഥലത്തു നിന്നും കേബിൾ കാർ സ്റ്റേഷനിലേക്ക് ഒരു ബസ്സിൽ കയറി യാത്രയായി. അങ്ങനെ ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിൽ എത്തിച്ചേർന്നു.

അവിടെ ധാരാളം ഷോപ്പുകളും ഹോട്ടലുകളുമൊക്കെ ഉണ്ടായിരുന്നു. പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങളുടെ കലവറ തന്നെയായിരുന്നു അവിടം. പക്ഷെ നമ്മുടെയാളുകൾക്ക് അതിൻ്റെ രുചിയും മണവുമൊന്നും പിടിക്കില്ല. ഞങ്ങൾ അവിടെ നിന്നും മുകൾ ഭാഗത്തേക്ക് നടത്തമാരംഭിച്ചു.

നല്ല കയറ്റം തുടങ്ങുന്നയിടത്തു നിന്നും എനിക്ക് ഒരു ചൈനീസ് അപ്പൂപ്പനെ കൂട്ടുകിട്ടി. അപ്പൂപ്പൻ അവിടെ കയറ്റം കയറുവാൻ ബുദ്ധിമുട്ടുള്ളവർക്കായി ഡോളി സർവ്വീസ് നടത്തുന്നയാളായിരുന്നു. ചിരിച്ചു കളിച്ചു നടക്കുന്നതിനിടെ ഡോളിയുമായി അപ്പൂപ്പന്റെ കൂട്ടുകാർ ഞങ്ങൾക്ക് സമീപത്തെത്തി. അപ്പോഴാണ് എനിക്ക് അപ്പൂപ്പന്റെ സ്നേഹപ്രകടനത്തിനു പിന്നിലെ കാരണം മനസിലായത്. ഡോളി സർവ്വീസ് ഉപയോഗിക്കുവാനായി എന്നെ കാൻവാസ്‌ ചെയ്യുകയായിരുന്നു പുള്ളിക്കാരൻ. ഒരുകണക്കിനായിരുന്നു അവിടെ നിന്നും രക്ഷപ്പെട്ടത്. എങ്കിലും പോരുന്ന സമയത്ത് ചിരിയോടെ കൈതന്നിട്ടായിരുന്നു അപ്പൂപ്പൻ എന്നെ യാത്രയാക്കിയത്.

അങ്ങനെ ഞങ്ങൾ നടന്നു കേബിൾ കാർ യാത്രയ്ക്കായുള്ള ടിക്കറ്റ് കൗണ്ടറിൽ ചെന്നു ടിക്കറ്റുകൾ എടുത്തു യാത്രയ്ക്ക് തയ്യാറായി. അതിനു മുൻപ് ഒരാൾ അവിടത്തെ ടിക്കറ്റുകൾ വില കുറച്ച് ബ്ലാക്കിൽ തരാമെന്നു പറഞ്ഞു ഞങ്ങളുടെയടുത്ത് എത്തിയിരുന്നു. പക്ഷേ അത്തരം ഫ്രോഡ് പരിപാടികൾക്ക് കൂട്ട് നിൽക്കുവാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. പക്കാ ഉഡായിപ്പ് ആയിരിക്കും അതൊക്കെ.

ടിക്കറ്റുകൾ എടുത്തശേഷം ഞങ്ങൾ കേബിൾ കാറിലേക്ക് കയറി. ഞങ്ങളെയും കൊണ്ട് കേബിൾ കാർ യാത്രയായി. ലോകപ്രശസ്തമായ അവതാർ മലനിരകൾക്ക് മുകളിലൂടെ, ഇടയിലൂടെ അത്ഭുതംകൂറുന്ന കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ ഒഴുകി നീങ്ങി. എനിക്കാണെങ്കിൽ ഉയരം നല്ല പേടിയാണ്. എങ്കിലും മനോഹരമായ ആയ അനുഭവം വീഡിയോ പകർത്തുവാൻ സാധിച്ചു. പ്രകൃതിയുടെ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് അവതാർ മലനിരകൾ. ശരിക്കും ഒരു ഹെലികോപ്റ്ററിൽ പറക്കുന്ന ഫീൽ ആയിരുന്നു ഞങ്ങൾക്ക് ആ കേബിൾകാർ യാത്ര സമ്മാനിച്ചത്.

മനോഹരമായ കേബിൾകാർ യാത്രയ്ക്കു ശേഷം ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ബസ്സിൽ കയറി ഞങ്ങൾ എന്ട്രന്സിലേക്ക് യാത്രയായി. അങ്ങനെ ഞങ്ങൾ അവതാർ മലനിരകളോട് വിടപറഞ്ഞുകൊണ്ട് അവിടം വിട്ടു തിരികെ യാത്രയായി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.