ആറു മാസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും മൂന്നാറിലേക്ക്

കൊറോണ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന ഞങ്ങളുടെ യാത്രകൾക്ക് വീണ്ടും ചിറക് മുളപ്പിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. മാസങ്ങൾക്ക് ശേഷം ഭാര്യ ശ്വേതയുമായുള്ള യാത്ര ഇതായിരുന്നു. മൊറോക്കോയിൽ നിന്നും വന്നിട്ട് വീട്ടിൽ സെല്ഫ് ക്വാറന്റൈൻ ആയിരുന്നതിനാൽ ഞങ്ങൾക്ക് പരസ്പരം അടുത്തിരുന്നു സംസാരിക്കുവാൻ പോലും സാധിക്കുമായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ ആണ് മൂന്നാറിലെ ഡ്രീംക്യാച്ചർ റിസോർട്ടിൽ നിന്നും ഒരു ക്ഷണം വരുന്നത്. കോവിഡിനെതിരെ പ്രതിരോധം തീർത്തുകൊണ്ട്, സന്ദർശകർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് അവർ മാസങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇപ്പോഴും കൊറോണ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാ തൊഴിൽമേഖലകളും പതിയെ പ്രവർത്തനമാരംഭിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സർക്കാർ അനുമതിയോടെയാണ് റിസോർട്ടുകളും മറ്റും തുറക്കുവാൻ തീരുമാനിച്ചതും. അവർക്കും ജീവിക്കണ്ടേ?

ജോലിയാവശ്യങ്ങൾക്കായി മലപ്പുറത്തു പോകുകയും അവിടെ നിന്നും കൊച്ചിയിലെത്തി ഒരു ദിവസം അവിടെ താമസിച്ച ശേഷമായിരുന്നു ഞങ്ങൾ മൂന്നാറിലേക്ക് യാത്ര തിരിച്ചത്. മൂന്നാറിലേക്കുള്ള യാത്രകളിൽ പൊതുവെ ഞങ്ങൾ പലയിടങ്ങളിലും നിർത്തി കാഴ്ചകൾ ആസ്വദിച്ചും, ചായകുടിച്ചുമൊക്കെയായിരുന്നു പോകാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾ ഒരിടത്തും വണ്ടി നിർത്തി ഇറങ്ങാൻ നിന്നില്ല. നേരെ മൂന്നാറിലേക്ക് വച്ചുപിടിച്ചു.

രാത്രിയായതിനാൽ വഴിയിൽ വാഹനങ്ങൾ കുറവായിരുന്നുവെങ്കിലും ചില ടൂറിസ്റ്റുകളെയൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതെ, മൂന്നാർ പതിയെ ഉറക്കത്തിൽ നിന്നും ഉണരുകയാണ്. പക്ഷേ സഞ്ചാരികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഈ സമയത്ത് പുറത്തു കറങ്ങിനടക്കുന്നത് ഒഴിവാക്കി, ഇതുപോലുള്ള ഒറ്റപ്പെട്ട റിസോർട്ടുകളിലോ ട്രീ ഹൗസുകളിലോ സ്വസ്ഥമായി താമസിക്കുന്നതാണ് ഉത്തമം. സ്ഥലങ്ങൾ കണ്ടുകൊണ്ട് കറങ്ങുന്നതിലുപരി സ്വസ്ഥമായി പ്രകൃതിയോട് ചേർന്നിരിക്കുന്ന ആ ഒരു അനുഭവം ഒന്നുവേറെ തന്നെയാണ്.

അങ്ങനെ ഞങ്ങൾ ഡ്രീംക്യാച്ചർ റിസോർട്ടിൽ എത്തിച്ചേർന്നു. എങ്ങനെയായിരിക്കും റിസോർട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്നോർത്ത് ഞങ്ങൾക്ക് ഉൽക്കണ്ഠയുണ്ടായിരുന്നു. കയറിയപാടെ റിസോർട്ടിലെ ജീവനക്കാർ ഞങ്ങളുടെ ടെമ്പറേച്ചർ പരിശോധിക്കുകയും, കൈകളും, ലഗേജുകളും മറ്റും സാനിട്ടൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്ത ശേഷമായിരുന്നു അകത്തേക്ക് പ്രവേശിപ്പിച്ചത്. കൂടാതെ വരുന്ന ഗസ്റ്റുകൾ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ട്.

റൂമുകളെല്ലാം, അതായത്ത് കോണിപ്പടികളുടെ കൈവരികൾ മുതൽ സ്പർശനമേൽക്കുന്ന എല്ലായിടവും അണുവിമുക്തമാക്കുകയാണ് ചെയ്യുന്നതെന്ന് റിസോർട്ടുകാർ വഴി ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു. മലയാളികളായ സഞ്ചാരികളൊക്കെ ഇപ്പോൾ താമസിക്കുവാനായി വന്നുതുടങ്ങിയെന്നും എല്ലാം പഴയപോലെ ശരിയാകുമെന്നുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് റിസോർട്ട് ജീവനക്കാർ പറഞ്ഞു.

ധാരാളമാളുകൾ ഈ സമയത്ത് ഇവിടേക്ക് യാത്രചെയ്തതിനെ വിമർശിക്കുവാനിടയുണ്ട്. ആരെയും കുറ്റം പറയുന്നില്ല, പക്ഷേ ഒന്നോർക്കണം. ഞങ്ങൾ സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് യാത്ര ചെയ്യുന്നത്. അതിലുപരി ഇത് എൻ്റെ ജോലിയുടെ ഭാഗമാണ്. അല്ലാതെ അഹങ്കാരം കാണിക്കുകയാണെന്ന് ഒരിക്കലും വിചാരിക്കരുത്.

കോവിഡ് ആണെന്നു പറഞ്ഞു എത്രനാളുകൾ നമുക്ക് വീട്ടിലിരിക്കുവാൻ സാധിക്കും? നമുക്കും ജീവിക്കണ്ടേ? സാഹചര്യങ്ങൾക്കനുസരിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള മാനദണ്ഡങ്ങൾ കൈക്കൊണ്ടുകൊണ്ട് നാം ജീവിക്കണം. സർക്കാർ ഉത്തരവ് പാലിച്ച് SOP അനുസരിച്ച് ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വയം സുരക്ഷ പാലിച്ച് യാത്രകൾ നടത്തുക. കൊറോണ വൈറസ് മൂലം ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം എത്രയും പെട്ടെന്ന് മാറട്ടെ എന്ന്‌ നമുക്ക് പ്രത്യാശിക്കാം. To contact Dream Catcher Resort: 9745803111, 9526015111.