ബാലിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കണം ഇവയെല്ലാം

വിവരണം – Sameer Chappan.

ബാലി ബാലിയെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാടായെങ്കിലും “നമസ്തെ ബാലി”യെന്ന മലയാളം സിനിമ കണ്ടതിന് ശേഷമാണ് ബാലിയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. പിന്നീടാണ് മനസ്സിലായത് ആ സിനിമയുടെ ലൊക്കേഷൻ ബാലിയല്ല, തായ്ലന്റായിരുന്ന് എന്ന്. അപ്പോഴേക്കും ബാലി എന്റെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

ബഹ്റൈനിൽ നിന്നും നേരിട്ട് ബാലിയിലേക്ക് വിമാന സവ്വീസ് ഒന്നും തന്നെയില്ലാത്തതിനാൽ മറ്റു വഴികൾ തേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീലങ്കൻ എയർലൈൻസിന്റെ ബഹ്റൈൻ – കൊലാലംമ്പൂർ ഓഫർ ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. പിന്നെ അധികമൊന്നും ആലോചിച്ചില്ല. സഞ്ചാരിയിലെയും മറ്റും ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടി ടൂർ പ്ലാൻ ചെയ്തു. ബഹ്റൈൻ – കൊലാലംമ്പൂർ (Via Colombo). പിന്നെ കൊലാലംമ്പൂർ – ബാലി (by Air Asia).

അങ്ങനെ 2018 ജനുവരി 18-നു ബാലിയെ തേടിയുള്ള ജീവിതത്തിലെ മറ്റൊരു യാത്ര ബഹ്റൈൻ എയർപോർട്ടിൽ നിന്നും പറന്നുയർന്നു. കൃത്യം ഉച്ചയ്ക്ക് 01:45 ന് KLIA1 ൽ ലാൻഡ് ചെയ്തെങ്കിലും ഏകദേശം ഒന്നരമണിക്കൂറോളമെടുത്തു ഇമിഗ്രേഷനും ചെക്കിങ്ങുമൊക്കെ കഴിഞ്ഞു പുറത്തിറങ്ങാൻ. പിന്നെ ഫ്രീ ഷട്ടൽ ബസിൽ കയറി നേരെ KLIA2 ടെർമിനലിലേക്ക് പുറപ്പെട്ടു.

അന്നേ ദിവസം വൈകീട്ട് 0725 നാണ് ബാലിയിലേക്കുള്ള എയർ ഏഷ്യ ഫ്ലൈറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എയർപ്പോർട്ട് ട്രാൻസിറ്റും ബാലിയിൽ നിന്ന് തിരിച്ച് വരുമ്പോളുള്ള കൊലാലംമ്പൂർ സിറ്റി ടൂറും മുന്നിൽ കണ്ടതിനാൽ ബഹ്റൈനിൽ വെച്ച് തന്നെ 1 Month മലേഷ്യൻ മൾട്ടി എൻട്രി വിസ കരുതിയിരുന്നു. അങ്ങനെ KLI2 ൽ ചെന്ന് ഉച്ചഭക്ഷണവും കഴിച്ച് ഇത്തിരി വിശ്രമിച്ച ശേഷം അഞ്ചു മണിയോടു കൂടി ബാലിയിലേക്കുള്ള എയർ ഏഷ്യയെയും കാത്തിരുന്നു.

അങ്ങനെ മൂന്ന് മണിക്കൂർ യാത്രയ്ക്ക് ശേഷം രാത്രി പത്തരയോടുകൂടി ബാലി ഡെൻപസർ (Denpaser) എയർപോർട്ടിൽ ലാൻഡിങ്ങും കഴിഞ്ഞ് നേരെ ഇമിഗ്രേഷൻ കൗണ്ടറിലെത്തിയ എന്നെ ഇത്തിരിയൊന്നുമല്ല അതിശയിപ്പിച്ചത്. ഞാൻ പാസ്പോർട്ട് കൊടുത്തു, ഓഫീസർ വിസയടിച്ചു തന്നു. ചോദ്യവുമില്ല ഉത്തരവുമില്ല. ബാലിയിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന്റെ പ്രധാന കാരണവും ഈ ഫ്രീ ഓൺ അറൈവൽ വിസ സൗകര്യം തന്നെയാണ്. സ്വന്തം രാജ്യത്തെത്തുന്ന എന്നെ പോലുള്ള പ്രവാസികളെ വലയ്ക്കുന്ന നാട്ടിലെ ഇമിഗ്രേഷൻ ഓഫീസർമാരെ ഒരു നിമിഷം ഓർത്തുപോയി.

