വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്നത് സാധാരണമാണ്. എന്തെങ്കിലും പ്രശ്നത്തിലോ, അല്ലെങ്കില്‍ തകരാറ് പറ്റിയതോ ആയ വാഹനങ്ങള്‍ റോഡ്വക്കിലും മറ്റും ഉപേക്ഷിച്ച് കാണാറുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിമാനം ഉപേക്ഷിക്കപ്പെട്ടാലോ? ഞെട്ടിയോ സംഭവം സത്യമാണ്. ബോയിങ് 737 മോഡലിലുള്ള വിമാനമാണ് ഒരൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം.
ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് ഈ വിമാനം ഉള്ളത്. പാണ്ഡവ ബീച്ചില്‍ നിന്ന് കേവലം 5 മിനിട്ട് കൊണ്ട് എത്താവുന്ന പ്രദേശമാണ്. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ക്കും മരങ്ങള്‍ക്കുമെല്ലാം ഇടയിലായി ഒഴിഞ്ഞ സ്ഥലത്താണ് വിമാനം കിടക്കുന്നത്. എന്നാല്‍ വിമാനത്തിന് മുകളില്‍ ഏത് കമ്പനിയുടെതാണ് വിമാനം എന്ന ഒരു അടയാളവും ഇല്ല. ഇപ്പോൾ കുറച്ചു നാളായി ആളുകൾ ഈ വിമാനം ഇവിടെ കണ്ടെത്തിയിട്ട്.
ലോകത്തിൽ ഇങ്ങനെ വിമാനങ്ങൾ ഉപേക്ഷിക്കുന്നത് ഒരു പുതിയ സംഭവമല്ല. വിമാനം പഴകിയിരിക്കുന്നതിനാല്‍ ഇവിടെയിത് ഏറെ നാളായെന്ന് വ്യക്തവുമല്ല. വിമാനമുള്ള സ്വകാര്യ ഭൂമിയുടെ ഉടമയെക്കുറിച്ചും അധികം ആളുകള്‍ക്ക് അറിയില്ല. എന്നാല്‍ വിമാനമുള്ള പറമ്പിന്‍റെ സുരക്ഷയ്ക്കായി അവിടെ ഒരു ഗാര്‍ഡ് ഉണ്ട്. ഒരു വിമാന മോഡല്‍ ഭക്ഷണശാല നിര്‍മ്മിക്കാനുള്ള പദ്ധതി ആയിരിക്കാം ഇത് എന്നാണ് സമീപവാസികള്‍ കരുതുന്നത്. എന്നാല്‍ പണം തികയാതെ പദ്ധതി ഉപേക്ഷിച്ച് ഉടമസ്ഥന്‍ പോയതാകാമെന്നും പ്രധാന സാധ്യതയായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത് എന്ന് മുതലാണ് ഇവിടെ കിടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെ വിമാനം ഇവിടെ എത്തിച്ചെന്നതും ദുരൂഹമായി തുടരുന്നു. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട വിമാനം കാണുവാന്‍ ആളുകള്‍ ഒഴുകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. ആര്‍ക്കെങ്കിലും അടുത്തുനിന്ന് വിമാനത്തെ വീക്ഷിക്കണമെങ്കില്‍ പണം കൊടുക്കണം. പക്ഷേ ചുരുങ്ങിയ ആളുകള്‍ക്കേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
കേരളത്തിൽ നിന്നും ഒത്തിരി സഞ്ചാരികളാണ് ബാലിയിലേക്ക് യാത്രകൾ പോകുന്നത്. എന്നാൽ അവരിൽ പലരും ഇങ്ങനെയൊരു കാഴ്‌ച കണ്ടിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇനി ബാലിയിലേക്ക് യാത്ര പോകുന്നവർ ഈ വിമാനത്തെക്കുറിച്ച് ഒന്നന്വേഷിക്കുക, പറ്റുമെങ്കിൽ വ്യത്യസ്തമായ ഈ കാഴ്ച ഒന്നു കാണുവാൻ ശ്രമിക്കുക.
കടപ്പാട് – വിവിധ മാധ്യമങ്ങൾ.