ദൂദിയാ മാർക്കറ്റിൽ നിന്നും ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ മനോഹരമായ കുറെ കാഴ്ചകളൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും ഞങ്ങളെ ആകർഷിച്ചത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു നദി ആയിരുന്നു. ബാലാസൻ എന്നാണ് ആ നദിയുടെ പേരെന്നു ഞങ്ങൾ ഗൂഗിൾ മാപ്പ് നോക്കി മനസിലാക്കി. ബാലാസൻ നദിയുടെ സൗന്ദര്യത്തിൽ മതിമറന്നുകൊണ്ട് ഞങ്ങൾ തീരത്തേക്ക് ഞങ്ങൾ കാർ ഓടിച്ചു.
പറഞ്ഞറിയിക്കാൻ സാധിക്കാത്ത കാഴ്ചയായിരുന്നു ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്. ചിലരൊക്കെ നദിക്കരയിൽ വാഹനങ്ങൾ നിർത്തി അവ കഴുകുന്നതു കാണാമായിരുന്നു. നദിക്കു കുറുകെ ഒരു പാലവും കടന്നുപോകുന്നത് കണ്ടു. അടിപൊളി വ്യൂ തന്നെ. നദിക്കരയിലുണ്ടായിരുന്ന ആളുകളിൽ ഞങ്ങൾ ഒരു ബുദ്ധമതത്തിൽപ്പെട്ട ആളെ പരിചയപ്പെട്ടു. വീഡിയോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ അദ്ദേഹം ഓക്കേ പറഞ്ഞു. നിമാ ലാമ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. രൂപവും വേഷവുമൊക്കെ കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചത് ടിബറ്റിൽ നിന്നോ നേപ്പാളിൽ നിന്നോ വന്നതായിരിക്കുമെന്നാണ്. പക്ഷേ അദ്ദേഹം ബെംഗാളിൽ നിന്നുള്ളയാൾ തന്നെയായിരുന്നു. അദ്ദേഹത്തോടൊപ്പം ഫാമിലിയും ഉണ്ടായിരുന്നു.
ലാമയോട് സംസാരിച്ചു നിൽക്കുന്നതിനിടെയാണ് തൊപ്പിയൊക്കെ ധരിച്ച ഒരു ചുള്ളൻ യുവാവ് ഞങ്ങളെ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടത്. പുള്ളി ഒരു ടൂറിസ്റ്റ് ഗൈഡായിരുന്നു. ഞങ്ങൾ സൗത്ത് ഇന്ത്യയിൽ നിന്നുമാണെന്നു കണ്ടപ്പോൾ പരിചയപ്പെടാൻ വന്നതായിരുന്നു. അതിനൊരു കാരണമുണ്ട്, അയാൾ ഊട്ടി, മേട്ടുപ്പാളയം, കൂനൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ടൂർ ഗ്രൂപ്പിന്റെ കൂടെ വന്നിട്ടുണ്ട്. അങ്ങനെ കുറച്ചൊക്കെ തമിഴ് അറിയുകയും ചെയ്യാം. റാം എന്നായിരുന്നു ആ യുവാവിന്റെ പേര്. ഞങ്ങൾക്കു വേണ്ടി റാം കുറച്ചു തമിഴ് പാട്ടൊക്കെ പാടിത്തരികയുണ്ടായി. ടൂറിസ്റ്റ് ഗൈഡാണെങ്കിൽ ഇങ്ങനെ വേണം. അടിപൊളി മച്ചാൻ. സലീഷേട്ടൻ റാമിനു എസ്.ആർ. ജംഗിൾ റിസോർട്ടിൽ ഒരു ജോലിയും വാഗ്ദാനം ചെയ്തു. നമ്പരൊക്കെ കൈമാറിയാണ് ഞങ്ങൾ പിരിഞ്ഞത്. ഇതാണ് യാത്രയുടെ പ്രത്യേകത. എവിടെ ചെന്നാലും ആരെയെങ്കിലുമൊക്കെ സുഹൃത്തായി ലഭിക്കും.
