ബഹുമാനിക്കണ്ട, സ്നേഹിക്കണ്ട.. പക്ഷേ കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം..

അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവനക്കാരെയും പ്രസ്ഥാനത്തെയും ഒന്നടങ്കം കുറ്റം പറയുന്ന പ്രവണതയുള്ള ആളുകളുടെ കണ്ണുതുറപ്പിക്കുവാൻ കെഎസ്ആർടിസി എംഡിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്ക് സമീപം ലോറിയുമായുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഡിയായ എം.പി. ദിനേശ് ഐ.പി.എസ് കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“റോഡ് അപകടം എന്നത് ജനസാന്ദ്രതയും വാഹനസാന്ദ്രതയും വളരെ കൂടിയ കേരളത്തെ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. ഓരോ ദിവസവും ദിനപത്രങ്ങളും വാർത്താ ചാനലുകളും റിപ്പോർട്ട് ചെയ്യുന്ന റോഡപകടങ്ങളിലൂടെയുള്ള മരണസംഖ്യ ദേശീയ ശരാശരിയേക്കാൾ വളരെ വലുതാണ്. അംഗഭംഗം സംഭവിച്ചവരുടേയും റിപ്പോർട്ട് ചെയ്യപ്പെടാത്ത അപകടങ്ങളുടേയും കണക്കെടുത്താൽ നിർഭാഗ്യവാൻമാരുടെ എണ്ണം ഇരട്ടിയാകും. ഒരു ദിവസം ശരാശരി 5000 ത്തോളം ബസുകൾ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് കുടുതൽ സമയവും റോഡിലായതിനാൽ തന്നെ, ഓരോ ദിവസവും അപകടം നേരിൽ കണ്ടാണ് കഴിഞ്ഞു പോകുക.

കെ.എസ്.ആർ.ടി.സി ഉൾപ്പെട്ട അപകടമാണെങ്കിൽ അത് ആരുടെ ശ്രദ്ധക്കുറവ് ആയാലും, കെ.എസ്.ആർ.ടി.സി ഡ്രൈവറെ പഴിചാരുന്ന രീതിയാണ് കണ്ടു വരുന്നത്. നിരവധി യാത്രക്കാരെയും പേറി കൃത്യസമയത്ത് കൃത്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കുന്ന ഒരു പൊതുഗതാഗതസംവിധാനമാണ് കെ.എസ്.ആർ.ടി.സി. വഴിയിലോടുന്ന ചെറിയ മോപ്പഡ് മുതൽ ട്രെയിലർ വരെ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. റോഡിൽ മറ്റുള്ളവർ ചെയ്യുന്ന തമാശകളും ഒരു നിമിഷത്തെ അശ്രദ്ധയുമാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്. പക്ഷേ ഞങ്ങളുടെ ദൗത്യം ഭാരിച്ചതാണ്.. ഞങ്ങളെ ആശ്രയിക്കുന്ന ഓരോ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്..

15.06.2019ന് കൊട്ടാരക്കരക്കടുത്ത് പൊലിക്കോട് – വയക്കൽ എന്ന സ്ഥലത്തു വച്ച് തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയുടെ AT339 ഫാസ്റ്റ് പാസഞ്ചർ ബസ്സും ഒരു കോൺക്രീറ്റ് മിക്സർ ലോറിയുമായി കൂട്ടിയിടിച്ച് ഉദ്ദേശം 14:30 മണിക്ക് അപകടം ഉണ്ടായി. അപകടത്തിൽ ബസിലെ ക്രൂവിന് സാരമായ പരിക്കുകളും യാത്രക്കാർക്കു ചെറിയ പരിക്കുകളും ഉണ്ടായി. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരം ട്രിപ്പ് വരുമ്പോൾ വയക്കൽ എന്ന സ്ഥലത്ത് ബസ് വളവ് തിരിഞ്ഞ് വരുമ്പോൾ ഇടത് വശത്ത് കൺസ്ട്രക്ഷൻ ലോറികൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിൽ നിന്നും അശ്രദ്ധമായി ഒരു കോൺക്രീറ്റ് മിക്സർ ലോറി റോഡിലേക്ക് ഓടിച്ച് കയറ്റുകയും, ലോറിയിൽ ഇടിക്കാതിരിക്കാൻ പരമാവധി വലതു വശത്തേക്ക് വെട്ടിച്ച കെ.എസ്.ആർ.ടി.സി ബസ്സ്, ലോറിയുടെ മുൻഭാഗത്ത് ഇടിക്കുകയും ചെയ്തു.

