വിവരണം – ദീപക് മേനോൻ.
പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ബഹ്റൈൻ. 30 ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം. മനാമയാണ് തലസ്ഥാനം. നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പമേ ഈ കൊച്ചു രാജ്യത്തിനുള്ളു . അതിപുരാതന കാലം മുതൽക്കേ ഇന്ത്യയുമായി സാംസ്കാരിക വാണിജ്യ ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ രൂപയായിരുന്നു അന്ന് ഉപയോഗിച്ചിരുന്ന കറൻസി .
അയൽ രാജ്യങ്ങളിലിൽനിന്നും വരുന്ന വിനോദ സഞ്ചാരികളാണ് ഇവിടുത്തെ പ്രധാന വരുമാന ശ്രോതസ്സ്. എല്ലാ വാരാന്ത്യകളിലും പുലരും വരെ ആഘോഷമാണ് തലസ്ഥാന നഗരിയിൽ. ബാറുകളും, നൈറ്റ് ക്ലബ്ബുകളും ചേർന്ന് ഉത്സാവാന്തരീക്ഷം ഒരുക്കുന്നു. ഒരു യൂറോപ്യൻ സംസ്കാരം നമുക്കിവിടെ അനുഭവിക്കാം , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഭക്ഷണം കഴിക്കുവാനും ബുദ്ധിമുട്ടില്ലാത്ത സ്ഥലം. മറ്റു അറബ്നാടുകളിൽ നിന്നും സ്വാതന്ത്ര്യം തേടിയാണ് ജനങ്ങൾ ഇവിടിയെത്തുന്നത്, അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് എരിവും പുളിയും പകരുന്ന എല്ലാം ഇവിടെയുണ്ട്.
ഭക്ഷണശാലകളാൽ സമൃദ്ധമാണിവിടം, വിവിധ സമൂഹങ്ങളുടെ സ്വാധീനം കാരണം അറബി, പേർഷ്യൻ, ഇന്ത്യൻ, ബലൂചി, അമേരിക്കൻ, യൂറോപ്യൻ എന്നീ എല്ലാ ഭക്ഷണ വൈവിധ്യവും നമുക്കിവിടെ ആസ്വദിക്കാം. സ്വാദിഷ്ടമാണ് ബഹ്റൈൻ രുചികൾ.
ഒരു ദിവസത്തെ പൂർണ വിശ്രമത്തിനു തിരഞ്ഞെടുക്കവുമാണ സ്ഥലമാണ് ‘അൽ ദാർ ഐലൻഡ് ‘ മനാമയിൽ നിന്ന് 30 മിനുട്ട് ഡ്രൈവ് മതി അവിടെയെത്താൻ . ചെറിയ ഒരു പ്രവേശന ഫീസുകൊടുത്താൽ 9 മണി മുതൽ രാത്രി 11 മണി വരെ അവിടെ ചിലവഴിക്കാം. ബീച്ച് ലൈഫ് ആസ്വദിക്കാം , ഭക്ഷണവും , മദ്യവും സുലഭമായി ലഭിക്കും അല്ലെങ്കിൽ പോകുമ്പോൾ നമുക്ക് കൂടെ കരുതാം. പരിചയ സമ്പന്നരായ പരിശീലകരുടെകൂടെ ബഹ്റൈൻ പേൾ മുങ്ങിയടുക്കാൻ പോകാം , മീൻ പിടിക്കാം , കടലിന്റെ ആഴങ്ങളിലേക്ക് ഊളയിടാം, ഡോൾഫിനെ കാണാം, ജലവിനോദങ്ങൾ കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ വിശ്രമിക്കനായി പനയോല മേഞ്ഞ കുടിലുകളുണ്ട് . കനലിൽ മത്സ്യവും, മാംസവും മൊരിച്ചു കഴിക്കാനുള്ള സൗകര്യവും ഇവർ നമുക്കായി ഒരുക്കുന്നു. മരുഭൂമിയിലെ മരുപ്പച്ച പോലെ സുന്ദരമാണ് ഈ കൊച്ചു ദ്വീപ്.
“ട്രീ ഓഫ് ലൈഫ് ” . ഏകദേശം 400 വർഷം പഴക്കമുള്ള മരുഭൂമിയിൽ ഒറ്റപെട്ടു പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷം സന്ദർശകർക്ക് അത്ഭുതക്കാഴ്ച്ചയാണ്. ഓരോ വർഷവും ഏതാണ്ട് 50,000 വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട് എന്നാണ് കണക്ക്. വെള്ളമോ വളമോ നൽകാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷം വിസ്മയമാണ്. കുടുംബമായോ , കൂട്ടുകാരോടൊത്തോ വന്ന് ഇവിടുത്തെ ടെന്റുകളിൽ രാപ്പാർക്കാം. ഭക്ഷണം പാകം ചെയ്യാം , കത്തുന്ന വിറകിനു ചുറ്റുമിരുന്ന് രാത്രി മുഴുവൻ പാട്ടും നൃത്തവുമായി ചിലവഴിക്കാം. തണുപ്പു കാലങ്ങളിലാണ് കൂടുതൽപേർ ഇവിടേക്ക് എത്തിച്ചേരുന്നത് .
