ബഹ്‌റിനിലെ അവന്യൂ മാളിൽ കറങ്ങി നടന്നും ടർക്കിഷ് രുചികൾ ആസ്വദിച്ചും ഞങ്ങൾ രാത്രി വൈകിയായിരുന്നു വീട്ടിൽ വന്നു കിടന്നുറങ്ങിയത്. അതുകൊണ്ടായിരിക്കാം പിറ്റേദിവസം ഉറക്കമുണർന്നപ്പോൾ അൽപ്പം വൈകിപ്പോയി. എന്നിരുന്നാലും ഞങ്ങൾ പെട്ടെന്ന് ഫ്രഷായി റെഡിയായി പുറത്തേക്ക് ഇറങ്ങി. ഇന്നത്തെ ഞങ്ങളുടെ പകൽ കറക്കം ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിലേക്ക് ആണ്. ബഹ്‌റൈനിൽ വരുന്നവർ സന്ദർശിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട സ്ഥലമാണ് ബഹ്‌റൈൻ നാഷണൽ മ്യൂസിയം എന്ന് ശ്വേതയുടെ അച്ഛൻ അടക്കമുള്ളവർ എന്നോട് പറയുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങളുടെ മ്യൂസിയം സന്ദർശനം.
ഞങ്ങൾ ഒരു ടാക്സി വിളിച്ച് ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിനു മുന്നിലെത്തി. അവിടെ ഞങ്ങളുടെ കുറച്ചു സുഹൃത്തുക്കൾ എത്തിച്ചേരാനുണ്ടായിരുന്നു. 1988 ൽ ബഹ്‌റൈൻ ഗ്രാൻഡ് മോസ്‌ക്ക് തുറന്ന സമയത്തു തന്നെയായിരുന്നു ഈ നാഷണൽ മ്യൂസിയവും ആരംഭിച്ചത്. കടൽ നികത്തിയെടുത്തുണ്ടാക്കിയ സ്ഥലത്താണ് ഈ മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. ബഹ്‌റൈൻ എന്ന രാജ്യത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കുവാൻ ഈ മ്യൂസിയം ഒന്നു സന്ദർശിച്ചാൽ മതി. രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
മ്യൂസിയത്തിനു മുന്നിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ സുഹൃത്തുക്കളായ തോമസും കൂട്ടുകാരും വന്നെത്തി. ഇവരെല്ലാം ജോലിയ്ക്കിടെ കമ്പനിയിൽ നിന്നും നൈസായി മുങ്ങി വന്നതായിരുന്നു. പണ്ടുകാലത്ത് ക്‌ളാസ്സ് കട്ട് ചെയ്ത കാര്യങ്ങൾ ആ സമയത്ത് ഞാൻ ഓർത്തെടുത്തു. അങ്ങനെ ഞങ്ങൾ മ്യൂസിയത്തിനകത്തേക്ക് നടന്നു. രാവിലെ സമയം ആയതിനാലാകാം മ്യൂസിയത്തിൽ സന്ദർശകർ ആരുംതന്നെ ഉണ്ടായിരുന്നില്ല.
മ്യൂസിയത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഞങ്ങൾ പ്രവേശിക്കുവാനുള്ള ടിക്കറ്റുകൾ എടുത്തു. ഒരാൾക്ക് 1 ബഹ്‌റൈൻ ദിനാർ ആയിരുന്നു ടിക്കറ്റ് ചാർജ്ജ്. മ്യൂസിയത്തിലേക്ക് കയറുന്ന ഭാഗത്ത് താഴെ ഫ്ലോറിൽ ബഹ്‌റൈൻ രാജ്യത്തിൻറെ മാപ്പ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ശരിക്കു ശ്രദ്ധിച്ചാൽ മാത്രമേ അത് രാജ്യത്തിൻറെ മാപ്പ് ആണെന്ന് മനസ്സിലാക്കുകയുള്ളൂ. ഇവിടെ സന്ദർശിക്കുന്ന ഭൂരിഭാഗം ആളുകളും ചിലപ്പോൾ ഇത് ശ്രദ്ധിക്കുന്നുണ്ടാകില്ല എന്നു തോന്നുന്നു. സാറ്റലൈറ്റ് ചിത്രം പോലെ തോന്നിപ്പിക്കുന്ന ആ മാപ്പിൽ ശ്വേതാ ഞങ്ങളുടെ താമസ സ്ഥലം തിരയുകയായിരുന്നു. അവസാനം പുള്ളിക്കാരി സ്പോട്ട് കണ്ടെത്തുകയും ചെയ്‌തു.