എല്ലാ യാത്രയിലെയും എന്നപോലെ ഇത്തവണയും ബുക്കിങ്ങ്.കോം വഴിയാണ് ലിഗിയാൻ സ്ട്രീറ്റിൽ (Legian Street) സ്ഥിതി ചെയ്യുന്ന സി ഡോയിയിൽ (Si Doi Hotel) പത്ത് ദിവസത്തേക്ക് ബുക്ക്ചെയ്തത്. ഹോട്ടൽ തന്നെ എയർപോർട്ട് പിക്കപ്പിനായ് ഏർപ്പെടുത്തിയ ബാലി സ്വദേശിയായ Made Lolot ആയിരുന്നു ബാലിയിലെ പിന്നിടങ്ങോട്ടുള്ള എല്ലാ യാത്രയിലും എന്റെ സാരഥി. അങ്ങനെ പത്ത് മിനിറ്റ് കോണ്ട് ഹോട്ടലിലെത്തി ചെക്കിങ്ങും കഴിഞ്ഞ് നേരെ ഉറക്കത്തിലേക്ക്.

പിന്നീടങ്ങോട്ടുള്ള പത്ത് ദിനരാത്രങ്ങൾ…. ബാലിയുടെ ഹൃദയമിടിപ്പ് അറിഞ്ഞുകൊണ്ട് ബാലിനീസ് ജനതയോട് ഇഴചേർന്നൊരു യാത്ര. പത്ത് ദിവസം ബാലിയിൽ കാണാൻ എന്തിരിക്കുന്നു എന്ന ചോദ്യം സ്വാഭാവികം. ബാലിയെന്നാൽ രാത്രി വിനോദങ്ങളുടെ നാട് മാത്രമല്ലെന്ന് മനസ്സിലാക്കാൻ ഒന്നോ രണ്ടോ ദിനങ്ങൾ കൊണ്ടൊന്നും കഴിഞ്ഞെന്ന് വരില്ല.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ടായ ഇവിടെ ഇപ്പോഴും അന്ധവിശ്വാസങ്ങൾക്കൊന്നും ഒട്ടും കുറവില്ലെന്ന് തന്നെ പറയാം. കുട്ടിക്കാലത്ത് മാമുണ്ണാൻ അമ്മമാർ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്ന പ്രേത കഥകളിലെ മിക്ക കഥാപാത്രങ്ങളും ഇപ്പോഴും സജീവമാണിവിടെ. പ്രേതശല്യം കാരണം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വന്ന സ്റ്റാർ ഹോട്ടലുകളുള്ള നാട്. മിക്ക ദിവസങ്ങളിലും ബാലിയെ നിശ്ചലമാക്കിക്കൊണ്ട് ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിളിലേക്കുള്ള ആയിരങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ കാൽനടയാത്രകൾ വേറിട്ടൊരു കാഴ്ച തന്നെയാണ്.

ചീപ്പ് റേറ്റ് ടാക്സിയാണ് ബാലിയിലെ എടുത്ത് പറയേണ്ട പ്രത്യേകത. വെറും 500000 IDR (2400 ₹) നു ഏകദേശം 9 മണിക്കൂർ ദൈർഘ്യമുള്ള പകൽ യാത്ര. മൂന്നോ നാലോ പേർ അടങ്ങുന്ന ടീമാണെങ്കിൽ അടിപൊളി. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും പലയിടത്തായി ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ വ്യക്തമായ പ്ലാനില്ലെങ്കിൽ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും.