‘അൽ ഫത്തേ പള്ളി’ അത് രാജ്യത്തെ ആത്മീയ ഹൃദയമാണ്. ഈ പ്രദേശത്തെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്ന്. എല്ലാ മതവിഭാവക്കാരായ സന്ദര്ശകരെയും ഇവർ സ്വാഗതം ചെയ്യുന്നു , മനാമയിൽ നിന്നും 10 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്താം . അവിടേക്കു പോകുന്ന വഴിക്കു മറക്കാതെ കാണേണ്ട ഒരുഇടമാണ് ബഹ്റൈൻ മ്യൂസിയം . ബഹറൈൻ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളുടെ നേട്ടമാണിത്. ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഡിൽമൻ സംസ്കാര പുരാശേഷിപ്പുകൾ ഇവിടെ കാണാം.
ചരിത്ര സ്നേഹികൾക്കും പ്രിയമുള്ളതാണ് ഈ രാജ്യം. പോർച്ചുഗീസുകാരുടെ ആക്രമണത്തെ പ്രധിരോധിക്കാൻ ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അറാദ് ഫോർട്ട്, ആ പഴയ കാലഘട്ടം നമ്മെ ഓർമപ്പെടുത്തുന്നു. 1869 മുതൽ 1932 വരെ ബഹ്റിനിൽ ഭരിച്ച ശൈഖ് ഇസ ബിൻ അലി അൽ ഖലീഫ പിറന്നുവീണ റിഇഫാ ഫോർട്ടും പത്തൊമ്പതാം നൂറ്റാണ്ടിലെ രാജ കുടുബത്തിനെ കഥകൾ പറയുന്നു. ഡിൽമൻ സംസ്കാര തലസ്ഥാനമായിരുന്ന ബഹ്റൈൻ ഫോർട്ട് ( Qal’at al-Bahrain ) കാലം വരുത്തിവച്ച പരിക്കുകളെ അതിജീവിച് ഇപ്പോഴും തലഉയർത്തിപിടിച് നിലകൊള്ളുന്നു. ഇതെല്ലാം ഒരുദിവസം കൊണ്ട് കണ്ടുതീർക്കാം എന്നതാണ് ഈ രജ്യത്തിന്റെ മറ്റൊരു പ്രത്യേകത.
ബഹ്റൈനിയെയും സൗദിയേയും കൂട്ടിയിണക്കുന്ന കടൽ പാലങ്ങളുടെ ഒരു പരമ്പരയാണ് 1986 ൽ ജനങ്ങൾക്കായി തുറന്നു കൊടുത്ത കിംഗ് ഫഹദ് കോസ്വേ, കടലിനുമുകളിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നു. ആയിര കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ ഒരു ദിവസം കടന്നു പോകുന്നത് .ഈ പാലം സൗദി അറേബ്യയുമായുള്ള ബഹ്റൈനിന്റെ ബന്ധത്തിന്റെ ദൃഢത കൂടുന്നു .
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷി മൃഗാദികളെ സംരക്ഷിക്കുന്നതിനായി 1976 ൽ ആരംഭിച്ചതാണ് അൽ അറീൻ വൈൽഡ് ലൈഫ് പാർക്ക് . 7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്കിൽ വിവിധ ഇനത്തിൽപെട്ട പക്ഷികളെയും ജീവികളെയും കാണാം മരുഭൂ ജീവിതത്തിൽ കണ്ണിനു കുളിരേകുന്ന കാഴ്ചയാണിത്. ഇതിനടുത്ത് സ്ഥിതിചെയുന്ന സലാഖ് ബീച്ചും പ്രവാസികൾക്ക് പ്രിയമുള്ളതാണ്.
ഹമദ് ടൗണിലെയും , മുഹറഖിലെയും മാർക്കറ്റുകൾ ബഹ്റൈൻ സന്ദർശനത്തിൽ വിട്ടുപോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം , ഗ്രാമ ജീവിത സ്പന്ദനങ്ങൾ നമുക്കിവിടെ കാണാം . നമ്മുടെ നാട്ടിലെ ചന്ത കളെ അനുസ്മരിപ്പിക്കുന്നയിടം . ഉപ്പുതൊട്ട് കർപ്പൂരം വരെയും ഇവിടെ ലഭിക്കും . ഉൾ നാടുകളിലേക്കുള്ള യാത്രകൾ ബഹ്റൈനിന്റെ ആത്മാവിനെ തൊട്ടറിയാൻ സഹായിക്കും . വിനോദ സഞ്ചാരത്തിനായി വരുന്നവർക്ക് സ്വല്പം ചിലവേറുമെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് കണ്ടു തീർക്കാം ഈ സുന്ദര രാജ്യം.