കോൺക്രീറ്റ് മിക്സർ ലോറിയുടെ ഡീസൽ ടാങ്ക് മുൻഭാഗത്ത് ആയതിനാൽ, ഡീസൽ ടാങ്ക് തകർന്ന് ഡീസൽ ലോറിയുടെ സൈലൻസറിൽ വീണ് പെട്ടെന്ന് തീ പിടിക്കുകയും ബസും ലോറിയും പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. അലക്ഷ്യമായി വളവിൽ ലോറി ഡ്രൈവർ വാഹനം നടുറോഡിലേക്ക് പെട്ടെന്ന് ഓടിച്ചു കയറ്റിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

ബസിലുണ്ടായ ഏകദേശം ഇരുപതോളം യാത്രക്കാരെ ദേഹം തീപ്പൊള്ളലേറ്റ അവസ്ഥയിലും ഡ്രൈവറായ ശ്രീ. പ്രകാശും, കഴുത്തിന് മാരകമായി പരുക്കേറ്റ കണ്ടക്ടർ സജീമും ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്ന് തൽക്ഷണം പുറത്തിറക്കിയതിനാലാണ് ബസിലുള്ള ഒരു യാത്രക്കാരനു പോലും ജീവഹാനി സംഭവിക്കാതെ രക്ഷിച്ചത്. അമ്മപ്പക്ഷി മക്കളെ ചിറകിനു കീഴിലൊതുക്കി സൂക്ഷിക്കുന്നതു പോലെ തന്റെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശുപത്രിയിൽ ചികിൽസയിലാണ്. അപകടം നടന്ന് നിമിഷങ്ങൾക്കകം സേവന സന്നദ്ധരായി സമീപ പ്രദേശത്തുള്ള എല്ലാ യൂണിറ്റുകളിൽ നിന്നും ജീവനക്കാർ സംഭവസ്ഥലത്ത് പാഞ്ഞെത്തി. അപകടം മൂലമുള്ള ഗതാഗതക്കുരുക്കു കാരണം കിലോമീറ്ററുകളോളം ഓടിയും നടന്നുമാണ് അവർ സംഭവസ്ഥലത്തെത്തിയതു പോലും. പക്ഷേ അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു..

ഒരൽപ്പസമയത്തെ അശ്രദ്ധ അതൊന്നുമാത്രമാണ് ഈ അപകടത്തിനു കാരണം. നൂറോളം യാത്രക്കാരെ വഹിച്ചുകൊണ്ടു പോകുന്ന ഒരു ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും എപ്പോഴും നിങ്ങളെ തൃപ്തിപ്പെടുത്താൻ സാധിക്കുകയില്ലായിരിക്കും. പക്ഷേ അവർ നിങ്ങളെ ആപത്തിലേക്ക് തള്ളിവിടില്ല…ഉറപ്പ്…

അതിനാൽ നാളെ സ്വന്തം വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ അൽപം ശ്രദ്ധ മറ്റു വാഹനങ്ങളിലേക്കും നീളുവാൻ അഭ്യർഥിക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളെയോ ജീവനക്കാരെയോ നിങ്ങൾ ബഹുമാനിക്കണ്ട, സ്നേഹിക്കണ്ട.. പക്ഷേ അവർ സാമൂഹ്യ പ്രതിബദ്ധതയോടെ എന്നും നിങ്ങളോടൊപ്പം തന്നെയുണ്ടാകും. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം..”