കുത്തയിലോ ലിഗിയാനിലോ റൂം എടുക്കുന്നത് തന്നെയാണ് ഇതുപോലെയുള്ള യാത്രകൾക്ക് ഉചിതം. അതാകുമ്പോൾ വെറും 150000 IDR കൊണ്ട് പത്ത് മിനിറ്റിനുള്ളിൽ എയർപ്പോർട്ടിൽ നിന്നും എത്തിച്ചേരാം. അതുപോലെ തന്നെ താമസിക്കുന്ന ഹോട്ടൽ വഴിയാണ് ഡ്രൈവറെ തരപ്പെടുത്തുന്നതെങ്കിൽ ചെറിയ ഇളവും ലഭിക്കും. എന്നെ പോലെയുള്ള സോളോ സഞ്ചാരികളെ കണ്ടെത്തി മൂന്നോ നാലോ പേരടങ്ങുന്ന ഒരു ടീമാക്കി വൺഡേ ട്രിപ്പ് പ്ലാൻ ചെയ്ത് കൊടുക്കുന്ന ഏജൻസികളും ഒരുപാടുണ്ട്. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്ന പോലെ കാറുകളും ബൈക്കുകളും വാടകയ്ക്കും യഥേഷ്ടം ലഭ്യമാണ്.

കുത്ത – ബാലിയെന്നാൽ ഇവിടെയെത്തുന്ന പകുതിയലധികം സഞ്ചാരികൾക്കും ഇപ്പോഴും വെറും കുത്ത (Kuta) മാത്രമാണ്. അതിന് നിരവധി കാരണങ്ങളും ഉണ്ട്. എയർപ്പോർട്ടിൽ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരം, ചിലവ് കുറഞ്ഞ താമസവും ഭക്ഷണവും, നിശാ ക്ലബ്ബുകളുടെ നീണ്ട നിര, ലോകത്തിലെ തന്നെ ചീപ്പ് റേറ്റ് സർഫിങ്ങ് സൗകര്യം (Kuta Beach) പിന്നെ വൻകിട ഷോപ്പിങ്ങ്മാളുകളും വാട്ടർ ബൂം (Water Boom) എന്ന ഭീമൻ അമ്യൂസ്മെന്റ് പാർക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ് ഓസ്ട്രേലിയക്കാർ രണ്ടോ മൂന്നോ ദിവസത്തെ അവധിക്കു പോലും കുത്തയിലേക്ക് വരുന്നത്.

രാത്രി പത്ത് മണിയോടുകൂടി കുത്തയിലെ മുഖമൊന്ന് മാറും. പിന്നീടങ്ങോട്ട് പുലരും വരെ എവിടെ നോക്കിയാലും പാർട്ടി പാർട്ടി പാർട്ടി. എല്ലാ സഞ്ചാരികൾക്കും അവരവരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള പബ്ബുകൾ യഥേഷ്ടം ലഭ്യമാണ്. സ്വദേശി യുവാക്കൾക്ക് നിരോധനമുള്ള പബ്ബുകളും ഇതിൽ പെടും. കുത്തയിൽ നിന്നും പാർട്ടി ഹബ്ബായ ലിഗിയാൻ സ്ട്രീറ്റിലൂടെ 20 മിനിറ്റോളം നടന്നാൽ സെമിനായക് (Seminayek) എന്ന ബാലിയിലെ ഇത്തിരി ചിലവ് കൂടിയ ടൗണിലെത്താം. വൻകിട റിസോർട്ടുകളും റെസ്റ്റോറന്റുകളും പബ്ബുകളുമൊക്കെ സ്ഥിതി ചെയ്യുന്ന ചെറിയൊരു കടലോര പ്രദേശം.

2002 ലെ 202 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഇത്തിരി സുരക്ഷാക്രമീകരണങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും സഞ്ചാരികളെ ഒന്നുംതന്നെ ബാധിക്കാത്ത രീതിയിൽ നടത്തിക്കൊണ്ട് പോകാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് ബാലിനീസ് ജനത വിട്ട് മാറിയിട്ടില്ലെന്ന് ബോംബ് മൊണുമെന്റ് (Bomb Monument) എന്ന സ്മാരകം സന്ദർശിച്ചാൽ മനസ്സിലാകും. അന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ പേരുകൾ ആലേപനം ചെയ്ത ഫലകം നോക്കിക്കൊണ്ടിരുന്ന എന്റെയടുത്ത് വന്ന് രണ്ട് പേരുകൾ ചൂണ്ടിക്കാട്ടി ഇതെന്റെ ഭർത്താവും സുഹൃത്തുമാണെന്ന് വിതുമ്പിയ ആ ഓസ്ട്രേലിയൻ സ്ത്രീയുടെ മുഖം തന്നെയാണ് ഈ യാത്രയിൽ എന്നെ ഏറെ വേദനിപ്പിച്ചതും.

