ഇന്ത്യൻ കാർ വിപണിയിൽ മാരുതി ബലെനോയ്ക്ക് നല്ല പേരാണ്. പക്ഷേ അതിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഓട്ടോയുമായും ടാറ്റാ നാനോയുമായും ഒക്കെ കൂട്ടിമുട്ടി അവയേക്കാൾ പരിക്കു പറ്റിയ നിലയിലുള്ള ബലേനോയുടെ ചിത്രങ്ങൾ കണ്ടു നാം ശരിക്കും ഞെട്ടിയിട്ടുണ്ട്. പലവട്ടം. എങ്കിലും അതെല്ലാം വെറുതെയായിരിക്കുമെന്നു സ്വയം കരുതി നാമെല്ലാം ആശ്വസിച്ചു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് സഞ്ചാരി ട്രാവൽ ഫോറം ഗ്രൂപ്പിൽ റോഷൻ ലോറൻസ് എന്ന തൃശ്ശൂർ സ്വദേശിയായ യുവാവ് പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് വീണ്ടും കാർപ്രേമികളെ ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിച്ചു നോക്കാം.
“ഇവിടെ ഏറെ ചർച്ച ചെയ്യപ്പെട്ട, ട്രോൾ ചെയ്യപ്പെട്ട ഒരു വിഷയമാണ് ബലെനോയുടെ സുരക്ഷ. ഞാനും വൈഫും അനിയനും കൂടി മഹാരാഷ്ട്രയിലെ (ഗോവ അടുത്ത് വരുന്ന സ്ഥലം) അമ്മ വീട്ടിലേക്ക് വന്നതാണ് കഴിഞ്ഞ ആഴ്ച. അതിനു ശേഷം രാത്രി നാട്ടിലേക്ക് വരാൻ വേണ്ടി മഹാരാഷ്ട്രയിലെ സിന്ധുദുർഗ് എന്ന റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം 11.40 നു വീട്ടിൽ നിന്നും ഇറങ്ങി. 12.40 ന് ആണ് ട്രെയിൻ. ഓട്ടോയിൽ ഒരു 45 മിനിറ്റ് നേരത്തെ യാത്രയുണ്ട് വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക്.
ഏകദേശം 12.1 5ഓട് കൂടി ‘ചൗക്കെ’ എന്ന സ്ഥലത്തിനരികിൽ വച്ച് ഓപ്പോസിറ്റ് റോങ് സൈഡ് കേറി വന്ന ഒരു മാരുതി ബലെനോ കാർ വിജനമായ ഒരു സ്ഥലത്ത് വച്ച് ഞങ്ങളുടെ ഓട്ടോയിൽ കൂട്ടിയിടിച്ചു. തലനാരിഴയ്ക്ക് മുഖാമുഖമുള്ള കൂട്ടിയിടി ഒഴിവായി ഓട്ടോയുടെ സൈഡിൽ ഇടിച്ചു. കാർ ഓവർസ്പീഡിൽ ആയിരുന്നു. ഓട്ടോയുടെ സൈഡ് വശം ഏകദേശം പൂർണമായും തകർന്നു. അനിയന് മുഖത്തും എനിക്ക് കാൽ മുട്ടിനും ഓട്ടോഡ്രൈവർക്ക് കൈക്കും പരിക്കുണ്ടായിരുന്നു.
ഞങ്ങളുടെ എല്ലാവരുടെയും സ്ഥിതിഗതികൾ നോക്കിയ ശേഷം ഞാൻ നോക്കിയത് കാർ ഡ്രൈവറെ ആയിരുന്നു. അങ്ങോട്ട് നടക്കാൻ തിരിഞ്ഞ നിമിഷം, അയാൾ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഇങ്ങോട്ട് നടന്ന് വരുന്നു. നോക്കിയപ്പോൾ മദ്യപിച്ചു നല്ല തണ്ണിയാണ് അയാൾ. ഓട്ടോഡ്രൈവർ പൊലീസിനെ വിളിച്ചു എന്ന ധാരണയിൽ കൈ വച്ചില്ല അയാളെ. പക്ഷേ എന്നെ ഞെട്ടിച്ചത് ബലെനോയുടെ അവസ്ഥയാണ്. ഫോട്ടോസ് ഈ പോസ്റ്റിനോപ്പം കൊടുക്കുന്നു.
ബലേനോയുടെ സുരക്ഷയെക്കുറിച്ച് ഒരുപാട് ട്രോളുകൾ വായിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും ഇങ്ങനെയാകുമെന്നു കരുതിയില്ല. ഈ വണ്ടിയെ താഴ്ത്തികെട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എന്നാൽ ഈ ഒരു അവസ്ഥ അറിയണം എല്ലാവരും എന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.”
NB : ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിപണി കയ്യടിക്കിയിട്ടുള്ള കാർ നിർമ്മാതാക്കളാണ് മാരുതി. ഈ പോസ്റ്റ് ഒരിക്കലും ബലെനോ എന്ന മോഡലിനെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടുന്ന ഒന്നല്ല.