ഏതൊരു മ്യൂസിയത്തിലും കാണുന്നതുപോലെ ആ രാജ്യത്തെ പരമ്പരാഗതമായ ചില വസ്തുക്കൾ നമുക്ക് ഇവിടെയും കാണുവാൻ സാധിക്കും. കൂടാതെ പുസ്തകങ്ങൾ, തുണികൾ തുടങ്ങിയ ചില സാധനങ്ങൾ വിലകൊടുത്ത് നമുക്ക് വാങ്ങുവാനും കഴിയും. ഇവിടത്തെ മറ്റൊരു ആകർഷണം എന്തെന്നാൽ 1932 ൽ അവിടത്തെ ഏതോ ഒരു ഭരണാധികാരി ഉപയോഗിച്ചിരുന്ന ഒരു പഴയ കാർ ആയിരുന്നു. കാർ പഴയത് ആണെങ്കിലും അത് ഇപ്പോഴും നന്നായി പോളിഷ് ചെയ്ത് പുതുപുത്തനായി പരിപാലിക്കുന്നുണ്ട്. കാറിനെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ അവിടെ എഴുത്തു വെച്ചിട്ടുണ്ട്.
ബഹ്‌റിനിലെ ആളുകൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും സാധനങ്ങളും ഒക്കെ മ്യൂസിയത്തിൽ നമുക്ക് കാണുവാൻ സാധിക്കും. നമ്മുടെ നാട്ടിലെ ആയുർവ്വേദം പോലെ ഇവർക്കും അവരുടേതായ പരമ്പരാഗത ചികിത്സാരീതികൾ നിലവിലുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഞങ്ങൾ അവിടെ കണ്ടു. നമ്മുടെ വയനാട്ടിലും മറ്റും കാണുന്നത് പോലെ ട്രഡീഷണൽ ലൈഫ് ഈ മ്യൂസിയത്തിൽ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. അവയെല്ലാം ജീവൻ തുടിക്കുന്ന രീതിയിലായിരുന്നു സജ്ജീകരിച്ചിരിക്കുന്നതും.
പഴയകാലത്തെ ശവസംസ്ക്കാര രീതികൾ വിവരിക്കുന്ന കാര്യങ്ങളും മ്യൂസിയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. പണ്ടുകാലത്ത് മരിച്ച ആരുടെയോ ഒറിജിനൽ അസ്ഥികളായിരുന്നു മ്യൂസിയത്തിൽ ഉണ്ടായിരുന്നത് എന്ന് പിന്നീട് അറിയുവാൻ സാധിച്ചു. വീൽചെയറിൽ വരുന്ന സന്ദർശകർക്കു കൂടി നന്നായി കാണുവാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ എല്ലാം സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. സ്റ്റെപ്പുകൾ ഉള്ളിടത്ത് വര്രൽചെയറുകൾക്കായി പ്രത്യേകം ലിഫ്റ്റ് പോലുള്ള ചെറിയ സെറ്റപ്പുകൾ ഉണ്ടായിരുന്നു.
പഴയകാലത്തെ കടകൾ, ബാർബർ ഷോപ്പ്, ചായക്കട, തയ്യൽക്കട, ആയുധങ്ങൾ ഉണ്ടാക്കുന്ന ആല എന്നിവയും മരപ്പണി ചെയ്യുന്ന അറബി ആശാരി, സ്വർണ്ണപ്പണിക്കാരനായ അറബി തട്ടാൻ, അറബി ചെരുപ്പുകുത്തി, അറബി ലെയ്ത്ത്കാരൻ, അറബി മുക്കുവൻ, അറബി കുട്ടനെയ്ത്തുകാരൻ തുടങ്ങി പഴയകാലത്ത് ഇവിടത്തുകാർ ചെയ്തിരുന്ന ജോലികളും ഒക്കെ ഒറിജിനാലിറ്റിയോടെ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് ഈ തൊഴിൽ ചെയ്യുന്ന അറബികളെ നമുക്ക് കാണുവാൻ സാധിക്കില്ല എന്നതാണ് ഒരു സത്യം. ഇതൊക്കെ നേരിട്ടു കാണുമ്പോൾ നമ്മളും അവിടത്തെ പഴയ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതുപോലെ തോന്നും.
ഇനി ബഹ്‌റൈനിൽ വരുന്നവരും ഇപ്പോൾ ബഹ്‌റൈനിൽ ഉള്ളവരും ഒരിക്കലെങ്കിലും ബഹ്‌റൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ചിരിക്കേണ്ടതാണ്. ഇത്രയേ എനിക്ക് പറയാൻ സാധിക്കൂ. ബാക്കിയൊക്കെ നിങ്ങൾ അവിടെച്ചെന്നു കണ്ടു ഫീൽ ചെയ്യണം.