ഉബുദ് (Ubud) – കുത്ത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒരു ചെറിയ വില്ലേജ് ടൗൺ. കേരളവുമായി ഒരുപാട് സാമ്യമുള്ള ഭൂ പ്രകൃതി. ബാലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മംഗി ഫോറസ്റ്റ് (Monkey Forest) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടാതെ നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും റൈസ് ഫീൽഡും (Rice Field). യോഗ കേന്ദ്രങ്ങളാണ് ഉബുദിന്റെ മറ്റൊരു പ്രത്യേകത. കുത്തയിലെ തിരക്കുകളിൽ നിന്നും ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്ക് പറ്റിയ സ്ഥലമായിരുന്നു മുൻപ് ഉബുദെങ്കിൽ ഇന്ന് കുത്തയോളം തിരയ്ക്കുണ്ട് ഈ ചെറിയ പ്രദേശത്തിന്.

ബാലിയ്ക്ക് ചുറ്റുമായി കിടക്കുന്ന ദ്വീപുകളിലേക്കുള്ള ഫെറി സർവ്വീസുകളുടെയും ഫാസ്റ്റ് ബോട്ടുകളുടെയും ടിക്കറ്റുകൾ തെരുവോരങ്ങളിൽ എവിടെയും സുലഭമായി ലഭിക്കുമെങ്കിലും അതത് ബോട്ടിന്റെ കൗണ്ടറിൽ ചെന്ന് വാങ്ങിക്കുന്നതായിരിക്കും ഉചിതം. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പോലെ ഇവിടെയും പറ്റിക്കൽ ടീംസിന് കുറവൊന്നുമില്ല. ഗില്ലി ദ്വീപിലേക്കുള്ള ഫാസ്റ്റ് ബോട്ട് തന്നെയാണ് ഇതിൽ മുൻപന്തിയിൽ.

സാധാരണ ലെംമ്പോക്കിലേക്ക് പടങ്ങ് ബേ പോർട്ടിൽ നിന്നും പബ്ളിക് ഫെറിയിൽ ചെന്ന് അവിടെ നിന്ന് ചെറു ബോട്ടിലാണ് ഗില്ലി ട്രവൻഗൻ (Gili Trawangan), ഗില്ലി മെനു (Gili Menu), ഗിലി എയർ (Gili Air) എന്നീ മൂന്ന് ദ്വീപുകളിലേക്ക് എത്തിച്ചേർന്നിരുന്നത്. ഫാസ്റ്റ് ബോട്ടുകളുടെ വരവോടുകൂടി വളരെ ചുരുക്കം സഞ്ചാരികൾ മാത്രമേ ഏകദേശം ഏഴ് മണിക്കൂറോളം എടുക്കുന്ന ഈ സർവീസ് ആശ്രയിക്കുന്നുള്ളൂ. ഫാസ്റ്റ് ബോട്ടിലാണെങ്കിൽ രണ്ട് മണിക്കൂർ കൊണ്ട് ബാലിയിൽ നിന്നും നേരെ ഗില്ലിയിലെത്താം.

യാതൊരുവിധ വാഹന സൗകര്യങ്ങളോ തന്നെ ഇല്ലാത്ത ഈ ദ്വീപുകളിൽ പോലീസിന്റെ അഭാവം തന്നെയാണ് പ്രത്യേകത. എന്ന് കരുതി തോന്നിവാസത്തിന് പുറപ്പെട്ടാൽ വിവരമറിയും. പ്രദേശവാസികൾക്കിടയിൽ തന്നെ കുഴപ്പക്കാരെ എന്നെന്നേക്കുമായി നാട് കടത്താനുള്ള ശക്തമായ സംവിധാനമുണ്ട്. എന്ന് കരുതി കർശന നിയന്ത്രണങ്ങൾ ഉള്ള ദ്വീപൊന്നുമല്ല.