അങ്ങനെ ഞാനും സലീഷേട്ടനും നദിയിലേക്ക് കുളിക്കുവാനായി ഇറങ്ങി. വെള്ളത്തിൽ കുളിക്കുവാൻ അൽപ്പം പേടിയുണ്ടായിരുന്നതിനാലും വീഡിയോ എടുക്കേണ്ടിയിരുന്നതിനാലും എമിൽ നദിയിലിറങ്ങാതെ കരയിൽത്തന്നെ നിന്നു. ഞങ്ങൾ കുളിച്ചു തിമിർക്കുന്നതിനിടെ ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. അധികം വൈകാതെ നല്ല മഴയും തുടങ്ങി. അതോടെ ഞങ്ങൾ കുളി മതിയാക്കി കരയിലേക്ക് കയറി. ഞങ്ങൾ കയറിയപ്പോഴേക്കും മഴ മാറി. ഞങ്ങൾ ആ നദീ തീരത്ത് മുൻപ് വാങ്ങിയ സ്റ്റവ് ഉപയോഗിച്ച് ന്യൂഡിൽസ് തയ്യാറാക്കുവാൻ തീരുമാനിച്ചു. യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാതെയായിരുന്നു ഞങ്ങളുടെ പാചകം.
ഞങ്ങൾ പാചകം ചെയ്യുന്നതു കണ്ടിട്ട് രണ്ടു പയ്യന്മാർ കൗതുകത്തോടെ അടുത്തേക്ക് വന്നു വീക്ഷിച്ചു കൊണ്ടിരുന്നു. പിക്നിക്കിനായി രണ്ടു കാറുകളിൽ വന്നതായിരുന്നു അവർ. അവരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ എമിൽ ന്യൂഡിൽസ് തയ്യാറാക്കുവാൻ ആരംഭിച്ചു. ടൂറിസ്റ്റ് പിള്ളേരും ഞങ്ങളോടൊപ്പം സഹായത്തിനായി കൂടി. അങ്ങനെ ന്യൂഡിൽസ് തയ്യാറായപ്പോൾ ഞങ്ങൾ കഴിക്കുന്നതിനായി അവരെക്കൂടി ക്ഷണിച്ചു. പക്ഷെ അവർ സ്നേഹത്തോടെ അത് നിരസിച്ചു. എമിൽ സിനിമാനടനാണെന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ അവർ എമിലിനെ കെട്ടിപ്പിടിക്കുകയും ഒന്നിച്ച് സെൽഫിയെടുക്കുകയുമൊക്കെ ചെയ്തു.
അങ്ങനെ ഞങ്ങൾ മനോഹരമായ ആ നദീതീരത്തിരുന്നു കൊണ്ട് ചൂടുള്ള ന്യൂഡിൽസ് പങ്കുവെച്ചു കഴിച്ചു. രാവിലെ ഭക്ഷണം കഴിച്ചതായിരുന്നു, സമയം വൈകുന്നേരം മൂന്നു മണി കഴിഞ്ഞിരുന്നു. അതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു എല്ലാവർക്കും. അടുത്ത മഴയ്ക്കായി കാർമേഘങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു തുടങ്ങിയിരുന്നു. അവിടെ നിന്നും വണ്ടിയെടുത്തപ്പോൾ “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..” എന്ന പാട്ട് സലീഷേട്ടൻ പാടുന്നുണ്ടായിരുന്നു. അങ്ങനെ മഴയ്ക്ക് മുൻപ് ഞങ്ങൾ ആ മനോഹര തീരത്തു നിന്നും ഡാർജിലിംഗ് യാത്ര തുടർന്നു.
Our Sponsors: 1) Dream Catcher Resort, Munnar: 97456 37111, 2) SR Jungle Resort, Anaikatty: 89739 50555 (Follow get discounts: https://www.instagram.com/sr_jungle_r… ), 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United, 5) DBS Automotive: 97452 22566, 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.