നിശാ പാർട്ടികളുടെ പറുദ്ദീസയാണ് ഗില്ലിയെന്ന ഈ ചെറു ദ്വീപുകൾ. ഈ യാത്രക്കിടയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചതും ഈ ദ്വീപിലെ ഒരേയൊരു രാത്രിയായിരുന്നു. ബാലിയേക്കാൾ ഇത്തിരി ചിലവ് കൂടുതലാണെന്ന് മാത്രം. ചിലവ് ഒരു പ്രശ്നമല്ലാത്തവർക്ക് ബാലിയിൽ നിന്നും ലംമ്പോക്കിലേക്ക് ഫ്ലൈറ്റിൽ വന്ന് അവിടെനിന്നും ചെറിയ ഫാസ്റ്റ് ബോട്ടുകളിൽ ഗില്ലിയിലെത്താം.

ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതമാണ് ബാലിനീസ് ജനതയുടെ പ്രധാന പ്രശ്നം. മൗണ്ട് അഗങ്ങ് (Mount Agung) എന്ന ഈ അഗ്നിപർവ്വതം ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ടൂറിസം മേഖലയിൽ സൃഷ്ടിക്കുന്നത്. ഒരു ചെറിയ പുക ഉയരുന്നത് കണ്ടാൽ തന്നെ ടൂറിസ്റ്റുകൾ പിൻവലിയാൻ തുടങ്ങും. ടൂറിസം പ്രധാന വരുമാനമായ ബാലിനീസ് ജനതയുടെ ശാപമായാണ് ഇവിടുത്തുകാർ ഇതിനെ കാണുന്നതും. കഴിഞ്ഞ വർഷാവസാനം ആകെയുള്ള എയർപോർട്ട് പോലും പ്രവർത്തനരഹിതമാവും വിധം അഗങ്ങ് പൊട്ടിത്തെറിച്ചത് ചില്ലറ നഷ്ടമൊന്നുമല്ല ടൂറിസം മേഖലയിൽ സൃഷ്ടിച്ചത്. ഒരു കാലത്ത് ഈ അഗ്നിപർവ്വതം കാണാൻ സഞ്ചാരികളുടെ ഒഴുക്കായിരുന്നെങ്കിലും നിലവിൽ ഇങ്ങോട്ടുള്ള പ്രവേശനത്തിന് ചില നിയന്ത്രണങ്ങളൊക്കെയുണ്ട്.

താമസം – കുത്ത അല്ലെങ്കിൽ ലിഗിയാൻ തന്നെയാണ് ചിലവ് കുറഞ്ഞ താമസത്തിന് പറ്റിയ ഇടം. ഏകദേശം 1000 ഇന്ത്യൻ രൂപയ്ക്ക് ഫ്രീ ബ്രെയ്ക്ക്ഫാസ്റ്റും സ്വിമ്മിംഗ് പൂളുമൊക്കെ അടങ്ങിയ വിശാലമായ എസി റൂം യഥേഷ്ടം ലഭ്യമാണ്. ബഡ്ജറ്റ് പ്രശ്നമേയല്ലാത്തവർക്ക് സെമിനായകിലൊ സാനൂറിലൊ (Sanur) ചെന്നാൽ പ്രൈവറ്റ് വില്ലകളും ലഭിക്കും. രാത്രി വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ലിഗിയാൻ സ്ട്രീറ്റ് തന്നെയാണ് നല്ലത്. ഞാൻ താമസിച്ചതും മുകളിൽ പറഞ്ഞ പോലെ ലിഗിയാൻ സ്ട്രീറ്റിലുള്ള സി ഡോയ് (Si Doi) എന്ന ത്രീസ്റ്റാർ ഹോട്ടലിലായിരുന്നു. വിശാലമായ റൂം, വൃത്തിയുള്ള സ്വിമ്മിംഗ് പൂൾ, ഫ്രീ വൈഫൈ & ബ്രെയ്ക്ക്ഫാസ്റ്റ്. 10000 ₹ for 10 Night

ഷോപ്പിംഗ് (Shopping) – വിലപേശലിൽ ഡിഗ്രിയുള്ളവരാണെങ്കിൽ പോപ്പീസ് ലൈൻ 1 & 2 തന്നെയാണ് ഷോപ്പിംഗിനു പറ്റിയ ഇടം. ഇതിൽ പോപ്പീസ് 2 തന്നെയാണ് ഇത്തിരി നല്ലതെന്നാണ് എന്റെ അഭിപ്രായം. ലിഗിയാൻ സ്ട്രീറ്റിലെ സ്കൈ ഗാർഡൻ പബ്ബ് തൊട്ട് കുത്ത ബീച്ച് വരെ നീണ്ടു കിടക്കുന്ന ഇത്തിരി ഇടുങ്ങിയ സ്ട്രീറ്റാണ് പോപ്പീസ് 2.

നിരവധി റെസ്റ്റോറന്റുകളും മസാജ് പാർലറകളുമൊക്കെ അടങ്ങിയ ഈ ഷോപ്പിങ്ങ് സ്ട്രീറ്റ് അവസാനിക്കുന്നത് ബീച്ച് വാക്ക് (Beach Walk) എന്ന ലക്ഷ്വറി ഷോപ്പിങ്ങ് മാളിലേക്കാണ്. മിക്ക ലോകോത്തര ബ്രാൻഡുകളും റെസ്റ്റോറന്റുകളും കുത്ത ബീച്ചിനോട് ചേർന്ന് കിടക്കുന്ന ഈ മാളിൽ ലഭ്യമാണ്. ബാലിയുടെ ട്രേഡ് മാർക്കായ കോഫി ഉബുദിന് അടുത്തായി സ്ഥിതി ചെയ്യുന്ന പൗലിന പ്ലാന്റിൽ (Paulina Plant) നിന്നും വാങ്ങുന്നതാണ് നല്ലത്. സഞ്ചാരികൾക്ക് എട്ടോളം വിവിധതരം കോഫി സൗജന്യമായി രുചിച്ച് നോക്കാനുള്ള സൗകര്യമുണ്ട് ഇവിടെ.

ഭക്ഷണം – വാറങ്ക് (Warang) എന്നറിയപ്പെടുന്ന ലഘുഭക്ഷണശാലകൾ വേറിട്ടൊരു അനുഭവമായിരുന്നു. എല്ലാത്തരം ഭക്ഷണവും ലഭിക്കുന്ന വാറങ്കുകൾ മുക്കിലും മൂലയിലും കാണാൻ കഴിയും. വിലക്കുറവ് തന്നെയാണ് ഇത്തരത്തിലുള്ള വാറങ്കുകളുടെ പ്രത്യേകത. ഇന്ന് ഒട്ടുമിക്ക വാറങ്കുകളിലും ഫ്രീ വൈഫൈ സൗകര്യവും ബിയറുകളും മറ്റും ലഭ്യമാണ്. ഈ യാത്രയിൽ ഏറ്റവും കൂടുതൽ ആശ്രയിച്ചതും ഇതു പോലെയുള്ള വാറങ്കുകളെ തന്നെയായിരുന്നു.

ഇനി ഇന്ത്യൻ ഫുഡാണ് വേണ്ടതെങ്കിൽ നേരെ ലിഗിയാൻ സ്ട്രീറ്റിന് പിറകിലായി സ്ഥിതി ചെയ്യുന്ന “അതിഥി റെസ്റ്റോറന്റ്” തന്നെയാണ് കേമൻ. മറ്റു ഇന്ത്യൻ റെസ്റ്റോറന്റുകളെ അപേക്ഷിച്ച് വിലക്കുറവും പിന്നെ തരക്കേടില്ലാത്ത ഭക്ഷണവും. ഇവിടെ ഒരുനേരം കഴിക്കുന്ന പൈസ കൊണ്ട് വാറങ്കുകളിൽ ചെന്നാൽ ഒരു ദിവസത്തെ മൊത്തം ചിലവ് നടത്താം.

കറൻസി എക്സ്ചേഞ്ച് – BMC Exchange ആണ് ബാലിയിലെ ഏറ്റവും നല്ല എക്സ്ചേഞ്ച്. മിക്ക ഷോപ്പുകളിലും പണം മാറുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും ഇത്തരം ഷോപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലായിടത്തും എന്നപോലെ കള്ളനോട്ടുകൾ വിപണിയിലെത്തുന്നത് ഇതുപോലെയുള്ള അംഗീകാരമില്ലാത്ത ഷോപ്പുകൾ വഴിയാണ്.